ദില്ലി ദർബാറിലേക്ക് ....

1990 ഒക്ടോബറിലെ ഇളം കുളിരുള്ള ഒരുനാളിൽ ഞാൻ എം ടി വാസുദേവൻ നായരെ കാണാൻ ചെന്നു. ഡൽഹിയിൽ പോകാൻ ഉദ്ദേശിക്കുന്നു എന്ന് പറഞ്ഞു . "ഡൽഹിയിൽ സ്വന്തക്കാർ ആരെങ്കിലുമുണ്ടോ ?" എം ടി യുടെ ഗൗരവമുള്ള പരുക്കൻ ശബ്ദം . "ഇല്ല .പോയാൽ എന്ത് ജോലി കിട്ടും എന്നുമറിയില്ല . " അദ്ദേഹം ബീഡിക്കുടിൽ നിന്നും ഒരു ബീഡി വലിച്ചു കത്തിച്ചു.

  Storyline-21
ഇ.സുരേഷ് 13-02-2023

  അജ്ഞാതവാസം കഴിഞ്ഞ് സ്കൂളിലെത്തിയ അധ്യാപകന് എല്ലാം അപരിചിതം . ക്ലാസ്സ് എടുക്കാനായി കയ്യിലെടുത്ത പാഠപുസ്തകം വരെ . ഗണിതശാസ്ത്രത്തിൽ കൂട്ടാൻ എടുത്ത കണക്കുകൾ എത്ര കൂട്ടിയിട്ടും തെറ്റുന്നു. സ്റ്റാഫ്റൂമിൽ നിന്നും ക്ലാസ്സിലേക്കുള്ള ചുവടുകൾ തെറ്റുന്നു. ഈ അവസ്ഥ തുടരാനാവുമോ ... പൊട്ടുന്നനെയാണ് ഡൽഹി ഒരു അഭയകേന്ദ്രമായി അഭിനിവേശമായി മനസ്സിൽ എത്തുന്നത്.
  കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഡൽഹിയിക്കുള്ള വണ്ടിയുടെ നേരത്ത് പ്ലാറ്റ്ഫോം ടിക്കറ്റെടുത്ത് ചെന്നു. പ്ലാറ്റ് ഫോമിൽ കിതച്ചു നിൽക്കുന്ന പൊടി പിടിച്ച ന്യൂഡൽഹി എക്സ്പ്രസ്സിന്റെ ജനാലകളിലൂടെ അകത്തേക്ക് നോക്കി നടന്നു .പരിചയമുള്ള ആരെങ്കിലും അകത്തുണ്ടോ എന്നറിയാൻ . ബുക്സ്റ്റാളിൽ ചെന്ന് ഡൽഹിയിൽ നിന്നും ഓടിയെത്തുന്ന പത്രങ്ങളും വാരികകളും വാങ്ങി. വായിക്കാൻ മാത്രമല്ല, ഡൽഹിയെ തൊടാൻ ! കുന്നിൻമുകളിലെ കശുമാവിൻ തോട്ടവും ദൂരെ തെളിഞ്ഞുനിൽക്കുന്ന കുറ്റ്യാടി മലനിരകളും എന്റെ മനസ്സിലെ തീവണ്ടിയ്ക്ക് പച്ചക്കൊടി കാട്ടി. ഞാൻ മനസ്സുകൊണ്ട് ഡൽഹിക്കാരനായി .

