കരളിൽ നിന്നു ഉയർന്ന മൈനാകം

അവളുടെ ശരീരത്തിൽ നിന്നും വിയർപ്പ് പാരിജാതത്തിന്റെ ഗന്ധമായി ഉയർന്നിരുന്നു. അവളുടെ വസ്ത്രങ്ങളിൽ പല വർണ്ണങ്ങൾ ഉണ്ടായിരുന്നു . കാലിലെ പാദസരങ്ങളിൽ മഴവില്ലിൻ നിറങ്ങൾ ഉള്ള കല്ലുകൾ പതിച്ചിരുന്നു. അവൾ പറഞ്ഞു . "ഞാൻ നിങ്ങളെ ആയിരുന്നു ഇത്രനാളും കാത്തിരുന്നത് "

  Storyline-20
ഇ.സുരേഷ് 08-02-2023

  ഗുരുകുലം എന്ന കാർട്ടൂൺ കോളം ഒരു വർഷത്തോളം പിന്നിട്ടു. ഗുരുകുലത്തെ ഇഷ്ടപ്പെട്ട് എഴുതിയ ചില കത്തുകൾ വാരികയിൽ പ്രസിദ്ധീകരിക്കപ്പെട്ടു .
 കോഴിക്കോട് പോയി കടലാസും ഇന്ത്യൻ ഇങ്കും സ്റ്റിൽപേനയും വാങ്ങി ബസ്സിന്റെ വിൻഡോ സൈഡിൽ ഇരുന്നു തിരിച്ചു വരവേ ,ഇളങ്കാറ്റ് എന്നെ മുന്നേ പോലെ ഭ്രമിപ്പിച്ചു കൊണ്ടിരുന്നു.മുല്ലപ്പൂവിന്റെ സൗരഭ്യവും ജയ് സോപ്പിന്റെ സുഗന്ധവുമെല്ലാം കാറ്റ് ബസ്സിന്റെ ജനാലയ്ക്കൽ ഇടയ്ക്കിടയ്ക്ക് എത്തിച്ചു തന്നു. ബസ് കൊയിലാണ്ടി വിട്ട് മൂടാടി എത്തിയപ്പോൾ ബ്രഹ്മാനന്ദന്റെ പഴയ ഗാനം എന്നത്തേക്കാളും മോഹനമായി കാറ്റ് എന്നെ കേൾപ്പിച്ചു. "പ്രിയമുള്ളവളേ...നിനക്കുവേണ്ടി ... "
 പള്ളിക്കര പോസ്റ്റ് ഓഫീസിന് സമീപം ബസ്സ് ഇറങ്ങേണ്ടിയിരുന്ന ഞാൻ മൂടാടി ബസ് സ്റ്റോപ്പിൽ ഇറങ്ങി പാട്ട് കേട്ട ദിക്കിലേക്ക് നടന്നു. കുറെ നടന്നിട്ടും പാട്ടിന്റെ ഉത്ഭവസ്ഥാനം എവിടെയാണെന്ന് അറിയാൻ കഴിഞ്ഞില്ല.
 ഒടുവിൽ മുചുകുന്ന് റോഡിലേക്ക് ഞാൻ കയറി. ഉച്ചവെയിലിൽ വിയർത്തൊലിച്ച് മരത്തണലുകളെ അവഗണിച്ച് ഞാൻ നടന്നു .കുറെ നടന്നപ്പോൾ കേരള ഗാന്ധി കെ.കേളപ്പന്റെ ഒരു പ്രതിമ കണ്ടു. ഏതോ ആരാധകൻ മണ്ണിൽ തീർത്ത പ്രതിമ .കുന്നിൻ മുകളിൽ കയറി കുറ്റിക്കാടുകൾക്കിടയിലൂടെ നടന്നപ്പോൾ കേളപ്പജി കുഴിപ്പിച്ച കി ണർ കണ്ടു. കിണറിന്റെ ആഴം അറിയാനായി ആൾമറ പിടിച്ച് താഴോട്ട് നോക്കിയെങ്കിലും കാട്ടപ്പച്ചെടികൾ കിണറ്റിനകം കാണാനാവാത്ത വിധം മൂടിയിരുന്നു.

