ആൽ മരത്തിന് ചിറക് വെച്ചപ്പോൾ....

ഒ .വി വിജയന്റെ കട്ടി ഫ്രെയിമുള്ള കണ്ണടയും കട്ടികൂടിയ പുരികങ്ങളും നോക്കി അരികിൽ ഇരുന്നു കൊണ്ട് പുരികങ്ങളും കണ്ണടയും വരച്ചു. വിജയനെ ചിത്രീകരിക്കാൻ എളുപ്പമാണ്. കട്ടി കണ്ണടയും ബുൾഗാൻ താടിയും കൂർത്ത മൂക്കും വശങ്ങളിലായി ഒഴുകുന്ന മുടിയും വന്നാൽ വിജയനായി .

  Storyline-25
ഇ.സുരേഷ് 10-04-2023


 ജോർബാഗിലെ ചങ്ങാതിമാരുടെ ഏറെ പ്രിയപ്പെട്ട കൂട്ടുകാർ സമീപത്തുള്ള ഒരു ഹോസ്പിറ്റലിലെ നേഴ്സുമാരായിരുന്നു. ഒഴിവുവേളകളിൽ അവർ കൂട്ടമായി വന്ന് ഒന്നര മുറി നിറച്ചു. നഴ്സുമാർ മുറിയിലേക്ക് വരുന്നത് അടുത്ത വീട്ടിലെ പഞ്ചാബി കുടുംബം ഇഷ്ടപ്പെട്ടില്ല. സുന്ദരന്മാരും സുന്ദരികളും ചപ്പാത്തിയും ദാലും ഇരുമ്പുകട്ടിലുകളും നിറഞ്ഞ മുറിയെ ഞാൻ ചിത്രീകരിച്ചു. ഡൽഹിയിലെത്തിയ ശേഷമുള്ള ആദ്യ രചന. ചിത്രരചനയിലെ ലഹരി ശരീരമാകെ ഇരിച്ചു കയറിയപ്പോൾ ഒ വി.വിജയനെ കാണണം എന്ന ആഗ്രഹം ഉണർന്നു. ഫോൺ ചെയ്തപ്പോൾ , മൂന്ന് മണിക്ക് വന്നോളൂ നാലുമണിയോടെ എഴുത്തു തുടങ്ങും അതു വരെ ഇരിക്കാം എന്ന് വിജയന്റെ മറുപടി കിട്ടി.
 ചാണക്യപുരി യിലേക്ക് നടക്കാനാണ് ഇഷ്ടം . ഓരോ നടത്തത്തിലും പുതിയ പുതിയ കാഴ്ചകൾ കാണാം. പാതവക്കിൽ ഇരുന്ന് ഇളം ചോളം തിന്നുന്ന ബാലനെ വരയ്ക്കാനായി സ്കെച്ച് പുസ്തകമെടുത്തു.

  ചാണക്യപുരി ഫ്ലാറ്റുകളിൽ വീട്ടുജോലി ചെയ്യാൻ പോയ ഏതോ തമിഴ്നാട്കാരി അമ്മയുടെ മകൻ. ഞാൻ വരയ്ക്കാൻ തുടങ്ങിയപ്പോൾ മൊട്ടത്തലയനായ ബാലൻ അരികിലേക്ക് വന്നു സ്കെച്ച് പുസ്തകത്തിലേക്ക് നോക്കി നിന്നു . പാതി കടിച്ചു നിർത്തിയ ചോളം അവൻ നിലത്തിട്ടു. വരച്ചു പൂർത്തിയാക്കിയ ചിത്രത്തിന്റെ പേജ് സ്കെച്ച് പുസ്തകത്തിൽ നിന്നും അടർത്തിയെടുത്ത് ഞാൻ അവനു കൊടുത്തു .ചിത്രം ഉയർത്തിപ്പിടിച്ച് ബാലൻ ഓടി .അവന്റെ അമ്മയെത്തേടി .
 ബെല്ലിന്റെ സ്വിച്ച് അമർത്തിയപ്പോൾ വാതിൽ തുറന്നു വിജയൻ പ്രത്യക്ഷപ്പെട്ടു. അദ്ദേഹത്തിന്റെ കൂടെനിന്ന പൂച്ച വാതിൽ തുറന്നു കിട്ടിയപ്പോൾ ഗമയോടെ വാൽ ഉയർത്തി ഗോവണിപ്പടിയിലൂടെ താഴോട്ടിറങ്ങി. വിജയൻ പൂച്ചയെ നോക്കി അസ്വസ്ഥനാകുന്ന തായി എനിക്ക് തോന്നി.
 എൻെറ പുതിയ ചിത്രങ്ങളിലൂടെ അദ്ദേഹം കണ്ണാടിച്ചു. "കൈകൾക്കും കാലുകൾക്കും ബലം വേണം. കാലുകൾ ഭൂമിയിൽ ഉറയ്ക്കണം ... " വിജയൻ പതുക്കെ പറഞ്ഞു. ഞാൻ മുഴുവനായി കേട്ടു. നാലു മണിയായപ്പോൾ പാലക്കാട്ടുകാരൻ രാമചന്ദ്രൻ മുറിയിലേക്ക് കടന്നു വന്നു .വിജയൻ നോവൽ പറയുന്നത് കേട്ടെഴുതാൻ. പുറത്തേക്ക് ഇറങ്ങാനായി ഞാൻ എഴുന്നേറ്റപ്പോൾ വിജയൻ പറഞ്ഞു. "സുരേഷ് ഇരുന്നോളൂ. തെരേസ ഉടൻവരും. ചായ കുടിക്കാം..."
 വിജയന്റെ പറഞ്ഞു കൊടുത്തുള്ള നോവൽ എഴുത്തിന് ഞാൻ സാക്ഷിയായി. കണ്ണടച്ചിരുന്ന് വിജയന്റെ പതിഞ്ഞ വാക്കുകളിലൂടെ, കേട്ടെഴുതുന്ന രാമചന്ദ്രന്റെ കൈ വേഗതയിലൂടെ .കടലാസിൽ നോവൽ വിരിയുന്നത് ഞാൻ അത്ഭുതത്തോടെ നോക്കിയിരുന്നു .
 ഓരോ പേരഗ്രാഫ് കഴിയുന്തോറും രാമചന്ദ്രൻ റൈറ്റിംഗ് പേഡ് വിജയന്റെ നേരെ നീട്ടുന്നു. കടലാസ്സിൽ തിരുത്തുകൾ വീഴുന്നു. കുനുകുനെയുള്ള തിരുത്തലുകൾ.

