സുന്ദരൻ , ഒ.വി വിജയൻ

കറുത്ത ഖദർ ജാക്കറ്റിൽ ,കറുത്ത ഫ്രെയിമുള്ള കണ്ണടയിൽ ,തടിച്ച കൂട്ടുപുരികമുള്ള വിജയന് ചിത്രങ്ങളിൽ കണ്ടതിനേക്കാൾ ഖദർഭംഗി . വിജയൻ സോഫയിൽ ഇരുന്ന് പതുക്കെ കവർ പൊട്ടിച്ചു. ഹൃദയം ശബ്ദത്തോടെ മിടിച്ചു. ഡൽഹിയിലെ എന്റെ അടിത്തറ ഇവിടെ പണിതു തുടങ്ങുന്നു

  Storyline-22
ഇ.സുരേഷ് 28-02-2023

  യാത്രയാക്കാൻ കൊയിലാണ്ടി സ്റ്റേഷനിലേക്ക് അച്ഛനും വന്നിരുന്നു.അച്ഛന്റെ മുഖത്തെ നിറം മാറാൻ തുടങ്ങിയപ്പോൾ പള്ളിക്കരയുടെ അടുത്ത ഗ്രാമമായ പുറക്കാട് നിന്നും ഡൽഹിക്കു പോകാനായി സ്റ്റേഷനിലെത്തിയ പ്രദീപൻ എന്ന പരിചയക്കാരന്റെ അടുത്തേക്ക് ഞാൻ മാറി നിന്നു .
 ഹൈസ്കൂളിൽ പഠിക്കവേ, വെള്ളംകയറി നെൽവയൽ അകലാപ്പുഴയുടെ ഭാഗമായി മാറിയ സമയത്ത് കൂട്ടുകാരുമൊത്ത് തോണി തുഴഞ്ഞ പള്ളിക്കര ടീമിനെ തോണി മറിച്ച് നനയിക്കാനായി നീന്തിയെത്തിയ പുറക്കാട് ടീമിലെ അംഗമായിരുന്നു പ്രദീപൻ .പാട്രിയേറ്റ് ദിനപത്രത്തിൽ ജോലികിട്ടിയിട്ടാണ് ഡൽഹിക്ക് പോകുന്നത് എന്ന കളവ് ഞാൻ എല്ലാവരോടും പറഞ്ഞിരുന്നു. ഇല്ലെങ്കിൽ യാത്രയെ എല്ലാവരും ചേർന്ന് എതിർക്കുമായിരുന്നു. "സ്കൂളിൽ ലീവ് എടുത്തിട്ട് ആണോ പോകുന്നത് ?" "അഞ്ചുവർഷത്തേക്ക് " "അവിടെ പച്ച പിടിക്കുമോ എന്ന് നോക്കിയിട്ട് ലീവ് എടുത്താൽ പോരായിരുന്നോ ... ആദ്യത്തെ ഒന്ന് രണ്ട് വർഷം പലർക്കും ബുദ്ധിമുട്ടായിരിക്കും. മനസ്സിന് ഇണങ്ങിയ ഒരു അവസ്ഥയിലെത്തുക അതിനു ശേഷമാവും." എന്നാൽ അടുത്ത സ്റ്റേഷനിൽ ഇറങ്ങി തിരിച്ചു പോയ്ക്കൊളളാമെന്ന് ഞാൻ പറയുന്നത് കേൾക്കാനായി ഇളം ചിരിയോടെ എന്റെ കണ്ണുകളിൽ തന്നെ നോക്കിയിരിക്കുകയായിരുന്നു പ്രദീപൻ . എന്റെ തോണി മുക്കാൻ വീണ്ടും അയാൾ ശ്രമിക്കുകയാണ് .
 ആദ്യമായാണ് ട്രെയിനിൽ കിടന്നുറങ്ങുന്നത്. ആദ്യ രാത്രിയാത്ര തമിഴ്നാട്ടിലൂടെയായിരുന്നു .അടുത്ത രാത്രി മധ്യപ്രദേശിലൂടെയും . രണ്ടാം ദിവസം പാതിരാവായപ്പോൾ ആകെ തണുത്ത് വിറക്കാൻ തുടങ്ങി. കൂടെ കരുതിയ അച്ഛന്റെ പഴയ സ്വറ്റർ ധരിച്ചിട്ട് പോലും തണുപ്പിനോട് പിടിച്ചു നിൽക്കാനായില്ല. മൂന്നാം ദിവസമായപ്പോഴേക്കും പ്രദീപൻ എന്റെ അടുത്ത മിത്രമായി മാറിയിരുന്നു. ഒരാഴ്ചക്കാലം ഡൽഹി പോലീസിലുള്ള കൂട്ടുകാരന്റെ കൂടെ കഴിയുമെന്നും അപ്പോഴേക്കും എനിക്ക് ഒരു മുറി കണ്ടുപിടിക്കണമെന്നും പ്രദീപിനോട് പറഞ്ഞേൽപ്പിച്ചു. [ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴേക്കും ഞങ്ങളുടെ കമ്പാർട്ട്മെന്റിന്റെ മുന്നിലായി ഡൽഹി പോലീസിലെ ചന്ദ്രനും കൂട്ടുകാരും കാത്തിരിപ്പുണ്ടായിരുന്നു. ഒ വി വിജയൻ പാർക്കുന്ന ചാണക്യപുരിക്കടുത്തായിരുന്നു ചന്ദ്രന്റെയും കൂട്ടുകാരുടെയും വാസസ്ഥലം.
 കൊടുംതണുപ്പാർന്ന ഡൽഹിയിലെ ആദ്യത്തെ പ്രഭാതത്തിൽ ഞാൻ രജോയി നീക്കി എഴുന്നേറ്റിരുന്നു. കൂട്ടുകാർ രജോയിക്കടിയിൽ മാതാവിന്റെ ഗർഭപാത്രത്തിലെ കുഞ്ഞു കുഞ്ഞിനെ പോലെ ഉറങ്ങുകയാണ് .
 ബാഗിൽ ഭദ്രമായി സൂക്ഷിച്ച കത്തുകൾ എടുത്ത് ഞാൻ മുന്നിൽ വച്ചു.

