പറന്ന് പറന്ന് പോകാൻ കടുവക്കുട്ടി

 വായിച്ച് രസിക്കാൻ ഒരു കുഞ്ഞു വലിയ പംക്തി...

ഷിനോജ് രാജ്

  തേക്കടിയിലെ കാട്ടിനുള്ളിലെ ഒരാഞ്ഞിലിച്ചുവട്ടിൽ കിടക്കുകയായിരുന്ന അമ്മക്കടുവയെ തട്ടിയുണർത്തി കുട്ടിക്കടുവ മോലോട്ട് നോക്കി പറഞ്ഞു. ചിറകടിച്ച് അത് റോക്കറ്റു വിട്ടപോലെ ഇപ്പം മേലോട്ട് കുതിച്ചു പോയി. എന്താ ഒച്ച! ഞാൻ കിടുങ്ങി വീണുപോയി.അമ്മ ഒന്നും അറിയാഞ്ഞിട്ടാ.
 അമ്മയ്ക്ക് ദേഷ്യം വന്നു. നീ ഒരു കടുവയാണോ? നീയൊരു ദേശീയമൃഗമാണോ? പൂച്ചയാണോന്നാ ഇപ്പോൾ എൻ്റെ സംശയം.
 കുട്ടിക്കടുവയ്ക്ക് അമ്മയെ ഉറക്കത്തിൽ നിന്ന് വിളിക്കണ്ടായിരുന്നുന്നെന്ന് തോന്നി. എന്നാലും ഞാൻ പൂച്ചയാണോ? മ്യാവൂ മ്യാ ... വു രണ്ട് പ്രാവശ്യം കരഞ്ഞു നോക്കി. മ്യാഹ് വൂന്ന് ഒരു പ്രാവശ്യം ചിരിച്ചും നോക്കി. ഇല്ല ആ ശബ്ദം വരുന്നില്ല. ഘർ... ഉർ... ന്നേ വരുന്നുള്ളു. രക്ഷപ്പെട്ടു. കടുവ തന്നെയാണ്.അമ്മയ്ക്ക് വട്ടാ.ആ ഒച്ചയുണ്ടാക്കിയത് സംസ്ഥാനപക്ഷിയാ.അപ്പോൾ അതൊരു കടുവ തന്നെ ആവേണ്ടേ? ഒരു കിടു കടുവപ്പക്ഷി...
 ശരിയാ... അത് കടുവ തന്നെയാ. കടുവയെ ഞെട്ടിക്കുന്ന കിടുവ! പേടിച്ചു വിറച്ചു നടക്കുന്ന നീ എങ്ങനെയാ കടുവയാവുന്നേ... നീ പൂച്ചയാ പൂച്ച ...പൂച്ച
 കുട്ടിക്കടുവയ്ക്ക് പിന്നേയും സങ്കടം വന്നു.നേരം അങ്ങനെ ഉച്ചയായി. വൈകുന്നേരമായി. കോട ഇറങ്ങുന്ന നേരിയ തണുപ്പിൽ അമ്മയെ തൊടാതെ പിണങ്ങിക്കിടക്കുമ്പോൾ അതാ പിന്നേയും ആ "മൊരടൻ " ശബ്ദം.
 ഓഹ്... ഓ... ങ്ക് ...ഓ...
 ഇത്തവണ കുട്ടിക്കടുവ മൂത്രമൊഴിച്ചു പോയില്ലാന്നേയുള്ളൂ, ഒറ്റ ക്കുതിപ്പിന് അമ്മയുടെ പുറത്ത് ചാടിക്കയറി കണ്ണടച്ചു കിടന്നു.
 അമ്മയും കിടക്കുന്നിടത്തു നിന്ന് നാലു കാലിൽ സ്വിച്ചിട്ട പോലെ താനെനിവർന്നു പൊങ്ങി.
 വല്ലാത്തൊരു പക്ഷി തന്നെ ഈ മലമുഴക്കി വേഴാമ്പൽ. അമ്മക്കടുവ പറഞ്ഞു.
 കടുവയാണെന്ന് പറഞ്ഞ് നടക്കാൻ നാണമില്ലേ? കുട്ടിക്കടുവയ്ക്ക് തൊട്ടടുത്ത് തന്നെ അമ്മയുടെ ചെവി കിട്ടിയതിനാൽ മുറുകെ പിടിച്ച് രണ്ടിലും മാറി മാറി പറഞ്ഞു.
 ഇത്തവണ അമ്മയ്ക്ക് ചിരിയടക്കാനായില്ല. അമ്മയും പേടിക്കൊടലി യാണെന്ന് ഏറ്റു പറഞ്ഞു. കുട്ടിക്കടുവ പാലു കുടിക്കും നേരം അമ്മക്കടുവ പറഞ്ഞു.
 പേടിക്കേണ്ട ട്ടോ. അവയൊന്നും ചെയ്യില്ല.

