വെള്ളിയാങ്കലിലെ തുമ്പികൾ
പയ്യോളി കടപ്പുറത്ത് ചെന്ന് വെള്ളിയാങ്കല്ല് നോക്കിയിരുന്നപ്പോൾ ഇടയിൽ ഒരു കടലാസ് വിരിച്ച് അസ്തമയസൂര്യന്റെ രശ്മികൾ പിടിച്ചുകൊണ്ട് വെള്ളിയാങ്കല്ലു വരെ നടന്നു ചെല്ലണം എന്ന മോഹമുണർന്നു. നടത്തം തുടങ്ങി. വെള്ളത്തിനു മുകളിലൂടെ നടന്നു നടന്നു നീങ്ങവേ ഏതോ ഒരു നേരം കാലടികൾ വെക്കുന്ന കടലാസിൽ ഒരു പടം വരച്ചാൽ കൊള്ളാം എന്ന് തോന്നി. സൂര്യന്റെ മുഖത്ത് എത്ര വേഗത്തിലാണ് നിറം മാറിക്കൊണ്ടിരിക്കുന്നത്.
ഇ.സുരേഷ് 16-01-2023

മാതൃഭൂമി വാരാന്തപ്പതിപ്പിൽ കാർട്ടൂണുകൾ പ്രസിദ്ധീകരിച്ചു തുടങ്ങിയ ഉടൻതന്നെ ദേശാഭിമാനി വാരികയ്ക്കും, കഥ വാരികയ്ക്കും അയച്ചുകൊടുത്തവയും പ്രസിദ്ധീകരിച്ചുവന്നു . എല്ലാ കോളങ്ങളും നിലനിർത്താനുള്ള ശ്രമത്തിനിടയിൽ ആറ് കിലോമീറ്റർ നടന്ന് സ്കൂളിലെത്തുന്ന ശ്രമം കുറഞ്ഞുവന്നു . പത്താംക്ലാസ് സർക്കാർ പരീക്ഷയിൽ കുട്ടികൾ ഏറെ ഭയക്കുന്നത് ഗണിതശാസ്ത്രത്തെയാണ്. സ്പെഷ്യൽ ക്ലാസുകൾ വെച്ച് മാത്രം പാഠം പൂർത്തിയാക്കാൻ പാടുപെടുന്ന ഗണിത അധ്യാപകനെ കാർട്ടൂൺ വരയ്ക്കുന്നു എന്നതിലുള്ള താല്പര്യം കൊണ്ടുമാത്രം കുട്ടികൾ വെറുക്കാതിരുന്നു. റോഡോ , വൈദ്യുതിയോ ഇല്ലാത്ത കൂളിക്കുന്ന് എന്ന സ്ഥലത്ത് നിന്ന് വരുന്ന ഒരു കുട്ടി പത്രത്തിൽ അച്ചടിച്ചുവന്ന കാർട്ടൂണുകൾ വെട്ടി മറ്റു കുട്ടികൾക്ക് കൊടുത്തു. ഒരു ദിവസം അവൻ സ്റ്റാഫ് റൂമിൽ വന്ന് എന്റെ കാർട്ടൂണുകൾ ഒന്നിച്ച് പിൻ ചെയ്തു പുസ്തക രൂപത്തിലാക്കിയത് എനിക്ക് തന്നു . "സാർ ഇത് ലൈബ്രറിയിലൂടെ കുട്ടികൾക്ക് കൊടുക്കണം. കൂളിക്കുന്നിലെ കുട്ടികൾക്ക് സാറിന്റെ കാർട്ടൂണുകൾ കാണാൻ പറ്റുന്നില്ല. " അവന് എന്ത് ഗിഫ്റ്റ് കൊടുക്കണം എന്ന് ഞാൻ മേശയിൽ പരതിയപ്പോൾ അവൻ പറഞ്ഞു. " സാർ , എനിക്ക് ഒരു ചിത്രം വരച്ചു തന്നാൽ മതി ."
