സബാഷ് പറഞ്ഞ് ബഷീർ

കഥാപാത്രങ്ങളും സംഭവങ്ങളും കുറെ ഉണ്ടായിരുന്നു. അധികവും പാത്തുമ്മ കൊണ്ടുപോയി ആടിനു കൊടുത്തു ". ചെറു ചിരിയോടെ ബഷീർ പറഞ്ഞു

  Story line-16
ഇ.സുരേഷ് 30-11-2022

  ഒരു ഞായറാഴ്ച അവധിക്ക് പള്ളിക്കര നിന്നും കോഴിക്കോട്ടേക്കുള്ള ആദ്യ ബസ് കയറി . കോഴിക്കോട് പാളയം ബസ് സ്റ്റാന്റിനടുത്തുനിന്ന് ബേപ്പൂരിലേക്കും. റോഡിന്റെ ഇടതുവശത്തുകൂടി രാമകൃഷ്ണ മിഷൻ ഹൈസ്കൂൾ കടന്നുപോയി . കുഞ്ഞുണ്ണി മാഷ് ഇല്ലാത്ത സ്കൂളിന്റെ മുഖം വാടിയത് പോലെ തോന്നി .സ്കൂളിൽ നിന്നും വിരമിച്ച ശേഷം പാർക്കാൻ ഒരു വീട് മാഷ് വലപ്പാട് പണിതു കൊണ്ടിരിക്കുകയായിരുന്നു . "മാഷുടെ ഡ്രസ്സ് കോഡ് വ്യത്യസ്തമായതു പോലെ വീടും വ്യത്യസ്തമായതാണോ ?" ഈ കുസൃതി ചോദ്യം ഒരിക്കൽ മാഷോട് ചോദിച്ചിരുന്നു . "ഒരു ദിവസം വലപ്പാട് വന്നു നോക്കൂ .കിളികളുടെ കൂട് ശ്രദ്ധിച്ചിട്ടില്ലേ . അത്യാവശ്യത്തിനുള്ളതിൽ കൂടുതലൊന്നും അവർ കൂടിനോട് ചേർത്ത് വെക്കാറില്ല. എൻറെ വീടും അതുപോലെ ആവും . " കട്ടിക്കണ്ണടയിലൂടെ മാഷുടെ കണ്ണുകൾ തിളങ്ങി.
 ഒരു പെട്ടിക്കടക്കാരൻ പറഞ്ഞു തന്ന ഇടവഴിയിലൂടെ നടന്ന് ബേപ്പൂർ സുൽത്താൻ വീട്ടിലെത്തി .വരാന്തയിലുള്ള അരമതിലിന്റെ പിറകിലായി മരക്കസേരയിൽ ബഷീർ അർദ്ധ നഗ്നനായി ഇരിക്കുന്നു.

  എന്നെ കണ്ടപ്പോൾ ആരെന്ന് പറയൂ എന്ന ഭാവത്തിൽ അദ്ദേഹം തലയുയർത്തി . "ഞാൻ അധ്യാപകനാണ് . " "എന്തു പഠിപ്പിക്കുന്നു ?" "കണക്ക് " . "കുട്ടികൾക്ക് കണക്ക് മാത്രമേ പറഞ്ഞു കൊടുക്കാറുള്ളു?" "ഒരു ക്ലാസിൽ ഇംഗ്ലീഷും പഠിപ്പിക്കുന്നുണ്ട്. " അദ്ദേഹം ഉദ്ദേശിച്ച തമാശക്ക് ശ്രദ്ധ കൊടുക്കാതെ ഞാൻ പറഞ്ഞു. "ഇപ്പോഴും വേഡ്സ് വർത്ത് ഒക്കെ തന്നെയാണോ കിത്താബിലുള്ളത് ?" "ചില ഇന്ത്യൻ റൈറ്റേർസുമുണ്ട്. "
 ഞാൻ വരാന്തയിലെ അരമതിലിൽ ചെന്നിരുന്നു .മുന്നിൽ അന്നത്തെ പത്രങ്ങൾ ! മാതൃഭൂമി വരാന്തപ്പതിപ്പ് എടുത്ത് നിവർത്തി . വാരാന്തപ്പതിപ്പിന് കാർട്ടൂൺ അയച്ച ശേഷം അതാണ് പതിവ്. ആദ്യം വാരാന്തപ്പതിപ്പ് നോക്കും. എന്റെ കാർട്ടൂൺ അതിൽ വന്നിട്ടുണ്ടോ എന്ന് അറിയാൻ . ആഹ്ലാദം പാദങ്ങളിൽ നിന്നും ശിരസ്സിൽ വന്നിടിച്ചു .മൂന്നാം പേജിൽ എന്റെ കാർട്ടൂൺ "ജീവിതദർശനം " എന്ന പേരിൽ അണിഞ്ഞൊരുങ്ങി നിൽക്കുന്നു .

