ജലസമാധിയായത് 194 പേർ; ഒരു യുദ്ധത്തിന്റെ മരണപത്രം

സി.കെ ഹസ്സൻ കോയ 05/05/2022

യുദ്ധം ചാവു നിലങ്ങളാണ്.


  കൊന്നും മരിച്ചും കയ്യെത്തി പിടിക്കുന്ന ജയവും തോൽവിയും. മരിച്ചവർ ജീവിച്ചിരിക്കുന്നവരുടെ നിരന്തര ദു:ഖങ്ങളാകുന്നതാണ് ഇതിന്റെ മറുപുറം. മരണത്തിന് മനസിലെന്നും സാക്ഷ്യം പറഞ്ഞ് ജീവിക്കുന്നത് അതിലേറെ ദുരന്തവും.

  അന്തമില്ലാത്ത കടലിന് കാവൽ നിൽക്കുന്നവൻ നാവികൻ. കര തൊടുന്ന കാലം അവന് ആഹ് ളാദഭരിതം. അത്തരം ദിവസങ്ങളിലൊന്നിലാണ് ഞാൻ.1978 വർഷം . നാവികസേനയുടെ കൊളാബയിലെ ഏറ്റവും വലിയ ചികിത്സാ കപ്പലായ അശ്വനിയിലെ പ്രഭാതങ്ങളിലൊന്ന്. നഗരം ഒരു പകർച്ചവ്യാധിയുടെ നിഴലിലായിരിക്കെയാണ് ഹിമാചലത്തിൽ നിന്നുള്ള ഡോഗ്ര ചികിത്സക്കെത്തുന്നത്. സുഖാസുഖങ്ങളുടെ ഏറ്റക്കുറച്ചിലിനിടെ , ഡോഗ്ര കഴുത്താഴം മുറിഞ്ഞ വടുക്കളുടെ ജീവിതവും പറഞ്ഞു തന്നു.
  യുദ്ധം, പരുക്ക്, മരണം, കടലാഴങ്ങളിലെ നിലവിളികൾ... അതായിരുന്നു ഡോഗ്ര.

  1971 ലെ ഇന്ത്യാ പാക് യുദ്ധം. നിരന്തരമായി പാക്കിസ്ഥാൻ പരാജയം നേരിടുകയായിരുന്നു. വിശാഖപട്ടണം തുറമുഖ മുനമ്പ് വരെയെത്തിയ പാക്ക് അന്തർവാഹിനിയെയും ഇന്ത്യൻ മൈനുകൾ തിന്നൊടുക്കിയിരുന്നു. പക്ഷെ , ദിയു പുറങ്കടലിൽ തിരിച്ചടിയുടെ ഏറ്റവും വലിയ തിരക്കഥയെഴുതി പാക്ക് അന്തർവാഹിനി. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുണ്ടായ ഏറ്റവും വലിയ കപ്പൽ ചേതത്തിന് രാജ്യം വില കൊടുത്തു.

  1971 ഡിസംബർ ഒമ്പതിന് രാത്രി 8.45. അന്തർവാഹിനികളെ നേരിടാൻ നിയോഗിക്കപ്പെട്ട മൂന്ന് കപ്പലുകൾ. കെ ക്ളാസ് ഫ്രിഗേറ്റുകൾ-കുക്രി, കൃപാൺ, കുത്താർ- നിശ്ചിത അകലത്തിൽ നീങ്ങുന്നു. കടൽ ശാന്തമായിരുന്നു. ആകാശത്ത് നക്ഷത്രങ്ങളും കണ്ണ് ചിമ്മുന്നുണ്ടായിരുന്നു. അകലെയകലെ തീരങ്ങളിലെ പൊട്ടു വെളിച്ചങ്ങൾ നക്ഷത്രങ്ങളെ പോലെ തോന്നിച്ചു.