ഒരേ സമയത്ത് മൂന്ന് ആഴ്ച പ്രസിദ്ധീകരണങ്ങളിൽ വിവിധ വിഷയങ്ങളിൽ കാർട്ടൂണുകൾ കൊടുക്കുന്നത് രണ്ടു മൂന്നു വർഷങ്ങളായി അനായാസേന ചെയ്യാനായപ്പോൾ മനസ്സ് പറഞ്ഞു. "ഇനി വളയമില്ലാതെ ചാട് ... ! "
പയ്യോളി കടപ്പുറത്ത് ചെന്ന് വെള്ളിയാങ്കല്ല് നോക്കിയിരുന്നപ്പോൾ ഇടയിൽ ഒരു കടലാസ് വിരിച്ച് അസ്തമയസൂര്യന്റെ രശ്മികൾ പിടിച്ചുകൊണ്ട് വെള്ളിയാങ്കല്ലു വരെ നടന്നു ചെല്ലണം എന്ന മോഹമുണർന്നു. നടത്തം തുടങ്ങി. വെള്ളത്തിനു മുകളിലൂടെ നടന്നു നടന്നു നീങ്ങവേ ഏതോ ഒരു നേരം കാലടികൾ വെക്കുന്ന കടലാസിൽ ഒരു പടം വരച്ചാൽ കൊള്ളാം എന്ന് തോന്നി. സൂര്യന്റെ മുഖത്ത് എത്ര വേഗത്തിലാണ് നിറം മാറിക്കൊണ്ടിരിക്കുന്നത് ... ഉറങ്ങാൻ പോകുന്നതിൽ ഇങ്ങനെ വിഷമിക്കേണ്ടതുണ്ടോ . എന്റെ ഹാസ്യചിത്രം കണ്ടു ദേഷ്യം തോന്നിയത് കൊണ്ടാവാം സൂര്യൻ പൊടുന്നനെ വെള്ളത്തിലേക്ക് താഴ്ന്നു .എന്റെ പിടിവള്ളി ആയ സൂര്യരശ്മി അറ്റു.എന്റെ പേനയുടെ നിബ്ബ് കൊണ്ട കടലാസ് നനഞ്ഞ് അലിഞ്ഞു. ഞാൻ ഉപ്പുവെള്ളത്തിന്നടിയിലേക്ക് താഴ്ന്നു . എത്രനാൾ , ഞാനവിടെ കഴിഞ്ഞു എന്ന് അറിയില്ല .ഏതോ ഒരു തിരമാല ബോധമറ്റ എന്നെ കരയിൽ എത്തിച്ചെങ്കിലും ശരത്കാലവും ഹേമന്തവും എന്നിൽ നിന്നും കൊഴിഞ്ഞു പോയിരുന്നു .എൻ്റെ കാർട്ടൂൺ കോളങ്ങൾ എല്ലാം അടച്ചുപൂട്ടിയിരുന്നു .

വാരികകൾക്ക് ഞാൻ എഴുതി .
