ദൽഹിയിലെ തലവര

"ഹമാരേ യഹാം കാർട്ടൂണിസ്റ്റ് കാ പോസ്റ്റ് നഹീ ഹേ. അഗർ ആപ്പ് കാർട്ടൂൺ ദേംഗെ , ഹം ചപ്ലായേംഗേ ... " ഇവിടെ കാർട്ടൂണിസ്റ്റിന്റെ പോസ്റ്റ് ഒന്നും ഇല്ല എന്നും കാർട്ടൂൺ വരച്ചു തന്നാൽ ഉപയോഗിക്കാമെന്നും ആർട്ടിസ്റ്റിന്റെ പോസ്റ്റിൽ താല്പര്യമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

  Storyline-26
ഇ.സുരേഷ് 10-04-2023

  സക്കറിയയെ കാത്തു ഞാൻ പി.ടി.ഐ ടിവിയിലെ അദ്ദേഹത്തിൻ്റെ ക്യാബിനിൽ ഇരുന്നു .പത്രങ്ങൾ ഫയൽ ചെയ്തു വെച്ച് ചെരിഞ്ഞ മേശ ഇടനാഴിയിൽ കണ്ടപ്പോൾ എഴുന്നേറ്റു ചെന്നു. ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നും ഇറങ്ങുന്ന പത്രങ്ങൾ . കാർട്ടൂണുകൾ ഉള്ള പത്രങ്ങളിലൂടെ ഞാൻ ഒഴുകി. മലവെള്ളപ്പാച്ചിലിൽ പെട്ട ഒരു കൊച്ചു ചങ്ങാടത്തിൽ എന്നപോലെ .എൻ്റെ ചങ്ങാടത്തെ ഒരാൾ തടഞ്ഞുനിർത്തി. "സക്കറിയ സാറിനെ കാത്തുനിൽക്കുകയാണോ?" "അതെ." . "സാറിന്ന് അല്പം വൈകാൻ സാധ്യതയുണ്ട് .പേരെന്തുവാ ..?"
  ആദ്യത്തെ രണ്ടുമൂന്നു ദിവസങ്ങളിൽ ഡൽഹിയിൽ മലയാളം സംസാരിക്കുന്നവരെല്ലാം സ്വന്തക്കാരെന്ന തോന്നലായിരുന്നു. രാജശേഖരൻ എന്ന മലയാളി പെട്ടെന്ന് എന്റെ സുഹൃത്തായി. കഥ വാരികയിൽ കഥകൾ എഴുതിയ രാജശേഖരൻ . രാജശേഖരൻ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ അകവും പുറവും എനിക്ക് കാട്ടിത്തന്നു . "സാറിനെ കാണാൻ മറ്റൊരു ചിത്രകാരൻ കൂടി ഇവിടെ വരാറുണ്ട്... ഭാസ്കരൻ . " "ഭാസ്കരന്റെ ചിത്രങ്ങൾ എനിക്ക് പരിചയമുണ്ട് . "
  പന്ത്രണ്ട് മണിയോടെ നീല ജീൻസും കറുത്ത ജാക്കറ്റും നിറഞ്ഞ ചിരിയുമായി സക്കറിയ എത്തി.

