കന്യാകുമാരിയിൽനിന്നും കശ്‍മീരിലേക്ക് : മെൽവിൻ്റെ ഒറ്റയാൾ നടത്തം
സോമൻ പി.ചീരാൽ

കന്യാകുമാരിയിൽ നിന്ന് നടന്ന് നടന്ന് കാശ്മീരിലെത്തുക, അവിടെനിന്നും സൈക്കിൾ ചവിട്ടി സ്വന്തം നാടായ വയനാട്ടിലെത്തുക; ഇങ്ങിനെയൊരു അപൂർവ യജ്ഞം നടത്താൻ ഇരുപത്താറുകാരനായ മെൽവിൻതോമസ് നടന്നുതീർത്തത് 3800 ഓളം കിലോമീറ്ററും അത്രതന്നെ ദൂരം സൈക്കിൾ ചവിട്ടിയുമാണ്! ആറുമാസത്തോളം നീണ്ട ഈ യാത്രാ ദൗത്യം വിജയകരമായി പൂർത്തിയാക്കി ഇക്കഴിഞ്ഞ ദിവസം ജന്മനാടായ ചീരാലിലേക്കു സൈക്കിളിൽ വന്നെത്തിയ മെൽവിനെ ഗ്രാമവാസികൾ ആവേശപൂർവം സ്വീകരിച്ചു. ബാൻ്റ് മേളത്തിൻ്റെ അകമ്പടിയോടെ ജനപ്രധിനിധികളും ആബാലവൃദ്ധം ജനങ്ങളും സ്വീകരണത്തിനായി ഒത്തു കൂടിയത് അപൂർവ കാഴ്ചയായി മാറി.
കഴിഞ്ഞവർഷം ഒക്ടോബർ 8നു കന്യാകുമാരിയിലെത്തിയ മെൽവിൻ അന്നത്തെ സൂര്യാസ്തമനവും പിറ്റേന്നത്തെ ഉദയവും കണ്ടു തൻ്റെ ചിരകാലാഭിലാഷമായ നീണ്ടയാത്രക്ക് സ്വയം ‘ഫ്‌ളാഗ്‌ഓഫ്’ ചെയ്ത് നടത്തം തുടങ്ങി. ‘രക്തം ദാനം നൽകൂ, ജീവൻരക്ഷിക്കൂ’ എന്ന മെസ്സേജ് ആർക്കും കാണത്തക്ക വിധത്തിൽ പ്രദർശിപ്പിച്ചായിരുന്നു നടത്തം. പത്തുപന്ത്രണ്ടു കിലോയോളം ഭാരമുണ്ടായിരുന്ന ബാക്ക്പാക്കിൽ അത്യാവിശ്യം വസ്ത്രങ്ങൾക്ക് പുറമെ മടക്കി ഒതുക്കിവെക്കാവുന്ന ഒരു ടെൻ്റ് കിടക്കാൻ പറ്റുന്ന ചുരുട്ടി വെക്കാവുന്ന യോഗാ മാറ്റ് (പായ), ഷൂസ്, വെള്ളകുപ്പികൾ എന്നിവ മാത്രമായിരുന്നു മെൽവിൻ തൻ്റെ യാത്ര ക്കുള്ള ഉപകരണങ്ങളായി കരുതിയിരുന്നത്.
കന്യാകുമാരിയില്‍ നിന്ന് തുടങ്ങിയ നടത്തം തക്കല, പാറശാല, ബാലരാമപുരം... അങ്ങിനെ നിരവധി ഗ്രാമങ്ങളും പട്ടണങ്ങളും പിന്തള്ളി മുന്നേറിക്കൊണ്ടിരുന്നു. ഏകദേശം 30-35 കിലോമീറ്റര്‍ ദിവസേന എന്ന രീതിയില്‍ യാത്ര പുരോഗമിച്ചു. എന്നാല്‍, ആലപ്പുഴയില്‍ എത്തിയപ്പോഴേക്കും തുടര്‍ച്ചയായി നടന്നതിനാല്‍ കാല്‍പ്പാദങ്ങളില്‍ പോളങ്ങള്‍ രൂപപ്പെട്ടതിനാല്‍ ഒട്ടും നടക്കാന്‍ വയ്യാത്ത സ്ഥിതിയിലായെന്ന് മെന്‍വിന്‍ തന്‍റെ യാത്രാവിശേഷങ്ങള്‍ വിവരിക്കവെ പറഞ്ഞു. അവിടുത്തെ ഒരു സുഹൃത്തിന്‍റെ സഹായത്തോടെ ഡോക്ടറെ കണ്ട് പാദങ്ങളില്‍ നിന്ന് പഴുപ്പെല്ലാം നീക്കി ബാന്‍റേജിട്ടു. ഒരു ദിവസം അവിടെ വിശ്രമിച്ചശേഷം നടത്തം തുടര്‍ന്നു.