ഞാൻ സാഗരത്തിന്റെ അഗാധതലത്തിൽ നിന്നും തിരിച്ചെത്തിയിരിക്കുന്നു ,ഞാൻ ചെയ്തുവന്നിരുന്ന കാർട്ടൂൺ കോളങ്ങൾ തുടരട്ടെ എന്ന അഭ്യർത്ഥനയോടെ . എല്ലാവരുടെയും മറുപടി ഏതാണ്ട് ഒരേ പോലെ ആയിരുന്നു . കോളം എന്നത് നിർത്താതെ തുടരാൻ ഉള്ളതാണ്. ഇടക്കിടക്ക് അപ്രത്യക്ഷമായാൽ വാരികയുടെ ഗുണവിശേഷങ്ങളെ അത് ബാധിക്കും. താങ്കൾ വല്ലതും എഴുതി അയക്ക് . പ്രസിദ്ധീകരണ യോഗ്യമെങ്കിൽ ഉപയോഗിക്കാമല്ലോ ... വല്ലതും എഴുതാൻ പോകുന്നു !അതല്ലല്ലോ എന്റെ പണി ...എങ്കിൽ കാർട്ടൂൺ വരച്ച് ചായം തേച്ച് ഗാലറികളിൽ പ്രദർശിപ്പിക്കാം ... എന്നോടാണോ കളി ! കോഴിക്കോട് മിഠായി തെരുവിൽ നിന്നും മിഠായിയുടെ മധുരമുള്ള ചായക്കൂട്ടുകൾ വാങ്ങി. കടലാസ് പോലുള്ള ക്യാൻവാസുകളും . ക്യാൻവാസിൽ കാർട്ടൂണുകൾ വരച്ചു കൊണ്ടേയിരുന്നു. വരച്ചുവെച്ച ഏതാനും കാർട്ടൂണുകളുമായി കവിയും ചിത്രകാരനും കാർട്ടൂണിസ്റ്റുമായ പോൾ കല്ലാനോടിനെ കാണാനിറങ്ങി . എത്രയോ യുവ ചിത്രകാരന്മാരുടെ അധ്യാപകനാണ് പോൾ. അദ്ദേഹം ചിത്രങ്ങൾ ഉയർത്തി കണ്ണിനടുത്തും ദൂരെയുമായി വെച്ചു നോക്കി. "എക്സിബിഷൻ ചെയ്യുന്നത് കൊള്ളാം. ഒരു സ്പോൺസർ ഉണ്ടെങ്കിൽ നന്നായി മൗണ്ട് ചെയ്ത് ഡിസ്പ്ലേ ചെയ്യാം. " "സ്പോൺസറെ കിട്ടാനല്ലേ വിഷമം . " "നോക്കാം. നീ വാ... " പോൾ മാഷ് പാൻസും ഷർട്ടും അണിഞ്ഞ് എന്നോടൊപ്പം ഇറങ്ങുമ്പോൾ ടീച്ചർ വാതിലിന് പുറത്തേക്ക് വന്നു പറഞ്ഞു. "ബെസ്റ്റ് വിഷസ് ."
കോഴിക്കോട്ടെ ചിത്രകലാ സ്ഥാപനമായ യൂണിവേഴ്സൽ ആർട്സ് ,സ്പോൺസർ ചെയ്ത പെയിൻറഡ് കാർട്ടൂൺ പ്രദർശനം കോഴിക്കോട് ലളിതകലാ അക്കാദമിയിലും എറണാകുളം കലാപീഠത്തിലും നടത്തുന്നു. എന്റെ അത്ര തന്നെ താല്പര്യം പോൾ മാഷക്കും ഉണ്ടായിരുന്നു. ചിത്രകാരന്മാരെ സ്നേഹിച്ച ചരിത്രകാരൻ എം ആർ രാഘവവാരിയരുടെ അധ്യക്ഷതയിൽ , പ്രിയ കവി കെ വി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്ത പ്രദർശനം കാണാൻ പള്ളിക്കരയിൽ നിന്ന് അച്ഛനും എത്തിയിരുന്നു. മദ്യപിച്ചു ആനന്ദലഹരിയിൽ എത്തിയ ചില സുഹൃത്തുക്കൾ അച്ഛന്റെ ചുറ്റും ചെന്നുനിന്ന് പറഞ്ഞു . "അവനെ ഞങ്ങൾക്ക് വിട്ടു തരൂ... അവനെ ഞങ്ങൾ ലോക പ്രശസ്ത ചിത്രകാരനാക്കി മാറ്റാം ... " മദ്യത്തിന്റെ ഗന്ധമേറ്റ് വിഹ്വലനായ അച്ഛൻ രാത്രി വീട്ടിലെത്തിയപ്പോൾ എന്നരികെ വന്നു പറഞ്ഞു . "നിനക്ക് കാർട്ടൂൺ വല്ല വാരികകൾക്കും അയച്ചാൽ പോരേ..."

