ഒലീവ് മരത്തോപ്പുകൾക്കിടയിലെ സൂര്യാസ്തമയം.

ജോൺസ് മാത്യു

  ഗ്രീസിലെ വേനൽക്കാലത്ത് ഒരു വൈകുന്നേരം തിനോസ് ദ്വീപിലെ അർണാദോസ് ഗ്രാമത്തിലെ റോഡരുകിലുള്ള അത്തിമരത്തിൽ നിന്നും ഒരു ബാഗ് നിറയെ അത്തി പറിച്ചു വീട്ടിലേക്ക് തിരിച്ചു വരുമ്പോഴാണ് ഫാന്യയുടെ മതിൽ ചാട്ട സാഹസം കണ്ടത്. അവർ എത്തി ചേർന്ന വില കൂടിയ ആഡംബര കാർ റോഡരുകിൽ പാർക്ക് ചെയ്തിരുന്നു. ബോമ്പ് ചെയ്ത മുടിയും കയ്യില്ലാത്ത തവിട്ടു നിറമുള്ള ബ്ലൗസും കറുപ്പു നിറമുള്ള ഇറക്കം കുറഞ്ഞ മിനിയും അരയിൽ വീതിയുള്ള തുകൽ പട്ടയും ധരിച്ച ഫാന്യയുടെ കൈവശം വില പിടിപ്പുള്ള തുകൽ ഹാൻ്റ് ബാഗും വലിയൊരു ചുകന്ന സൂട്ട് കേസുമുണ്ടായിരുന്നു. അരമതിൽ കടക്കുവാൻ കഴിയാതെ വിഷമിച്ചിരിക്കുമ്പോഴാണ് എന്നോട് സഹായമഭ്യർത്ഥിച്ചത്.
  അയൽവാസി യോർഗോസുമായി ഞാൻ നല്ല പരിചയത്തിലായിരുന്നതിനാൽ അവരുടെ സഹായഭ്യർത്ഥന സ്വീകരിച്ചു ഭാരമേറിയ സൂട്ട് കേസും ഹാൻഡ് ബാഗും അരമതിലിനു മുകളിലൂടെ ഇറക്കി വെച്ചു. ഫാന്യയുടെ കൈ പിടിച്ച് അരമതിലിന് മുകളിൽ കയറ്റിയപ്പോഴാണ് ഞാൻ അവരുടെ ഉയരമേറിയ കറുത്ത ഷൂസ് ശ്രദ്ധിച്ചത്. എൻ്റെ നിർദ്ദേശപ്രകാരം അവർ ഷൂസ് അഴിച്ചുമാറ്റി ശേഷം അവരുടെ കൈ പിടിച്ചു മതിലിനു മുകളിലെത്തിച്ചു. ഫാന്യയുടെ ഇരു കൈകളും കൂട്ടി പിടിച്ച് അരമതിലിൽ നിന്നും പുരയിടത്തിലേക്ക് ഇറങ്ങുവാൻ ശ്രമിക്കുമ്പോഴാണ് അയൽവാസി യോർഗോസ് ബൈക്കിൽ അവിടെ വന്നെത്തിയത്. യോർഗോസ് നേരം വൈകി എത്തിയതിനെക്കുറിച്ചു ഫാന്യ പരാതി പറഞ്ഞതിന് യോർഗോസ് വ്യക്തമല്ലാത്ത മറുപടി പറഞ്ഞു. രണ്ടു പേരോടും യാത്ര പറഞ്ഞ് പിരിയുന്ന നേരം രാത്രി ഭക്ഷണത്തിനു് അവർ എന്നെ ക്ഷണിച്ചു.
  ഭക്ഷണം കഴിക്കുന്ന സമയത്ത് യോർഗോസ് ഫാന്യയെ പരിചയപ്പെടുത്തി. ആതൻസിലെ ഒരു ഹോസ്പിറ്റലിൽ പ്രധാന വകുപ്പുമേധാവിയായി ജോലി ചെയ്യുന്ന യോർഗോസിൻ്റെ ആദ്യവിവാഹത്തിലുള്ള മകളുമായി പാറോസ് ദ്വീപിലേക്കുള്ള ഉല്ലാസ യാത്രക്കിടയിലാണ് ഫാന്യയെ പരിചയപ്പെട്ടത്.
