കണ്ണടയഴകിൽ സുലോചന; പള്ളിക്കര കണ്ട കുഞ്ഞുണ്ണിമാഷ്

കണ്ണടയിലൂടെ വരഞ്ഞ കാർട്ടൂണുകളെക്കുറിച്ച്....

 ഇ.സുരേഷിന്റെ ആത്മാന്വേഷണങ്ങൾ തുടരുന്നു
E Suresh 29-09-2022

  ആദ്യ കാർട്ടൂൺ പ്രസിദ്ധീകരിച്ചു വന്നതിന്റെ സന്തോഷം അനുഭവിച്ചത് മുല്ലപ്പൂമാല കഴുത്തിലിട്ട് നടക്കുന്നത് പോലെയായിരുന്നു. മുല്ലപ്പൂമാല കഴുത്തിലിട്ട് നടക്കാൻ പറ്റുന്നതാണോ എന്ന് സംശയം തോന്നുമ്പോൾ എടുത്തു മാറ്റും ! പക്ഷേ ഒരു മാല വാടും മുന്നെ മറ്റൊന്ന് കഴുത്തിൽ വീണാൽ എന്തു ചെയ്യും. സന്തോഷം അടങ്ങും മുന്നെ അതേ സന്തോഷം വീണ്ടും മനസ്സിൽ വന്നു വീഴുന്നു !ഒരാഴ്ചയോളം മുല്ലപ്പൂ മണം രഹസ്യമായും പരസ്യമായും ആസ്വദിച്ച് നടക്കവേ രണ്ടാമത്തെ കണ്ണട കാർട്ടൂൺ വാരികയിലൂടെ പറന്നുവന്നു .അതോടെ പൂമാല കഴുത്തിൽ നിന്നും തീരെ അപ്രത്യക്ഷമായി. കുറച്ചുകൂടി മെച്ചപ്പെടുത്താമായിരുന്നു എന്ന വ്യസനം മനസ്സിലേക്ക് പടവുകൾ കയറിവന്നു.കുഞ്ഞുണ്ണി മാഷ് സ്വീകരിച്ചിരുന്ന നാലു കാർട്ടൂണിലുകളും കണ്ണടയായിരുന്നു മുഖ്യ കഥാപാത്രം. രണ്ടാമത്തെ വാരികയിലെ കണ്ണടയെടുത്ത് കണ്ണുകളോട് അടുപ്പിച്ചു. കണ്ടു ! ദൂരെ മീഞ്ചന്തയിലെ സ്കൂളിൽ മാഷ് ഇരിക്കുന്നു ! അടുത്തായി കൽക്കണ്ടി ഭരണിയും പിന്നെ കുപ്പിവള പൊട്ടുകൾ ഇട്ട ചില്ലു ഭരണിയും. ഇന്നുതന്നെ മാഷെ കാണണം എന്ന് തോന്നി .സ്കൂളിൽ അവധിയാക്കി മീഞ്ചന്തയിലേക്ക് പുറപ്പെട്ടു. റോഡുകൾക്ക് നടുവിൽ വലിയ കിണറുള്ള വട്ടക്കിണർ എന്ന് പേരുള്ള ബസ്റ്റോപ്പിൽ ഇറങ്ങി നടന്നു.
 സ്കൂളിൽ അന്വേഷിച്ചപ്പോൾ കുഞ്ഞുണ്ണി മാഷുടെ മുറിയിലേക്കുള്ള വഴി പറഞ്ഞു തന്നു. അടച്ചിട്ട മുറിയുടെ മുന്നിൽ നിൽക്കുന്ന എന്നെ കണ്ടപ്പോൾ ഒരു അധ്യാപകൻ അടുത്തേക്ക് വന്നു. "വലപ്പാട്ടേക്ക് പോയതാണ് . മാഷ് ഈ ആഴ്ച ലീവാണ്. " ഒരു കുറിപ്പ് എഴുതി അധ്യാപകനെ ഏൽപ്പിച്ചു .അദ്ദേഹം കടലാസ് വാതിലിൽനിന്നടിയിലൂടെ അകത്തേക്ക് തള്ളി. "അത് മാഷക്ക് കിട്ടിക്കോളും ."
 ഒരാഴ്ച കഴിഞ്ഞപ്പോൾ ഒരു പോസ്റ്റ് കാർഡ് വന്നു.."മോനെ കണ്ണടയെ വെച്ച് നാലോ അഞ്ചോ കാർട്ടൂണുകൾ കൂടി അയച്ചു തരൂ. ഒരു പരമ്പര പോലെ കൊടുക്കാം . " അഞ്ച് കാർട്ടൂൺ കൂടി രചിക്കണം. എന്ത് ചെയ്യും. ആദ്യ സെറ്റ് ചെയ്യാനായത് അച്ഛന്റെ കണ്ണടയെ കയ്യിൽ എടുത്തപ്പോഴാണ് . അച്ഛന്റെ കണ്ണട പറഞ്ഞ കഥയിലെ ചില സൂചനകൾ ആയിരുന്നു കാർട്ടൂൺ ആയി മാറിയത്. അച്ഛന്റെ കണ്ണട വീണ്ടും എടുത്തു കയ്യിൽ വച്ചു. കണ്ണട ഒന്നും മിണ്ടിയില്ല. അന്ന് ഒരാശയം പോലും കിട്ടിയില്ല.അടുത്ത ദിവസം ഓർക്കാൻ ശ്രമിച്ചു ...കണ്ണട ധരിക്കുന്നവരെ ! സുലോചനക്ക് കണ്ണട അഴക് കൂട്ടിയിരുന്നു. കോളേജിൽ ഒരേ ബാച്ചിൽ ഇക്കണോമിക്സിൽ പഠിച്ചിരുന്ന സുലോചനയുടെ വീട്ടിലേക്ക് കയറിച്ചെന്നു. വലിയ പാടം കഴിഞ്ഞ് തെങ്ങുകളും വാഴകളും നിറഞ്ഞ വലിയ തൊടികഴിഞ്ഞ് മുറ്റത്തെത്തിയപ്പോൾ സുലോചന ,മുറ്റത്ത് ചട്ടിയിൽ വളർത്തിയ ജമന്തിപൂക്കളിലെ വസന്തകാലത്തോട് കിന്നാരം പറയുകയായിരുന്നു.