  സഫ്ദർജംഗ് എയർപോർട്ടിന് തൊട്ടടുത്താണല്ലോ ചാണക്യപുരി. ചാണക്യപുരി തമ്പുരാനെ തന്നെ കാണാം ആദ്യം. കൂട്ടുകാരൻ ചന്ദ്രന്റെ ബൈക്കിന്റെ പിറകിലിരുന്ന് ഞാൻ വിജയന്റെ ഫ്ലാറ്റിനു മുന്നിലെത്തി. എന്നെ അവിടെ ഇറക്കി ചന്ദ്രൻ രാവിലത്തെ ഡ്യൂട്ടിയിൽ ചേരാനായി ധൃതി പിടിച്ച് പോയി. കോളിംഗ് ബെൽ സ്വിച്ച് അമർത്തി അൽപ നേരം കാത്തിരുന്നപ്പോൾ വാതിൽ തുറന്നത് വിജയൻ തന്നെ. ഖദർ ജാക്കറ്റിൽ ,കറുത്ത ഫ്രെയിമുള്ള കണ്ണട യിൽ ,തടിച്ച കൂട്ടുപുരികമുള്ള വിജയന് ചിത്രങ്ങളിൽ കണ്ടതിനേക്കാൾ ഖദർഭംഗി . വിജയൻ സോഫയിൽ ഇരുന്ന് പതുക്കെ കവർ പൊട്ടിച്ചു. ഹൃദയം ശബ്ദത്തോടെ മിടിച്ചു. ഡൽഹിയിലെ എന്റെ അടിത്തറ ഇവിടെ പണിതു തുടങ്ങുന്നു . "നാട്ടിൽ ജോലിയുള്ള ഒരാൾ ഇവിടെ സ്ട്രഗിൾ ചെയ്യാനായി നിൽക്കണോ ? " പ്രതീക്ഷകൾ വാടാൻ തുടങ്ങി . "കേരളസ്കൂളുകളിൽ ഗണിതശാസ്ത്രം അധ്യാപകരുടെ ഒഴിവുണ്ടോയെന്നു ഞാൻ അന്വേഷിക്കാം. " ഞാൻ മൗനിയായി ഇരുന്നു . തന്ന ഓഫർ തൃപ്തിയായില്ല എന്ന് അദ്ദേഹത്തിന് തോന്നിയിരിക്കണം. വരച്ച കാർട്ടൂണുകൾ കയ്യിലുണ്ടോ എന്നു ചോദിച്ചു. ഇതുവരെ വരച്ച കാർട്ടൂണുകളിൽ നിന്നും തിരഞ്ഞെടുത്തത് ഒരു ആൽബമാക്കി കയ്യിൽ കരുതിയിരുന്നു. ആൽബം കയ്യിൽ കൊടുത്തപ്പോൾ അദ്ദേഹം എംടിയുടെ കത്ത് തിരികെ തന്നു . ഏറ്റവും അടുത്ത ബന്ധുവിന്റെ ഹൃദയം തൊടുന്നതുപോലെ തോന്നി കത്തിലെ വരികൾ തൊട്ടപ്പോൾ . "സുഖമല്ലേ, സുരേഷ് കാർട്ടൂണിസ്റ്റാണ്. എഴുതുകയും ചെയ്യും. നാട്ടിലെ ചെറു തോടുകളിൽ നീന്തി തുടങ്ങിയ ഇയാൾക്ക് വൻകടലിലേക്ക് ഇറങ്ങാൻ മോഹം . " കണ്ണുകൾ നനഞ്ഞു . സുന്ദരമായ വാക്കുകൾ . എന്തു മാത്രം സ്നേഹം .
  ഇന്ത്യൻ ഇങ്കിന്റെ കറുപ്പ് കൊണ്ട് കുസൃതി ചിത്രങ്ങൾ ദേഹത്ത് കോറിയിട്ട ഒരു തടിച്ച പൂച്ച മന്ദം മന്ദം നടന്നു വന്നു വിജയന്റെ മുന്നിലെ ടീപോയിൽ കയറി ഒരു വശം ചേർന്നിരുന്നു. വിജയന്റെ സാമ്രാജ്യം കീഴടക്കിയ ഭാവത്തിൽ എന്നെ നോക്കി മീശ വിറപ്പിച്ചു .