"ആകാശത്തിൽ നക്ഷത്രങ്ങൾ; അകലെ സ്വതന്ത്രമായി തീർന്ന ബംഗ്ലാദേശിന്റെ ചതുപ്പുകളിൽ അപ്പോഴും അങ്ങിങ്ങെരിഞ്ഞ യുദ്ധസ്മൃതിയുടെ തീപ്പുണ്ണുകൾ. അകലെ, വിജയത്തിന്റെ സുഖ ക്ഷീണത്തിൽ അതിന്റെ അപാരമായ വാൽച്ചുരുളിനകത്ത് ഡാക്ക നഗരത്തെ ഒതുക്കിക്കൊണ്ട് ഇന്ത്യയുടെ സേനാവ്യൂഹം കിടന്നു"

ഗുരുസാഗരം- ഒ വി വിജയൻ

  പെട്ടെന്നാണ് കുക്രിയുടെ പള്ള(ഹ ള്ള്) തകർത്ത് എന്തോ ഒന്ന് ഇടിച്ചു കയറിയത്. പാക്കിസ്ഥാൻ പകരം വീട്ടി. കടലിന്നടിയിൽ കാത്തിരുന്ന പാക് ടോർപ്പി ഡോകളാണ് ലക്ഷ്യം കണ്ടത്. നാവികരും ഓഫീസർമാരും പരക്കം പാഞ്ഞു. കാരണമുണ്ട്, രക്ഷാപ്രഖ്യാപനം വന്നിട്ടു വേണം ലൈഫ് ജാക്കറ്റുകളിട്ട് ബോട്ടുകളിലേക്ക് മാറാൻ. ഒന്നിനും സമയമുണ്ടായില്ല. കണ്ണിമ വെട്ടുന്നതിന് മുന്നേ കപ്പലിനെ കടൽ വിഴുങ്ങി. ലോവർ ഡെക്കുകളിലും എഞ്ചിൻ റൂമിലുണ്ടായിരുന്നവർക്കും ക്യാബിനുകളിൽ വിശ്രമത്തിലായിരുന്നവർക്കും മുകളിലേക്ക് വരാൻ പോലും കഴിഞ്ഞില്ല.

  261 ജീവനുകളങ്ങനെ മരണത്തിനും ജീവിതത്തിനുമിടയിൽ തൂങ്ങിയാടി നിന്ന സെക്കൻറുകൾ. മുകൾത്തട്ടിലുണ്ടായിരുന്ന ഏതാനും പേർ കരകാണാകടലിലേക്ക് ചാടി. ചിലരെല്ലാം ലൈഫ് ബോട്ടുകളിൽ കയറി പറ്റി.67 പേരാണ് മൃതപ്രായരായി കരപറ്റിയത്.176 നാവികരും 18 ഓഫീസർമാരും ഒരു നിലവിളിയുടെ അകമ്പടി പോലുമില്ലാതെ കടലാഴങ്ങളിൽ നിത്യ വിശ്രാന്തിയിലാണ്ടു. മഹാ ദുരന്തത്തിന് സാക്ഷിയായി മുകൾത്തട്ടിൽ രക്ഷാപ്രവർത്തനം നയിച്ച ക്യാപ്ടൻ മുളള അവസാന തുള്ളി വരെ സഹപ്രവർത്തകരുടെ കൈ പിടിച്ചു. യുദ്ധമുഖത്തെ നായകന്റെ അഖണ്ഡത. സഹജ സ്നേഹത്തിന്റെ കരുതലും ധീരതയും. അവസാനക്കാരനായി കപ്പിത്താൻ മുള്ളയും കടലിന്നാഗധതയിൽ സഹ പോരാളികൾക്കൊപ്പം കണ്ണടച്ചു. കരയ്ക്കും കടലിനും കാവലായിരുന്നുവർ സ്വന്തം ജീവൻ കൊണ്ട് ദേശ സ്നേഹത്തിന്റെ കഥയെഴുതി പിരിഞ്ഞു. രക്ഷപ്പെട്ടവരിലൊരാൾ ഡോഗ്ര. കഴുത്തിലെ വടുക്കൾ യുദ്ധസ്മാരകങ്ങൾ. മുറിവുകളിൽ നിന്ന് ഡോഗ്ര സുഖം പ്രാപിച്ചിരുന്നു. പക്ഷെ, ചോര കിനിയുന്ന ഒരു മനസ്സാണിന്നും ഡോഗ്ര.

മരണം ആരുടെ നഷ്ടമാണ്? ഇനിയും ജീവിക്കുന്നവരുടെയോ? അതോ മരിച്ചവരുടെയോ?

Recent Post