തമിഴ്നാട്ടിലെ കന്യാകുമാരിയില്‍ നിന്ന് തുടങ്ങിയ യാത്ര കേരളം, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ കടന്ന് ഏകദേശം നാല് മാസങ്ങള്‍ക്ക് ശേഷം ഫെബ്രുവരി 5 ന് കാശ്മീരിലെത്തി. അവിടെ സ്ഥലങ്ങളെല്ലാം കണ്ട് 10 ദിവസത്തോളം വിശ്രമിച്ച് ഫെബ്രുവരി 14 ന് തന്‍റെ സുഹൃത്ത് സ്പോണ്‍സര്‍ ചെയ്ത ഹീറോ സൈക്കിളില്‍ മടക്കയാത്രയാരംഭിച്ചു.

മഹാരാഷ്ട്രയിലെ ഒരു ചെറുപട്ടണത്തിലേക്ക് നടന്നു പ്രവേശിക്കവെ, രണ്ട് മൂന്നു പേര്‍ തന്നെ തടഞ്ഞു നിറുത്തി പണം കവര്‍ന്നെടുക്കാന്‍ ശ്രമിച്ച സംഭവം മെല്‍വിന്‍ വിവരിച്ചു. തന്‍റെ കയ്യില്‍ പണമൊന്നും ഇല്ലെന്ന് പറഞ്ഞ് ഒച്ചയില്‍ തര്‍ക്കം നടക്കുമ്പോള്‍ മറ്റു വഴിയാത്രക്കാര്‍ അടുത്തെത്തിയതോടെ പണം തട്ടിപ്പറിക്കാനുള്ള ശ്രമം ഉപേക്ഷിച്ച് അക്രമികള്‍ സ്ഥലം വിടുകയുണ്ടായി. യാത്രയിലുടനീളം പിന്നീടൊരിക്കലും അത്തരം മോശം സംഭവങ്ങള്‍ ഉണ്ടായില്ലെന്ന് മെല്‍വിന്‍ പറഞ്ഞു.
നടന്ന് നടന്ന്, വൈകുന്നേരമാകുമ്പോള്‍ ക്ഷീണം കലശലാകുമ്പോേൾ സുരക്ഷിതമായി ഒന്ന് വിശ്രമിക്കാനും സുഖമായൊന്നു കിടന്നു റങ്ങാനുള്ള സ്ഥലം കണ്ടെത്തുക പലപ്പോഴും ശ്രമകരമായിരുന്നു. പെട്രോള്‍ പമ്പുകള്‍, പോലീസ് സ്റ്റേഷന്‍ പരിസരങ്ങൾ, എന്നിവിടങ്ങളില്‍ ടെന്‍റ് സ്ഥാപിച്ച് പല ദിവസങ്ങളില്‍ രാത്രി കഴിച്ചു കൂട്ടുകയുണ്ടായി. സുഹൃത്തുക്കളുടേയും അഭ്യുദയകാംക്ഷികളുടേയും മലയാളി അസോസിയേഷനുകളുടേയും ബ്ലഡ് ഡൊണേഷന്‍ സംഘടനകളുടേയും വാട്സപ്പ് ഗ്രൂപ്പുകളുടേയുമൊക്കെ വിവിധ സഹായങ്ങള്‍ യാത്രയിലൂടനീളം ലഭിച്ചിരുന്ന കാര്യം മെല്‍വിന്‍ സന്തോഷത്തോടെ ഓര്‍ക്കുന്നു.
