പുനത്തിൽ കുഞ്ഞബ്ദല്ലയുടെ ചികിത്സ

പരിശോധനായന്ത്രം കഴുത്തിലിട്ട കുഞ്ഞബ്ദുള്ളയുടേയും കാത്തിരിക്കുന്ന എന്റെയും കാരിക്കേച്ചറുകൾ വരച്ച് ഒരു കുറിപ്പും ചേർത്ത് നഴ്സിനെ ഏല്പിച്ചു. ഉടൻതന്നെ പുനത്തിൽ എന്നെ അകത്തേക്ക് വിളിപ്പിച്ചു.

  Story line-17
ഇ.സുരേഷ് 23-12-2022

  അക്ബർ കക്കട്ടിലിന്ന് കത്തെഴുതി. "ഞങ്ങളുടെ സ്കൂൾ ഒരു സാഹിത്യ പതിപ്പ് പ്രസിദ്ധീകരിക്കുന്നു. താങ്കൾ ഒരു കൊച്ചുകഥ തരണം. " തീക്കുനി യിലെ ഹൈസ്കൂളിന് പ്രായം കുറവായിരുന്നു . നാട്ടിൽ സ്കൂൾ വരുന്നതിനു മുമ്പ് കുട്ടികൾ കുറ്റ്യാടിപ്പുഴ കടന്ന് പാലേരിയിലെ വടക്കുമ്പാട് ഹെസ്കൂളിലേക്കോ, ആയഞ്ചേരിയിലെ റെഹമാനിയ ഹൈസ്കൂളിലേക്കോ ഒരുപാട് നടന്നിട്ടായിരുന്നു പഠിക്കാൻ പോയിരുന്നത്. എട്ടും പത്തും കിലോമീറ്റർ സ്കൂളിലെത്താൻ നടക്കേണ്ടി വരുന്നതിനാൽ പലരും പാതിവഴിയിൽ പഠനം ഉപേക്ഷിച്ചു .
 തീക്കുനിയിലെ സ്കൂൾ പ്രവർത്തനം തുടങ്ങിയിട്ട് ഏതാണ്ട് പത്ത് വർഷങ്ങൾ ആയതേയുള്ളു. അതുകൊണ്ടുതന്നെ സ്കൂളിലെ അധ്യാപകർ വിദ്യാർഥികൾക്ക് കാണാൻ പറ്റുന്ന ദൈവങ്ങളായിരുന്നു. സ്കൂളിൽ നടത്തുന്ന ഏതു പരിപാടികളും നാട്ടുകാരുടെയും കൂടിയായിരുന്നു . കുട്ടികൾക്കും നാട്ടുകാർക്കും വേണ്ടി യാണ് നമ്മുടെ സാഹിത്യപ്രസിദ്ധീകരണമെന്ന് പ്രധാന അധ്യാപകൻ അസംബ്ലിയിൽ പ്രസംഗിച്ച് ദീർഘനേരമുള്ള കയ്യടി വാങ്ങി .
 സ്കൂളിന്റെ ഒരുവശത്തായി കുന്നിൻചെരുവിൽ കെട്ടിയുണ്ടാക്കിയ ദാമോദരന്റെ ചായക്കടയാണ് സ്കൂളിലെ കുട്ടികൾക്കും അധ്യാപകർക്കും ഉള്ള കാൻറീൻ .ഓലമേഞ്ഞ ദാമൂസ് ക്യാന്റീനിൽ ഇരുന്ന് സഹപ്രവർത്തകരോടൊപ്പം പൊടി ചായയും പുട്ടും കടലക്കറിയും കഴിക്കവേയായിരുന്നു സ്കൂളിലേക്കുള്ള കത്തുകളുമായി തപാൽക്കാരൻ മോഹനൻ കുന്നു കയറി വിയർത്തു വന്നത് . മോഹനൻ കത്തുകൾ മുഴുവൻ ഡസ്കിനു മുകളിൽ നിരത്തി. അക്ബർ കക്കട്ടിലിന്റെ മറുപടി ആ കൂട്ടത്തിൽ ഉണ്ടായിരുന്നു . "നിന്റെ സ്കൂൾ കട്ടിലിനടുത്താണല്ലോ. ഒരു ദിവസം വീട്ടിലേക്ക് വരൂ. കഥ കയ്യോടെ തരാം. നിന്റെ കാർട്ടൂണുകൾ ശ്രദ്ധിക്കാറുണ്ട് . "