  ബയോഡാറ്റയും ചിത്രങ്ങളും എൻ്റെ കയ്യിൽ നിന്നും വാങ്ങിയ ശേഷം അദ്ദേഹം പറഞ്ഞു. "സുരേഷേ ഒന്നു രണ്ടാഴ്ചകൾ വെയിറ്റ് ചെയ്യൂ . അതിനുള്ളിൽ എതെങ്കിലും ഒരു പ്ലാറ്റ്ഫോം നമുക്ക് കണ്ടെത്താം. " സക്കറിയ എഴുന്നേറ്റ് അകത്തെ മുറിയിലേക്ക് മറഞ്ഞു. പുറത്തേക്ക് ഇറങ്ങാൻ തുനിയവേ രാജശേഖരൻ എന്നരികിലേക്ക് വീണ്ടും വന്നു. " താന ബാന തുടങ്ങിയതിനുശേഷം സാറിന് ഇപ്പോൾ തിരക്ക് കൂടുതലാണ്. ദൂരദർശനിൽ പി ടി ഐ ടിവി ചെയ്തുവരുന്ന സാമൂഹിക-സാംസ്കാരിക വിഷയങ്ങളെ ഉൾക്കൊള്ളിച്ചുള്ള പരിപാടിയാണ് താന ബാന .
  പി.ടി.ഐയിൽ നിന്നും കൊണാട്ട് പ്ലേസിലേക്ക് നടന്നു. വഴിയിൽ ഉള്ള ഹെഡ്പോസ്റ്റ് ഓഫീസിൽ കയറി നാട്ടിലേക്ക് കത്തെഴുതണം. ഹെഡ് പോസ്റ്റ് ഓഫീസിന്റെ കൂറ്റൻ കെട്ടിടത്തിന് മുന്നിൽ സ്ഥാപിച്ച പോസ്റ്റ് ബോക്സു കളുടെ മണ്ടയിൽ താളം പിടിച്ചുകൊണ്ട് അകത്തേക്ക് കയറി. പിൻകോഡ് 1 എന്ന പോസ്റ്റ് ഓഫീസിൽ നിന്നാണ് നാട്ടിലെ 6 7 3 5 2 2 എന്ന പിൻകോഡ് ലേക്ക് എന്റെ കത്ത് യാത്ര ചെയ്യുന്നത്. കത്ത് പോസ്റ്റ് ബോക്സിൽ ഇടുമ്പോൾ അതിന്റെ മടക്കിൽ ഞാൻ കയറി കിടന്നു. ഇനി രണ്ടു ദിവസം യാത്ര ചെയ്തു എന്റെ വീടിന്റെ ഉമ്മറത്ത് ഞാൻ ചെന്നു വീഴും . അമ്മ എന്നെ കൈകളിലേക്ക് കോരി എടുക്കും.
  ജൻപത് റോഡിലൂടെ നടന്നപ്പോൾ ഡൽഹിയിൽനിന്ന് ഇറങ്ങുന്നതും വിദേശത്ത് നിന്നും പറന്നു വരുന്നതുമായ അനേകം പത്രങ്ങളും വാരികകളും റോഡിന്റെ വശത്തായി നിരത്തിവച്ച് വിൽക്കുന്നത് കണ്ടു. ഓരോന്നായി എടുത്തു മറിച്ചു നോക്കിയപ്പോൾ വിൽപ്പനക്കാരൻ മുഖം കറുത്തു .ഒരു വിദേശ വാരിക വിലകൊടുത്തു വാങ്ങിച്ചു . എക്കണോമിസ്റ്റ് . കോഴിക്കോട്ടെ ലൈബ്രറിയിൽ വെച്ച് കണ്ടിരുന്നു എന്നല്ലാതെ എക്കണോമിസ്റ് സ്വന്തമാക്കുന്നത് ആദ്യമായാണ് . ഡൽഹിയിൽ നിന്നും ഇറങ്ങുന്ന പ്രചാരം കുറഞ്ഞ രണ്ടു വരികൾ മറിച്ച് വിലാസം കുറിച്ചെടുത്തു. ഇന്ത്യ ഡേ ആഫ്റ്റർ, പബ്ലിക് ഇന്ത്യ. എക്കണോമിസ്റ്റ് സ്വന്തമാക്കിയതോടെ അവിടെ നിരത്തിയ ഏതു വാരികയോ മാസികയോ ദിനപത്രമോ എടുത്തു മറിച്ചു നോക്കിയാലും തനിക്ക് ഒന്നും ഇല്ല എന്ന മട്ടിൽ വില്പനക്കാരൻ ഇരുന്നു . എക്കണോമിസ്റ്റിന്റെ വില !.
