വയലിൻ വായിക്കാൻ കൊതിച്ച കൈകൾ പരുക്കനായത് അറിയാൻ...

ജോൺസ് മാത്യു

  സുഹൃത്ത് ദിമിത്രിയുടെ വീടിൻ്റെ ഭ്രൂഗർഭ നിലയുടെ ചുമരിലെ ഈർപ്പം തടയുവാനുള്ള പ്രത്യേക തരം പെയ്ൻ്റ് അടിക്കുവാനായാണ് എഴുപത്തഞ്ച് വയസുള്ള പനയോട്ടിസ് വന്നത്. കുറച്ചു മാസങ്ങൾക്ക് മുൻപ് മറ്റു പണികൾക്കായി അവിടെ വന്നപ്പോൾ പനയോട്ടിസ് എന്നെ പരിചയപ്പെട്ടിരുന്നു.
  കൊച്ചു കുട്ടിക്ക് സമാനമായ ശബ്ദവും മിതഭാഷിയുമായ പനയോട്ടിസ് എൻ്റെ നാടിനെക്കുറിച്ചും ജീവിത രീതികളെക്കുറിച്ചും കൗതുകത്തോടു കൂടി ചോദിച്ചറിഞ്ഞു.
  ഇന്ത്യയിൽ ഇരുപതിലേറെ സംസാര ഭാഷകളും ഏകദേശം അത്ര തന്നെ ഗോത്ര ഭാഷകളും അനവധി സംഭാഷണ ഭാഷകളും നിലവിലുണ്ടെന്ന് കേട്ട് പനയോട്ടിസ് അവിശ്വസനീയതയോടു കൂടി എന്നെ നോക്കി. അതു കണ്ട് ദിമിത്രി "ശരിയാണ്" എന്ന് പിന്താങ്ങിയപ്പോഴും മടിയോടു കൂടിയെങ്കിലും പനയോട്ടിസ് തലയാട്ടി.
  രാവിലെ ഏഴു മണി മുതൽ 3 മണി വരെയാണ് ഗ്രീസിൽ തൊഴിലാളികൾ പണിയെടുക്കുന്ന സമയം. അതിനിടയിലുള്ള ചായ സമയത്താണ് പനയോട്ടിസുമായി സംസാരിക്കുവാൻ കഴിഞ്ഞത്.
  ഇന്ത്യക്ക് മുകളിലൂടെ വർഷങ്ങൾക്ക് മുൻപ് ഓസ്ട്രേലിയയിലേക്ക് പോയിരുന്നു എന്ന് സംഭാഷണത്തിനിടയിൽ സൂചിപ്പിച്ചപ്പോൾ പനയോട്ടിസിൻ്റെ ഓസ്ട്രേലിയൻ അനുഭവങ്ങൾ അറിയുവാൻ എനിക്ക് ആഗ്രഹമായി.

  പെലപ്പോണിസോസിലെ കഠിനമായിരുന്ന യവ്വന കാല ജീവിത സാഹചര്യങ്ങളിൽ നിന്നു കരകയറുവാനും നിർബന്ധിത സൈനിക സേവനത്തിൽ നിന്നു മാറി നിൽക്കുവാനും സംഗീതജ്ഞനാകുവാനുള്ള ആഗ്രഹ സാഫല്ല്യത്തിനുമായാണ് പനയോട്ടിസ് 1967 ൽ സിഡ്നിയിൽ മുൻപേ ചേക്കേറിയ അമ്മാവൻ്റെ കച്ചവട സഹായിയായി പോയത്.
