ദൽഹിയിലെ ഇന്ത്യ

പ്രസ്ക്ലബ്ബിൽ അന്നത്തെ രാഷ്ട്രീയം വൈൻ ഗ്ലാസിൽ നുരഞ്ഞു പൊങ്ങുകയായിരുന്നു. തലമുതിർന്ന ഒരു ജേണലിസ്റ്റിനു മുന്നിൽ സക്കറിയ ചെന്നിരുന്നു.   Storyline-28

ഇ.സുരേഷ് 29-04-2023

  ജോർബാഗിലെ ഒന്നര മുറിയിൽ അഞ്ച് ഇരുമ്പു കട്ടിലുകളാണ് തലങ്ങും വിലങ്ങുമായി ഇട്ടിരുന്നത്. ഒരാൾ നാട്ടിൽ പോയ ഒഴിവിലേക്കാണ് എനിക്കൊരു കട്ടിൽ കിട്ടിയത്. വയനാട്ടിലേക്ക് പോയ ഏലിയാസ് ഒരാഴ്ചക്കുള്ളിൽ തിരിച്ചുവരുന്നു എന്നത് എനിക്ക് ജോർബാഗ് വിടാനുള്ള സൂചന തന്നു. "മാഷക്ക് ഒരു മുറി ഞങ്ങൾ തന്നെ ശരിയാക്കി തരും . " പട്ടാമ്പിക്കാരൻ രാജാകൃഷ്ണൻ എന്നെ സഹായിക്കാമെന്നേറ്റു . മയൂർവിഹാറിലെ ഒരു ഗഡുവാളിയുടെ വീട്ടിൽ വാടകയ്ക്ക് മുറി കിട്ടാനുണ്ടെന്ന് അന്നു രാത്രി തന്നെ രാജാകൃഷ്ണൻ അറിയിച്ചു. ഈ ഞായറാഴ്ച അവിടെ പോകാമെന്നും ഇഷ്ടപ്പെട്ടാൽ അതിനടുത്ത ദിവസം തന്നെ അവിടേക്ക് മാറാമെന്നും കൂട്ടുകാരൻ എന്നോട് പറഞ്ഞു.
 ഇന്ത്യാ ഡേ ആഫ്റ്റർ വിപണിയിലെത്തുമെന്ന് പറഞ്ഞ ദിവസം രാവിലെ ഇറങ്ങി. കൊണാട്ട് പ്ലേസിലെ പത്ര വില്പനക്കാരന്റെ അടുത്തേക്ക് . രാജീവ് ഗാന്ധിയുടെ സുന്ദരമായ ഒരു ഫോട്ടോഗ്രാഫോടെ ഡേ ആഫ്റ്ററിന്റെ പുതിയ ലക്കം , മറ്റു വാരികകളുടേയും മാസികകളുടേയും ഇടയിൽ ഞാൻ കണ്ടു. നേരിയ ഭയത്തോടെയാണ് മാസിക കയ്യിലെടുത്തത്. എന്റെ ചിത്രങ്ങൾ എങ്ങനെയായിരിക്കും മാസികയുടെ പേജുകളിൽ വന്നിട്ടുണ്ടാവുക...! അതിശയിപ്പിക്കുന്ന വലിപ്പത്തിൽ എന്റെ ഒരു ചിത്രം ഒരു പേജിലായി വിധാനം ചെയ്തിരിക്കുന്നു . മറ്റു ചിത്രങ്ങളേയും നന്നായി തന്നെ ഒരുക്കിയിരിക്കുന്നു. ആഹ്ലാദത്തിന്റെ ഊഞ്ഞാലിൽ ആരോ എന്നെ കയറ്റി ഇരുത്തി തള്ളുന്നതായി തോന്നി ,ഒരു നിമിഷം. അടുത്തു കണ്ട ടെലിഫോൺ ബൂത്തിൽ കയറി ഞാൻ സക്കറിയയെ വിളിച്ചു. ഇന്ത്യാ ഡേ ആഫ്റ്ററിൽ ഇല്ലസ്ട്രേഷൻ പ്രിന്റു ചെയ്തു വന്ന കാര്യം പറഞ്ഞു. "വെരി ഗുഡ്..!ഇനി വരുമ്പോൾ മാസിക കൂടി കൊണ്ടുവരണം" "ഇന്നു തന്നെ വരട്ടെ . " "നാലുമണിയോടെ വന്നോളു. "
