എം.ടി യുടെ മുന്നിൽ ....

എം. ടി കസേര ചൂണ്ടിക്കാട്ടി എന്നെ ഇരുത്തി മിണ്ടാതിരുന്നു. കാണാൻ ചെന്നാലുള്ള എം ടി ഭാവങ്ങളെക്കുറിച്ച് അക്ബർ കക്കട്ടിൽ പറഞ്ഞു തന്നിരുന്നതിനാൽ എം ടിയുടെ മൗനത്തിലും അർത്ഥമുണ്ടെന്നും നമ്മൾ ആണ് കൂടുതൽ സംസാരിക്കേണ്ടതെന്നും അറിയാമായിരുന്നു.

  Storyline-19
ഇ.സുരേഷ് 26-01-2023

  എം.ടി വാസുദേവൻ നായരെ കാത്ത് മാതൃഭൂമിയുടെ സന്ദർശക മുറിയിലിരുന്നു.ഒരുപാടുപേർ മറ്റാരെയും ശ്രദ്ധിക്കാതെ ഗോവണി കയറി പോയി . പുറത്ത് ചാക്കു തുണിയിൽ പൊതിഞ്ഞ കൂറ്റൻ കടലാസ് റോളുകൾ പതുക്കെ ഉരുളുന്നു. പതിനൊന്ന് മണിയോടെ റിസപ്ഷനിസ്റ്റ് എന്നെ വിളിച്ചു. "ചെന്നോളു... ഒന്നാം നിലയിൽ വലത്തേയറ്റത്താണ് സാറിന്റെ മുറി. "
 എം.ടി.വാസുദേവൻ നായർ എന്ന ബോർഡു വെച്ച വാതിൽ തുറന്നപ്പോൾ ആദ്യം കണ്ടത് എഴുത്തുകാരൻ ശത്രുഘ്നനെയാണ്. അദ്ദേഹം അരികിലുള്ള സോഫ കാട്ടി ഇരിക്കാൻ പറഞ്ഞു. മറ്റൊന്നും സംസാരിക്കാതെ ശത്രുഘ്നൻ മഷി എഴുത്ത് നിറഞ്ഞ കടലാസുകളിൽ ശ്രദ്ധ ഊന്നിയിരുന്നു .എംടിയുടെ മുറിയുടെ വാതിൽ പതുക്കെ തുറന്ന് ഒരാൾ പുറത്തേക്കു പോയി. ബുൾഗാൻ താടിയും ഒഴുകിയിറങ്ങുന്ന മുടിയുമുള്ള ആ മനുഷ്യനെ എവിടെയോ കണ്ടതായി തോന്നി. ശത്രുഘ്നൻ എന്നോട് അകത്തേക്ക് പൊയ്ക്കൊള്ളാൻ പറഞ്ഞു .
 എം. ടി കസേര ചൂണ്ടിക്കാട്ടി എന്നെ ഇരുത്തി മിണ്ടാതിരുന്നു .കാണാൻ ചെന്നാലുള്ള എം ടി ഭാവങ്ങളെക്കുറിച്ച് അക്ബർ കക്കട്ടിൽ പറഞ്ഞു തന്നിരുന്നതിനാൽ എം ടിയുടെ മൗനത്തിലും അർത്ഥമുണ്ടെന്നും നമ്മൾ ആണ് കൂടുതൽ സംസാരിക്കേണ്ടതെന്നും അറിയാമായിരുന്നു. ഗാലറികളിൽ പ്രദർശിപ്പിച്ച വാചകങ്ങൾ ഇല്ലാത്ത കാർട്ടൂണുകളുടെ ഫോട്ടോഗ്രാഫുകളും പ്രദർശനത്തിനു ലഭിച്ച പത്ര റിപ്പോർട്ടുകളും ചേർത്ത് തയ്യാറാക്കിയ ആൽബം ഞാൻ അദ്ദേഹത്തിന്റെ മുന്നിൽ വച്ചു.