നടത്തം കേരളവും കര്‍ണാടകയും കഴിഞ്ഞതോടെ ഹിന്ദി ഭാഷയില്‍ ഒട്ടും പരിജ്ഞാനമില്ലായ്മ ആശയവിനിമയത്തിന് പ്രശ്നങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരുന്നു. എന്നാല്‍ യാത്ര ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലൂടെ പുരോഗമിക്കവെ ഹിന്ദി ഭാഷയും കുറേശ്ശെ കുറേശ്ശെ മനസ്സിലാക്കാനും പിന്നീട് സംസാരിക്കാനും പഠിച്ചത് യാത്രയിലുടനീളം സഹായകരമായെന്ന് മാത്രമല്ല; ഇനിയുള്ള യാത്രകള്‍ക്കും അതൊരു മുതല്‍ക്കൂട്ടായി മാറിയ കാര്യവും മെല്‍വിന്‍ എടുത്തു പറഞ്ഞു.
ദിവസേനയുള്ള നടത്തം 30-35 കിലോമീറ്റര്‍ എന്ന തോതില്‍ മുന്നേറിയപ്പോള്‍ സൈക്കിള്‍ 100 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സഹായിച്ചു. മടക്കയാത്രയില്‍ നമ്മുടെ താമരശ്ശേരി ചുരം മുഴുവന്‍ സൈക്കിള്‍ ഉന്തിക്കയറ്റേണ്ടി വന്നത് അല്പം ശ്രമകരമായിരുന്നുവെന്ന് മെല്‍വിന്‍ പറഞ്ഞു. നാലു് മണിക്കൂറലധികം വേണ്ടി വന്നു ചുരം കയറി വയനാട്ടില്‍ എത്താൻ.
യാത്രക്കിടയില്‍ ഭൂമിശാസ്ത്രപരമായും വിനോദസഞ്ചാര പ്രാധാന്യമുള്ളതുമായ നിരവധി സ്ഥലങ്ങളിലൂടെ കടന്നു പോവുകയുണ്ടായി. സഞ്ചാരപഥത്തിലെ കാഴ്ചകളുടെ നിരവധി ഫോട്ടോകള്‍ മൊബൈലില്‍ സൂക്ഷിച്ചിട്ടുണ്ട്. വഴിയോരങ്ങളിലും സുഹൃത്തുക്കളുടെ വീടുകളിലും മറ്റുമായി ലഭിച്ച വിത്യസ്ഥമായ ഭക്ഷണങ്ങള്‍, അവരുടെ ആചാരങ്ങള്‍, വസ്ത്ര ധാരണ രീതികള്‍, ഭാഷ തുടങ്ങി ഭാരതത്തിന്‍റെ വൈവിധ്യങ്ങളുടെ നേര്‍ക്കാഴ്ചകൾ യാത്രയിലുടനീളം ആസ്വാദ്യകരമായിരുന്നുവെന്ന് മെല്‍വിന്‍ പറഞ്ഞു. സൈക്കിളിലുള്ള മടക്കയാത്രക്കിടയില്‍ മറ്റൊരു ദീർഘദൂര സൈക്കിള്‍യാത്രക്കാരനെ കണ്ടത് മെല്‍വിൻ ഓർത്തു. മഹാരാഷ്ട്രയിൽ ജനിച്ച ഭിന്നശേഷിക്കാരനായവിജയ് എന്നയാൾ ഒറ്റക്കാലുകൊണ്ടു് സൈക്കിള്‍ ചവിട്ടി നാടുചുറ്റുന്നത് കാണാനിടയായത് തന്നെ അത്ഭുതപ്പെടുത്തി. താൻ കാണുമ്പോഴേക്കും വിജയ് ഏകദേശം ഇരുപതിനായിരത്തിലധികം കിലോമീറ്ററുകൾ സഞ്ചരിച്ചു കഴിഞ്ഞിരുന്നുവത്രെ! അദ്ദേഹവുമായി പരിചയപ്പെട്ടത് തനിക്ക് വലിയ സന്തോഷം നൽകിയെന്ന് മെൽവിൻ പറഞ്ഞു.

