“പുഴു” : ഒരു ചലച്ചിത്രത്തെ എങ്ങനെ അവിശ്വസിക്കും?

കരുണാകരന്‍

23/05/2022


  കലയുടെ സാമൂഹ്യ പദവിയെക്കുറിച്ചുള്ള വിചാരങ്ങളില്‍, ദേശം, സംസ്കാരം, ഭാഷ, ജീവിതം, കാലം, ലോകം, തുടങ്ങിയവയൊക്കെ കടന്നുവരുന്നത് സ്വഭാവികമാണെങ്കിലും, കലയുടെ ആവശ്യം വൈയക്തികമായിത്തന്നെ നിലനില്‍ക്കുന്നു : ഒരാളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കുള്ളിലോ പുറത്തോ അത് പരീക്ഷിക്കപ്പെടുന്നു എന്ന അര്‍ത്ഥത്തില്‍. ഈയിടെ മലയാളത്തിലിറങ്ങിയ റത്തീന സംവിധാനം ചെയ്ത ചലച്ചിത്രം ‘പുഴു’ സമൂഹമാധ്യമങ്ങളിലുയര്ത്തിയ ചര്‍ച്ച, ഒരു പക്ഷെ, അങ്ങനെയൊരു ചര്‍ച്ചയുടെ സാധ്യതയിലേക്കാണ് നമ്മെ നയിക്കുന്നത്.
‘പുഴു’വിനെപ്പറ്റി പറയുകയാണെങ്കില്‍, ചലച്ചിത്രത്തിന്‍റെ കലാപരമായ അസ്തിത്വത്തെക്കാള്‍ അത് നിര്‍മ്മിക്കുകയോ കണ്ടെത്തുകയൊ ചെയ്യുന്ന ‘സാമൂഹ്യ ഇട’മായിരുന്നു ചര്‍ച്ചയില്‍ അധിക നേരവും. തീര്ച്ചയായും ഇതില്‍ അത്ഭുതങ്ങളൊന്നുമില്ല. ചലച്ചിത്രത്തിന്‍റെ ‘രാഷ്ട്രീയ ശരീരം’ ജാതി-അധീശത്വത്തെത്തെയും , അതിലൂടെ വ്യക്തിയ്ക്കും കുടുംബത്തിനും ലഭിക്കുന്ന സാമൂഹ്യ ശ്രദ്ധയെയും ‘കഥ’യാക്കുന്നു എന്നതുകൊണ്ടുതന്നെ. എന്നല്ല, നമ്മുടെതു പോലുള്ള ഒരു സമൂഹത്തില്‍, അത്തരം ചര്‍ച്ചകള്‍ക്കുള്ള സാധ്യത എപ്പോഴും നിലനില്‍ക്കുന്നു. എന്നാല്‍, ഒരു ചലച്ചിത്രത്തോടുള്ള ഒരാളുടെ സമീപനം ആ ചലച്ചിത്രം നിര്‍മ്മിക്കപ്പെട്ട പൊതു-ഇടത്തില്‍ നിന്നുള്ള വിമോചനത്തെയും വഹിക്കുന്നുണ്ട് എന്നാണ് നേര്. അഥവാ, അങ്ങനെയൊരു ലാവണ്യ സങ്കല്‍പ്പം ഇതോടൊപ്പം ചര്‍ച്ച ചെയ്യപ്പെടുന്നു. നന്നായി നിര്‍മ്മിച്ച ചലച്ചിത്രമെന്ന് ഒരു പ്രേക്ഷക കണ്ടെത്തുന്ന നിമിഷങ്ങളിലാണ്, ചലച്ചിത്രം, അത് നിര്‍മ്മിക്കപ്പെട്ട ഭാഷയിലും അതിലെ കലാ സമൂഹത്തിലും, അത്തരമൊരു സാധ്യത പരീക്ഷിക്കുന്നത്. ഈ ചലച്ചിത്രം, ‘പുഴു’, പക്ഷെ അങ്ങനെയൊരു അന്വേഷണത്തിലേക്ക് നീങ്ങിയില്ല. ഇത്, ആ ചലച്ചിത്രം നിര്‍മ്മിക്കപ്പെട്ട കാലത്തിന്‍റെ കൂടി ‘പിടുത്തം’ കൊണ്ടായിരുന്നുവെന്ന്, പിറകെ വന്ന ചര്‍ച്ചകള്‍ തെളിയിക്കുകയും ചെയ്തു.
ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ ‘അഭിമാന കൊലകള്‍’ നടക്കുന്ന കേരളീയ സമൂഹത്തില്‍, ‘പുഴു’ പോലൊരു ചലച്ചിത്രത്തിന്‍റെ പ്രമേയം എപ്പോഴും സാധ്യതയുള്ള ഒന്നാണ്. ഇപ്പോള്‍ തുടരുന്നപോലുള്ള ചര്‍ച്ചകളും സാധ്യമാണ്. ഒരു കലാവസ്തുവെന്ന നിലയ്ക്ക് ഈ ചലച്ചിത്രവും പാകമാവുന്ന അഭിരുചികളിലും അപരിചിതമായി ഒന്നുമുണ്ടാവില്ല. എന്നാല്‍, ഹിന്ദുമതത്തിലെ ഏറ്റവും ഉയര്‍ന്ന ‘വര്‍ണ്ണ’ത്തില്‍ പെടുന്ന ബ്രാഹ്മണ ജാതിയെ ചലച്ചിത്രകഥയിലെ പ്രതിനായക സ്ഥാനത്ത് നിര്‍ത്തിയതായിരുന്നു ഒരുപക്ഷെ ‘പുഴു’വിന് തക്ഷകന്‍റെ പകയോ വീര്യമോ നല്‍കിയത് . അഥവാ, ഇങ്ങനെയായിരുന്നു അത് പ്രചരിക്കപ്പെട്ടത് : ശാന്തശീലരായ ഒരു ‘സമുദായ’ത്തെ, സമീപകാലത്തെ കൊലപാതകങ്ങളിലൊന്നും പങ്കില്ലാത്ത ഒരു സമുദായത്തെ ഇങ്ങനെ പ്രതിനിധീകരിക്കുന്നതില്‍ ഒരേസമയം പന്തികേടും ഗൂഡാലോചനയുമുണ്ട്. വിശേഷിച്ചും, ഏറ്റവും കൂടുതല്‍ വര്‍ഗീയതയും ‘അഭിമാന കൊലകകളും’ നടക്കുന്ന ഒരു മതത്തില്‍ നിന്നുള്ളവര്‍ ഈ ചലച്ചിത്രത്തിന്‍റെ നിര്‍മ്മാണത്തില്‍ പങ്കെടുക്കുമ്പോള്‍.