  ഒരു കൊതുകും ഞാനും കാർട്ടൂൺ ആയി പത്രത്തിൽ പ്രിൻറ് ചെയ്യപ്പെട്ടിരിക്കുന്നു. ഞാൻ പത്രമെടുത്ത് ഒറ്റ കുതിപ്പിന് ബഷീറിന്റെ കൈ കടന്നുപിടിച്ചു . "എന്റെ കാർട്ടൂൺ ഇതിലുണ്ട് ... " എനിക്ക് എന്തുപറ്റി എന്നറിയാതെ ബഷീർ കുഴങ്ങി. പത്രത്തിന്റെ കാർട്ടൂൺ ഭാഗം മടക്കി ഞാൻ അദ്ദേഹത്തിന്റെ കൈകളിൽ വച്ചുകൊടുത്തു. ബഷീറിന്റെ മുഖത്ത് ചിരി പടർന്നില്ല. പക്ഷേ മുഖത്ത് കൂടുതൽ പ്രസന്നത വന്നു. അദ്ദേഹം എന്റെ കൈപിടിച്ചു കുലുക്കി. "സബാഷ് ... " ബഷീർ അകത്തേക്ക് നോക്കി ഫാബിയെ വിളിച്ചു. ഫാബി ചേച്ചി ഉമ്മറത്തേക്ക് വന്നു. "ഇയാൾ എന്നെ പോലെ ഒരു തമാശക്കാരനാണ്. ഞങ്ങൾക്ക് ചായ വേണം . " "ആവാം . " ഫാബിചേച്ചി അകത്തേക്ക് പോയപ്പോൾ ബഷീറിന്റെ മുഖത്ത് ഗൗരവം നിറഞ്ഞു. "മാഷുടെ ജോലി ഒഴിവാക്കി ഏതെങ്കിലും പത്രത്തിൽ ചേരുന്നതാണ് നല്ലത്. കെ എ ഗഫൂർ നന്നായി വരയ്ക്കുമായിരുന്നു . അയാൾ വരെ നിർത്തി കാസർക്കോട് പോയി മാഷായി .ഓർക്കുന്നില്ലേ മണ്ണുണ്ണി ,പറക്കും തൂവാല ഒക്കെ വരച്ച ഗഫൂറിനെ ... " "ഉവ്വ് ." "നേടാൻ എളുപ്പമല്ല. നശിപ്പിക്കാനാണ് എളുപ്പം . " ഫാബി ചേച്ചി അരമതിലിൽ കൊണ്ടുവച്ച ചായ കുടിക്കുമ്പോൾ ഞാൻ ചോദിച്ചു. "ബഷീർ സാറിന്റെ കഥാപാത്രങ്ങൾ താങ്കൾക്ക് ചുറ്റും ജീവിച്ചവർ ആണോ ?" "കഥാപാത്രങ്ങളും സംഭവങ്ങളും കുറെ ഉണ്ടായിരുന്നു. അധികവും പാത്തുമ്മ കൊണ്ടുപോയി ആടിനു കൊടുത്തു . " ചെറുചിരിയോടെ അത്ഭുതത്തോടെ സുൽത്താനെ കേട്ടിരിക്കവേ, കുറെ ചെറുപ്പക്കാർ കോവണി കയറി വന്നു .
 ആരുടെയും അനുവാദം ചോദിക്കാതെ ഒരാൾ അകത്തു നിന്നും ചാരുകസേര എടുത്തു മുറ്റത്ത് കൂടെ നടന്നു മരച്ചുവട്ടിലിട്ടു. അവർ സുൽത്താനെ മരച്ചുവട്ടിലേക്ക് കൊണ്ടു പോകുന്നതിനു മുന്നേ ഞാൻ ഇറങ്ങി. ഇടവഴി തിരിയവേ ബഷീറിന്റെ വീട്ടിൽ നിന്നും പൊട്ടിച്ചിരികൾ ഉയർന്നു .പെട്ടെന്ന് ഇറങ്ങേണ്ടായിരുന്നു എന്ന് എനിക്ക് തോന്നി . ബഷീർ തമാശകൾ കേട്ട് ഹൃദയം തുറന്നു വച്ച് ചിരിക്കാമായിരുന്നു.

***

Recent Post