കൈ കൊടുത്ത് മുകുന്ദനും

നരച്ച പച്ചനിറമുള്ള ഡൽഹി ട്രാൻസ്പോർട്ട് ബസ്സിൽ ഇരുന്ന് താമസസ്ഥലത്തേക്ക് യാത്ര തിരിക്കവേ, റോഡ് വക്കിൽ കൂട്ടംചേർന്ന് മുന്നോട്ടു കുതിക്കുന്ന സുന്ദരികളോടും സുന്ദരന്മാരോടും ഞാൻ പറഞ്ഞു. എനിക്കും ഡൽഹിയിൽ ഒരു ജോലി കിട്ടാൻ പോകുന്നു .ഞാനും നിങ്ങളുടെ തിരക്കിന്റെ ഭാഗമാകാൻ പോകുന്നു.

  Storyline-23
ഇ.സുരേഷ് 16-03-2023

  സക്കറിയയെ ഒരിക്കൽ തൃശൂർക്കുള്ള ട്രെയിൻ യാത്രയിൽ കണ്ടിരുന്നു . ജീവിതദർശനം എന്ന കാർട്ടൂൺ പംക്തി മാതൃഭൂമി വാരാന്തപ്പതിപ്പിൽ തുടങ്ങിയ സമയത്തായിരുന്നു അത് . പരശുറാം എക് സ് പ്രസ്സിൽ സക്കറിയയും കാവാലം പത്മനാഭനും മുഖാമുഖമുള്ള സിംഗിൾ സീറ്റുകളിൽ ഇരിക്കുന്നു. സക്കറിയയെ കണ്ടപ്പോൾ എന്റെ കണ്ണുകളിൽ അത്ഭുതം. "സ .ക്ക. റി. യ ...! " എന്ന അത്ഭുത വിളികേട്ട് പുറത്തേക്ക് തല ചരിച്ചിരുന്ന സക്കറിയ തിരിഞ്ഞു നോക്കി പുഞ്ചിരിച്ചു . "ഞാൻ സുരേഷ്, കാർട്ടൂണുകൾ വരയ്ക്കുന്നു . " സക്കറിയ അദ്ദേഹത്തിന്റെ സീറ്റിൽ സ്ഥലം ഒരുക്കി എന്നെ അവിടേക്ക് പിടിച്ചിരുത്തി .തൃശ്ശൂർ എത്തുന്നതുവരെ കാർട്ടൂണുകളെക്കുറിച്ചും കാർട്ടൂണിസ്റ്റുകളെക്കുറിച്ചുമായിരുന്നു സംസാരം . വിദൂരത്തു നിന്നും ഡൽഹിയെന്ന നഗരം ഒരു മോഹമായി എന്നെ കോരിത്തരിപ്പിച്ച ദിവസം .
 ആർ.കെ പുരത്തെ ഫ്ലാറ്റിൽ വാതിൽ തുറന്നു തന്നത് ടീഷർട്ടിലും കൈലി മുണ്ടിലുമുള്ളിൽ തിളങ്ങുന്ന ശരീരവുമായി സക്കറിയ .