  പനയോട്ടിസിൻ്റെ അമ്മ കാതറിന പണക്കാരായ അയൽവാസികളുടെ വീട്ടുവേല ചെയ്താണ് മക്കളെ വളർത്തിയത്. അവർ നൽകുന്ന വസ്ത്രങ്ങൾ ധരിച്ച് സ്കൂളിൽ പോകുന്ന വഴിയിൽ പണക്കാരായ കുട്ടികളുടെ സ്ഥിരം ക്രൂരവിനോദ ലക്ഷ്യമായിരുന്നു പനയോട്ടിസ് എങ്കിലും അതൊന്നും തന്നെ ഒട്ടും നിരാശപ്പെടുത്തിയില്ല.
  ഒഴിവു സമയങ്ങളിൽ കാപ്പി കടകളിലും നിശാ ക്ലബ്ബുകളിലും ഗായകനായി താൽക്കാലിക ജോലിയെടുത്ത് സ്വരൂപിച്ച പകുതി പണം കൊണ്ട് അമ്മക്ക് നല്ലൊരു ഉടുപ്പും പഴയ വസ്തുക്കൾ വിൽക്കുന്ന കടയിൽ നിന്നൊരു വയലിനുമായി വീട്ടിലേക്ക് വന്ന പനയോട്ടിസിനെ കണ്ട് കാതറിനക്ക് സന്തോഷവും സഹതാപവും ഒന്നിച്ചു വന്നു.
  കാതറിന മകൻ്റ സംഗീതാഭിരുചിയെ അഭിനന്ദിച്ചപ്പോഴും ഉള്ളിലെവിടെയോ സംഗീതഞ്ജരുടെ ജീവിതത്തെക്കുറിച്ചാലോചിച്ച് വേവലാതി പൂണ്ടു.
  സംഗീതജ്ഞനാകുവാനുള്ള മോഹവുമായി ഓസ്ട്രേലിയയിൽ ജീവിച്ച പനയോട്ടിസിൻ്റെ പരുപരുത്ത കൈപത്തികൾ കഠിന പ്രയത്നങ്ങളുടെ സ്മാരക ശിൽപം കണക്കെ അയാളുടെ കാൽ മുട്ടിൽ അമർന്നിരുന്നത് ഞാൻ ശ്രദ്ധിച്ചു.

  വയലിൻ പിടിക്കുവാൻ ആഗ്രഹിച്ച കൈകൾ പരുക്കനായത് എങ്ങിനെ എന്നറിയുവാൻ എനിക്ക് ആകാംഷയേറി.
  കൂടപ്പിറപ്പുകളായ സഹോദരിയും സഹോദരനും വിവാഹിതരും ദൂരദേശങ്ങളിൽ ജോലി ചെയ്യുന്നവരുമായിരുന്നതിനാൽ വിധവയായ അമ്മയെ തനിച്ചാക്കി ഇരുപതാം വയസിൽ ഓസ്ട്രേലിയയിലേക്കുള്ള യാത്രയിലുടനീളം പനയോട്ടിസ് വിതുമ്പി.
  കഠിനമായ ജീവിത സാഹചര്യങ്ങളും സാമ്പത്തിക ഭദ്രതയും മോഹിച്ച് മുൻപേ തന്നെ സിഡ്നിയിൽ ചേക്കേറിയ ഗ്രീക്കുകാരുമായി സൗഹൃദം സ്ഥാപിച്ചെങ്കിലും ജീവിത സാഹചര്യങ്ങളുമായി പനയോട്ടിസിന് പൊരുത്തപ്പെടുവാൻ മാസങ്ങൾ ഏറെ വേണ്ടി വന്നു.
  ഗ്രീക്കുകാരെ രണ്ടാം തരക്കാരായി കാണുന്ന മനോഭാവവും മനസ്സിലാകുവാൻ ബുദ്ധിമുട്ടുള്ള ഓസ്ട്രേലിയൻ ഇംഗ്ലീഷ് ഉച്ചാരണവും പനയോട്ടിസിനെ നിരാശപ്പെടുത്തി. എങ്കിലും സംഗീതഞ്ജനാകുവാനുള്ള മോഹം എല്ലാ വിഷമങ്ങളെയും തരണം ചെയ്യുവാനുള്ള കരുത്ത് നൽകി.
