കന്നിവരയിൽ രാജീവ് ഗാന്ധി

ഒരുനാൾ കുഞ്ഞുണ്ണിമാഷെ കാണാനായി വലപ്പാട് പോയപ്പോൾ നടൻ ശ്രീരാമൻ സമ്മാനിച്ച ഓസ്മറോൾഡ് പേന അദ്ദേഹം എനിക്ക് നൽകുകയായിരുന്നു. "എനിക്ക് ഇതിന്റെ ആവശ്യമില്ല. കുറ്റിപെൻസിൽ മതി. താൻ ഉപയോഗിച്ചു കൊള്ളു. "

  Storyline-27
ഇ.സുരേഷ് 24-04-2023

  കണ്ടാൽ ഇന്ത്യ ടുഡേ പോലെ തോന്നിക്കുന്ന ദ്വൈവാരികയായ ഇന്ത്യാ ഡേആഫ്റ്ററിന്റെ ഓഫീസ് ലാജ്പത് നഗറിലെ ഒരു വലിയ കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് .ചില്ലു വാതിൽ തള്ളി അകത്തെത്തിയപ്പോൾ സുന്ദരിയായ റിസപ്ഷനിസ്റ്റ് മലയാളത്തിൽ ചോദിച്ചു . "എന്താണ് വന്നത് ?" ഒരു മലയാളിക്ക് മറ്റൊരു മലയാളിയെ ഏതു നാട്ടിൽ വെച്ച് കണ്ടാലും പെട്ടന്ന് തിരിച്ചറിയാൻ പറ്റും എന്ന ധാരണ കുറച്ചുനാൾ കൊണ്ട് നേടിയതിനാൽ അത്ഭുതമൊട്ടുമില്ലാതെ ഞാൻ പറഞ്ഞു. "എഡിറ്ററെ കാണാണം. " റിസപ്ഷനിസ്റ്റ് ഫോൺ എടുത്ത് സംസാരിക്കാൻ തുടങ്ങി , പിന്നെ ഫോൺ മാറ്റി പിടിച്ച് എന്റെ വരവിന്റെ ഉദ്ദേശത്തെ കുറിച്ച് ചോദിച്ചു . എന്റെ മറുപടി വ്യക്തമായപ്പോൾ വീണ്ടും ഫോണിൽ സംസാരിച്ച് ഫോൺ മാറ്റി എന്നോട് അകത്തേക്ക് പോയ്ക്കോളാൻ പറഞ്ഞു .
 കട്ടിമീശ കാരനായ സുനിൽ ഡാങ്ക് കസേരയിലിരുന്ന് കറങ്ങി കമ്പ്യൂട്ടറിൽ നിന്നും മുഖം തിരിച്ച് എൻ്റെ മുന്നിലെത്തി . ബാഗിൽ നിന്നും ചിത്രങ്ങളെടുത്ത് സുനിൽ ഡാങ്കിന്റെ മേശപ്പുറത്തുവച്ചു. ഒപ്പം മാതൃഭൂമി ആഴ്ചപ്പതിപ്പിലും ദേശാഭിമാനി വാരികയിലും പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന കാർട്ടൂണുകളും . ഒരു രാഷ്ട്രീയ ലേഖനം തന്നാൽ പെട്ടന്ന് ചിത്രീകരണം നടത്താമോ എന്ന് സുനിൽ ചോദിച്ചു. എഡിറ്റർ ആരെയോ അകത്തേക്ക് വിളിപ്പിച്ചു. ഒരു ചെറുപ്പക്കാരൻ അകത്തുവന്നപ്പോൾ കവർ സ്റ്റോറി എന്റെ കയ്യിൽ തരാൻ പറഞ്ഞു.
 ഇന്ത്യ ഡേആഫ്റ്ററിന്റെ പുതിയ എഡിഷൻ അവസാനഘട്ട പണികളിലാണ് എല്ലാവരും . അഭിഗ്യാൻ എന്ന സബ് എഡിറ്റർ തന്ന സ്റ്റോറിയുമായി ഞാൻ ഒരൊഴിഞ്ഞ സീറ്റ് കണ്ടുപിടിച്ചിരുന്നു. വരയ്ക്കാനുള്ള പേന മാത്രമേ കരുതിയിരുന്നുള്ളൂ. റിസപ്ഷനിസ്റ്റ് പെൺകുട്ടി അകത്തെവിടെയോ ചെന്ന് കടലാസ് പെൻസിലും എറേസറും എടുത്തു കൊണ്ടുവന്നു. "ഇതൊന്നുമില്ലാതെയാണോ വരപ്പാൻ നടക്കുന്നത് ... " "ഇത്ര പെട്ടെന്ന് ജോലി കിട്ടും എന്നറിയില്ലല്ലോ. " ബാഗിൽ കരുതിയിരുന്ന വിലകൂടിയ ഡ്രോയിങ് പേനകൊണ്ട് ഇല്ലസ്ട്രേഷൻ പണി തുടങ്ങി. ഒരുനാൾ കുഞ്ഞുണ്ണിമാഷെ കാണാനായി വലപ്പാട് പോയപ്പോൾ നടൻ ശ്രീരാമൻ സമ്മാനിച്ച ഓസ്മറോൾഡ് പേന അദ്ദേഹം എനിക്ക് നൽകുകയായിരുന്നു. "എനിക്ക് ഇതിന്റെ ആവശ്യമില്ല. കുറ്റിപെൻസിൽ മതി. താൻ ഉപയോഗിച്ചു കൊള്ളു. " കുഞ്ഞുണ്ണിമാസ്റ്റർ തന്ന ഓസ്മറോൾഡ് പേനയിൽ മാഷുടെ അനുഗ്രഹം ഉണ്ടായിരുന്നു .