 ഡൽഹി ദീപാവലി ക്കുള്ള ഒരുക്കങ്ങളിലായിരുന്നു. മിഠായി പാക്കറ്റുകൾ ഓഫീസുകളിൽ ഡസ്ക് ടോപ്പുകൾക്ക് മുകളിലൂടെ പറന്നു . തണുപ്പിനും മഞ്ഞിനും ഉത്തരേന്ത്യൻ പേടയുടെ മധുരവുമായി എന്തോ ബന്ധമുണ്ടെന്ന് എനിക്ക് തോന്നി . ഞാൻ തണുപ്പിനെ ഇഷ്ടപ്പെട്ടു. പേടയുടെ മധുരത്തെയും മഞ്ഞിനെയും . നാലുമണിക്ക് സക്കറിയ ക്യാബിനിൽ ഉണ്ടായിരുന്നില്ല . ഞാൻ വന്നാൽ കാത്തിരിക്കണമെന്ന് അദ്ദേഹം രാജശേഖരനെ പറഞ്ഞേൽപ്പിച്ചിരുന്നു. അഞ്ചുമണിയോടെ രാജശേഖരനും തമിഴ്നാട് കാരി ലക്ഷ്മിയും ഓഫീസ് വിട്ടു. ഞാൻ ചിരിച്ചു പരിചയം കാട്ടിയാലും മുഖം തരാതെ കടന്നുപോയ്ക്കൊണ്ടിരുന്ന ആന്ധ്രക്കാരൻ ശ്രീധർ മാത്രം ഓഫീസിലെ ഒരു മൂലയിലിരുന്ന് ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുന്നു. വീണ്ടും ഒരു മണിക്കൂർ കൂടി കഴിഞ്ഞപ്പോൾ ,ചിരിയുടെ കുഞ്ഞോളങ്ങൾ ഇളക്കി സക്കറിയ മുറിയിലെത്തി . ഇന്ത്യാ ഡേആഫ്റ്റർ മറിച്ചു നോക്കിയ ശേഷം ചിത്രം വന്ന പേജുകളുടെ ഫോട്ടോ കോപ്പി എടുത്തു കൊടുക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. സക്കറിയ ഇറങ്ങിയപ്പോൾ കൂടെ ഇറങ്ങി. പി ടി ഐ യുടെ ഇരുമ്പു വേലി കടന്ന് ഇന്ത്യൻ ന്യൂസ്പേപ്പർ സൊസൈറ്റിയുടെ ബിൽഡിങ്ങിന്റെ അരികിലൂടെ പ്രസ്സ്ക്ലബ് ലക്ഷ്യംവെച്ച് സക്കറിയ നടന്നു. കൂടെ ഞാനും .
 പ്രസ്ക്ലബ്ബിൽ അന്നത്തെ രാഷ്ട്രീയം വൈൻ ഗ്ലാസിൽ നുരഞ്ഞു പൊങ്ങുകയായിരുന്നു. തലമുതിർന്ന ഒരു ജേണലിസ്റ്റിനു മുന്നിൽ സക്കറിയ ചെന്നിരുന്നു. അടുത്ത ഇരിപ്പിടത്തിൽ ഞാനും . ഇന്ത്യയ്ക്ക് വന്നുകൊണ്ടിരിക്കുന്ന വലിയ വിദേശ കടം , ഇന്ത്യയുടെ നിർമ്മാണരംഗത്തെ അപചയം എന്നിവയൊക്കെയായി ചർച്ച പുരോഗമിച്ചു. പ്രസ്സ് ക്ലബ്ബിൽ ഉയർന്ന ലഹരി , മനസ്സിൽ രാഷ്ട്രീയ ചിത്രങ്ങളുടെ ക്യാൻവാസായി മാറി . ഞാൻ നാട്ടിൽ നിന്നും കണ്ട ഇന്ത്യ അല്ലല്ലോ ഡൽഹിയിലെ ഇന്ത്യയെന്ന് എനിക്ക് തോന്നി.