  ഉയർന്ന വിദ്യാഭ്യാസവും അനേകം ലോകരാജ്യ സന്ദർശനങ്ങളുടെ അനുഭവവും പ്രമുഖ രാഷ്ട്രീയ സാംസ്ക്കാരിക നേതാക്കളുമായി അടുപ്പവുമുള്ള ഫാന്യക്ക് ആതൻസിൽ ആഡംബര ഗൃഹോപരണങ്ങളുടെ കയറ്റുമതിയും ഇറക്കുമതിയും ചെയ്യുന്ന വ്യാപാരമാണ്. ആദ്യ വിവാഹത്തിലുണ്ടായ പുത്രൻ യൂണിവേഴ്സിറ്റിയിൽ പുരാവസ്തു ഗവേഷണ വിദ്യാർത്ഥിയാണെന്ന് സംഭാഷണ വേളയിൽ ഫാന്യ സൂചിപ്പിച്ചു.

സ്കെച്ച് : ജോൺസ് മാത്യു


  വിവാഹ മോചനത്തിന് ശേഷവും ജീവിത പങ്കാളിയെ കണ്ടെത്തി ഉല്ലാസകരമായി ജീവിക്കാമെന്നതിൻ്റെ നല്ലൊരു മാതൃകയാണ് രണ്ടു പേരും എന്നെനിക്ക് തോന്നി. ഇന്ത്യയിൽ നിന്നും ഗൃഹോപരണ ഉൽപന്നങ്ങൾ വാങ്ങുവാനായി രാജസ്ഥാൻ സന്ദർശിച്ചതും വഞ്ചിക്കപ്പെട്ട അനുഭവവും ഫാന്യ പങ്കുവെച്ചു.
  ഭക്ഷണത്തിനു് ശേഷം യാത്ര പറഞ്ഞ് തിരിച്ചു പോകുമ്പോൾ ആതെൻസിൽ വരുമ്പോൾ മൊണാസ്തിരാക്കി മെട്രോ സ്റ്റേഷനടുത്തുള്ള ഇന്ത്യൻ റെസ്റ്റൊറൻ്റിൽ ഭക്ഷണം കഴിക്കുവാൻ അവർ എന്നെ ക്ഷണിച്ചു. കുറച്ചു മാസങ്ങൾക്ക് ശേഷം നാട്ടിലേക്ക് തിരിച്ചു വരുന്നതിൻ്റെ രണ്ട് ദിവസങ്ങൾക്ക് മുൻപ് ഒരു വൈകുന്നേരം യോർഗൊസിനോടും ഫാന്യയോടുമൊപ്പം അതിനാസ് പാതക്കരികിലുള്ള ഇന്ത്യൻ റെസ്റ്റൊറൻ്റിൽ ഭക്ഷണത്തിനായി ഞാൻ എത്തി ചേർന്നു. മെനുവിലുള്ള ഇന്ത്യൻ ഭക്ഷണവിഭവങ്ങളെക്കുറിച്ച്‌ ഞാൻ അവർക്ക് വിശദീകരിച്ചു നൽകി. ഒടുവിൽ എരിവ് കുറച്ച ഉത്തരേന്ത്യൻ ബിരിയാണിയും വിവിധ തരം ഇലകളും തക്കാളി, ഒലിവ്, ഫെത്ത ചീസും ചേർത്ത ഗ്രീക് സലാഡും ഡ്രൈ റെഡ് വൈനും ഓർഡർ ചെയ്തു. ഹോട്ടലുടമ ബിരിയാണിയുടെ രുചിയെക്കുറിച്ച് അന്വേഷിക്കുവാനായി അരികിലെത്തിയപ്പോഴാണ് അയാൾ പാക്കിസ്ഥാനിൽ നിന്നും വർഷങ്ങൾക്ക് മുൻപ് ഇവിടെയെത്തി വിവിധ തരം ജോലികൾ ചെയ്തതിന് ശേഷമാണ് ഹോട്ടൽ തുടങ്ങിയതെന്ന് സൗഹൃദ സംഭാഷണത്തിനിടയിൽ സൂചിപ്പിച്ചു.
