പ്രണയപ്പുഴ മേലേ കാർട്ടൂൺ

മുറ്റത്ത് പറക്കാനായി വിട്ട കൊതുക് ഒരു മൂളിപ്പാട്ടുമായി വന്ന് പ്രണയ ലേഖനത്തിൽ ഇരുന്നു. കൊതുകിന്റെ ദാഹവും പ്രണയത്തിന്റെ ദാർശനികതയും ഒരേ പുഴയായി ഒഴുകി.

 ഇ.സുരേഷിന്റെ ആത്മാന്വേഷണങ്ങൾ തുടരുന്നു
ഇ.സുരേഷ് 15-11-2022


 അന്നു രാത്രി വീട്ടിലെ എല്ലാവരും , അയൽവീട്ടിലെ അമ്മായിയും തൊഴുത്തിനടുത്ത് ഉറങ്ങാതെ കാത്തിരുന്നു . തൊഴുത്തിലേക്ക് ഒരു പശുക്കുട്ടി പിറന്നു വീഴാൻ പോകുന്നു .
 കൊതുകുകൾ കൂട്ടംകൂട്ടമായി വന്ന് മുറ്റത്തും തൊഴുത്തിന്റെ അരമതിലിലും ഇരിക്കുന്നവരുടെ ദേഹത്ത് കൊച്ചുസൂചി കുത്തി ഇറക്കി ആനന്ദിച്ചു. മൺകലത്തിൽ ചകിരി കത്തിച്ച് അതിനുമുകളിൽ ശീമക്കൊന്ന ഇലകൾ വിതറി അമ്മ കൊതുകുകളെ അകറ്റാൻ ശ്രമിച്ചു കൊണ്ടേയിരുന്നു . ശീമക്കൊന്ന ഇലകളുടെ പുക ശ്വസിച്ചപ്പോൾ എനിക്ക് തല ചുറ്റുന്നത് പോലെ തോന്നി .പുകയിൽ നിന്ന് മാറിയിരുന്ന എന്റെ അരികിലേക്ക് കൊതുകുകൾ കൂട്ടത്തോടെ വന്നു.എന്റെ ഇടതു കൈത്തണ്ടയിൽ പറന്നു വന്ന് ഇരുന്ന ഒരു കൊതുകിന്റെ ചിറകുകൾ സൂക്ഷ്മതയോടെ ഞാൻ വലത് കൈ വിരലുകൾക്കുള്ളിലാക്കി. ശീമക്കൊന്ന ഗന്ധം തലയ്ക്കു പിടിച്ചത് കാരണമാവാം ആ കൊതുക് പറക്കാൻ ശ്രമിക്കാതെ എന്റെ വിരലുകൾക്കിടയിലേക്ക് ഒതുങ്ങി നിന്നു . കൊതുകിനെ ഞാൻ പതിയെ നിലത്ത് വെച്ചു. കൊതുക് നടന്നുനടന്ന് പറക്കാൻ ശ്രമിച്ചു. പറക്കാനാവാതെ അത് വീണ്ടും നടന്നു .എൻ്റെ മനസ്സിൽ ഒരു ആശയം ഉണർന്നു ചിറകടിച്ചു .

  ഞാൻ എഴുന്നേറ്റു .
 വീടിന്നകത്തേക്ക് നടന്നു.മേശപ്പുറത്തിരുന്ന വർക്ക് ബുക്കിൽ, പൊടുന്നനെ പിറന്ന ആശയം പകർത്തി വച്ചു . അത് കൊതുകും ഞാനും ചേർന്ന ഒരു ദ്വന്ദയുദ്ധത്തെക്കുറിച്ചുള്ള കുറിപ്പ് ആയിരുന്നു. ആ കുറിപ്പ് കാർട്ടൂണായപ്പോൾ നിലവാരം ഉയർന്നില്ല എന്ന് തോന്നി . ആശയമുണ്ട്. പക്ഷേ ആശയ പന്തലിനെ ഉയർത്തി നിർത്താനുള്ള തൂണുകളില്ല. പഴയ കുറിപ്പുകളും എഴുത്തുകളും ഇരുമ്പ് പെട്ടിയിൽ നിന്ന് പരതി എടുത്തു വായിച്ചു. പനംതത്ത പണ്ട് തിരിച്ചു തന്ന ലേഖനം കയ്യിലെത്തി. അഞ്ച് പേജുള്ള പ്രണയ ലേഖനം .ആ ലൗ ലറ്റർ മുഴുവൻ ഫിലോസഫിയാണെന്ന് എന്റെ കൂട്ടുകാരൻ ദയാനന്ദൻ അന്ന് പറഞ്ഞിരുന്നു. അതുകൊണ്ടാണ് അവൾ അത് തിരിച്ചു തന്നതെന്നും . ലേഖനം ഒന്നു കൂടി വായിച്ചു. അതിൽ പുതിയ മാനങ്ങൾ കാണാൻ പറ്റി. മുറ്റത്ത് പറക്കാനായി വിട്ട കൊതുക് ഒരു മൂളിപ്പാട്ടുമായി വന്ന് പ്രണയ ലേഖനത്തിൽ ഇരുന്നു. കൊതുകിന്റെ ദാഹവും പ്രണയത്തിന്റെ ദാർശനികതയും ഒരേ പുഴയായി ഒഴുകി. കൊതുക് പുഴക്കു മുകളിലൂടെ പറന്നു വന്ന് ഒരു കാർട്ടൂൺ എനിക്ക് നേരെ വെച്ചു നീട്ടി.

  എന്റെ പന്തലിന് തൂണകൾ കിട്ടി. ഇനി ഏതു വള്ളിയും അതിന്മേൽ പടർത്താം. ലഹരി തലക്ക് പിടിച്ചു. സഹസ്രാരത്തിലും ആജ്ഞാചക്രത്തിലും ലഹരി പിടിച്ചു. പിന്നീട് വരയോട് വര തന്നെ.
 അടുത്ത രണ്ടു ദിവസങ്ങൾ സ്കൂളിൽ അവധി ആക്കി . പെൻസിൽ സെകച്ച് ചെയ്ത കാർട്ടൂണുകൾക്ക് മോടി കൂട്ടാൻ . പുതിയ കാർട്ടൂണുകൾ മാതൃഭൂമി വാരാന്തപ്പതിപ്പിന് അയച്ചു.
 പോസ്റ്റ് ഓഫീസിൽ നിന്നും തിരിച്ചു വന്നപ്പോൾ മുറ്റത്ത് ഓടിച്ചാടി കളിക്കുന്ന പശുക്കുട്ടി എന്റെ അരികിലേക്ക് വന്നു. കന്നുകുട്ടിയെ ഒതുക്കിയെടുത്ത് നെഞ്ചോട് ചേർത്തു. ദിവസവും ഇങ്ങനെ ചെയ്താൽ പശു കുഞ്ഞ്, വലിയ പശു ആകുന്നതു വരെ എടുത്തുയർത്താം !

***

Recent Post