സുന്ദരൻ, രാജീവ് ഗാന്ധി

കാർട്ടൂൺ വരയ്ക്കാൻ ഇരിക്കുമ്പോൾ കുട്ടികൾ എൻ്റെ അരികെ വന്നു ചിത്രത്തിന്റെ വളർച്ച നോക്കി രസിച്ചു. ഒരിക്കൽ കടലാസ് പെൻസിലിന്റെ വരയ്ക്കു മേലെ കറുപ്പ് മഷികൊണ്ട് നിറം കൊടുക്കുമ്പോൾ ഉമ എന്നോട് ഒരു അഭ്യർത്ഥന നടത്തി. അതിലെ പെൺകുട്ടിയുടെ മുടിക്ക് അവൾ നിറം കൊടുത്തോട്ടെയെന്ന്.

  Storyline-29
ഇ.സുരേഷ് 20-05-2023

  ഒരു ഗഡുവാളി കുടുംബത്തിന്റെ മയൂർവിഹാറിലെ , പോക്കറ്റ് ഒന്നിലെ, 185 എന്ന വീട്ടിലെ ഒരു മുറി ഞാൻ വാടകയ്ക്കെടുത്തു . മുദ്രപത്രത്തിലോ വാടക കുറിപ്പിലോ ഒപ്പുവെക്കാതെ . മുകളിലത്തെ നില ആയതു കാരണം അകത്തു പ്രവേശിക്കാൻ ഒരു വാതിലേ ഉണ്ടായിരുന്നുള്ളു. ആ ഗഡുവാളി കുടുംബം പെട്ടെന്ന് എന്റെ സ്വന്തക്കാരായി. നാരായണ ശർമയും , ഭാര്യ ഉത്തരയും , നവീൻ, ഗണേശ്,ഉമ എന്നീ കുട്ടികളും എന്റെ വീട്ടുകാരായി . ആദ്യ ദിവസം തന്നെ ഞാൻ ശർമാജിയുടെ ചിത്രം ചാർക്കോൾ കൊണ്ട് ഡ്രോയിങ് പേപ്പറിൽ വരച്ച് അദ്ദേഹത്തിൻ്റെ കയ്യിൽ വെച്ച് കൊടുത്തു .ശർമാജിയുടെ മുഖത്ത് ചിരി വിരിഞ്ഞു . ഇളയ കുട്ടികളായ ഗണേശും ഉമയും ചേർന്ന് ചിത്രം ഗോതമ്പുപൊടി നനച്ച് ചുവരിൽ ദൈവത്തിന്റെ ഫോട്ടോകൾക്കരികിൽ ഒട്ടിച്ചു വെച്ചു .
 കാർട്ടൂൺ വരയ്ക്കാൻ ഇരിക്കുമ്പോൾ കുട്ടികൾ എൻ്റെ അരികെ വന്നു ചിത്രത്തിന്റെ വളർച്ച നോക്കി രസിച്ചു. ഒരിക്കൽ കടലാസ് പെൻസിലിന്റെ വരയ്ക്കു മേലെ കറുപ്പ് മഷികൊണ്ട് നിറം കൊടുക്കുമ്പോൾ ഉമ എന്നോട് ഒരു അഭ്യർത്ഥന നടത്തി. അതിലെ പെൺകുട്ടിയുടെ മുടിക്ക് അവൾ നിറം കൊടുത്തോട്ടെയെന്ന്.