  ചിത്രം വരയ്ക്കാൻ തുടങ്ങിയപ്പോൾ സുനിൽ ഡാങ്ക് അരികിലേക്ക് വന്നു. ഇന്ത്യ ടുഡേയിൽ അജിത് നൈനാൻ എന്ന മലയാളി ഇല്ലസ്ട്രേഷൻ തകർത്ത് വരയ്ക്കുന്നതുപോലെ ഞാനും വരയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു . ആ ആവശ്യം സ്വീകരിക്കാൻ എനിക്ക് ഇഷ്ടമായിരുന്നു.
 സാമൂഹിക കാർട്ടൂണുകൾ മാത്രം രചിച്ചു ശീലിച്ച ഞാൻ ആദ്യമായാണ് രാഷ്ട്രീയനേതാക്കളെ വരയ്ക്കുന്നത് . രാജീവ് ഗാന്ധി ആയിരുന്നു ചിത്രീകരിക്കേണ്ട സ്റ്റോറിയിലെ മുഖ്യകഥാപാത്രം. രാജീവ് ഗാന്ധിയുടെ ഏതാനും ഫോട്ടോഗ്രാഫുകൾ നിരത്തി വച്ചാണ് കാരിക്കേച്ചറുകൾ രൂപപ്പെടുത്തിയത്. തൃപ്തിവരാതെ മാറ്റിമാറ്റി വരച്ചു കൊണ്ടിരിക്കുന്ന എന്റെ അരികിലേക്ക് റിസപ്ഷനിസ്റ്റ് വന്നു. ചങ്ങനാശ്ശേരി ക്കാരിയായ സ്റ്റെല്ല . "ചിത്രം വരയ്ക്കുന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ് അല്ലേ ?" "അല്ല .ഒരു സ്റ്റൈൽ രൂപപ്പെടുത്തുകയാണ്. ഫോട്ടോ നോക്കി വരയ്ക്കാൻ അല്പം പ്രയാസമാണ്. ആളെ നോക്കി വരയ്ക്കാൻ എളുപ്പവും . " "നോക്കി വരയ്ക്കാൻ എളുപ്പമാണെങ്കിൽ എന്റെ ഒരു പടം വരച്ചു തരുമോ. " "ഈ പണി കഴിയട്ടെ . " റിസപ്ഷനിൽ ഫോൺ റിംഗ് ചെയ്തത് കേട്ട് ഓടി പോകുമ്പോൾ സ്റ്റെല്ല പറഞ്ഞു. "മതി .എപ്പോഴെങ്കിലും വരച്ചാൽ മതി. "
 രാജീവ് ഗാന്ധിക്ക് വേണ്ടി ഒരു സ്റ്റൈൽ രൂപപ്പെടുത്തിയ ശേഷം ഇലസ്ട്രേഷൻ പണി തുടങ്ങി. ഡയലോഗ് ഇല്ലാത്ത ഒരു കാർട്ടൂൺ തന്നെയായിരുന്നു പൂർത്തിയായ ചിത്രം . തിരഞ്ഞെടുപ്പിനെ നേരിടാൻ പോകുന്ന രാജീവ്. വ്യക്തിപരമായി എനിക്ക് രാജീവ് ഗാന്ധിയെ ഇഷ്ടമായിരുന്നു. ആ ഇഷ്ടം എന്റെ ചിത്രത്തിലും വന്നിട്ടുണ്ടെന്നു തോന്നി. ഇല്ലസ്ട്രേഷൻ സുനിൽ ഡാങ്കിന്റെ മുറിയിൽ ചെന്ന് ഏൽപ്പിച്ചു. അദ്ദേഹത്തിന്റെ മുഖത്ത് പുഞ്ചിരി വിരിഞ്ഞു. രണ്ടു ലേഖനങ്ങൾക്ക് കൂടി ചിത്രീകരണം വേണമെന്നു പറഞ്ഞു കൊണ്ട് പ്രിന്റുകൾ തന്നു . ചിത്രങ്ങൾ നാളെ രാവിലെ ഓഫീസിൽ എത്തിക്കണമെന്ന നിബന്ധനയിൽ .