  വിജയൻ ആൽബത്തിൽ നിന്നും കണ്ണെടുത്ത് എന്നെ നോക്കി. കണ്ണുകളിൽ പ്രകാശം . "കാർട്ടൂണുകൾക്ക് നിലവാരമുണ്ട് സുരേഷ് . " കരിഞ്ഞുപോയ പ്രതീക്ഷകളിൽ വിജയൻ തന്നെ വെള്ളമൊഴിച്ചു . "സ്കൂൾ ജോലി വേണ്ട എങ്കിൽ ചിത്രം വരയ്ക്കാൻ ഒരിടം കണ്ടുപിടിക്കാം . " വിജയൻ കുറച്ചുനേരം ജനാലയിലൂടെ പുറത്തേക്കു നോക്കിയിരുന്നു . "പെട്ടെന്നൊരു ജോലിക്കായി ചിൽറൻസ് വേൾഡിൽ നോക്കാം . " എന്റെ മുഖത്ത് നിഴലിച്ച സന്തോഷമില്ലായ്മയുടെ അർത്ഥം അദ്ദേഹം വായിച്ചെടുത്തു. "സുരേഷ് പിന്നെ വരൂ . ഞാൻ അന്വേഷിക്കാം. " താമസസ്ഥലത്തേക്ക് നടന്നു പോകാനുള്ള ദൂരമേയുള്ളുവെന്ന് ചന്ദ്രൻ പറയുകയും വഴികാട്ടി തരികയും ചെയ്തിരുന്നു . സഫ്ദർജംഗ് എയർ പോർട്ട് കൊച്ചു ഗ്ലൈഡറുകൾ പരത്തി പരിശീലിപ്പിക്കുന്ന സ്ഥലമാണ്. തലയ്ക്കു മുകളിലൂടെ ഒരു ഗ്ലൈഡർ പറന്നപ്പോൾ അതിലിരിക്കുന്ന ഹെൽമറ്റ് ധരിച്ച പരിശീലകന്റെ മുഖം ഞാൻ കണ്ടു. പണ്ട് സഞ്ജയ് ഗാന്ധി വീണു ജീവനറ്റു പോയത് ഇതുപോലൊരു ഗ്ലൈഡർ സവാരിയിലായിരുന്നു. ഇന്ത്യയുടെ രാഷ്ട്രീയം തന്നെ മാറ്റിമറിച്ച സഫ്ദർജങ് എയർപോർട്ട്.

***

Recent Post