തന്‍റെ ബന്ധുവും സുഹൃത്തുമായ സിവിന്‍ എന്ന ചെറുപ്പക്കാരന്‍ രണ്ട് വര്‍ഷം മുമ്പ് ഇതുപോലെ ഒരു ദീര്‍ഘയാത്ര നടത്തിയതിന്‍റെ അനുഭവ വിശേഷങ്ങളാണ് തന്‍റെ യാത്രക്കും പ്രചോദനമായതെന്ന് മെല്‍വിന്‍ പറഞ്ഞു. അങ്ങിനെയാണ് ഒറ്റക്കുള്ള ഒരു ദീര്‍ഘയാത്ര താനും സ്വപ്നംകാണാൻ തടങ്ങിയത്. തുടർന്ന്, കുറച്ച് മാസക്കാലം ഒറ്റ ക്കുള്ള ദീർഘ യാത്രയെക്കുറിച്ചുള്ള വിശദമായ പ്ലാനുകളും തയ്യാറെടുപ്പുകളും മനസ്സിൽ കൊണ്ടു നടന്നു. പിന്നീട് അക്കാര്യത്തിലൊരു തീരുമാനമെടുത്ത് കന്യാകുമാരിയിലേക്ക് പുറപ്പെടുകയായിരുന്നു. നടത്തം തുടങ്ങിയതിന്ശേഷം താന്‍ ചവിട്ടി പിന്‍തള്ളിയ വഴികളും അതിൻ്റെ ചുറ്റുപാടുകളും കടന്നു പോയ അസംഖ്യം ഗ്രാമങ്ങളും പട്ടണങ്ങളും തികച്ചും ആസ്വാദ്യകരമായിരുന്നുവെന്നും യാത്രയിലുടനീളം എന്തെന്നില്ലാത്ത ഒരു മാനസികാനന്ദം അത് പ്രദാനം ചെയ്തിരുന്നുവെന്നും മെല്‍വിന്‍ പറഞ്ഞു.
ബ്ലഡ് ഡൊണേഷന്‍റെ പ്രാധാന്യത്തെക്കുറിച്ചുള്ള തന്‍റെ യാത്രയുടെ "മെസ്സേജ്"വഴിനീളെ പ്രദർശിപ്പിക്കാനും പ്രചരിപ്പിക്കാനും കഴിഞ്ഞതും തന്‍റെ സ്വപ്ന സാക്ഷാത്ക്കാര യാത്രയുടെ മാറ്റു കൂട്ടാന്‍ സഹായിച്ചതായ് ഇതിനകം തന്നെ പത്തുതവണയിധികം സ്വയം രക്തം ദാനം നല്‍കിയിട്ടുള്ള മെല്‍വിന്‍ പറഞ്ഞു.
യാത്രക്കിടയിൽ എല്ലാദിവസവും വീട്ടുകാരുമായും ഉറ്റ സുഹൃത്ത് ക്കളുമായും മൊബൈലിൽബന്ധപ്പെടുമായിരുന്നു. യാത്രയിലുടനീളമുണ്ടായ ചെലവിനായി ഏകദേശം അമ്പതിനായിരം രൂപയോളം ചെലവ് വന്നിട്ടുണ്ടായിരിക്കുമെന്നാണ് കണക്കാക്കുന്നത്. തിരിച്ചെത്തിയപ്പോഴേക്കും തനിക്ക് ഏകദേശം 20 കിലോയോളം ഭാരം കുറഞ്ഞതായും മെൽവിൻ പറഞ്ഞു. മാസങ്ങളോളം നീണ്ടു നിന്ന യാത്ര കഴിഞ്ഞ് നാട്ടിലെത്തിയപ്പോൾ വലിയ സന്തോഷം തോന്നി. എന്നാല്‍ തന്‍റെ യാത്രക്ക് ഒരു പരിസമാപ്തി ആയതില്‍ അല്പം വിഷമവും തോന്നാതിരുന്നില്ല. "അത് സാരമില്ല, മറ്റൊരു ദീര്‍ഘ ദൂരയാത്ര മനസ്സിലുണ്ടെന്നും അക്കാര്യം പിന്നീട് അറിയിക്കാമെന്നും"പറഞ്ഞാണ് മെല്‍വിന്‍ സംഭാഷണം അവസാനിപ്പിച്ചത്.