എന്നാല്‍, ഈ ചര്‍ച്ചയില്‍ നമ്മെ ആകര്‍ഷിക്കുന്നത് ഇതൊന്നുമല്ല. എന്‍റെ ചര്‍ച്ച ആ ചലച്ചിത്രത്തിലെക്കോ അതിന്‍റെ നിര്‍മ്മാണ പങ്കാളിത്തത്തിലെ ഗൂഡാലോചനകളിലെക്കോ പോകുന്നുമില്ല; അവ അപ്രധാനമായതുകൊണ്ടല്ല, മറിച്ച് മറ്റൊരു ആവശ്യത്തെ പ്രതി : എന്തായിരിക്കണം ഈ ചലച്ചിത്രം, അല്ലെങ്കില്‍ ‘ഇതുപോലുള്ള ചലച്ചിത്രങ്ങള്‍’ കാണുന്ന ഒരാളുടെ കലാനൈപുണ്യം? അവളുടെ കലാജീവിതം അവളെ എങ്ങനെ പ്രടിപ്പിക്കുന്നു? എങ്ങനെ പകര്‍ത്തുന്നു? ഈ ചലച്ചിത്രത്തെക്കുറിച്ച് കേട്ട മികച്ച “കലാസത്യം”, നമ്മുടെ ബൗദ്ധിക വ്യവഹാരങ്ങള്‍ക്കും രാഷ്ട്രീയ പക്ഷപാതിത്വത്തിനും പുറത്ത്, ഒരു പക്ഷെ, നടന്‍ മമ്മൂട്ടി ഒരഭിമുഖത്തില്‍ പറഞ്ഞതാണ് : മലയാള സിനിമ ‘ഡാര്‍ക്ക്’ ആയ പ്രമേയങ്ങള്‍ സ്വീകരിക്കാന്‍ പ്രാപ്തമായിരിക്കുന്നു എന്നും, കിം കി ദുക്കിനെപ്പോലുള്ളവരുടെ സിനിമകള്‍ കാണുന്ന പ്രേക്ഷകരാണ് നമ്മുടെതെന്നും മമ്മൂട്ടി പറയുന്നു. ‘പുഴു’ ആ അര്‍ത്ഥത്തില്‍ ഒരു ‘ഡാര്‍ക്ക്’ ചലച്ചിത്രമാണ് എന്നാണ്, മമ്മൂട്ടി നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. മാത്രമല്ല, ആ ചലച്ചിത്രത്തിന്‍റെ സാമൂഹ്യ പദവികള്‍ അദ്ദേഹം ചര്‍ച്ച ചെയ്യുന്നുമില്ല : “എന്‍റെ ജോലി അഭിനയമാണ്” “ഞാന്‍ അതിനെ മികച്ചതാക്കാന്‍ ശ്രമിക്കുന്നു”. ഇതാണ് മമ്മൂട്ടി ‘പുഴു’വിനെപ്പറ്റിയും പറയുന്നത്.
എങ്കില്‍, ഈ ചലച്ചിത്രത്തിലെ, നമ്മുടെ കലാ സംസ്കാരത്തിലെ ‘ഡാര്‍ക്ക്നെസ്’, അതിലെ ലാവണ്യ സാധ്യതയെയാണ് , നാം ചര്‍ച്ച ചെയ്യേണ്ടിയിരുന്നത്. ഞാനും ആ അന്വേഷണത്തെ സ്വയം തടയുന്നു. കാരണം, എന്‍റെ ശ്രദ്ധ, സ്വന്തം കാലത്തിന്‍റെ തടവിലോ പരിമിതിയിലൊ നിര്‍മ്മിക്കപ്പെടുന്ന ‘പ്രേക്ഷക’യിലാണ്, കലാസ്വാദകയിലാണ് : വാസ്തവത്തില്‍, അവള്‍ നമ്മുടെ രാഷ്ട്രീയത്തിന്‍റെ പൊതു ഇരയായി, ഒരു വോട്ടര്‍ പോലെ, വന്നു പെട്ടിരിക്കുന്നു. ഒരു ഉദാഹരണം പറയാം:
ഈ ചലച്ചിത്രത്തെ പ്രതി നോവലിസ്റ്റ്, സി. ആര്‍. പരമേശ്വരന്‍ ഉയര്‍ത്തിയ ചര്‍ച്ചയാണ് അത് : ഞാൻ പിറന്ന, എനിക്ക് പരിചയമുള്ള എന്റെ ഈ 'ജാതി'യിൽ പറഞ്ഞു പരത്താൻ മാത്രം 'ഹിംസ'ഇല്ലെന്നും, ഇനി അഥവാ ഉണ്ടെങ്കിൽത്തന്നെ മറ്റേ മതക്കാരിൽ കാണുന്നത്ര ഹിംസയൊന്നും ഇല്ലെന്നുമായിരുന്നു, പരമേശ്വരന്‍ ‘കാര്യകാരണങ്ങളോടെ’ എഴുതിയത്. ഒരുപക്ഷെ, ഏറ്റവും ‘അഹിംസാത്മകമായ’ പരിഷ്ക്കരണം പോലും നടന്ന സമുദായമാണ് ബ്രാഹ്മണരുടെത് എന്നും അദ്ധേഹം വാദിക്കുന്നു.