  ഇങ്ങനെ എല്ലാവരേയും പേടിപ്പിച്ച് നടക്കുന്നത് കൊണ്ട് അതിന് പണ്ടേ ശാപം കിട്ടീട്ട്ണ്ടല്ലോ. മഴ പെയ്യാതെ എങ്ങനെയാ അത് വെള്ളം കുടിക്കുക. ഒന്ന് കാണാമല്ലോ.
 ഇപ്പോൾ അമ്മയാണ് അയ്യേ...ന്ന് പറഞ്ഞു പോയത്.ഇതൊക്കെ ആരോ പറഞ്ഞ് ഉണ്ടാക്കിയ കെട്ട് കഥയല്ലേ?
 എന്നിട്ടാണോ അമ്മേ, അതിൻ്റെ കൊക്ക് മോളിലേക്ക് നിൽക്കുന്നത്?
 അത് കൊക്കല്ല മണ്ടൂസേ... മകുടമാ... കൊക്കിൻ്റെയും തലയുടെയും അടുത്ത് അതങ്ങനെ നിൽക്കുന്നതാ.മറ്റു പക്ഷികൾക്കൊന്നും ഇല്ല ഇത്. ധാരാളം ജലാംശം അടങ്ങിയ പഴങ്ങൾ കഴിക്കുന്നതു കൊണ്ട് വെള്ളം എപ്പോഴെങ്കിലും കുടിച്ചാലും മതി. കൂറ്റൻ മരങ്ങൾക്ക് മോളിലൂടെ പറക്കുന്ന ഇവ അപൂർവമായേ നിലത്തിറങ്ങൂ.അതാ വെള്ളം കുടിക്കുന്നത് ആരും കാണാത്തത്.
 എന്നാ തൊണ്ടയിലെ ആ സഞ്ചി ഒന്ന് ഊരിവച്ചൂടേ ?പറക്കുമ്പോൾ സഞ്ചിക്ക് ചിറകുകൾ തട്ടുന്നതു കൊണ്ടല്ലേ കരയുന്നതിനേക്കാളും വലിയ ഒച്ച പറക്കുമ്പോൾ വരുന്നത്?
 പിന്നേയും നീ മണ്ടൂസ് തന്നെയാണെന്ന് തെളിയിക്കുന്നു. അത് തൊണ്ടക്കൊപ്പമുള്ളതാണ്.ഗള സഞ്ചീന്ന് പറയും. പഴങ്ങളൊക്കെ വേഴാമ്പലുകൾ ശേഖരിച്ചു കൊണ്ടുവരുന്നത് തൊണ്ടയിൽ ഇട്ടാണ്. അല്ലാതെ പറക്കുമ്പോൾ സഞ്ചിക്ക് ചിറക് തട്ടുന്നതൊന്നുമല്ല. ചിറകിൻ്റെ അടിവശത്ത് അവയ്ക്ക് ചെറിയ തൂവലുകൾ ഉണ്ടാവുന്ന ഭാഗത്ത് കുറേ വിടവുകൾ ഉണ്ട്. ചിറകടിക്കുമ്പോൾ മുകളിലെ തൂവലുകൾക്കിടയിലൂടെ വായു കടന്നു വരും.അങ്ങനെ ഈ വായു സമ്മർദം കാരണം ഏതോ, എഞ്ചിൻ ഓണാക്കിയ പോലെ വലിയ ശബ്ദം വരും.
 ഓ... നമ്മളൊക്കെ എന്തിനു കൊള്ളും അല്ലേ?
 അതെന്താ?
 കാട്ടിൽ പലയിടത്തും വേഴാമ്പലുകൾ മരം കൃഷി നടത്തുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം എൻ്റെ ക്ലാസ്സിലെ കുറുക്കൻ കുട്ടി പറഞ്ഞു തന്നിട്ടുണ്ട്.
 പിന്നേ... മരം കൃഷി ചെയ്ത് നടക്കാനല്ലേ അവയ്ക്ക് നേരം.മണ്ടൂ... മണ്ടൂ... മണ്ടൂസേ... അവ വിത്തു വിതരണം നടത്തുന്നുണ്ട്. കാട്ടിൽ എവിടെ പഴങ്ങൾ ഉണ്ടായാലും അത് കൊത്തിയെടുത്ത് വിഴുങ്ങും.