  ആരോ എൻ്റെ തോളിൽ പിടിച്ച് പിന്നോട്ട് വലിച്ചു . "എന്താണ് നിങ്ങൾ ചെയ്യുന്നത് ... " ഒരു പെൺകുട്ടിയാണ് എന്നെ പിടിച്ചു വലിച്ചത്. സുന്ദരിയായ ഒരു ഇരുപത്കാരി . "ഞാൻ കിണറിന്റെ ആഴം നോക്കുകയായിരുന്നു. " "ഇതിനു മുന്നേയും പലരും ആഴം നോക്കി കിണറ്റിലേക്ക് ഇറങ്ങി പോയിട്ടുണ്ട് .അവർ പിന്നെ തിരിച്ചു വന്നിട്ടില്ല. " അവൾ കാട്ടി തന്ന വഴിയിലൂടെ ഞാൻ നടന്നു . അവളുടെ ശരീരത്തിൽ നിന്നും വിയർപ്പ് പാരിജാതത്തിന്റെ ഗന്ധമായി ഉയർന്നിരുന്നു. അവളുടെ വസ്ത്രങ്ങളിൽ പല വർണ്ണങ്ങൾ ഉണ്ടായിരുന്നു . കാലിലെ പാദസരങ്ങളിൽ മഴവില്ലിൻ നിറങ്ങൾ ഉള്ള കല്ലുകൾ പതിച്ചിരുന്നു. അവൾ പറഞ്ഞു . "ഞാൻ നിങ്ങളെ ആയിരുന്നു ഇത്രനാളും കാത്തിരുന്നത് . " "നിന്റെ വീട് എവിടെയാണ് ?" "ദാ അവിടെയാണ് ... നമുക്ക് അങ്ങോട്ട് പോകാം . " വയേൽ പാതാളം കാണാൻ ഞാൻ മുന്നേ വന്നിരുന്നു. ഒരുതവണ . സിംഹപുരം ട്യൂട്ടോറിയൽ കോളേജിൽ അധ്യാപകനായിരിക്കെ ഒരു ശിഷ്യന്റെ ക്ഷണമനുസരിച്ച് സഹ അധ്യാപകരുടെ കൂടെ . അന്ന് പാതാളത്തിലെ മുഖം ചപ്പുചവറുകൾ വീണ് അടഞ്ഞ പോലെയായിരുന്നു. ചപ്പുചവറുകൾക്കു മീതേ മുള്ളൻപന്നിയുടെ അമ്പുകളും ധാരാളമായി വീണു കിടന്നിരുന്നു . ഏതാനും അമ്പുകൾ എടുത്തു കീശയിൽ ഇട്ടു , അന്ന്.സ്റ്റീൽ പേനയുടെ ഹോൾഡർ ആക്കി ഉപയോഗിക്കാൻ. പക്ഷേ ശ്രമം വിജയിച്ചില്ല.
 ഞാൻ പെൺകുട്ടിയോട് അവളുടെ പേര് ചോദിച്ചു. "നിങ്ങൾക്ക് ഇഷ്ടമുള്ളത് വിളിച്ചോളൂ . " "മൈനാകം " "അതിന് അർത്ഥം എന്താണ് ?" "മൈനാകം എന്നു തുടങ്ങുന്ന ഒരു സിനിമാ ഗാനം ഉണ്ട് .അത് പാടുന്ന നായികയുടെ രൂപസാദൃശ്യം ആണ് നിനക്ക് . " അവൾ എന്നെ ചേർത്ത് പിടിച്ച് നെറ്റിയിൽ ഉമ്മ തന്നു .
 ഞങ്ങൾ പാതാളത്തിലൂടെ നടന്നു. പണ്ട് ഞാൻ കണ്ട പാതാളമായിരുന്നില്ല അത്. കവാടത്തിൽ ചപ്പുചവറുകളോ മുള്ളൻപന്നിയുടെ അമ്പുകളോ ഇല്ല. ഉള്ളത് മനോഹരമായ പുഷ്പങ്ങൾ വിരിയുന്ന ഹരിത നിറത്തിന്റെ സമ്പന്നതയാർന്ന ചെടികൾ മാത്രം. മുന്നിൽ അവളും പിന്നിൽ ഞാനുമായി പാതാളത്തിലെ ദൂരങ്ങളിലേക്ക് നടന്നു .ഭംഗിയുള്ള മാമ്പഴങ്ങളും മാതളനാരങ്ങകളും നിറഞ്ഞ വഴിയിലൂടെ അവയുടെ സ്വാദ് നുണഞ്ഞു കൊണ്ട് .
 പാതാളം അവസാനിച്ചത് കുറ്റ്യാടിപ്പുഴക്കരികിലുള്ള ദേവയാനി കാട്ടിലായിരുന്നു. ദേവയാനിക്കാട്ടിൽ അവസാനിക്കുന്ന പാതാള മുഖത്ത് മുങ്ങിയ സൂര്യപ്രകാശമേ ഉണ്ടായിരുന്നുള്ളു. കാടിന്റെ ആഡംബരത്വം സൂര്യപ്രകാശത്തെ മിതമായേ താഴോട്ട് കടത്തിവിട്ടുള്ളു. എങ്കിലും പാതാളമുഖത്തു നിന്ന് മുകളിലേക്ക് നോക്കിയാൽ നീലാകാശം കാണാമായിരുന്നു . ആകാശനീലിമയുടെ ഭംഗി അപ്പോൾ എനിക്ക് ഒരു അപൂർവ്വതയായിരുന്നു. ആ അപൂർവ്വസൗന്ദര്യം മൈനാകത്തെ കൂടി കാട്ടി കൊടുക്കാനായി ഞാൻ തിരിഞ്ഞു നോക്കി വിളിച്ചു. അവൾ പിന്നിൽ ഇല്ലായിരുന്നു .അവളെ തേടി ഞാൻ ഒത്തിരി ദൂരം തിരിഞ്ഞു നടന്നു.