  സ്കൂൾ ജോലി വിട്ടാൽ നിലയ്ക്കാൻ പോകുന്ന മാസവരുമാനം .അടുത്തറിയാവുന്ന ആരും ഇല്ലാത്ത മഹാനഗരം. പിന്നെ ഡൽഹിയിൽ എങ്ങനെ ഒരു ജീവിതം ? ആ ചോദ്യം മനസ്സിൽ വളർന്നു വലിയ ഒരു കാള സർപ്പമായി രാത്രി നേരങ്ങളിൽ വന്ന് എന്നെ കൊത്തി ഉണർത്തി.
 ഡൽഹിയിൽ എത്താൻ, ഡൽഹിയിൽ സ്ഥിരമായി പാർക്കാൻ , എന്തുവഴി എന്ന് ഞാൻ തിരിഞ്ഞുകൊണ്ടേയിരുന്നു .ഒന്നുരണ്ട് നാട്ടുകാർ ഡൽഹിയിൽ ഉണ്ടെങ്കിലും കൃത്യമായ വരുമാനമാർഗം ഒന്നും കാണാതെ അവിടെയെത്തിയാൽ അവരുടെ സഹായത്തോടെ മാത്രം നാളുകൾ നീക്കാൻ മനസ്സ് അനുവദിക്കില്ല.
 1990 ഒക്ടോബറിലെ ഇളം കുളിരുള്ള ഒരുനാളിൽ ഞാൻ എം ടി വാസുദേവൻ നായരെ കാണാൻ ചെന്നു. ഡൽഹിയിൽ പോകാൻ ഉദ്ദേശിക്കുന്നു എന്ന് പറഞ്ഞു . "ഡൽഹിയിൽ സ്വന്തക്കാർ ആരെങ്കിലുമുണ്ടോ ?" എം ടി യുടെ ഗൗരവമുള്ള പരുക്കൻ ശബ്ദം . "ഇല്ല .പോയാൽ എന്ത് ജോലി കിട്ടും എന്നുമറിയില്ല . " അദ്ദേഹം ബീഡിക്കുടിൽ നിന്നും ഒരു ബീഡി വലിച്ചു കത്തിച്ചു. സംസാരത്തിന് പിശുക്കു പിടിച്ച നേരങ്ങൾ ... നിശബ്ദത ഒരു മരുഭൂമിയായി മുന്നിൽ പരന്നു തുടങ്ങിയപ്പോൾ ഞാൻ മടിയിൽ നിന്ന് ബാഗ് എടുത്തു എഴുന്നേൽക്കാൻ ഒരുങ്ങി. അദ്ദേഹത്തിന്റെ ശബ്ദം മുറിയിൽ വീണ്ടും മുഴങ്ങിയപ്പോൾ ഞാൻ ഇരുന്നു . "എന്തെങ്കിലും ഒരു ജോലി ചെയ്യാൻ മാത്രമായി ഡൽഹിയിൽ പോകുന്നത് സമയം നഷ്ടപ്പെടുത്തലാണ്. സുരേഷ് ഇപ്പോൾ അത്യാവശ്യം വരയ്ക്കുന്നുണ്ട്. സ്ഥിര വരുമാനവുമുണ്ട്. " വീണ്ടും നിശബ്ദത . ഞാൻ കസേരയിൽ അമർന്നിരുന്നു .ഒരുപാട് കേൾക്കാനായിട്ട്. . "പത്രത്തിൽ ജോലി ചെയ്യാനുള്ള ഉദ്ദേശത്തോടെയേ ഡൽഹിക്ക് പോകാവൂ. അതും കാർട്ടൂണിസ്റ്റായിട്ട്. " ബീഡിക്കുറ്റി ആഷ്ട്രയിൽ കുത്തി അറ്റം ഞെരിച്ചിട്ടു . വൃത്തിയായി ഒരുക്കിയ മുറി. ചുവരിൽ ഫ്രെയിം ചെയ്ത തൂക്കിയ അബുവിന്റെ കാർട്ടൂൺ ചിത്രം ഞാൻ നോക്കിയിരുന്നു. അദ്ദേഹം വീണ്ടും മൗനം ഭഞ്ജിച്ചു . "ഞാൻ ഡൽഹിയിലുള്ള ഒന്നുരണ്ട് പേർക്ക് കത്ത് തരാം . ഒരു പിടിവള്ളിയും ഇല്ലാതെ അങ്ങോട്ട് പോകുന്നത് നല്ലതല്ല ." മേശപ്പുറത്ത് അടുക്കിവെച്ച കയ്യെഴുത്തു പ്രതികളിൽനിന്ന് ഒന്നെടുത്തു അദ്ദേഹം പേജ് മറിക്കാൻ തുടങ്ങി. "എങ്കിൽ തിങ്കളാഴ്ച വീട്ടിൽ വരൂ .ഞാൻ എഴുതിവെക്കാം. "
 മനസ്സിലെ സന്തോഷം ശരീരത്തിലും പടർന്നു . ഒന്നു തുള്ളിച്ചാടാനായി ഞാൻ എംടിയുടെ മുറിയുടെ വാതിൽ വേഗതയോടെ തുറന്നു . കോഴിക്കോട്ടെ മിഠായിത്തെരുവിൽ, വലിയങ്ങാടിയിൽ, മാനാഞ്ചിറയിൽ ഞാൻ തലങ്ങും വിലങ്ങും നടന്നു . ഡൽഹിയിലെ കസ്തൂർബാഗാന്ധി മാർഗിലും ബാരകാംബ റോഡിലും കൊണാട്ട് പ്ലേസിലുമൊക്കെ നടക്കുന്നതായി മനസ്സിൽ കണ്ടു കൊണ്ട് . തിങ്കളാഴ്ച നേരം പുലർന്നു. കൃത്യസമയത്ത് ഞാൻ കൊട്ടാരം റോഡിലെ എംടിയുടെ വീട്ടിലെത്തി. സിത്താരയിൽ . ഡൽഹിക്കാർക്കുള്ള കത്തുകൾക്ക് വേണ്ടി ഞാൻ മുറ്റത്ത് വന്നു നിൽക്കുന്നുണ്ടെന്ന് യജമാനനെ അറിയിക്കാനായി വീട്ടുമുറ്റത്തെ കൂട്ടിൽ പാർക്കുന്ന ഉയരംകൂടിയ നായ കമ്പികളിൽ പിടിച്ചു തലകുത്തി മറിഞ്ഞു ബഹളം വെച്ചു.
 എം.ടി വാതിൽ തുറന്ന് പുറത്തേക്ക് വന്നു. അദ്ദേഹം ചെറുതായൊന്നു ചിരിച്ചു. പതുപതുത്ത സോഫാ സീറ്റിൽ ഞാനിരുന്നു .അദ്ദേഹം ഡയറിയുടെ അടിയിൽ നിന്നും നാലു ബ്രൗൺ കവറുകൾ എടുത്ത് എനിക്ക് തന്നു. വീണ്ടും നിശബ്ദത . കവറുകൾ ഓരോന്നായി ഞാൻ തലോടി . ശ്രീ ഒ വി വിജയന് ,ശ്രീ സക്കറിയയ്ക്ക് , ശ്രീ എം.മുകുന്ദന്, ശ്രീ എൻ അശോകന് .

  എന്റെ ഭാഗ്യം നാല് കവറുകളിലായിഅടുക്കിവെച്ചിരിക്കുന്നു.ആത്മവിശ്വാസത്തിന്റെ , ആകാംക്ഷയുടെ, സ്നേഹത്തിന്റെ , വേലിയേറ്റം ഉണ്ടായപ്പോൾ ഹൃദയമിടിപ്പിന്റെ വേഗം കൂടി .

***

Recent Post