ജോർ ബാഗിലെ ബൽ ബന്ദർ സിംഗ്

സമ്പാദ്യമെല്ലാം ജന്മനാട്ടിൽ ഉപേക്ഷിച്ച് ഇന്ത്യയിലേക്കുള്ള തീവണ്ടിയിൽ ഞെരുങ്ങിയിരുന്നും ലഗേജ് റേക്കിൽ കിടന്നും എത്തിയ സിക്ക് കുടുംബത്തിന്റെ നാഥനായ ബൽബന്ദർ സിംഗ് താടിയും ടർബാനും കനമുള്ള കൊമ്പൻ മീശയും വെച്ച് ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമായി ചുവരിൽ തൂങ്ങി കിടപ്പുണ്ട്. പാകിസ്ഥാനിൽ നഷ്ടപ്പെടുത്തി പോന്ന സമ്പാദ്യങ്ങളുടെ ഓർമ്മകൾ ഒന്നും തന്നെ കൊച്ചു മുറികളിൽ ആരംഭിച്ച ജീവിതത്തിനിടയിൽ ബൽബന്ദർ സിംഗിനെയും കുടുംബത്തെയും അലട്ടിയിട്ടില്ല.

  Storyline-24
ഇ.സുരേഷ് 27-03-2023

  സഫ്ദർജംഗ് എയർപോർട്ടിന്റെ അടുത്തുള്ള ജോർ ബാഗിലെ ബി കെ ദത്ത് കോളനിയിലെ ഏറെ പഴക്കം ചെന്ന മൂന്നുനില കെട്ടിടത്തിലെ രണ്ടാം നിലയിലുള്ള മുറിയിലാണ് ചന്ദ്രനും കൂട്ടുകാരും , ഇപ്പോൾ ഞാനും പാർക്കുന്നത് .
 ചന്ദ്രനും നാലു കൂട്ടുകാരും ചേർന്ന് വാടകക്കെടുത്ത ഒന്നര മുറി .വിഭജനകാലത്ത് പാക്കിസ്ഥാനിൽ നിന്നും പലായനം ചെയ്തെത്തിയ സിഖുകാർക്ക് കഴിഞ്ഞുകൂടാനായി സർക്കാർ ഏൽപ്പിച്ചു കൊടുത്തതായിരുന്നു .മഞ്ഞ നിറമണിഞ്ഞ പഴയ ചുവരും ദ്രവിച്ചു തുടങ്ങിയ ഇരുമ്പുകമ്പി ജനാലകളും നിറഞ്ഞ കെട്ടിടം .അന്നു പാർത്തിരുന്ന മിക്ക പഞ്ചാബി കുടുംബങ്ങളും ജീവിത സൗകര്യം ഏറിയപ്പോൾ ബി.കെ. ദത്തിലെ മുറികൾ വിറ്റ് വലിയ വീടുകൾ സ്വന്തമാക്കി ജീവിതം മാറ്റി നട്ടു. പാകിസ്ഥാനിലെ വീടു വിട്ട ശേഷം ജോർ ബാഗിൽ ദാനമായി കിട്ടിയ ഒന്നര മുറി വീട്ടിൽ നിന്ന് ഇതേവരെ മാറാതിരിക്കുന്നവരാണ് ചന്ദ്രശേഖരന്റെ അയൽവാസികളായ ബൽബന്ദർസിംഗിന്റെ കുടുംബം .
 സമ്പാദ്യമെല്ലാം ജന്മനാട്ടിൽ ഉപേക്ഷിച്ച് ഇന്ത്യയിലേക്കുള്ള തീവണ്ടിയിൽ ഞെരുങ്ങിയിരുന്നും ലഗേജ് റേക്കിൽ കിടന്നും എത്തിയ സിക്ക് കുടുംബത്തിന്റെ നാഥനായ ബൽബന്ദർ സിംഗ് താടിയും ടർബാനും കനമുള്ള കൊമ്പൻ മീശയും വെച്ച് ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമായി ചുവരിൽ തൂങ്ങി കിടപ്പുണ്ട്. പാകിസ്ഥാനിൽ നഷ്ടപ്പെടുത്തി പോന്ന സമ്പാദ്യങ്ങളുടെ ഓർമ്മകൾ ഒന്നും തന്നെ കൊച്ചു മുറികളിൽ ആരംഭിച്ച ജീവിതത്തിനിടയിൽ ബൽബന്ദർ സിംഗിനെയും കുടുംബത്തെയും അലട്ടിയിട്ടില്ല .

  ടാക്സി ഡ്രൈവറായി ജീവിതമാരംഭിച്ച ബൽ ബന്ദർ പിന്നീട് ഏതാനും കാറുകൾ കൂടി വാങ്ങി ടാക്സി ആക്കി ഓടാനിട്ടു. ബെൽ ബന്ദറിന്റെ ടാക്സികൾ കൊണാട്ട് പ്ലേസിലൂടെയും ദരിയാഗഞ്ചിലൂടെയും രാജേന്ദ്രനഗറിലൂടെയും തലങ്ങുംവിലങ്ങും വിയർപ്പൊഴുക്കി ഓടി . ആ വിയർപ്പു കൊണ്ട് അയാൾ ലോധി കോളനിയിൽ രണ്ടു വീടുകൾ വാങ്ങിച്ചു . ബൽബന്ദർ സിംഗിന്റെ ഒരു മകനും ഒരു മകളും ഇപ്പോൾ താമസിക്കുന്നത് സമ്പന്നർ പാർക്കുന്ന ഈ കോളനിയിലാണ്.