  പബ്ലിക്ക് ഇന്ത്യയുടെ വിലാസം തേടി ലക്ഷ്മി നഗറിൽ എത്തി. ഐ ടി ഓവിൽ നിന്ന് യമുനയുടെ മുകളിലുള്ള പാലം കടന്നാൽ എത്തുന്ന സ്ഥലമാണ് ലക്ഷ്മി നഗർ .ഇൻകം ടാക്സ് ഓഫീസിന്റെ കൂറ്റൻ കെട്ടിടം ഉയർന്നു നിൽക്കുന്നതിനാലാണ് യമുനയുടെ കരയിലുള്ള സ്റ്റോപ്പിന് ഐ ടി ഒ എന്ന പേരുവന്നത് .ഐ ടി ഒ വരെയുള്ള ഡൽഹി അല്ല ലക്ഷ്മി നഗറിൽ ഉയർന്നത്. ഡൽഹി ഡെവലപ്മെൻറ് അതോറിറ്റിയുടെ പ്ലാനുകൾ ഒന്നുമില്ലാതെ ഉടമസ്ഥർ തോന്നിയപോലെ കെട്ടിയുയർത്തിയ നാലും അഞ്ചും നില കെട്ടിടങ്ങളാണ് ലക്ഷ്മി നഗറിൽ അധികവും. തിരക്കു കുറഞ്ഞ ആർഭാടമില്ലാത്ത ഓഫീസാണ് പബ്ലിക് ഇന്ത്യയുടേത്. അച്ചടിച്ചുവന്ന പുതിയ ലക്കത്തിന്റെ കെട്ടുകൾ ചെറിയ വണ്ടിയിൽ നിന്നും ഓഫീസിലേക്ക് കയറ്റി വെക്കുന്നത് ശ്രദ്ധിച്ചു നിന്ന എന്നോട് അറ്റൻഡർ ചോദിച്ചു. "ആരാണ് ,ആരെ കാണാനാണ് വന്നത് ?" എന്റെ ആവശ്യം അറിഞ്ഞ അറ്റൻഡർ എന്നോട് സോഫയിൽ ഇരിക്കാൻ പറഞ്ഞ് അകത്ത് പോയി ഒരു ഗ്ലാസ് തണുത്ത വെള്ളവുമായി വന്നു. ഓഫീസിൽ ഇപ്പോൾ എഡിറ്റർ ഇല്ല എന്നും, എന്നാൽ എല്ലാ കാര്യങ്ങളും അസിസ്റ്റൻറ് എഡിറ്ററാണ് നോക്കുന്നതെന്നും അയാൾ പറഞ്ഞു. സക്കറിയക്ക് കൊടുത്ത ബയോഡാറ്റയുടെയും ചിത്രങ്ങളുടെയും പകർപ്പ് ഞാൻ അസിസ്റ്റൻഡ് എഡിറ്റർക്ക് കൊടുത്തു. "ഹമാരേ യഹാം കാർട്ടൂണിസ്റ്റ് കാ പോസ്റ്റ് നഹീ ഹേ. അഗർ ആപ്പ് കാർട്ടൂൺ ദേംഗെ , ഹം ചപ്ലായേംഗേ ... " ഇവിടെ കാർട്ടൂണിസ്റ്റിന്റെ പോസ്റ്റ് ഒന്നും ഇല്ല എന്നും കാർട്ടൂൺ വരച്ചു തന്നാൽ ഉപയോഗിക്കാമെന്നും ആർട്ടിസ്റ്റിന്റെ പോസ്റ്റിൽ താല്പര്യമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. "ചിത്രം വരയ്ക്കാൻ ഞാൻ തയ്യാറാണ് , " "നഹി നഹി ..തസ്‌വീർ ഖീംചനേവാല നഹിം. ലേ ഔട്ട് വാല...! "
  എനിക്ക് പരിചയമില്ലാത്ത ജോലിയാണെങ്കിലും ഒരു വരുമാനമാർഗ്ഗം ആവുമല്ലോ എന്നതിനാൽ ലേ ഔട്ട് ആർട്ടിസ്റ്റായി ഒരു കൈ നോക്കാൻ തയ്യാർ! ആ ഓഫർ സ്വീകരിക്കാൻ തയ്യാറാണെന്ന് പറഞ്ഞപ്പോൾ അദ്ദേഹം ടൈപ്പ് ചെയ്ത ഏതാനും ഒറ്റക്കോളം മാറ്ററുകൾ എന്റെ മുന്നിലേക്ക് ഇട്ടു തന്നു .കൂടെ ഏതാനും ഫോട്ടോകളും . " "ലെറ്റ് അസ് സീ യുവർ കാലിബർ ഇൻ ലേ ഔട്ടിംഗ് ! "

  ലേഔട്ടിനായി കിട്ടിയ മാറ്ററുകളുമായി നിറയെ പശ ഒട്ടിപ്പിടിച്ച മേശയ്ക്കരികെ ഞാനിരുന്നു. എങ്ങനെ വിധാനം നടത്തണം എന്ന ആശയം മനസ്സിൽ ഉദിക്കുന്നില്ല. അല്പ നേരം ഇരുന്ന ശേഷം പ്രധാനപ്പെട്ട ഫോട്ടോകൾ നിരത്തി . പിന്നെ മാറ്ററുകളും . ബാക്കിവന്ന ഇത്തിരി സ്ഥലത്ത് ഒരു ചിത്രവും വരച്ചു ചേർത്തു. അപ്പോഴേക്കും അസിസ്റ്റൻറ് എഡിറ്റർ ഓഫീസ് വിട്ടിരുന്നു. പൂർത്തിയായ പേജുകൾ അറ്റൻഡറെ ഏൽപ്പിച്ച ഞാൻ ലക്ഷ്മി നഗറിലെ പ്രധാന വീഥിയിലെ തിരക്കിലേക്ക് ഇറങ്ങി.

***

Recent Post