  എന്റെ കണ്ടയുടനെ സുലോചന ചോദിച്ചു. "ആ കണ്ണട കാർട്ടൂൺ നിന്റേതല്ലേ ."
"ഉവ്വ് ."
"അപ്പോൾ കഥ വിട്ട് കാർട്ടൂണിൽ ആയോ വാസം ?"
"കാർട്ടൂണിനായി പുതിയ കഥ തേടി ഇറങ്ങിയതാണ്. " വീടിന്റെ ഉമ്മറത്തേക്ക് സുലോചനയുടെ അച്ഛൻ കടന്നുവന്നു അദ്ദേഹത്തിന്റെ തടിച്ച ഗ്ലാസ്സുള്ള കണ്ണടയായിരുന്നു ആദ്യം വന്നത്. "അതാരാ സുലോചനേ... "
"കണ്ണട കാർട്ടൂൺ വരക്കുന്നയാൾ ... " ഞാൻ സുലോചനയുടെ പിതാവിന്റെ അടുത്ത് ചെന്നിരുന്നു .അദ്ദേഹം നിശബ്ദനായി മന്ദസ്മിതത്തോടെ എന്നെ നോക്കിയിരുന്നു. " മാഷുടെ കണ്ണട അഴിച്ച് മേശപ്പുറത്ത് വെക്കാമോ, എനിക്കൊരു ചിത്രം വരക്കാൻ വേണ്ടിയാണ്. " അദ്ദേഹം കണ്ണടയഴിച്ച് മേശപ്പുറത്ത് മടക്കിവെച്ച പത്രത്തിന്മേൽ പതുക്കെ വെച്ചു.കണ്ണട എന്നെ നോക്കി വാചാലനാവാൻ തുടങ്ങി. ഇടത്തിൽ ഗംഗാധരൻ മാഷ് എന്ന അധ്യാപകന്റെ വീര കഥകൾ ! കണ്ണട കഥ പറയുന്നതിനിടയിൽ സുലോചന മൈസൂർ പഴവും ചായയും കൊണ്ടുവന്ന് മേശപ്പുറത്ത് വച്ചു. കഴുത്തിൽ മണികെട്ടിയ ഒരു പശുക്കുട്ടി മുറ്റത്തേക്ക് തുള്ളിച്ചാടി വന്നു . അവന്റെ മുഖത്തും കണ്ണട ഉണ്ടായിരുന്നു. അഴകുള്ള മുഖവും അതിനോട് ചേർന്ന് കണ്ണടയും . പത്തുപതിനഞ്ച് കാർട്ടൂണുകൾക്കുള്ള വിഷയങ്ങൾ മനസ്സിലേക്ക് അടുക്കും ചിട്ടയുമില്ലാതെ കടന്നുവന്നുകൊണ്ടിരുന്നു .ഞാൻ ആകെ അങ്കലാപ്പിലായി. വീട്ടിലെത്തുമ്പോഴേക്കും ഇതിൽ ഏതെല്ലാം മനസ്സിൽ തങ്ങിനിൽക്കും ആവോ .
 വിട പറഞ്ഞ് മുറ്റത്തേക്ക് ഇറങ്ങി നടന്നപ്പോൾ പടിക്കൽ വരെ സുലോചന വന്നു. പടിയിറങ്ങാൻ തുനിയവേ ഞാൻ ചോദിച്ചു . "നിന്റെ കണ്ണട കയ്യിൽ തരു .." സുലോചന കണ്ണുകളിൽ അത്ഭുതം നിറച്ച് കണ്ണട എടുത്തു നീട്ടി .ഞാൻ കണ്ണട ചില്ലുകളിലൂടെ പുറത്തേക്ക് നോക്കി.മഞ്ഞുവീണു കിടക്കുന്ന ഒരു പ്രദേശം. നിറയെ ആപ്പിൾ മരങ്ങൾ .മഞ്ഞിന്റെ കുളിര്, കാറ്റായി നെഞ്ചിലേക്ക് അടിച്ചു. മഞ്ഞുമൂടിയ വീടിനു മുന്നിൽ സുലോചന സ്വറ്റർ അണിഞ്ഞു നിൽക്കുന്നു.