  അടുത്തആഴ്ച രണ്ടു പേരും ഫാന്യയുടെ മകനോടും മുൻ ഭർത്താവിനോടും യോർഗൊസിൻ്റെ മകളുമൊത്ത് യാത്ര നടത്തുവാൻ ഉദ്ദേശിക്കുന്ന ദ്വീപുകളെക്കുറിച്ച് സൂചിപ്പിച്ചത് എനിക്ക് അവിശ്വസീയമായ അനുഭവമായിരുന്നു. യോർഗൊസും ഫാന്യയും അവരുടെ ബന്ധങ്ങൾ വിശാലമായും ഊഷ്മളമായും നിലനിർത്തുന്ന ശ്രമങ്ങൾ എനിക്ക് അപരിചിതമായിരുന്നു. ഭക്ഷണത്തിൻ്റെ ബിൽ കണ്ടു ഫാന്യ യോഗൊസുമായി ചെറിയൊരു വാക്കുതർക്കമുണ്ടായി. റെസ്റ്റൊറൻ്റുകളിൽ ഒരു കുപ്പി വൈൻ ഓർഡർ ചെയ്യുമ്പോൾ അമിതമായ വിലയാണ് ഈടാക്കുക എന്നതായിരിക്കാം അവർ തമ്മിലുള്ള വാക്കുതർക്കത്തിൻ്റെ കാരണം എന്ന് ഞാൻ ഊഹിച്ചു.
  അടുത്ത തവണ ഗ്രീസിൽ വരുമ്പോൾ ഇന്ത്യൻ തുണിത്തരങ്ങളുടെ സാംപിളുകൾ കൊണ്ടു വരുവാൻ കഴിയുമോ എന്ന് ഫാന്യ ചോദിച്ചതിന് "ശരി" എന്ന് ഞാൻ മറുപടി നൽകി. നാട്ടിൽ വന്നപ്പോൾ കോഴിക്കോടുള്ള കോംട്രസ്റ്റിൽ നിന്നും വിവിധ തരം തുണിത്തരങ്ങളുടെ സാംപിളുകൾ വില കൊടുത്തു വാങ്ങി തിരിച്ച് ആതൻസിൽ വന്നപ്പോൾ ഫാന്യക്ക് നൽകി.
  അടുത്ത ശനിയാഴ്ച അവരോടൊപ്പം ആതൻസിൽ നിന്നും മുന്നൂറ് കിലോമീറ്ററോളം ദൂരമുള്ള യോർഗൊസിൻ്റെ ജന്മ ഗ്രാമമായ മെസ്സലോംഗിയിലേക്കുള്ള യാത്രയോടൊപ്പം ചേരുവാൻ എന്നെയും ക്ഷണിച്ചു.
  യാത്രാംദേഹിയായ ഞാനും മറ്റൊരു ഗ്രീക് സുഹൃത്ത് വസിലിസും ആതൻസിൻ്റ വടക്കുപടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മെസ്സലോംഗി കാണുവാൻ അവരോടൊപ്പം യാത്രയായി. യാത്രക്കിടയിൽ മെസ്സലോംഗിയെക്കുറിച്ചുള്ള ലഘു വിവരണങ്ങൾ വസിലിസും യോർഗൊസും എനിക്ക് നൽകിക്കൊണ്ടിരുന്നു. ഗ്രീസിലെ വലിയ തോതിലുള്ള മൽത്സ്യ ബന്ധനവും ഏറ്റവും വലിയ ഉപ്പ് നിർമ്മാണ മേഖലയും പ്രവർത്തിക്കുന്നത് ഇവിടെയാണ്. പത്തൊൻപതാം നൂറ്റാണ്ടിൻ്റെ ആദ്യ പകുതിയിൽ മെസ്സലോംഗിയിൽ അധിനിവേശക്കാരായിരുന്ന തുർക്കികൾക്കെതിരെ ഗ്രീക്കുകാർ നടത്തിയ ചെറുത്തു നിൽപ്പിനോടൊത്ത് സഹകരിച്ചു പോരാടിയ ഇംഗ്ലീഷ് സാഹിത്യകാരനായിരുന്ന ലോർഡ് ബൈറൺ ഇവിടെ വെച്ചാണ് മരണമടഞ്ഞത്.
  യാത്ര സുഖകരമായിരുന്നെങ്കിലും ഫാന്യയും യോർഗൊസും ഇടതടവില്ലാതെ സിഗരറ്റ് വലിച്ചുകൊണ്ടിരുന്നത് എന്നിൽ അസ്വസ്ഥതയുളവാക്കി. ഉച്ചയോടു കൂടി ഞങ്ങൾ മെസ്സലോംഗിയിൽ എത്തിച്ചേർന്നു.
