അനു കപൂറിന്റെ റാവു

ഞായറാഴ്ച ഇന്ത്യ മുഴുവൻ ഇന്ത്യൻ എക്സ്പ്രസ്സ് എത്തുന്നത് എൻ്റെ കൈകളിലൂടെ വിരിഞ്ഞ ചിത്രത്തോടെ ആയിരിക്കുമെന്ന കാര്യം മനസ്സിലെത്തിയപ്പോൾ വരയ്ക്കാനുള്ള ആവേശം വന്നു. ഇന്ത്യൻ എക്സ്പ്രസ്സ് വായിക്കുന്ന കോഴിക്കോട്ടുകാർ, പയ്യോളിക്കാർ , എന്റെ സ്കൂളിലെ അധ്യാപകർ, എല്ലാം എന്റെ ഈ ചിത്രം കാണും....

  Storyline-29
ഇ.സുരേഷ് 30-05-2023

  പാലക്കാട് ചുരം കടന്ന് നാട്ടിലെത്തി ഏറെനാൾ തങ്ങി കോടനാട്ടും കുളത്തിൽ നീന്തികുളിച്ചും പയ്യോളി കടപ്പുറത്തു ചെന്ന് അസ്തമയ സൂര്യനെ കണ്ട് കാര്യം പറഞ്ഞും ശങ്കർ ടാക്കീസിൽ നിന്ന് ദേവാസുരവും വിയറ്റ്നാം കോളനിയും കണ്ടും ഡൽഹിൽ തിരിച്ചെത്തിയശേഷം സക്കറിയയെ വിളിച്ചു. മറുതലക്കൽ നിന്നും സക്കറിയ പറഞ്ഞു . "ഇന്ത്യൻ എക്സ്പ്രസ്സിൽ ചെന്ന് അനു കപൂറിനെ കാണണം. അനു സൺഡേ മേഗസിന്റെ എഡിറ്ററാണ്. പ്രഭു ചൗളയും അനുകപൂറും മറ്റു രണ്ടുപേരും ഇന്ത്യടുഡേ വിട്ട് ഇന്ത്യൻ എക്സ്പ്രസ്സിൽ ചേർന്നത് ഈയിടെയാണ് . " ഇന്ത്യൻ എക്സ്പ്രസ്സ് ഓഫീസ് ബഹദൂർഷാ സഫർ മാർഗ്ഗിലാണ്. ശങ്കേർസ് അക്കാദമി നടത്തിയിരുന്ന അഖിലലോക ചിത്രരചനാമത്സരത്തെ കുറിച്ച് ആകാശവാണിയിലെ ബാലലോകം പരിപാടിയിൽ പണ്ട് അറിയിപ്പായി വന്നപ്പോൾ ശ്രദ്ധിച്ച പേരാണ് ബഹദൂർഷാ സഫർ മാർഗ്. വിലാസം കുറിച്ചെടുത്ത് ഒരിക്കൽ മത്സരത്തിലേക്ക് രണ്ടു ചിത്രങ്ങൾ അയക്കുകയും ചെയ്തിരുന്നു.
 ഡൽഹിയിലെ പത്രമോഫീസുകൾ നിരന്നു നിൽക്കുന്ന വീഥിയാണ് ബഹദൂർഷാ സഫർ മാർഗ്.പാട്രിയറ്റ്, നാഷണൽ ഹെറാൾഡ്, ഡൽഹി മിഡ് ഡേ , സൺ , ടൈംസ് ഓഫ് ഇന്ത്യ ,ഇന്ത്യൻ എക്സ്പ്രസ് ...! ഇന്ത്യൻ എക്സ്പ്രസ്സിൽ ചെന്ന് സെക്യൂരിറ്റിയുടേയും റിസപ്ഷനിസ്റ്റിന്റേയും പരിശോധനയ്ക്കു ശേഷം അനൂ കപൂറിന്റെ ക്യാബിനിലെത്തി. "ഇന്ത്യ ഡേആഫ്റ്ററിൽ സുരേഷ് വരച്ചത് കണ്ടു. സക്കറിയ തന്നിരുന്നു. വെയിറ്റ് ചെയ്യൂ .ഞാൻ വരക്കാനുള്ള സ്റ്റോറി എടുത്തു തരാം . " അനു കപൂർ ക്യാബിനിൽ നിന്ന് പുറത്തേക്ക് പോയി . ചില്ല് മറകൾക്കിടയിലൂടെ ഇന്ത്യൻ എക്സ്പ്രസ്സിന്റെ അറ്റം വരെ കാണാം. എല്ലാവരും തകൃതിയായി ജോലി ചെയ്യുകയാണ് .അനൂ കപൂർ പ്രിന്റ് ഔട്ടറിൽ നിന്നും സ്റ്റോറി പേജുകൾ അടർത്തിയെടുത്ത് തിരികെ വന്നു എന്നെ ഏൽപിച്ച് വരക്കാനുള്ള ആശയവും തന്നു. ഒരു നിമിഷം ഞാൻ അറച്ചു നിന്നു. അനു പറഞ്ഞു തന്ന ആശയം വളരെ ദുർബലമാണെന്ന് ഞാൻ സങ്കടപ്പെട്ടു
  ദക്ഷിണേന്ത്യയിൽ നിന്നും ഉയർന്നു വന്ന നരസിംഹറാവു പ്രധാനമന്ത്രിപദത്തിൽ ഇരിക്കുന്നത് ഉത്തരേന്ത്യൻ രാഷ്ട്രീയക്കാർക്ക് രസിക്കുന്നില്ല എന്ന് രണ്ട് മൂന്ന് മലയാളി പത്രക്കാർ പറഞ്ഞിരുന്നെങ്കിലും എനിക്ക് അതിനോട് വിയോജിപ്പായിരുന്നു. നരസിംഹറാവുമായി ബന്ധപ്പെട്ടു വരുന്ന എല്ലാ ലേഖനങ്ങളും ഞാൻ ശ്രദ്ധിച്ചിരുന്നു. റാവുവിനെ കുറിച്ചുള്ള ധാരണ മനസ്സിൽ ഉറപ്പിക്കാനും അദ്ദേഹത്തെ അനായാസേന സകല ഭാവങ്ങളോടെയും വരയ്ക്കാനും ആ ശ്രദ്ധ ആവശ്യമായിരുന്നു.