  അദ്ദേഹം എന്നെ സ്വീകരണ മുറിയിലിരുത്തി. സ്വീകരണ മുറിയിലും തൊട്ടടുത്ത മുറിയിലുമെല്ലാം പുസ്തകങ്ങൾ നിറഞ്ഞ വലിയ അലമാരകൾ . സക്കറിയ കത്ത് വായിക്കുമ്പോൾ അകത്തേക്ക് പോയ ശ്വാസം പുറത്തേക്ക് വരാൻ മടിക്കുന്നതു പോലെ തോന്നി. ഞാനെന്റെ മനസ്സിനോട് കണ്ണുരുട്ടി . "ശുഭാപ്തിവിശ്വാസമാണ് എപ്പോഴും വേണ്ടത്. " സക്കറിയ കത്ത് വായിച്ച് മടക്കി ബ്രൗൺ കവറിലിട്ട് ഡയറിയിൽ വെച്ചു. "സുരേഷിന്റെ കാർട്ടൂണുകൾ ഞാൻ ശ്രദ്ധിക്കാറുണ്ട്. നമുക്ക് ഒരു കൈ നോക്കാം ... " ചായ കുടിക്കുന്നതിനിടെ ചൂടുള്ള കപ്പിൽ അമർത്തിപ്പിടിച്ച് ഞാൻ കൈകൾ ചൂടാക്കാൻ ശ്രമിച്ചു . "നാളെ പി.ടി.ഐയിൽ വരൂ .ഒരു ബയോഡാറ്റ കൂടി കരുതിക്കോളൂ ... "
 നരച്ച പച്ചനിറമുള്ള ഡൽഹി ട്രാൻസ്പോർട്ട് ബസ്സിൽ ഇരുന്ന് താമസസ്ഥലത്തേക്ക് യാത്ര തിരിക്കവേ റോഡ് വക്കിൽ കൂട്ടംചേർന്ന് തിരക്കുപിടിച്ചു മുന്നോട്ടുകുതിക്കുന്ന സുന്ദരികളോടും സുന്ദരന്മാരോടും ഞാൻ പറഞ്ഞു. എനിക്കും ഡൽഹിയിൽ ഒരു ജോലി കിട്ടാൻ പോകുന്നു .ഞാനും നിങ്ങളുടെ തിരക്കിന്റെ ഭാഗമാകാൻ പോകുന്നു.