  ആൽമരത്തിന് ചിറകുകൾ വെച്ച് കാലങ്ങളിലൂടെ കടന്നു പോകുന്ന കഥ . എസ് ജയചന്ദ്രൻ നായർ ഓരോ ആഴ്ചയും കാത്തിരിക്കുകയാണ്. നമ്പൂതിരിയെ കൊണ്ട് ചിത്രങ്ങൾ വരപ്പിച്ച് കലാകൗമുദി വാരികയിലേക്ക് ആവാഹിക്കാൻ.
 അദ്ദേഹത്തിന്റെ വേദനിക്കുന്ന വലതുകരം എന്റെ കൈകളിൽ എടുത്തു തടവണം എന്നും വേദനയ്ക്ക് ഇത്തിരിയെങ്കിലും ആശ്വാസം നൽകണമെന്നും തോന്നി. എന്റെ മനസ്സിൽ ഞാൻ കൊത്തിവെച്ച അകൽച്ച എന്നെ അതിൽ നിന്നും വിലക്കി.
 ഒ വി വിജയന്റെ കട്ടി ഫ്രെയിമുള്ള കണ്ണടയും കട്ടികൂടിയ പുരികങ്ങളും നോക്കി അരികിൽ ഇരുന്നു കൊണ്ട് പുരികങ്ങളും കണ്ണടയും വരച്ചു. വിജയനെ ചിത്രീകരിക്കാൻ എളുപ്പമാണ്. കട്ടി കണ്ണടയും ബുൾഗാൻ താടിയും കൂർത്ത മൂക്കും വശങ്ങളിലായി ഒഴുകുന്ന മുടിയും വന്നാൽ വിജയനായി . കണ്ണുകൾ വരയ്ക്കാനാണ് പ്രയാസം. കാരണം കണ്ണുകൾക്ക് ഒരുപാട് ആഴമുണ്ടായിരുന്നു .പതിഞ്ഞ ശബ്ദത്തിൽ പതുക്കെ സംസാരിക്കുന്ന അദ്ദേഹത്തിന്റെ കണ്ണുകൾ എപ്പോഴും ഉറക്കെ സംസാരിക്കുന്നതായി തോന്നും.
 കാർട്ടൂണിസ്റ്റ് പോൾ കല്ലാനോട് മാതൃഭൂമി വാരികയിൽ കുറച്ചു കാലം വരച്ചിരുന്ന കാരിക്കേച്ചർ സീരിയൽ സംസാരത്തിനിടയിൽ ഞാൻ ഇറക്കിവച്ചു. " നല്ല ചിത്രങ്ങൾ പക്ഷേ വിമർശനങ്ങൾ പലപ്പോഴും വസ്തുനിഷ്ഠം ആയിരുന്നില്ല. " അദ്ദേഹം പറഞ്ഞു. പിന്നെ പുറത്തു നിന്നും അകത്തേക്ക് വന്നു വിജയനരികെ കസേരയിൽ കയറിയിരുന്ന പൂച്ചയെ പതിയെ തലോടി .ഇത്തിരിനേരം
 മുറിയിലേക്ക് തിരിച്ചു പോകുമ്പോൾ പോൾ കല്ലാനോട് വരച്ച കാരിക്കേച്ചറുകൾ തന്നെയായിരുന്നു മനസ്സിൽ .വി കെ എൻ , സുഗതകുമാരി , കുഞ്ഞുണ്ണിമാഷ് ...! വി കെ എന്നിന്റെയും വിജയന്റെയും കുഞ്ഞുണ്ണിമാഷുടെ യും ചിത്രങ്ങൾ ഇന്നും മനസ്സിൽ നിൽക്കുന്നുണ്ട്. കാഴ്ചക്കാരന്റെ മനസ്സിൽ ചിത്രം മായാതെ നിൽക്കുന്നത് കാർട്ടൂണിസ്റ്റ് വിജയം തന്നെയാണ്. ദിനോസറിന്റെ പുറത്തു കയറി ശാസ്ത്ര ലോകത്തേക്ക് യാത്ര ചെയ്യുന്ന വിജയന്റെ കാർട്ടൂണിലെ വിമർശന തന്തു വസ്തുനിഷ്ഠമല്ല എന്ന് എനിക്കും തോന്നിയിട്ടുണ്ട്. പല കാർട്ടൂണിസ്റ്റുകളും സമകാലിക വിഷയങ്ങൾ കാർട്ടൂണുകളാക്കുമ്പോൾ ഈ കൈഅബദ്ധം വരുത്താറുണ്ട്. ഒരു പഞ്ച് മാത്രം ലക്ഷ്യമിടുമ്പോൾ സംഭവങ്ങളുടെ യാഥാർത്ഥ്യതയിൽ നിന്നും കാർട്ടൂൺ അകന്നു പോകുന്നു.

***

Recent Post