  ആകാശത്തോളം ഉയർന്ന ആഗ്രഹങ്ങൾക്ക് മുകളിൽ മേൽക്കൂര പണിയാൻ കഴിഞ്ഞിട്ടും ജോർബാഗിലെ ഒന്നര മുറി ജീവിതം സർദാറും ഭാര്യയും കൈവിടില്ല. അവരുടെ സ്വർഗ്ഗം ഈ ഒന്നര മുറി തന്നെ ആയിരുന്നു. ഈ മുറിയുടെ കടപ്പ മേഞ്ഞ മച്ചുകൾക്ക് ബൽ ബന്ദർ സിംഗിന്റെ ഹൃദയത്തുടിപ്പിന്റെ താളം അറിയാമായിരുന്നു.
 ഈ വീടിന്റെ ചുവരുകളിൽ സർദാറിന്റെ ഭാര്യ പാക്കിസ്ഥാനിൽ കൈവിട്ടുപോന്ന മുസ്ലിം കളിക്കൂട്ടുകാരുടെ പേരുകൾ എഴുതി വച്ചിരുന്നു .ഈ വീടിന്റെ പടിഞ്ഞാറെ മൂലയിലിട്ട ചണക്കട്ടിലിൽ കിടന്നാണ് ബൽ ബന്ദർ സിംഗിന്റെ പിതാവ് മഞ്ഞപ്പിത്തം വന്ന് മരിച്ചത്. അതേ കട്ടിലിൽ കിടന്നാണ് ബൽ ബന്ദറും പെട്ടന്നങ്ങ് മരിച്ചത്. തന്റെ പ്രിയപ്പെട്ടവർ ഇന്നും ഈ മുറികളിൽ ഉണ്ടെന്ന് വിശ്വസിക്കുന്നതിനാൽ ബൽബന്ദർ സിംഗിന്റെ ഭാര്യയും പുതിയ വീടുകളിലേക്ക് മാറിയില്ല .അമ്മയ്ക്ക് തുണയായി ഇളയമകൾ രേണുകയും ജോർ ബാഗിൽ തന്നെ പാർക്കുന്നു .
 ചന്ദ്രനും സുഹൃത്തുക്കളും അതിഥിയായെത്തിയ എന്നെ സ്നേഹിക്കാൻ തുടങ്ങി .അവരുടെ സ്നേഹം പ്രഭാതത്തിലെ ചപ്പാത്തിയും ദാലുമായും സായാഹ്നത്തിൽ ഓംലെറ്റും ഹണിബീയുമായി എന്റെ മുന്നിൽ നിരന്നു. അവിവാഹിതരായ പോലീസ് സുഹൃത്തുക്കളുടെ സംസാരങ്ങൾക്കിടയിൽ അയൽവീട്ടിലെ അവിവാഹിതയും സുന്ദരിയുമായ രേണുക കയറി വരുമായിരുന്നു. മലയാളി പോലീസുകാരിൽ ആരെയെങ്കിലും കൊണ്ട് വിവാഹം കഴിപ്പിച്ചാൽ കൊള്ളാമെന്ന് അവളുടെ അമ്മ കരുതുന്നതായി സുഹൃത്തുക്കൾ പറഞ്ഞു . അത് പാലക്കാട്ടെ ചിറ്റൂരിൽ നിന്നും വന്ന മോഹനകൃഷ്ണനെ തന്നെയാണെന്ന് പിന്നീട് മനസ്സിലായി. രേണുവിനെ അമ്മ മുടിയിൽ മൈലാഞ്ചി തേച്ച് പുറത്ത് വെയിലു കൊള്ളാനായി ഇരുന്നപ്പോൾ ചൂരൽ കസേര നീക്കിയിട്ടു ഞാൻ അവരുടെ അരികിൽ ഇരുന്നു. വിഭജനകാലത്തെ കഥകൾ കേൾക്കാൻ . അഞ്ചു മുതൽ പത്താം ക്ലാസ് വരെ പഠിച്ച ഹിന്ദി ഭാഷയിലെ വിജ്ഞാനം വെച്ച് അവരുടെ വാക്കുകൾ മുഴുവൻ മനസ്സിലാക്കാൻ പ്രയാസമായിരുന്നുവെങ്കിലും അവരുടെ കണ്ണുകളിൽ തെളിഞ്ഞ ഭാഷ മനസ്സിലാക്കാൻ എളുപ്പമായിരുന്നു.
 ഗോതമ്പ് റൊട്ടിയും ദാലും വെണ്ണയും കഴിച്ചു ജീവിതം ശാന്തമായി നീങ്ങവേ ഒരുനാൾ എല്ലാം മാറി പറഞ്ഞു. സ്വന്തം കിടക്ക വിട്ട്, വർണ്ണചിത്രങ്ങൾ കൊണ്ട് പൊതിഞ്ഞ പുസ്തകങ്ങൾ വിട്ട്, കരിവളയും മുത്തു മാലകളും സൂക്ഷിച്ചുവച്ച മരപ്പെട്ടി വിട്ട് ,ഓമനിച്ചു വളർത്തിയ ചെടികളെയും കിളികളെയും പൂച്ചകളെയും വിട്ട് , സ്നേഹവും സംഗീതവും കൈമാറിയ കളിക്കൂട്ടുകാരെ വിട്ട് ഇന്ത്യയിലേക്ക് പോന്നു. പഴയ പതിനഞ്ചുകാരി മനസ്സിൽ ഒട്ടിച്ചുവെച്ച അനുഭവങ്ങൾ നിർവികാരതയോടെ പറഞ്ഞു .ചരിത്ര പുസ്തകത്തിലെ ഏതാനും പേജുകൾ മറിച്ച് ശേഷം കയ്യിൽ കിട്ടിയ ഒരിതൾ എടുത്തു വായിക്കുന്നതുപോലെ .

***

Recent Post