  മെസ്സലോംഗി ടൗണിൽ നിന്നും പത്തു കിലോമീറ്റർ ദൂരെയുള്ള യോർഗൊസിൻ്റെ വീട്ടിലായിരുന്നു താമസം. പ്രായമായ അമ്മയും അഛനും വീടിന് പുറത്തെ വാൾനട്ട് മരത്തിനിടയിലെ മേശക്കരികിൽ കാത്തിരിപ്പുണ്ടായിരുന്നു. ഒരു ഇന്ത്യക്കാരനെ ആദ്യമായാണ് അടുത്ത് കാണുന്നതെന്ന് പറഞ്ഞു രണ്ടു പേരും ചിരിച്ചു. വീടിനു് ചുറ്റിലും ഉയരം കുറച്ചു വെട്ടി നിർത്തിയ പ്രായമേറിയ ഒലീവ് മരങ്ങളിൽ നിറയെ ഒലീവ് കായകൾ നിറഞ്ഞു നിന്നു. കാവ്യാത്മകതയുടെ നേർത്ത ആവരണമുള്ള ഒലീവ് മരങ്ങളിൽ നിന്നും വലിയ ചീവീടുകൾ സംഘം ചേർന്ന് കനത്ത നിശബ്ദതയെ ഇടമുറിയാതെ കമ്പനം കൊള്ളിച്ചു.
  ഭക്ഷണത്തിനു ശേഷമുള്ള വിശ്രമത്തിന് ശേഷം ഞങ്ങൾ കടൽക്കരയിലെ ഉപ്പ് പാടങ്ങൾ കാണുവാനായി കാറിൽ കയറുന്നതിന് മുൻപായി ഫാന്യയും യോർഗൊസും ഉയർന്ന ശബ്ദത്തിൽ മുറിയിൽ വെച്ച് വാക്കുതർക്കം ഉണ്ടായതായി വസിലിസ് എന്നോട് സ്വകാര്യം പറഞ്ഞു. യാത്രയിലുടനീളം ഫാന്യയും യോർഗൊസും നിശബ്ദരായിരുന്നത് ഞാൻ ശ്രദ്ധിച്ചു.
  ഉപ്പ് പാടങ്ങളും ഉപ്പ് മ്യൂസിയവും കണ്ടതിന് ശേഷം വൈൻ നുണഞ്ഞ് സൂര്യാസ്തമനം ആസ്വദിക്കുവാൻ കടൽക്കരയിലെ തവെർണയിൽ എത്തിയപ്പോൾ ഫാന്യ അകാരണമായി പൊട്ടിത്തെറിച്ചത് അവർക്കിടയിൽ മുൻപേ തന്നെ രൂപം കൊണ്ട വ്യത്യസ്ഥ അഭിപ്രായ ഭിന്നതകളുടെ പ്രതിഫലനമായിരുന്നു.

സ്കെച്ച് : ജോൺസ് മാത്യു


  ആഡംബര അലങ്കാരങ്ങളില്ലാതെ ലളിതമായി സജ്ജീകരിച്ച തവെർണ്ണയെ കുറ്റം പറഞ്ഞ് തുടങ്ങിയ ഫാന്യയുടെ വികാര വിസ്പോടനം കണ്ട് ഞാൻ അമ്പരന്നു. മിതഭാഷിയായ വസിലിസ് എന്നെയും കൂട്ടി തവെർണയിലേക്ക് കയറി അര ലിറ്റർ റെറ്റ്സിന എന്നറിയപ്പെടുന്ന ഗ്രീക് മൗലിക വൈൻ ഓർഡർ ചെയ്തു. ആകർഷണീയമല്ലാത്ത തവെർണ ഫാന്യയുടെ അന്തസ്സിന് ചേർന്നതല്ലെന്നും ഗ്രാമീണ അന്തരീക്ഷത്തിൽ വളർന്ന യോർഗൊസിന് ഫാന്യയുടെ ഉന്നത നിലവാരത്തിലെ ജീവിത രീതികൾ മനസ്സിലാകുന്നില്ലെന്നും മറ്റും പറഞ്ഞ് രണ്ടു പേരും തവെർണ്ണയുടെ പുറത്ത് വെച്ച് തർക്കം തുടർന്നപ്പോൾ എന്തു ചെയ്യണമെന്നറിയാതെ ഞാനും വസിലിസും വിഷമിച്ചു.