  നരസിംഹറാവു അതിബുദ്ധിമാനാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. കെ കരുണാകരൻ റാവുവിനെ വെറുതെയങ്ങ് നോമിനേറ്റ് ചെയ്തതല്ല എന്നും റാവുവിന്റെ നിർദേശപ്രകാരം വലിയ സൗഹൃദ ഡീലുകൾ ഉറപ്പിച്ചുകൊണ്ട് നോമിനേറ്റ് ചെയ്തതാണെന്നു മായിരുന്നു പത്രമാപ്പീസുകളിൽ ഒഴുകി നടന്ന പ്രധാനമന്ത്രീ രൂപങ്ങൾ . അനു തന്ന ആശയത്തിൽ ഒട്ടും പഞ്ചില്ല എന്നു തീർച്ചയായപ്പോൾ അല്പം മാറ്റം വരുത്തി പെൻസിൽ സ്കെച്ച് ചെയ്തു. ഞാൻ കൊടുത്ത പെൻസിൽ ചിത്രം അനു നിരസിച്ചു. "ഞാൻ പറഞ്ഞതുപോലെ ചെയ്താൽ മതി. സുരേഷ് ,പെട്ടെന്ന് വേണം" എങ്ങനെ ഒരു കോംപ്രമൈസ് ആശയം രൂപപ്പെടുത്തും എന്നതായി പിന്നെ എൻ്റെ ചിന്ത. അനു തന്ന ആശയത്തിൽ ചെറുതായി മാറ്റം വരുത്താമോ എന്ന് ഞാൻ ചോദിച്ചു. അനുവിനെ മുഖത്തെ പ്രകാശം മങ്ങി . "സുരേഷ് , ഡെഡ് ലൈനായി .ഞാൻ പറഞ്ഞതുപോലെ പെട്ടെന്ന് തരൂ ... "