 എന്നിട്ട് പഴച്ചാറ് മാത്രം കഴിച്ച് ബാക്കിയാവുന്ന പഴം വയറ്റിൽ നിന്നും വായയിലെത്തിച്ച് ഛർദിക്കുന്നു. വേഴാമ്പലിൻ്റെ വയറ്റിലെ രാസാഗ്നിയുമായി പ്രവർത്തിച്ച് ഈ വിത്തുകൾക്ക് പെട്ടെന്ന് മുളക്കാനുള്ള ശക്തി കിട്ടുന്നുണ്ട്. വയറ്റിൽ നിന്ന് മണിക്കൂറുകൾക്ക് ശേഷമാണ് ഇവ പുറന്തള്ളുന്നത് എന്നത് കൊണ്ട് പലയിടങ്ങളിലും വിതരണം ചെയ്യാനും കഴിയുന്നു.അങ്ങനെ പലയിടത്തും അടുത്ത മഴക്കാലത്ത് പഴച്ചെടികൾ മുളയ്ക്കുന്നു. അങ്ങനെയവ മരവുമാവുന്നു.
 അത് വലിയ കാര്യം തന്നെയാണ്.
 അല്ലാന്നാരാ പറഞ്ഞത്?
 ഒരു കാര്യം കൂടി പറയാനുണ്ട്. എത്രയെത്ര തരം പഴങ്ങൾ തേടിത്തേടി കാടായ കാടും നാടായ നാട്ടിലെ മരങ്ങളും തേടി പോവാൻ വേഴാമ്പലുകൾക്കാവുന്നു.നാര് കൂടുതലുള്ള ആലും കായയും അതുപോലെ പഞ്ചസാരയും കൊഴുപ്പും ഇല്ലാത്ത മറ്റു പഴങ്ങളും ഇനി ഇവയെല്ലാം അടങ്ങിയ പഴങ്ങളും തേടി എത്ര ദൂരം വരെയും ഇവയ്ക്ക് പോവാം. നമുക്കും അങ്ങനെ പോയ്ക്കൂടേ?
 ഹ..ഹ... അത് മരത്തിനു മുകളിലുള്ള ലോകമാ. അവിടെ അതൊക്കെ പറ്റും. നമ്മൾ മരത്തിനു കീഴെയുള്ളവരാ. അപ്പോൾ കുറച്ചു ചെല്ലുമ്പോഴേക്കും ഒന്നുകിൽ കാട് അവസാനിക്കും അല്ലെങ്കിൽ മനുഷ്യർ വെട്ടിപ്പിടിച്ചിട്ടുണ്ടാവും. അതുമല്ലെങ്കിൽ ജനവാസ കേന്ദ്രമായിരിക്കും. ഇങ്ങനെ ഒരു പാട് പ്രശ്നമുണ്ടാവും. ഇതൊക്കെ വേഴാമ്പലിനും ബാധകമാണെങ്കിലും അതിന് ചിറകുണ്ടല്ലോ. പറന്നെത്താം.
 എന്നാൽ എനിക്കും ചിറകു കൾ വേണം. എന്ത് രസാ വേഴാമ്പലിനെ പോലെ പറക്കാൻ എനിക്കൊരു മലമുഴക്കി വേഴാമ്പലാകണം.മല മുഴക്കുന്ന രീതിയിൽ കരഞ്ഞ് കാട്ടിലുള്ളവരെ പേടിപ്പിക്കണം. ചിറകടിച്ച് എല്ലാവരുടെയും ഉറക്കം കളയണം. എന്താ പറ്റില്ലേ?
 പറ്റും പറ്റും. അതിന് വേഴാമ്പലുകളെ നന്നായി സംരക്ഷിക്കേണ്ടിയിരിക്കുന്നു. നിനക്കും അത് ബാധകമാണ്.
 അതെന്താ?
 അമിതമായ വേട്ടയാടലുകൾ കൊണ്ടും കാടുകൾ നശിപ്പിക്കുന്നതു മൂലവും ഇവ ഇല്ലാതായിക്കൊണ്ടിരിക്കുന്ന പക്ഷികളുടെ ചുവന്ന പട്ടികയിലാണ്.
 അയ്യോ. എന്നാൽ എൻ്റെ പേരൊന്ന് മാറ്റി തന്നാൽ മതി.
 ഏതു പേരാ വേണ്ടത്?
 മലമുഴക്കി കടുവക്കുട്ടി
 അത് വേണമെങ്കിൽ നോക്കാം. പക്ഷേ, ഒച്ച വയ്ക്കുമ്പോൾ മലമുഴങ്ങണം. കുതിക്കുമ്പോൾ കാടു കിടുങ്ങണം. ഇപ്പം വാ... കിടന്നുറങ്ങാം.

***

Recent Post