എറണാകുളത്തെ പ്രദർശനം ഉദ്ഘാടനം ചെയ്യാൻ കുഞ്ഞുണ്ണി മാഷ് തൃശൂരിൽ നിന്നും വന്നു .പ്രിയസുഹൃത്തും നർത്തകനുമായ രാധാകൃഷ്ണൻ നാഗത്തായിരുന്നു വീട്ടിൽ ചെന്ന് കുഞ്ഞുണ്ണി മാഷെ കൂട്ടി വന്നത് . ചായമണിഞ്ഞു നിൽക്കുന്ന കാർട്ടൂണുകൾ കണ്ടപ്പോൾ കലാപീഠം നോക്കി നടത്തുന്ന കലാധരന്റെ സന്തോഷം കുറഞ്ഞു. "കാർട്ടൂണുകൾ ആണെന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാൻ സമ്മതിക്കില്ലായിരുന്നു. കെ പി സി സി ഓഫീസിലെ ഗോപാലേട്ടൻ ശുപാർശ ചെയ്തതുകൊണ്ട് മാത്രമാണ് ഞാൻ സമ്മതിച്ചത്." ആ വാക്കുകൾ എന്നെ വേദനിപ്പിച്ചു. എന്റെ ബന്ധുവായ ഗോപാലേട്ടനോട് എറണാകുളം ലളിതകലാ അക്കാദമി ഗ്യാലറി ബുക്ക് ചെയ്യാനാണ് പറഞ്ഞിരുന്നത്. അദ്ദേഹം ഓഫീസിൽ ഉള്ള ആരെയൊക്കെയോ ഏല്പിച്ചു. കലാപീഠമാണ് ഉചിതമെന്ന് അവർ കരുതി .
കുഞ്ഞുണ്ണി മാഷ് കസേരയിൽ ഇരുന്നുകൊണ്ട് ഉൽഘാടന പ്രസംഗം നടത്തി . "ഈ ചിത്രങ്ങൾ കൊള്ളാം ... കാർട്ടൂൺ പെയിൻറിംഗുകൾ ... എൻെറ കവിതകൾ പ്രസിദ്ധീകരിച്ചു വന്ന സമയത്ത് നിരൂപകർ കളിയാക്കിയിരുന്നു ... കുഞ്ഞു കവിയായ കുഞ്ഞുണ്ണിയുടെ കുഞ്ഞിക്കവിതകൾ എന്ന് .ശൈലി മാറ്റണം എന്ന് പലരും ഉപദേശിച്ചു. പക്ഷേ എന്റെ വഴി ഏതെന്ന് എനിക്ക് തിട്ടം ഉണ്ടായിരുന്നു ... "
സദസ്സിനോട് സംസാരിക്കാനുള്ള എന്റെ അവസരം വന്നു. ഞാൻ മൈക്കിന്നടുത്തു നിന്ന് ഗ്യാലറി മൊത്തം നോക്കി. ഗോപാലേട്ടൻ സദസ്സിൽ എത്തിയിരുന്നു. നോവലിസ്റ്റ് സി. രാധാകൃഷ്ണനും ഉണ്ടായിരുന്നു സദസ്സിൽ . ബാക്കി എല്ലാവരും അപരിചിതർ. ഞാൻ പറഞ്ഞു . "ഇതൊരു പരീക്ഷണമാണ്. വാരികകളിൽ കാർട്ടൂൺ വരയ്ക്കുന്നതിനു പകരം രചനയുടെ സ്വഭാവം മാറ്റി ഗാലറികളിൽ പ്രദർശിപ്പിക്കുന്നു . ഗാലറികളിൽ സ്ഥിരം ശൈലിയിലുള്ള പെയിൻറിംഗുകൾ മാത്രമേ പ്രദർശിപ്പിക്കാൻ പാടുള്ളൂ എന്ന് എഴുതിവെക്കപ്പെട്ടിട്ടില്ലല്ലോ .. " സദസിൽ നിന്നും സി രാധാകൃഷ്ണൻ എഴുന്നേറ്റ് നിന്ന് പറഞ്ഞു . "സുരേഷിന്റെ പരീക്ഷണം വിജയിച്ചു എന്ന് ഞാൻ പറയും ... "
നൊന്തുനിന്ന എന്റെ മനസ്സിൽ കയറി ആരെല്ലാമോ ഉറക്കെ കയ്യടിച്ചു.