ഏത് "ദുരഭിമാന കൊല"യ്‌ക്കും പാകപ്പെട്ടവരുടെ പാളയമാണ് പരമേശ്വരന്റെ വാദം : യുദ്ധത്തലേന്നും യുദ്ധപ്പിറ്റേന്നും അവിടെ കൂടിയാലോചനകള്‍ നടക്കുന്നു.
ഹിന്ദുവിന്റെയും ഇന്ത്യയുടെയും രാഷ്ട്രീയ ചരിത്രത്തില്‍ ‘ബ്രാഹ്മണനാവുക’ എന്നത് എന്നും ഒരു ജാതിയുടെയൊ കഴിവിന്‍റെയൊ പ്രശ്നമായിരുന്നില്ല. പകരം, മതത്തിലും രാഷ്ട്രനിര്‍മ്മാണത്തിലും പങ്കെടുക്കുന്ന പരമാധികാരത്തിന്‍റെ പ്രശ്നമായിരുന്നു. അധികാരത്തെ പരമാധികാരത്തില്‍നിന്നും മോചിപ്പിക്കുന്ന, ആത്യന്തികമായി സ്വാതന്ത്ര്യത്തെ കാംക്ഷിയ്ക്കുന്ന, അവകാശബോധത്തിലേക്കുള്ള മാറ്റമാണ്, സമൂഹവും കലയും ആഗ്രഹിക്കുന്നത്. പൌരനില്‍ നിന്നും കലാസ്വാദകയിലേക്കുള്ള സവിശേഷമായ ‘ഗതാഗതം’ അത് ഉറപ്പു വരുത്തുന്നു. എങ്കില്‍, ‘പുഴു’ ചര്‍ച്ച ചെയ്യപ്പെടുക, ഒരു കലാവസ്തു എന്ന നിലയ്ക്ക്, അതിന്‍റെ ‘ഡാര്‍ക്ക്‌നെസ്’ –ന്‍റെ പേരിലാവുമായിരുന്നു. അങ്ങനെയൊരു ‘ഡാര്‍ക്ക്നെസ്’ ചലച്ചിത്രത്തില്‍ സ്വീകരിക്കുന്ന ‘ടൂള്‍സ്’നെ പ്രതിയാവുമായിരുന്നു. പക്ഷെ, നമ്മുടെ ‘പൊതു രാഷ്ട്രീയ കാലാവസ്ഥ’യില്‍ കാറ്റ് കൊള്ളാനിരിയ്ക്കുന്നവര്‍, ഇത്തരം ചര്‍ച്ചകളെ മുമ്പേ അടയ്ക്കുന്നു. ഇത്, ഒരുസമയം, ഭാഷയുടെയും കലയുടെയും പരിമിതിയായി സ്വീകരിക്കപ്പെടുന്നു.
ഏറ്റവും പ്രത്യക്ഷമായി രാഷ്ട്രീയമൊ ചരിത്രമോ പ്രമേയമാക്കുന്ന ചലച്ചിത്രങ്ങള്‍ക്കുമുമ്പില്‍ ‘വോട്ടര്‍’ ആയി വന്നു നില്‍ക്കേണ്ടിവരുന്നത്, ഒരേസമയം, ആ മാധ്യമത്തിന്‍റെയും പ്രേക്ഷകയുടെയും ‘സാംസ്കാരിക പ്രതിസന്ധിയക്കൂടി കാണിക്കുന്നു.

ooo

Recent Post