  അഞ്ചു വർഷങ്ങൾക്ക് ശേഷം പനയോട്ടിസ് നാട്ടിൽ തിരിച്ചെത്തിയത് ഏറ്റവും കൂടുതലായി അഘോഷിച്ചത് അമ്മ കാതറിനയായിരുന്നു. ഒരു മാസത്തെ അവധിക്കിടയിൽ വന്ന പനയോട്ടിസിനോട് സിഡ്നി വിശേഷങ്ങളും ഓസ്ട്രേലിയൻ ജീവിത രീതി, ഭക്ഷണം തുടങ്ങിയവയെക്കുറിച്ച് അറിയുവാൻ മിക്ക ദിവസവും കാതറിനയുടെ കൂട്ടുകാർ വീട്ടിൽ ഒത്തുകൂടുക പതിവായിരുന്നു.
  വയലിൻ പഠിക്കുവാനുള്ള ആഗ്രഹം ഉണരുമ്പോൾ രാത്രി കാലങ്ങളിൽ പഴയ വയലിൻ മീട്ടി സംഗീതഞ്ജനാകുവാനുള്ള മോഹത്തെ പനയോട്ടിസ് ഊതി കാച്ചിക്കൊണ്ടിരുന്നു.
  സിഡ്നിയിലേക്ക് തിരിച്ചു പോകുന്നതിന് മുൻപായി പഴകിയ വീട് പുതുക്കി പണിയുകയും കാതറിനക്ക് അധിക വരുമാനത്തിനായി പത്ത് ചെമ്മരിയാടുകളെ വാങ്ങി നൽകുകയും ചെയ്തു.
  സംഗീതജ്ഞനാകുവാനുള്ള ചിരകാല മോഹം പൂർത്തീകരിക്കുന്നതിൻ്റെ ആദ്യ പടിയായി പനയോട്ടിസ് സിഡ്നിയിൽ സംഗീത പഠന ക്ലാസിന് ചേർന്നു കൊണ്ട് തുടക്കം കുറിച്ചു.
  അതിനിടയിലാണ് അപ്രതീക്ഷിതമായി അമ്മ കാതറിനയുടെ വലതുവശം തളർന്ന് കിടപ്പിലായ വിവരം അമ്മാവൻ അറിയിച്ചത്. ദാമ്പത്യ ജീവിത പ്രാരാബ്ധങ്ങൾ നിരത്തി സഹോദരനും സഹോദരിയും തളർന്നു പോയ കാതറിനയെ പരിചരിക്കുന്ന ധാർമ്മിക ഉത്തരവാദങ്ങളിൽ നിന്നും സൗകര്യപൂർവ്വം മൗനം പാലിച്ചു. തുടർന്നുള്ള ദിവസങ്ങൾ പനയോട്ടിസിൻ്റെ മോഹന സ്വപ്നങ്ങൾ നിറഞ്ഞ പട്ടത്തിൻ്റെ ചരടറ്റത് പോലെയായിരുന്നു.
  അതിനിടയിൽ സുഹൃത്ത് ദിമിത്രി ഗ്രീക് നാടൻ വാറ്റ് മദ്യമായ രാക്കിയും കൊച്ചു ഗ്ലാസുകളും കഴിക്കുവാൻ ഒലീവും ചീസുമായി എത്തി.