  നാരായണ ശർമ്മ ഡൽഹിയിലെ ഒരു സർക്കാർ ഓഫീസിൽ പ്യൂണായി ജോലി ചെയ്യുന്നു. ഡൽഹി ഡെവലപ്മെന്റ് അതോറിറ്റി മയൂർ വിഹാർ ഫേസ് ഒന്നിൽ ഫാറ്റുകൾ പണിതപ്പോൾ താഴത്തെ നിലയും ഒന്നും രണ്ടും നിലകളും മിഡിൽ ഇൻകം ക്ലാസ്സുകാർക്കും മുകളിലത്തെ നില ലോവർ ഇൻകം ക്ലാസ്സുകാർക്കുമായി വീതിച്ചു കൊടുത്തതാണ് . തവണകളായി ശമ്പളത്തിൽ നിന്നും തിരിച്ചുപിടിക്കാം എന്ന വ്യവസ്ഥയിൽ .
 ശർമാജിയുടെ ഫ്ലാറ്റിന്റെ തൊട്ടടുത്ത ഫ്ലാറ്റ് അദ്ദേഹത്തിൻ്റെ ഉറ്റമിത്രം ഗോവിന്ദ് ശർമയുടെതായിരുന്നു. ഇപ്പോൾ അവിടെ അവിവാഹിതരായ നാല് മലയാളി യുവാക്കൾ വാടകയ്ക്ക് പാർത്ത് പോരുന്നു. ഓഫീസുകൾ വിട്ടു വന്നാൽ അവരിൽ മൂന്നുപേർ സ്വീകരണമുറിയിൽ ഒരുവശത്തായി ഒതുക്കിവെച്ച 14 ഇഞ്ച് ബ്ലാക്ക് ആൻഡ് വൈറ്റ് ടെലിവിഷന്റെ മുന്നിലായിരിക്കും. കൂടെയുള്ള ഒരാൾ അടുക്കളയിലും .
 രാവിലെ ഓഫീസിലേക്കു പോകുന്ന ശർമാജി വൈകിട്ട് വീട്ടിലെത്തുന്നത് കൈകൾകൊണ്ട് ചവിട്ടുപടികൾ പിടിച്ചു നാട്ടുകാരേയും വീട്ടുകാരെയും മൊത്തം ചീത്തവിളിച്ചു കൊണ്ടായിരിക്കും. ഭാര്യയും കുട്ടികളും ചേർന്ന് വാതിൽ തുറന്ന് ശർമാജിയുടെ കുതറുന്ന കൈകളും കാലുകളും ഓരോരുത്തരായി പിടിച്ച് കിടപ്പുമുറിയിൽ കൊണ്ടുചെന്ന് തള്ളും. നാരായണൻ ശർമ ഏറെനേരം വാതിലിൽ മുട്ടി ഉറക്കെ നിലവിളിക്കും. പിന്നീട് ശബ്ദമുണ്ടാക്കാതെ തറയിൽ കിടന്നുറങ്ങും. അകത്തെ ശബ്ദം നിന്നാൽ ഭാര്യയും കുട്ടികളും ചേർന്ന് ശർമാജിയെ തൂക്കിയെടുത്തു കിടക്കയിൽ കിടത്തും. രജോയി കൊണ്ട് പുതപ്പിക്കും.
 ഹോളി കഴിഞ്ഞ ശേഷം കുട്ടികൾ ടെറസിന് മുകളിലാണ് ഉറങ്ങാൻ കിടക്കുക. നിലത്ത് പഴയ രജോയ് വിരിച്ച് കൊതുവല കൊണ്ട് കൂടാരം ഒരുക്കി അവർ സുഖമായി കിടന്നുറങ്ങുന്നു. ചൂടുകാലം തുടങ്ങിയപ്പോൾ ശർമാജിക്ക് തണുപ്പുകാലത്തെക്കാൾ ശക്തികൂടിയിട്ടുണ്ട് എന്ന് തോന്നി. അയൽക്കാരെയും വീട്ടുകാരെയും ചീത്ത വിളിക്കുന്നതും അടച്ചിട്ട മുറിയിൽ കിടന്ന് മുറവിളിയിട്ടുന്നതിനും ശബ്ദം ഒരു പാട് കൂടിയിരിക്കുന്നു .
 എന്റെ മുറിയിലെ പഠനമേശക്കരികെ യിരുന്നു ഒരു മലയാള വാരികയ്ക്കുള്ള കാർട്ടൂൺ തയ്യാറാക്കിക്കൊണ്ടിരുന്ന സമയത്ത് സ്വീകരണ മുറിയിൽ നിന്നും ശർമാജിയുടെ ഭാര്യയുടെ ദീനരോദനം കേട്ട് മുറിയിലേക്ക് ചെന്നു. തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ ഒരു തിരഞ്ഞെടുപ്പ്റാലിയിൽ പങ്കെടുക്കാനെത്തിയ രാജീവ് ഗാന്ധി എന്ന സുന്ദരനായ ചെറുപ്പക്കാരൻ -ഒരു ആത്മഹത്യാ സ്ക്വാഡിന്റെ ബോംബാക്രമണം - ശരീരം ചിന്നി ചിതറിയ രാഷ്ട്രീയനേതാവ് . വല്ലാത്ത വിഷമം തോന്നി .വളരെ അടുത്ത ഒരു ബന്ധു പൊടുന്നനെ ഇല്ലാതായ പോലെ .അന്നത്തെ കാർട്ടൂൺ രചന ഞാൻ നിർത്തിവച്ചു . ടെലിവിഷനു മുന്നിൽ കാണികൾ കൂടി .

  എന്റെ രാജീവ് ഗാന്ധീ കാരിക്കേച്ചർ സുന്ദരമാണെന്ന് എനിക്ക് തോന്നാറുണ്ട്. രാജീവ് ഗാന്ധിയെ വരയ്ക്കാനാണ് ഏറെ എളുപ്പവും . രാജീവ് ഗാന്ധി ഇന്ത്യയുടെ മുന്നോട്ടുള്ള യാത്രക്ക് എളുപ്പവഴി കണ്ടെത്തിയിരുന്നു എന്ന് എനിക്ക് തോന്നിയിരുന്നു. ആ വഴിയിലാണ് എൽ ടി ടി കാർ ബോംബിട്ടത് ! ദുഃഖം താങ്ങാനാവാതെ അടുത്തവീട്ടിലെ മലയാളികൾ മദ്യക്കുപ്പി എടുത്തു മുന്നിൽ വച്ചു. ദുഃഖത്തിൽ പങ്കു ചേരാൻ അവർ എന്നെയും ക്ഷണിച്ചു.

***

Recent Post