  ജോർജ് ബാഗിലെ മുറിയിലെത്തിയാൽ എല്ലാവരും ഉറങ്ങിക്കാണും എന്നായിരുന്നു കരുതിയത് . ആരും ഉറങ്ങാതെ അവിടെ ഒരു ആഘോഷം നടക്കുകയായിരുന്നു . അടുത്ത വീട്ടിലെ രേണു വിനെ പ്രണയിച്ച ചിറ്റൂർ കാരൻ മുകുന്ദന് നാട്ടിൽ ജോലിക്കുള്ള അഡ്വൈസ് മെമ്മോ വന്നിരിക്കുന്നു. പാലക്കാട് ചെന്നു റോഡ് ട്രാൻപോർട്ട് ഓഫീസിൽ ചേരാൻ . പാലക്കാട് നിന്നും ചേട്ടൻ വിളിച്ചു പറഞ്ഞ ഉടനെ ഒരുക്കിയ പാർട്ടിയാണ്. തന്തൂരി ചിക്കന്റെയും ഓംലെറ്റിന്റേയും മാക് ഡോവലിന്റെയും ഐസ് ക്യൂബുകളുടേയും, ഉപ്പും നാരങ്ങനീരും ചേർത്ത മുള്ളങ്കിയുടേയും ഒപ്പം പാലക്കാട് വെച്ച് നടക്കാൻ പോകുന്ന രേണുവിന്റെയും മുകുന്ദന്റേയും കല്യാണ ഭാവനകൾ കൂടി ചിറകിട്ടടിച്ചു . അയൽ വീട്ടിലെ രേണുവും അമ്മയും ആഘോഷത്തിൽ പങ്കുചേരാൻ വന്നു ഓരോ കഷണം ഓംലറ്റ് കഴിച്ച് തിരിച്ചു പോയി.
 ചന്ദ്രൻ ,മുഹമ്മദ് റാഫിയുടെ ഒരുഗാനം നീട്ടി പാടാൻ തുടങ്ങിയപ്പോൾ ഞാൻ മുകുന്ദന്റെ അരികിൽ ചെന്ന് ചോദിച്ചു . "ജോലി പാലക്കാട്ടായാൽ നിങ്ങൾ രേണുവിനെ വിവാഹം ചെയ്യുമോ ?" "അവൾ വരുകയാണെങ്കിൽ ഞാൻ കൂട്ടും. " "വന്നില്ലെങ്കിൽ ... " "മറ്റൊരാളെ കെട്ടും. "

  ചന്ദ്രൻ പാടിക്കൊണ്ടിരിക്കുന്ന പാട്ടിലെ വരികൾ മുഴുവൻ കഴിഞ്ഞപ്പോൾ ആരോ എന്നോട് പറഞ്ഞു. "മാഷേ , നമുക്ക് രാവിലെ മയൂർ വിഹാറിലേക്ക് പോകണം . ശർമ്മാജി ഇറങ്ങും മുമ്പെ എത്തണം"
 പ്രസ്സ് ക്ലബ്ബ് തന്ന ലഹരി എന്നെ അടുത്തു കണ്ട കട്ടിലിൽ ഇരുത്തി, പിന്നെ കിടത്തി. കിടന്നപ്പോൾ മുറി മൊത്തം കറങ്ങുന്നതായി തോന്നി. മയൂർവിഹാറിലാണ് കിടക്കുന്നത് എന്ന് തോന്നി.

***

Recent Post