  അക്ബർ മാഷുടെ വീട്ടിൽ എത്തി ജമീല ചേച്ചിയെയും കുഞ്ഞുങ്ങളെയും പരിചയപ്പെട്ടു. കുഞ്ഞുങ്ങളുടെ പടം വരച്ചു കൊടുത്തു .കഥ കയ്യോടെ വാങ്ങി.നർമ്മം കലർന്ന കഥ .കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന കഥ .
 വലിയ മഞ്ചാരിയുള്ള വാതിലും ,ജനലുകളും , കൊത്തുപണികളുള്ള മരത്തുണകളും, മച്ചുമുള്ള വരാന്തയിൽ കടത്തനാട്ട് മാധവി അമ്മയെ കാത്തു ഞാനും ബാലഗോപാലനും ഇരുന്നു. ബാലഗോപാലന്റെ സുഹൃത്താണ് മാധവി അമ്മയുടെ മകളുടെ മകൻ മധു .മാധവിയമ്മ പതുക്കെപ്പതുക്കെ മുറ്റത്തിന്റെ ഓരത്തു കൂടെ നടന്നു വന്നു വരാന്തയിലേക്ക് കയറി . "ഇപ്പോഴും ഞാൻ ചില കൃഷിപ്പണികളൊക്കെ ചെയ്യുന്നുണ്ട് .ഒരു മുളക് നട്ടാൽ അതും ഒരു സൃഷ്ടി ആണല്ലോ. " വളരെ പതിയെ സംസാരിച്ചു കൊണ്ടിരുന്ന മാധവി അമ്മയ്ക്ക് ഇടയ്ക്കിടയ്ക്ക് കിതയ്ക്കുന്നുണ്ടായിരുന്നു . മാതൃഭൂമി ആഴ്ചപതിപ്പിൽ തൃമധുരം പോലുള്ള കവിതകൾ എഴുതുന്ന മാധവിയമ്മ തന്നെയാണ് ഈ കിതയ്ക്കുന്ന മുത്തശ്ശി . എനിക്ക് വിഷമം തോന്നി. ബാലഗോപാലൻ വൈദ്യരുടെ കാര്യങ്ങൾ സംസാരിച്ചു. ഞാൻ എഴുന്നേറ്റു ചെന്ന് ചുവരിൽ നിരനിരയായി ഒതുക്കി തൂക്കിയ പഴയകാല ഫോട്ടോകളിലൂടെ സഞ്ചരിച്ചു. സ്വാതന്ത്രസമര കാലവും കടത്തനാട്ട് കവിതയുടെ വസന്തകാലവും അടയാളങ്ങളായി ഭിത്തിയിൽ തൂങ്ങുന്നു. പലതും ചില്ലിനുള്ളിൽ നശിച്ചു തുടങ്ങിയിരിക്കുന്നു. മാധവി അമ്മയ്ക്ക് ഓരോ ഫോട്ടോയും പ്രിയപ്പെട്ടതായിരുന്നു. അവർ എല്ലാറ്റിനെയും സ്നേഹിക്കുന്നു. പേരക്കുട്ടിയെയും അയാളുടെ സുഹൃത്തിനെയും സുഹൃത്തിന്റെ സുഹൃത്തിനെയും . അതുപോലെ തൊടിയിലെ ഓരോ പുൽക്കൊടിയേയും. സ്നേഹം തുളുമ്പുന്ന ഒരു കവിത മാധവിയമ്മ ഞങ്ങളുടെ കുട്ടികൾക്കായി എഴുതി തന്നു .
 അക്ബറിന്റെ കഥയും മാധവിയമ്മയുടെ കവിതയും രണ്ടു കൈകളിൽ ഉയർത്തിപ്പിടിച്ച് സന്തോഷത്തോടെ കസേരയിൽ നിന്നും എഴുന്നേറ്റു പ്രധാനധ്യാപകൻ അഞ്ചാറു തവണ നിന്ന നിൽപിൽ തുള്ളി .തുള്ളൽ അവസാനിപ്പിച്ച് കസേരയിലിരുന്ന് അദ്ദേഹം പറഞ്ഞു. " ഇനി ഒരു പുനത്തിൽ കഥ കൂടി വേണം. " ഞാൻ മാഷെ നോക്കി ചിരിച്ചു . "കിട്ടാൻ പ്രയാസമാണ് . " "പ്ലീസ് ... ഒന്ന് ട്രൈ ചെയ്യൂ മാഷേ ..."
 പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ രോഗി പരിശോധന കേന്ദ്രം വടകര പുതിയ ബസ്റ്റാൻഡിന്റെ വടക്കുവശത്ത് ആയിരുന്നു. റോഡിന്റെ വശത്തായി ഉള്ള വലിയ കെട്ടിടത്തിൽ ഒന്നാം നിലയിൽ . കടന്നുചെല്ലുന്ന മുറിയിൽ രോഗികൾ നിറഞ്ഞിരിക്കുന്നു. "വിളിക്കാം ,ഇരിക്കുക " - എന്ന ബോർഡിന് ചുവടെ ഒഴിഞ്ഞ കസേരയിൽ രോഗികൾ ഒഴിയാൻ വേണ്ടി കാത്തിരുന്നു .
 ഓരോ രോഗിക്കും ഡോക്ടർ ഇരുപതോ, മുപ്പതോ മിനുട്ട് സമയം കൊടുക്കുന്നു എന്ന് കണ്ടപ്പോൾ കരുതി വെച്ച ക്ഷമ തീർന്നു . പിന്നെ വരാം എന്നു കരുതിയെങ്കിലും പ്രധാന അദ്ധ്യാപകന്റെ കാത്തിരിക്കുന്ന മുഖം ഓർത്തപ്പോൾ വീണ്ടും ഇരുന്നു .
 പരിശോധന യന്ത്രം കഴുത്തിലിട്ട കുഞ്ഞബ്ദുള്ളയുടേയും കാത്തിരിക്കുന്ന എന്റെയും കാരിക്കേച്ചറുകൾ വരച്ച് ഒരു കുറിപ്പും ചേർത്ത് നഴ്സിനെ ഏല്പിച്ചു. ഉടൻതന്നെ പുനത്തിൽ എന്നെ അകത്തേക്ക് വിളിപ്പിച്ചു. അദ്ദേഹം ഒരു വൃദ്ധനായ രോഗിയെ പരിശോധിച്ചു കൊണ്ടിരിക്കുകയായിരുന്നു. ദൂരെയുള്ള ഒരു കസേര ചൂണ്ടി ഇരിക്കാൻ പറഞ്ഞ ശേഷം അദ്ദേഹം രോഗി പരിശോധന തുടർന്നു. ആ രോഗി പുറത്തേക്ക് പോയപ്പോൾ കുഞ്ഞബ്ദുള്ള നഴ്സിനെ അകത്തേക്ക് വിളിച്ചശേഷം പറഞ്ഞു. "പത്ത് മിനിറ്റ് നേരത്തേക്ക് ആരെയും അകത്തേക്ക് വിടണ്ട . ഈ കാർട്ടൂണിസ്റ്റിന് അസുഖം എന്താണെന്ന് നോക്കട്ടെ".