  രണ്ട് ദിവസങ്ങൾ കൊണ്ട് എട്ടു കാർട്ടൂൺ വരച്ചു. കാർട്ടൂണുകൾ കുഞ്ഞുണ്ണി മാഷ്ക്ക് തപാൽ വഴി അയക്കാതെ നേരിട്ട് കൊടുക്കാം... സ്കൂളിൽ അവധിക്കായി ഇറങ്ങി. അന്നും മാഷുടെ മുറി അടഞ്ഞു തന്നെ കിടന്നു.കാർട്ടൂണുകൾ അടങ്ങിയ കവർ വാതിലിന്നടിയിലൂടെ അകത്തേക്ക് തള്ളി. രണ്ടുദിവസം കഴിഞ്ഞപ്പോൾ മാഷുടെ എഴുത്തു വന്നു - മഞ്ഞക്കാർഡിൽ കുനുകുനേയുള്ള അക്ഷരങ്ങൾ. "മോനെ, പുതിയ കാർട്ടൂണുകളിൽ വര മെച്ചപ്പെട്ടിട്ടുണ്ട് , ഇനി മറ്റു പ്രസിദ്ധീകരണങ്ങൾക്കു കൂടി കൊടുക്കണം. എന്നെ കാണാനായി വരുന്നതിനു മുന്നേ കത്തെഴുതി ,വരാനുള്ള ദിവസവും സമയവും നിശ്ചയിക്കണം. ഈ വർഷം പെൻഷൻ പറ്റുന്നതിനാൽ കോഴിക്കോട്ടെ സ്കൂളുകളിൽ മാഷ് കവിതകൾ ചൊല്ലി രസിക്കുകയും കുട്ടികളെ രസിപ്പിക്കുകയുമാണ്. കാണാം . " പള്ളിക്കര പോസ്റ്റ് ഓഫീസ് കവലയിലെ പണം പയറ്റുകടയിൽ ഇളയച്ഛന്റെ പണം പയറ്റ് നടക്കുകയാണ്. കണക്കെഴുത്തിന് എന്നെയായിരുന്നു ഏൽപ്പിച്ചത്. എനിക്ക് വലിയൊരു പോസ്റ്റ് തരുന്നു എന്ന ഭാവത്തിലാണ് ഇളയച്ഛൻ ആ ചുമതല തന്നത്. മൈക്ക് സെറ്റ്കാരൻ കാദർക്ക കടയ്ക്ക് പിന്നിലിരുന്ന് പുതിയ മലയാള ഗാനങ്ങൾ ഡിസ്ക് കറക്കി പാടിക്കുകയാണ്. തെങ്ങിന്റെ മുകളിൽ കെട്ടിയ കോളാമ്പി സ്പീക്കറുകൾ കഴിയുന്നത്ര ഉച്ചത്തിൽ ആർത്തു വിളിക്കുകയാണ്. പെട്ടെന്നാണ് റോഡിന്റെ അറ്റത്ത് ഒരു മുറി മുണ്ട് ഉടുത്തയാളും , കൂടെ കുറെ കുട്ടികളും ഉറക്കെ പാട്ടുപാടിവരുന്നത് കണ്ടത്. കുഞ്ഞുണ്ണിമാഷ് ! മാഷ് കവിത ചൊല്ലിക്കൊടുക്കുന്നു , കുട്ടികൾഅത് ഏറ്റുചൊല്ലുന്നു. പണം പയറ്റിന്റെ കണക്കെഴുത്ത് പണി നിർത്തി ഞാൻ റോഡിലേക്ക് ഓടി. മാഷെ സ്വീകരിച്ച് കടയിലേക്ക് കയറ്റിയിരുത്തി. ഒപ്പം കുട്ടികളേയും. ഇളയച്ഛൻ മാഷക്കും കൂടെ വന്ന കുട്ടികൾക്കും തേയില സൽക്കാരം നടത്തി.