  ഒരു വശം തളർന്ന അമ്മ കാതറിനയുടെ ആരോഗ്യനില വളരെ മോശമായ അവസ്ഥയിൽ അയൽവാസികളായിരുന്നു സഹായത്തിനായി എത്തിയതെന്ന് അമ്മാവൻ അറിയിച്ചത് കേട്ട ദിവസം പനയോട്ടിസിൻ്റെ നില തെറ്റി. സംഗീതഞ്ജനാകുവാനുള്ള മോഹം സിഡ്നിയിൽ ഉപേക്ഷിച്ച് പനയോട്ടിസ് നാട്ടിലേക്ക് യാത്രയായി. നാട്ടിലെത്തിയ പനയോട്ടിസ് അമ്മയുടെ പരിതാപകരമായ അവസ്ഥ കണ്ട് സങ്കടപ്പെട്ടു. സഹോദരിയും സഹോദരനും അമ്മയെ സന്ദർശിച്ചിരുന്ന സമയത്ത് ചെമ്മരിയാടുകളെ വിൽക്കുവാനും അമ്മയുടെ കാലശേഷം വീട് വിൽപന നടത്തുന്ന കാര്യവുമായിരുന്നു കൂടുതൽ സംസാരിച്ചിരുന്നത് എന്ന് പറഞ്ഞു പനയോട്ടിസ് നിശബ്ദനായി.
  ആ സമയത്ത് ദിമിത്രിസിൻ്റെ ജീവിത പങ്കാളി എല്ലേനി രാക്കിയോടൊപ്പം കഴിക്കുവാൻ വിനാഗിരിയിലിട്ട നീരാളി കഷണങ്ങൾ കൊണ്ടുവന്നു. എല്ലേനി കൊച്ചു ഗ്ലാസ്സുകളിൽ എല്ലാവർക്കും രാക്കി നൽകി. "മെ യാസു" പറഞ്ഞു കൊണ്ടു എല്ലാവരും ഗ്ലാസുകൾ ഉയർത്തി മുട്ടിച്ചു. "നിങ്ങളുടെ ആരോഗ്യത്തിന് വേണ്ടി" എന്നാണ് "മെ യാസു" എന്ന ഗ്രീക് പദത്തിൻ്റെ അർത്ഥം.
  പനയോട്ടിസിൻ്റെ ജീവിതാനുഭവങ്ങൾ തുടരുവാൻ ദിമിത്രി പ്രോൽസാഹന സൂചകമായി ആംഗ്യം കാണിച്ചു. സിഡ്നി ജീവിതത്തിൽ സ്വരൂപിച്ച സമ്പാദ്യത്തിൻ്റെ പകുതിയിലേറെ പനയോട്ടിസ് അമ്മയുടെ ആരോഗ്യ പരിപാലനത്തിനായി ചെലവഴിച്ചു. സഹോദരിയും സഹോദരനും ഇടക്കിടെ അമ്മയുടെ ആരോഗ്യനില ഔപചാരിക സന്ദർശിച്ച സന്ദർഭങ്ങളിൽ അവർക്കു വേണ്ടതായ വസ്തുക്കൾ കൊണ്ടുപോയി.
  അദൃശ്യമായൊരു ദൃഡ സൗഹൃദമുണ്ടായിരുന്ന വയലിനും ആ കൂട്ടത്തിൽ സഹോദരൻ കൊണ്ടു പോയത് പനയോട്ടിസിനെ ഏറെയധികം വേദനിപ്പിച്ചു എന്ന് പറഞ്ഞ് അയാൾ ധൃതിയിൽ കണ്ണുകൾ തുടച്ചു. ദിമിത്രിയും എല്ലേനിയും പനയോട്ടിസിനെ പലതും പറഞ്ഞു സമാധാനിപ്പിച്ചു. മാനസികമായും സാമ്പത്തികവുമായി തകർന്നു കൊണ്ടിരുന്ന പനയോട്ടിസ് അമ്മയുടെ മരണശേഷം കെട്ടിട നിർമ്മാണ തൊഴിലാളിയായി മാറി.
  വയലിൻ പിടിക്കേണ്ട കൈപത്തികളുടെ പരുക്കൻ സ്വഭാവത്തിലേക്കുള്ള പരിണാമ കഥ പറഞ്ഞു പനയോട്ടിസ് സംഭാഷണം നിർത്തി.

***

Recent Post