  അദ്ദേഹം സിഗരറ്റ് പാക്കിൽ നിന്നും ഒരു സിഗരറ്റ് എടുത്തു എന്റെ ചുണ്ടിൽ വച്ചു തന്നു . സിഗർലൈറ്റർ കൊണ്ട് സിഗരറ്റിൽ തീവെച്ചു തന്നു . "വലി ഉണ്ടല്ലോ. " "ഇടയ്ക്കെല്ലാം . " "എന്നാൽ പതിവാക്കിക്കൊളു. മൂന്നു നേരം, ഭക്ഷണത്തിനുശേഷം "
 സ്കൂൾ പ്രസിദ്ധീകരണത്തെക്കുറിച്ചും അതിൽ പുനത്തിലിന്റെ ഒരു കൃതിയുടെ ആവശ്യകതയെക്കുറിച്ചും ഞാൻ പറഞ്ഞു. പുനത്തിൽ സന്തോഷത്തോടെ ചിരിച്ചു. ചെറിയ പൊട്ടിച്ചിരി. "സുരേഷിനൊരു കഥ എഴുതി തരുന്നതിൽ സന്തോഷമേയുള്ളു. പക്ഷേ എന്റെ കഥ കാത്തു നിന്നാൽ നിങ്ങളുടെ മാഗസിൻ ഈ ടേമിൽ ഇറങ്ങലുണ്ടാവില്ല. അടുത്ത വർഷത്തെ മാഗസിനിലേക്ക് തരാം. ഉറപ്പ്. " ഞാൻ പുറത്തേക്ക് ഇറങ്ങാൻ എഴുന്നേറ്റപ്പോൾ പുനത്തിൽ പറഞ്ഞു. " നീ സ്കൂളിൽ നിന്നും വീട്ടിലേക്കു പോകുമ്പോൾ ഇടയ്ക്കെല്ലാം ഇങ്ങോട്ട് കയറു.ആറുമണിക്ക് ശേഷം വന്നാൽ മതി. അപ്പോൾ ഞാൻ തിരക്കിലാവില്ല. " പുറത്തു കാത്തിരിക്കുന്ന രോഗികൾക്കിടയിൽ നിന്ന് ഒരാൾ എഴുന്നേറ്റ് വന്നു .എന്റെ പരിചയക്കാരനായ തിക്കോടിക്കാരൻ . ഞാൻ അത്ഭുതപ്പെട്ടു. "നിങ്ങൾ തിക്കോടിയിൽ നിന്ന് ഇവിടേക്ക് വരുന്നോ ?" "കഥയോടുള്ള ഇഷ്ടം കൊണ്ടുവന്നതായിരുന്നു .പിന്നെ പതിവായി . ചെറിയ വട്ട് ഉണ്ടോ എന്ന് ആദ്യം തോന്നും. മരുന്ന് കഴിച്ചു തുടങ്ങിയാൽ നമ്മൾ തിരുത്തും. ഡോക്ടർമാർ ഇങ്ങനെയാണ് ഇരിക്കേണ്ടതെന്ന്.! "

***

Recent Post