  എനിക്കിഷ്ടമാവാത്ത ആശയത്തിനു മുകളിൽ ഞാൻ ചിത്രം വരയ്ക്കാൻ തുടങ്ങി. എനിക്കിഷ്ടമില്ലാത്ത ചിത്രമാണെങ്കിലും വരുന്ന ഞായറാഴ്ച ഇന്ത്യ മുഴുവൻ ഇന്ത്യൻ എക്സ്പ്രസ്സ് എത്തുന്നത് എൻ്റെ കൈകളിലൂടെ വിരിഞ്ഞ ചിത്രത്തോടെ ആയിരിക്കുമെന്ന കാര്യം മനസ്സിലെത്തിയപ്പോൾ വരയ്ക്കാനുള്ള ആവേശം വന്നു. ഇന്ത്യൻ എക്സ്പ്രസ്സ് വായിക്കുന്ന കോഴിക്കോട്ടുകാർ, പയ്യോളിക്കാർ , എന്റെ സ്കൂളിലെ അധ്യാപകർ, എല്ലാം എന്റെ ഈ ചിത്രം കാണും. സൺഡേ മാഗസിനിലെ ലീഡ് ചിത്രത്തോടൊപ്പം കൂമി കപൂറിന്റെയും ശോഭ ഡേയുടെയും കോളങ്ങൾക്കുള്ള ചിത്രങ്ങൾ കൂടി അന്നു വരച്ചു. ജോലി കഴിയുമ്പോഴേക്കും രാത്രി പത്ത് മണി കഴിഞ്ഞിരുന്നു. പൂർത്തിയാക്കിയ ചിത്രങ്ങൾ അനുവിനെ ഏൽപ്പിക്കുമ്പോൾ അടുത്ത വ്യാഴാഴ്ചയും വരണം എന്ന് അവർ പറഞ്ഞു .റബ്ബറിനും പെൻസിലിനും വേണ്ടി ഓഫീസിൽ ഓടി നടക്കേണ്ടി വന്നതിനാൽ ഇനി വരുമ്പോൾ എല്ലാ ടൂളുകളുമായി വേണം വരാനെന്നു കൂടി അനു ഓർമ്മിപ്പിച്ചു .
 ഇറങ്ങും മുമ്പേ ഓഫീസിൽ നിന്നും സക്കറിയയെ വിളിച്ചു. അല്പം വൈകിയെങ്കിലും വിളിച്ചേ പറ്റൂ എന്ന് തോന്നി . സക്കറിയ പെട്ടെന്ന് തന്നെ ഫോൺ എടുത്തു. ചിത്രങ്ങൾ വരച്ചു കൊടുത്തെന്നും, അവർ പറയുന്നതുപോലെ മാത്രമേ വരയ്ക്കാൻ പറ്റുള്ളൂ എന്നും എൻ്റെ ആവിഷ്കാര സ്വാതന്ത്ര്യത്തെ അവർ ചവിട്ടി ഞെരിച്ചുവെന്നും പറഞ്ഞപ്പോൾ സക്കറിയ ചിരിച്ചു. "തൽക്കാലം പിടിച്ചു നില്ല്. രണ്ടു മൂന്നാഴ്ചകൾ കഴിയുമ്പോൾ അനുവിന് ആശയമൊന്നും കിട്ടാതെയാവും. അപ്പോൾ സുരേഷിന് ഇഷ്ടംപോലെ വരയ്ക്കാം. " സക്കറിയയുടെ ചിരിയുടെ താളത്തിനൊത്ത് ഞാനും ചിരിച്ചപ്പോൾ , ആവിഷ്കാര സ്വാതന്ത്യമില്ലായ്മയുടെ ദുഃഖം അലിഞ്ഞില്ലാതായി.

***

Recent Post