വിത്ത് ഗുണം പത്ത് ഗുണം മറാത് വാടയിലെ വിത്തമ്മയെക്കുറിച്ച് ...

ചന്ദ്രൻ പുതിയോട്ടിൽ

  മഹാരാഷ്ട യിലെ മറാത് വാട എന്ന ഭൂപ്രതലം ഒരു ദുരന്ത ഭൂമിയാണ്. കാലാവസ്ഥാ മാറ്റവും കാലം തെറ്റിയെത്തുന്ന മഴയും ക്രമേണ ഈ ഇടത്തെ കൊടുംവരള്‍ച്ചയിലേക്ക് തള്ളിവിടുകയായിരുന്നു. ഏകവിളകളും കരിമ്പിന്‍ കൃഷിയും ഇവിടങ്ങളിലെ തനതായുണ്ടായിരുന്ന ജല ലഭ്യത ഇല്ലാതാക്കി. പതുക്കെ മറാത് വാട വരണ്ട വിണ്ടുകീറിയ ഭൂമിയായി മാറി. കൃഷിയില്‍ നിന്നുള്ള വരുമാനം കുറഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസവും സ്ത്രീകളുടെ ആരോഗ്യവും പ്രതിസന്ധി നേരിട്ടു
  ഞാൻ മസ്ല ഗ്രാമത്തിലെത്തുമ്പോള്‍ ഷൈല തായ്‌ വിത്തുകള്‍ പാക്കറ്റില്‍ നിറയ്ക്കുന്ന തിരക്കിലായിരുന്നു. ഒപ്പം വേറെ സ്ത്രീകളുമുണ്ട്.

  മഴയുടെ സൂചന ഒന്നും കാണുന്നില്ല. രാവിലെ തന്നെ കൃഷിപ്പാടത്ത് പോയി വന്നതേയുള്ളൂ ഷൈല തായ്‌. ഒസ്മാനബാദ് ജില്ലയിലെ മസ്ല കുര്‍ദ് ഗ്രാമത്തിലെ ഷൈലജ നര്‍വഡെ എന്ന കര്‍ഷക സ്ത്രീ ഇവിടത്തെ പച്ചയുടെ, പ്രതീക്ഷയുടെ പ്രതീകമാണ്‌.
  തുടര്‍ച്ചയായ വരള്‍ച്ചയും ഇതിനെയൊക്കെ അതിജീവിച്ച് പരീക്ഷണങ്ങളുടെയും നിശ്ചയദാർഢ്യത്തിന്‍റെയും ഇടയിലൂടെ ഷൈല തായ്‌ കൈപിടിച്ച് കയറ്റിയത് ഒട്ടേറെ സ്ത്രീ കര്‍ഷകരുടെ ജീവിതമാണ്‌. പരിസ്ഥിതിയെ ചേര്‍ത്തുപിടിച്ച അറിവും ജൈവകൃഷിരീതിയും ഇവരുടെ മുതല്‍ക്കൂട്ടാണ്.

  ഷൈലജ തായിയുടെ നേതൃത്വത്തില്‍ മസ്ല ഗ്രാമത്തിലെ ഇരുപതോളം സ്ത്രീകളുടെ കൂട്ടായ്മ ജൈവരീതിയില്‍ കൃഷി ചെയ്യുന്ന തനതായ നാടന്‍ വിത്തുകൾ ശേഖരിച്ച് പാക്കറ്റുകളില്‍ വിറ്റ് ഒന്നരലക്ഷം രൂപയോളം ആദായമുണ്ടാക്കി. ഇതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് കുറച്ചുകൂടെ വിപുലമായി ഈ കൃഷിക്കൂട്ടായ്മ വിത്ത് ബാങ്ക് തുടങ്ങുകയും ബ്രാൻഡിംഗും മികച്ച ഗുണനിലവാരവും ഉറപ്പുവരുത്തി ജില്ലയ്ക്ക് പുറത്തുള്ള കർഷകരിലേക്കും ഗുണമേന്മയുള്ള വിത്തുകൾഎത്തിച്ചു.

  ഇതിനിടെ സര്‍ക്കാരിന്‍റെ കൃഷി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി സർക്കാർ പരസ്യം പത്രത്തിൽ വായിച്ച ഷൈല തായി ഒസ്മാനാബാദ് ജില്ലാ കളക്ടറെ സമീപിച്ച് 15 ലക്ഷം രൂപയുടെ ഓർഡർ കയ്യോടെ വാങ്ങി നാട്ടുകാരെ അത്ഭുതപ്പെടുത്തി.
  "സർക്കാരിൽ നിന്ന് ഈ ഓർഡർ ലഭിച്ചതിൽ ഞങ്ങൾക്കഭിമാനമുണ്ട്, എട്ട് ബ്ലോക്കുകളിലായി 1,500 വിത്തിന്‍റെ കിറ്റുകൾ വളരെ ശ്രദ്ധയോടെ തയ്യാറാക്കേണ്ടതുണ്ട്," ഷൈലജ തായി പറയുന്നു.
  ഷൈലജ തായിയെയും അവരുടെ കൂട്ടായ്മയെയും തേടി അംഗീകാരങ്ങള്‍ എത്തിത്തുടങ്ങി. 2022 ജൂലൈ 1-ന് വസന്തറാവു നായിക് വെജിറ്റബിൾ പ്രൊഡ്യൂസർ അവാർഡ് ലഭിച്ചു. പച്ചക്കറി വിത്ത് ഉൽപാദനത്തിനുള്ള വിപണി വികസിപ്പിക്കുന്നതിനും കാർഷിക വിപണി ശൃംഖലയിൽ സ്ത്രീകളുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനുമാണ് ഷൈലജ തായിയുടെ ജീവിതം സമർപ്പിച്ചിരിക്കുന്നത്.

  ഒട്ടേറെ സ്ത്രീ കര്‍ഷകര്‍ അണിനിരന്ന കൃഷി ഉത്പാദക സംഘടനകള്‍ ഇവിടത്തെ മണ്ണില്‍ പ്രതീക്ഷയുടെയും സന്തോഷത്തിന്‍റെയും നാമ്പുകള്‍ പാകിത്തുടങ്ങിയിരിക്കുന്നു.
  കോവിഡ് മഹാമാരി കാലത്ത്, കർഷകർക്ക് ഉൽപ്പന്നങ്ങൾ വിപണിയിൽ വിൽക്കുന്നതിൽ തടസ്സങ്ങള്‍ നേരിട്ടിരുന്നു ഈയവസരത്തിലാണ് സന്നമ്പസംഘടനയായ സ്വയം ശിക്ഷൺ പ്രയോഗ് പ്രശ്നപരിഹാരത്തിനായി സ്ത്രീ നേതൃത്വത്തിലൂടെ പുതു മാർഗങ്ങൾ തേടിയത്. അങ്ങിനെയാണ് വിജയലക്ഷ്മി ഫാർമർ പ്രൊഡ്യുസർ കമ്പനിയുണ്ടാകുന്നതും ജൈവ കൃഷി രീതി കളും അടുക്കളത്തോട്ടങ്ങളും പച്ചപിടിക്കുന്നതും. പാടത്തെ പണിക്കാരികളെന്ന സ്റ്റാറ്റ്സ് തിരുത്തിയാണ് ഇന്നിപ്പോൾ മാറത്ത് വാടയിൽ ഷൈല തായ് മാരുണ്ടാകുന്നത്.

***

Recent Post