  എം.ടി ആൽബം എടുത്ത് അവസാന പേജ് വരെ മറിച്ചു നോക്കി തിരികെ തന്നു . വീണ്ടും മുറി നിറയെ മൗനം. "വാരികക്ക് വേണ്ടി കുട്ടികൾക്കായി സ്ഥിരമായി ഒരു കോളം ചെയ്യാൻ പറ്റുമോ ?" "ഉവ്വ്. " "മൂന്നോ നാലോ കള്ളികളിൽ ആയി ഒരു സ്ട്രിപ്പ് .സാമ്പിൾ കാർട്ടൂണുകൾ ഒന്നോ രണ്ടോ ആഴ്ചക്കുള്ളിൽ കൊണ്ടുവരു... " സന്തോഷാധിക്യത്താൽ ബോധം കുറഞ്ഞു പോയ ഞാൻ കസേരയിൽ ചാഞ്ഞിരുന്നു .എം ടി മേശപ്പുറത്തു നിന്നും ഫയലുകൾ എടുത്ത് അതിൽ ഊളിയിട്ടു . അല്പ നേരം കൊണ്ട് ബോധം തിരികെ പിടിച്ച് ഞാൻ എഴുന്നേറ്റപ്പോൾ അദ്ദേഹം പറഞ്ഞു. "ഫിഗറിൽ ഡീറ്റെയിൽസ് അധികം വേണ്ട ."
 പുറത്തേക്കിറങ്ങി ശത്രുഘ്നന്റെ അടുത്ത് ചെന്നിരുന്ന് എം.ടി യുടെ ഓഫർ അദ്ദേഹത്തെ അറിയിച്ചു. സന്തോഷ സൂചകമായി മേശപ്പുറത്തിരുന്ന ഏതാനും ചോക്ലേറ്റുകളിൽ നിന്ന് ഒന്നെടുത്ത് ശത്രുഘ്നൻ എനിക്ക് തന്നു. കോവണി ഇറങ്ങുമ്പോൾ മാതൃഭൂമി മൊത്തം എന്റെ സ്വന്തമായതു പോലെ തോന്നി . എന്തു വരയ്ക്കണമെന്നറിയാതെ പാടുപെട്ട ദിവസങ്ങളായിരുന്നു പിന്നീട് . വരച്ചുവെച്ചവ തൃപ്തി വരാതെ മാറ്റി വരച്ചു കൊണ്ടേയിരുന്നു.
 സ്കൂളിൽ നിന്നും ഒഴിവു സമയത്ത് സബ്സ്റ്റിട്യൂഷൻ പിരീഡുകൾ ചോദിച്ചു വാങ്ങി കുട്ടികളെ സ്വതന്ത്രരായി വിട്ടുകൊണ്ട് അവരെ നോക്കിയിരുന്നു. അങ്ങനെ അങ്ങനെ ഏതോ ഒരു ദിവസം ഏതോ ഒരു നിമിഷം ഒരു ആശയം പിറന്നുവീണു ... "ഗുരുകുലം. " ഗുരുകുലം സമ്പന്നമാക്കാനായി സ്കൂളിൽ അവധിയെടുത്തു . മാവിന് വടി എറിയുന്നത് പോലും പറഞ്ഞുതരാൻ നമുക്കൊരു ഗുരു ഉണ്ടാവണമെന്നും കള്ളക്കാറ്റും ചാറ്റൽ മഴയും എല്ലാം ഗുരുവിന്റെ ഭാവഭേദങ്ങൾ ആണെന്നും അറിഞ്ഞു .
 സ്കൂളിൽ അവധി കൂടിവന്നപ്പോൾ ബാലഗോപാലൻ മാഷ് ഉപദേശിച്ചു. "അവധിയെടുത്ത് സ്പെഷ്യൽ ക്ലാസ് വെച്ചു കൊണ്ട് പാഠം തീർക്കുന്നത് കുട്ടികൾക്ക് ഭാരമാണ് ... " "എനിക്ക് വേറെ വഴിയില്ല ബാലഗോപാലാ."
 വരച്ച് ,കറുപ്പ് കൊണ്ട് കണ്ണെഴുതി അണിയിച്ചൊരുക്കിയ എട്ട് കാർട്ടൂൺ സ്ട്രിപ്പുകളുമായി ഞാൻ എം ടി വാസുദേവൻ നായരെ കാണാൻ മാതൃഭൂമിയിൽ വീണ്ടും ചെന്നു.എം ടി എന്നെ നോക്കി പിശുക്കി ചിരിച്ചു. ഗുരുകുലം ഞാൻ അദ്ദേഹത്തിന്റെ കൈകളിൽ ഏൽപ്പിച്ചു. ഓരോന്നായി പരിശോധന നടത്തിയ ശേഷം അദ്ദേഹം കാർട്ടൂണുകൾ മേശപ്പുറത്തുവച്ചു . " അടുത്ത ആഴ്ച മുതൽ ഉപയോഗിച്ചു തുടങ്ങാം . ഇനി കെ വി രാമകൃഷ്ണന്റെ കയ്യിൽ കൊടുത്താൽ മതി... " അദ്ദേഹം തുടർന്നു. "ഇത്തവണത്തെ ഓണപ്പതിപ്പിലേക്ക് ഒരു കാർട്ടൂൺ വരയ്ക്കു . ഫുൾ പേജ് ആയി. "
 സന്തോഷം ലഹരിയായി അടിമുടി തഴുകി. റോഡിലിറങ്ങി കെ വി രാമകൃഷ്ണൻ മാഷ് ഇരിക്കുന്ന അടുത്ത കെട്ടിടത്തിലേക്ക് നടന്നു. എം ടി കാർട്ടൂണുകൾ സ്വീകരിച്ച കാര്യം മാഷെ അറിയിച്ചു. അദ്ദേഹം അപ്പോൾ വായിച്ചു കൊണ്ടിരിക്കുന്ന ഒരു പുസ്തകത്തെ കുറിച്ച് സംസാരിച്ചു. വായിച്ചു തീർന്നാൽ അത് എനിക്ക് തരാം എന്നും പറഞ്ഞു. ഇറങ്ങാൻ നേരം രാമകൃഷ്ണൻ മാഷ് ഓർമ്മിപ്പിച്ചു. "മുടങ്ങാതെ വ്യാഴാഴ്ചകൾക്കു മുന്നെ കാർട്ടൂൺ തരണം. തപാൽ വഴി അയച്ചാലും മതി , "

  കോഴിക്കോട് നിന്നും പള്ളിക്കരയ്ക്കുള്ള ബസ്സിൽ വിൻഡോ സൈഡ് സീറ്റിൽ ഇരുന്നു യാത്ര ചെയ്യവെ ഇടയ്ക്ക് കയറി വന്ന കുസൃതി കാറ്റിനോട് ഞാൻ പറഞ്ഞു . "ഞാൻ വീണ്ടും ഒരു കാർട്ടൂൺ കോളം തുടങ്ങാൻ പോകുന്നു . " വികൃതിക്കാരനായ കാറ്റ് എവിടെയോ നിന്ന് ബ്രഹ്മാനന്ദന്റെ ഒരു ഗാനശകലം എനിക്ക് എത്തിച്ചു തന്നു . "പ്രിയമുള്ളവളേ നിനക്കു വേണ്ടി ... "

***

Recent Post