  രണ്ടു വ്യക്തികൾക്കിടയിൽ ഉടലെടുക്കുന്ന അഭിപ്രായ വ്യത്യാസങ്ങളുടെ ഉൽഭവ സ്റോതസ് അറിയാത്തതിനാൽ ഞങ്ങൾ റെറ്റ്സിന കഴിച്ചു തുടങ്ങി. ശകാരവർഷത്തോടൊപ്പം കാറിൻ്റെ പിൻവശത്ത് സൂക്ഷിച്ചിരുന്ന യോർഗൊസിൻ്റെ വസ്തുവകകൾ പുറത്തേക്ക് വലിച്ചെറിഞ്ഞ് പൊടുന്നനെ കാറോടിച്ച് യാത്ര പോലും പറയാതെ ഫാന്യ അവിടെ നിന്നു പോയപ്പോഴാണ് അവർക്കിടയിലെ പ്രശ്നത്തിൻ്റെ ഗൗരവം തിരിച്ചറിഞ്ഞത്. പൊടിപടലമുയർത്തി ഓടി പോയ കാറിനെ കുറച്ചു നേരം നോക്കി നിന്നതിന് ശേഷം യോർഗൊസ് ഞങ്ങൾക്കൊപ്പം വന്നിരുന്ന് ഒരു ഗ്ലാസിൽ വൈൻ പകർന്നു. എന്തു ചോദിക്കണമെന്നറിയാതെ ഞാനും വസിലിസും നിശബ്ദരായി. ഒരു കവിൾ വൈൻ കുടിച്ചതിന് ശേഷം യോർഗൊസ് സംസാരിച്ചു തുടങ്ങി. "ഉന്നത വിദ്യാഭ്യാസമോ ഉന്നത പദവിയുള്ളവരുമായുള്ള ചങ്ങാത്തമോ അമിതമായ സാമ്പത്തിക ഭദ്രതയൊ ഒന്നും തന്നെ ചില മനുഷ്യരിൽ ഉറഞ്ഞുകൂടിയ സംസക്കാര ശൂന്യമായ പെരുമാറ്റത്തെ മാറ്റുവാൻ സഹായിക്കുകയില്ല" എന്ന മുഖവുരയോടു കൂടി യോർഗൊസ് പറഞ്ഞത് എൻ്റെ അനുഭവത്തിൽ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഞാൻ സൂചിപ്പിച്ചു.
  "ഫാന്യയുടെ ആഡംബര ജീവിത ശൈലികൾ എന്നിൽ നിർബന്ധിച്ചിരുന്നതും മുൻ ഭർത്താവിനോടും മകനോടുമൊപ്പം നടത്തിയ ഉല്ലാസ യാത്രയിൽ എന്നിലെ ഗ്രാമീണ രീതികളെ പരിഹസിച്ചിരുന്നതും ഞങ്ങൾക്കിടയിലെ സൗഹൃദവും പ്രണയവും പതിയെ ഇല്ലാതാക്കിക്കൊണ്ടിരുന്നു" എന്ന് പറഞ്ഞു കൊണ്ടു് യോർഗൊസ് വീണ്ടും ഗ്ലാസിൽ വൈൻ നിറച്ചു കുടിച്ചു.
  തവെർണയിൽ നിന്നും ടാക്സിയിൽ യോർഗൊസിൻ്റെ വീട്ടിൽ എത്തിയപ്പോൾ മകൻ്റെ പ്രാകൃത ഗ്രാമീണ ശൈലിയെക്കുറിച്ചും ഉന്നത പദവിയുള്ള പ്രമുഖ വ്യക്തികളുമായി ഇടപെടുവാനുള്ള കഴിവില്ലായ്മയെക്കുറിച്ചും ഫാന്യ മാതാപിതാക്കളെ കണക്കറ്റ് ശകാരിച്ചതിന് ശേഷമാണ് കാറിൽ ആതൻസിലേക്ക് തനിയെ പോയത് എന്നറിഞ്ഞപ്പോൾ യോർഗൊസ് മാനസികമായി തീർത്തും തളർന്നു..
  പിറ്റേന്ന് ആതൻസിലേക്കുള്ള ബസ് യാത്രയിലുടനീളം യോർഗൊസ് തൻ്റെ സ്വതസിദ്ധമായ ഗ്രാമീണ രീതിയിൽ തമാശ പറഞ്ഞ് ആസ്വദിച്ചത് നാഗരിക ആഡംബര ജീവിത ശൈലിയോടുള്ള മടുപ്പ് കൊണ്ടാകാമെന്നു് ഞാൻ ഊഹിച്ചു.

***

Recent Post