 രാത്രി മുറിയിൽ ഒരു കൂട്ടുകാരൻ മാത്രമേ ഉണ്ടായിരുന്നുളളു. മറ്റു മൂന്നുപേർക്കും നൈറ്റ് ഡ്യൂട്ടി ആയിരുന്നു. രാത്രി ഏറെ നേരം ഇരുന്നു ചിത്രരചന നടത്തുന്നത് അയാൾക്ക് ബുദ്ധിമുട്ടാകുമോ എന്ന ഭയം എനിക്കുണ്ടായിരുന്നു. അയാൾ ചാർ പായയിൽ കിടന്നു രജോയി വലിച്ചിട്ടു ഉടനെ കൂർക്കംവലി തുടങ്ങി. രാത്രി ഇരുന്ന് ജോലി ചെയ്യുന്നത് ഏറെ രസകരമാണ്. എല്ലാവരും ഉറങ്ങുമ്പോൾ ഉണർന്നിരിക്കാം. നിശബ്ദതയുടെ ഇരുളിലൂടെ സ്വതന്ത്രമായ മനസ്സിന്റെ കൂടെ ഒരുപാട് ദൂരം യാത്ര ചെയ്യാം. മൂങ്ങകൾക്കും വവ്വാലുകൾക്കും ഒപ്പം ചെന്ന് മരച്ചില്ലകളിൽ അന്തിയുറങ്ങുന്ന കാക്കകളേയും വണ്ണാത്തിക്കിളികളേയും ഇക്കിളിപ്പെടുത്തി ഉണർത്താം. ഉറക്കം മുട്ടി പരുങ്ങുന്ന അവരുടെ വിഭ്രാന്തികൾ നോക്കി കളിയാക്കി ചിരിക്കാം .
 രാത്രിയിലെ അനന്തമായ സമയമെടുത്ത് വരച്ച ചിത്രങ്ങളുമായി രാവിലെ ഓഫീസിൽ എത്തി . സുനിൽ ഡാങ്ക് ഓഫീസിൽ എത്തിയിരുന്നില്ല. സബ് എഡിറ്റർ വന്ന് ചിത്രങ്ങൾ വാങ്ങിക്കൊണ്ടുപോയി. എന്റെ കടമ കഴിഞ്ഞു , ഇനി ഞാൻ ഇറങ്ങട്ടെ എന്ന് പറഞ്ഞപ്പോൾ സ്റ്റെല്ല തടഞ്ഞു. "എന്റെ ചിത്രം വരച്ചു തന്നില്ല . "

  സ്റ്റെല്ലയുടെ കണ്ണുകളിലേക്ക് നോക്കി കണ്ണിന്റെ മൂഡ് ഒപ്പിയെടുക്കാൻ ശ്രമിച്ചപ്പോൾ , അവൾ നാണം കൊണ്ട് കണ്ണെടുത്തു. കറുത്ത മഷിയിൽ വരച്ച ചിത്രം ശ്രദ്ധയോടെ എടുത്തുകൊണ്ടുപോകുമ്പോൾ സ്റ്റെല്ല പറഞ്ഞു. " ഇതിന്മേൽ ഞാൻ ചായം പൂശും. "

***

Recent Post