  സഫ്ദർ ജംഗിലെ , ജോർ ബാഗിലെ , പഴയ കെട്ടിടത്തിലെ മൂന്നാം നിലയിലെ മുറിയിൽ എത്തിയപ്പോൾ ശംബുവാഴികെ മറ്റു കൂട്ടുകാരെല്ലാം ജോലിക്ക് പോയിരുന്നു. അവരിൽ ആരോ തയ്യാറാക്കിയ ദാൽ ഫ്രൈയും ചപ്പാത്തിയും മേശപ്പുറത്ത് വിളമ്പിവെച്ച് ശംബു എന്നെ ക്ഷണിച്ചു .ഓരോ ദിവസവും ഓരോ ആളാണ് അടുക്കളയിൽ കയറുക. അതുകൊണ്ട് ഓരോ ദിവസത്തെ രുചിയും വ്യത്യസ്തമായിരിക്കും.
 ഇനി എം മുകുന്ദനും അശോകനുമുള്ള കത്തുകളാണ് കൊടുക്കാനുള്ളത്. അശോകൻ ഐ എൻ എസ് ബിൽഡിംഗിലാണ് ഇരിക്കുന്നത്. അവിടെയെത്താൻ എളുപ്പമാണ്. വൈകിട്ട് അശോകനെ കാണാനിറങ്ങാൻ തീരുമാനിച്ചു . പ്രസ്സ് ക്ലബ്ബിന്റെയരികെ ബസ്സിറങ്ങി ഐ എൻ എസ്സിലേക്ക് നടന്നു .
 എല്ലാ റോഡുകളുടെ വശങ്ങളിലും സൗഹൃദമോതുന്ന തണൽ മരങ്ങൾ . ഇന്ത്യയിലെ വിവിധ ഭാഷകൾ സംസാരിക്കുന്നവർ ഒരുമിച്ച സ്ഥലമാണ് ഐ എൻ എസ് . രാജ്യത്തെ വിവിധ ഭാഷാ പത്രങ്ങളിലേക്ക് ഇവിടെ നിന്നാണ് പ്രധാന വാർത്തകൾ ഒഴുകിയെത്തുന്നത്. ഇന്ത്യക്കാരുടെ തലവിധി തീരുമാനിക്കുന്ന വാർത്തകൾ . മാതൃഭൂമിയുടെ ഓഫീസിലെത്തി എൻ അശോകന്റെ മുന്നിലിരുന്നു. കോഴിക്കോട്ടുകാരനായ എന്നോട് കോഴിക്കോട്ടുകാരനായ അശോകന് ഏറെ പ്രിയമുണ്ടെന്ന് തോന്നി. "പത്രങ്ങളിലെയ്ക്ക് നമുക്ക് ഇവിടെ ഇരുന്നു ശ്രമിക്കാം സുരേഷ് . ഓൺ ലുക്കറിലെ ഗോപാലകൃഷ്ണനെ നമുക്ക് ഒരു ദിവസം ചെന്നു കാണാം. " ഇതിനിടയിൽ അശോകേട്ടാ എന്ന് വിളിച്ചുകൊണ്ട് ഒരാൾ കടന്നുവന്ന് അദ്ദേഹത്തിന്റെ കാതിൽ എന്തോ സ്വകാര്യം പറഞ്ഞു. അശോകൻ പൊട്ടിച്ചിരിച്ചു. അശോകനെ എല്ലാവരും അശോകേട്ടൻ എന്നാണ് വിളിക്കുന്നതെന്നും പ്രായഭേദമെന്യേ എല്ലാവരെയും അദ്ദേഹം സുഹൃത്തായി സ്വീകരിക്കുന്നു എന്നും മനസ്സിലായി.
 മാതൃഭൂമി വാരാന്തപ്പതിപ്പിലും ആഴ്ചപ്പതിപ്പിലും കാർട്ടൂണുകൾ വരച്ചതിനാൽ അവിടെയുള്ളവർക്ക് എന്നോട് അപരിചിതത്വമില്ലായിരുന്നു. കണ്ണൂർക്കാരൻ അജിത്ത്കുമാർ എന്നെ ക്യാന്റീനിലേക്ക് കൊണ്ടുപോയി രസഗുള വാങ്ങിത്തന്നു . സ്കൂളിൽ നിന്നുള്ള മാസശംമ്പളം നിന്നുപോയ എനിക്ക് ജീവിക്കാനുള്ള വരുമാനം വരയിലൂടെ ഡൽഹി തരുമെന്ന വിശ്വാസം മുളയിട്ടു വളരാൻ തുടങ്ങി. പാർലമെന്റ് മന്ദിരത്തിന് മുന്നിലുള്ള റോഡിൽ അടഞ്ഞ ഗേറ്റിനു മുന്നിൽ ഞാൻ ഇത്തിരി നേരം നിന്നപ്പോൾ പാറാവുകാരിൽ ഒരാൾ അവിടെ നിൽക്കരുതെന്ന് മുറവിളിയിട്ടു . ഞാൻ മനസ്സിൽ പറഞ്ഞു ... നാളെ ഞാൻ വരും , മറ്റു ജേണലിസ്റ്റുകൾക്കൊപ്പം .ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ നിന്നുമെത്തുന്ന എം.പി മാരും മന്ത്രിമാരും എന്തൊക്കെയാണ് അവിടെ പറയുന്നതെന്ന് നേരിട്ട് കേൾക്കാൻ . എന്റെ പിന്നാലെ വന്ന ഒരാൾ കൂടി പാർലമെൻറ് മന്ദിരത്തിനു മുന്നിൽ അത്ഭുതത്തോടെ നിന്നു. അയാളെയും പാറാവുകാരൻ പറഞ്ഞു വിട്ടു .
 എം.മുകുന്ദനെ കാണാൻ പോകുന്ന വിവരം കൂട്ടുകാരോട് പറഞ്ഞപ്പോൾ പള്ളിക്കരക്കാരനായ ചന്ദ്രന് പറയാനുണ്ടായിരുന്നത് വെള്ളിയാങ്കല്ലിലെ തുമ്പികളെ കുറിച്ചായിരുന്നു . കഥ പറയുന്ന തുമ്പികളെ പിടിക്കാൻ ഒരിക്കൽ അവനും കൂട്ടുകാരും വെള്ളിയാങ്കല്ലിൽ പോയിട്ടുണ്ടത്രേ. മേലടിക്കാരൻ ഗോപിയാശാന്റെ ഫിഷിംഗ് ബോട്ടിൽ .
 ഫ്രഞ്ച് കൾച്ചറൽ സെന്ററിൽ എത്തിയപ്പോൾ എം മുകുന്ദൻ എന്നെ ഹസ്തദാനം നൽകി സ്വീകരിച്ചു. മാഹി ! മദ്യപാനം എന്താണെന്ന് പഠിക്കാൻ പോയത് മാഹിയിലെ ഏതോ ബാറിലാണ് . പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോൾ കൂട്ടുകാരോടൊത്ത് . തിരക്കുള്ള ഇരുണ്ട ഹാളിൽ ഉയർന്ന വാടഗന്ധം മടുപ്പു തോന്നിച്ചിരുന്നു.
  ഡൽഹി, ഈ ലോകം അതിലൊരു മനുഷ്യൻ തുടങ്ങിയ മുകുന്ദന്റെ നോവലുകളും , വി.കെ ന്റെ ചില കഥകളുമാണ് മനസ്സിൽ ഡൽഹിയെക്കുറിച്ചൊരു ചിത്രം വരച്ചിടാൻ ആദ്യം കയ്യിൽ കിട്ടിയ ചില മോഡലുകൾ.