 കുണ്ണുണ്ണി മാഷ് മൂടാടിയിൽ ഒരു പരിപാടിക്ക് വന്നതായിരുന്നു .അത് കഴിഞ്ഞപ്പോൾ തൊട്ടടുത്തുള്ള എന്നെ കൂടി കണ്ടിട്ട് തിരിച്ചു പോകാം എന്ന് കരുതി. പരിപാടി കഴിഞ്ഞപ്പോൾ മാഷ് എന്നെ കുറിച്ച് അന്വേഷിച്ചു. പള്ളിക്കരയിൽ കാർട്ടൂൺ വരയ്ക്കുന്ന കുട്ടി ...! അവർ അറിയില്ല എന്ന് പറഞ്ഞപ്പോൾ നാടകം എഴുതുന്ന കുഞ്ഞികൃഷ്ണൻമാഷുടെ മകൻ എന്ന അടയാളം കൂടി അദ്ദേഹം നിരത്തി . അവിടെ കൂടിയിരുന്ന ആർക്കോ അച്ഛനെ അറിയാമായിരുന്നു. പള്ളിക്കരക്കുള്ള ബസ്സിൽ അവർ മാഷെ കയറ്റി ഇരുത്തി, പള്ളിക്കര പോസ്റ്റോഫീസ് സ്റ്റോപ്പിൽ ഇറങ്ങാൻ ഏൽപ്പിച്ചു . മാഷ് സിംഹപുരം പോസ്റ്റ് ഓഫീസിനടുത്ത് തെറ്റിയിറങ്ങി . ഇനി അടുത്ത നേരത്തൊന്നും ബസ്സ് ഇല്ല എന്നറിഞ്ഞപ്പോൾ മാഷ് പള്ളിക്കര പോസ്റ്റ് ഓഫീസ് ലക്ഷ്യം വെച്ച് നടക്കുകയായിരുന്നു. മാഷേ അറിയുന്ന കുട്ടികൾ ഓരോരുത്തരായി മാഷുടെ ഒപ്പം നടക്കാൻ കൂടി .പിന്നെ മാഷ് കവിത ചൊല്ലിയും കവിത ചൊല്ലിച്ചും ഉല്ലസിച്ച് നടക്കുകയായിരുന്നു.

  പണം പയറ്റ് കടയിൽ കുഞ്ഞുണ്ണി മാഷക്ക് ചുറ്റും കുട്ടികളും മുതിർന്നവരും വട്ടംചുറ്റിയിരുന്നു. ഇരിക്കാൻ ഇടം കിട്ടാത്തവർ നിന്നു . മാഷോട് കുട്ടികൾ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരുന്നു. മാഷ് കവിത ചൊല്ലിയും അല്ലാതെയും മറുപടി പറഞ്ഞു കൊണ്ടേയിരുന്നു. കാദറിക്കയുടെ സ്പീക്കർ പാട്ട് നിർത്തി. ഇളയച്ഛന്റെ പണം പയറ്റ് പരിപാടി നിന്നു . എല്ലാവർക്കും മാഷ് പറയുന്നത് കേട്ടാൽ മതി. പള്ളിക്കരയിലേക്കുള്ള കുഞ്ഞുണ്ണിമാഷുടെ ആദ്യത്തെ വരവായിരുന്നു അത്. അവസാനത്തേതും.

***

Recent Post