 അവൾ എന്നെന്നേക്കുമായി മാഞ്ഞു പോയിരുന്നു എന്ന് മനസ്സിലായപ്പോൾ കനത്ത വേദന നെഞ്ചിൽ തിരുകി വെച്ച് ഞാൻ പുറത്തേക്ക് നടന്നു. ദേവയാനിക്കാട്ടിലെ ഇടതൂർന്ന മരങ്ങൾക്കിടയിലൂടെ കാടിന്റെ അറ്റം തേടി ഞാൻ നടന്നു. മൈനാകം ഒരു സ്വപ്നമായിരുന്നു എന്നു പോലുള്ള വിഭ്രാന്തി അപ്പോഴേക്കും എന്റെ മനസ്സിൽ കയറി കൂടിയിരുന്നു. പുതുതായി കണ്ടെത്തിയ ഒറ്റയടിപ്പാതയിലൂടെ ഞാൻ വേഗത്തിൽ നടന്നു .കാട്ടിലെ ചെറിയ അനക്കം പോലും എന്നെ ഭയപ്പെടുത്തി കൊണ്ടിരുന്നു.
 കുറ്റ്യാടി ബസ്റ്റാൻഡിൽ തിരക്കുണ്ടായിരുന്നു. പരിചയമില്ലാത്ത പുതിയ ബസുകൾ സ്റ്റാൻഡിൽ നിറഞ്ഞിരുന്നു .ഞാൻ ജോലിചെയ്യുന്ന സ്കൂളിന്റെ പേര് നെയിം ബോർഡിൽ കുറിച്ച ബസ്സ് വരെ കൂട്ടത്തിൽ ഉണ്ടായിരുന്നു. ഞാൻ ഓർത്തെടുക്കാൻ ശ്രമിച്ചു , വായേൽ പാതാളത്തിലേക്ക് മൈനാകത്തിന്റെ കൂടെ ഇറങ്ങി പോയ സമയത്ത് സ്കൂളിലേക്ക് ബസ്സ് ഉണ്ടായിരുന്നില്ല. അന്ന് തീക്കുനിയിൽ ബസ്സിറങ്ങി നടക്കുകയായിരുന്നു. നടന്നു നടന്ന് കുന്നു കയറുകയായിരുന്നു. സ്കൂളിന്റെ പേരുള്ള ബസ്സിൽ ഞാൻ കയറിയിരുന്നു. പരിചയമുള്ള വഴികളിൽ പുതിയ കെട്ടിടങ്ങൾ ധാരാളമായി ഉയർന്നത് അപരിചിതത്വത്തിന്റെ വിഹ്വലതയിലേക്ക് എന്നെ തള്ളിയിട്ടു.
 ബസ്സിൽ മുൻസിറ്റിൽ ഘടിപ്പിച്ച കമ്പിയിൽ ഞാൻ പിടിച്ചിരുന്നു. വേഗതയിലായിരുന്നു ബസ്സ് കുന്ന് കയറിയത്. സ്കൂളിൽ പുതിയ കുറെ അധ്യാപകർ എത്തിയിരുന്നു. പ്രധാന അദ്ധ്യാപകന്റെ കസേരയിൽ പുതിയ ആളായിരുന്നു ഇരുന്നത്. ഓഫീസ് മുറിയിൽ തൂക്കിയ കലണ്ടറിൽ ഞാനറിയാതെ രണ്ടുവർഷം എനിക്ക് നഷ്ടപ്പെട്ടത് ബോധ്യമായി.

***

Recent Post