  മുകുന്ദൻ എന്റെ കാർട്ടൂൺ ആൽബം മുഴുവനായും ശ്രദ്ധയോടെ നോക്കി. "പലതും ഞാൻ കണ്ടതാണ്. എനിക്കിഷ്ടമാണ് സുരേഷിന്റെ കാർട്ടൂണുകൾ . " പയ്യോളി സ്വദേശിയാണ് ഞാൻ എന്നറിഞ്ഞപ്പോൾ , നമ്മൾ അടുത്ത നാട്ടുകാരാണല്ലോ എന്ന് അദ്ദേഹം പറഞ്ഞത് കേട്ട് സന്തോഷം തോന്നി. പയ്യോളിയും വടകരയുമൊക്കെ ഡൽഹിയിലെത്തിയ പോലെ . "അധ്യാപകജോലി ഉപേക്ഷിച്ച് ഇവിടെ വന്ന് കഷ്ടപ്പെടണമോ .?" "ജോലി ഉപേക്ഷിച്ചിട്ടില്ല. എന്ന് വേണമെങ്കിലും തിരിച്ചു പോകാം .പക്ഷേ പെട്ടെന്നൊന്നും ഞാൻ തിരിച്ചു പോകില്ല ... " എന്റെ ദൃഢനിശ്ചയം അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. ഇറങ്ങാൻ തുടങ്ങവേ ഞാൻ അദ്ദേഹത്തോടു ചോദിച്ചു . "അരവിന്ദന്റെ അനുഭവങ്ങൾ സ്വന്തം അനുഭവങ്ങൾ തന്നെയാണോ ..." മുകുന്ദൻ പൊട്ടിച്ചിരിച്ചു. "ഈ ചോദ്യം എന്നോട് പലരും ചോദിച്ചിട്ടുണ്ട്. " മുകുന്ദന്റെ ഓഫീസിൽ നിന്നും ഇറങ്ങി നടന്നപ്പോൾ മനസ്സു മുഴുവൻ ആർത്തിയോടയുള്ള ആദ്യകാല വായനാ ദിവസങ്ങളിലായിരുന്നു . ഒരു നല്ല പുസ്തകം കിട്ടിയാൽ മുറി അടച്ചിരുന്ന് വായിച്ചു തീർക്കും . വൈകീട്ട് ലൈബ്രറിയിൽ ചെന്ന് മറ്റൊരു പുസ്തകമെടുക്കാൻ .

***

Recent Post