'ചില്ല'യിലെ വില്‍പ്പന ചില്ലറയല്ല

മനോജ് മാതിരപ്പള്ളി


  ആഴ്ചയിലൊരിക്കല്‍ മറയൂര്‍, കാന്തല്ലൂര്‍ പഞ്ചായത്തുകളിലെ ഗോത്രസങ്കേതങ്ങളില്‍നിന്നും ഒട്ടേറെ ആദിവാസികള്‍ കാടിറങ്ങിവരും. കാട്ടുനെല്ലിക്ക, കുറുമ്പുല്ല്, മരത്തക്കാളി, പാഷന്‍ഫ്രൂട്ട്, സീതപ്പഴം, ആത്തയ്ക്ക, ചോളം, കാന്താരി, കാട്ടുതേന്‍, ബീന്‍സ്, ബട്ടര്‍ബീന്‍സ്, ചെറുനാരങ്ങ, ഏലക്കായ, ഗ്രാമ്പൂ, കുരുമുളക്, ഇഞ്ചി, മഞ്ഞള്‍, കാപ്പിക്കുരു, മാങ്ങ, കണ്ണിമാങ്ങ, പുളി, മരച്ചീനി, ഉള്ളി, കൂര്‍ക്ക, ഉരുളക്കിഴങ്ങ്, കാബേജ് തുടങ്ങി കുടികളില്‍ വിളവെടുക്കുന്ന ഗുണമേന്മയുള്ള ഉത്പന്നങ്ങളും വനവിഭവങ്ങളുമായാണ് ഇവരുടെ വരവ്. ഗോത്രഗ്രാമത്തില്‍ വളര്‍ത്തുന്ന ആടുമാടുകളും നാടന്‍കോഴിയുമെല്ലാം ഇവര്‍ക്കൊപ്പമുണ്ടാവും. എല്ലാ വ്യാഴാഴ്ചകളിലും രാവിലെമുതല്‍ മറയൂര്‍ ഫോറസ്റ്റ് സ്റ്റേഷന്റെ കോമ്പൗണ്ടില്‍ നടക്കുന്ന 'ചില്ല' എന്ന ആദിവാസിച്ചന്തയാണ് ഇവരുടെ ലക്ഷ്യം. കൊണ്ടുവന്ന ഉത്പന്നങ്ങളെല്ലാം വിറ്റഴിച്ച് വൈകുന്നേരത്തിനും മുന്‍പുതന്നെ ഇവര്‍ കാടുകയറുന്നു.

  അഞ്ചുനാടന്‍ മലകളിലെ ഇരുപതിലേറെ കുടിയിരുപ്പുകളിലായി വസിക്കുന്ന ആദിവാസികള്‍ നട്ടുവളര്‍ത്തുന്നതും കാട്ടില്‍നിന്ന് ശേഖരിക്കുന്നതുമായ ഉത്പന്നങ്ങളുടെ വിപണനത്തിനായി വനംവകുപ്പിന്റെ നേതൃത്വത്തിലാണ് 'ചില്ല' എന്നപേരില്‍ ആഴ്ചച്ചന്ത ആരംഭിച്ചത്. ഓരോ ആഴ്ചയും ഇവര്‍ കൊണ്ടുവരുന്ന ടണ്‍ കണക്കിന് ഉത്പന്നങ്ങള്‍ ലേലം കൊള്ളുന്നതിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ആയുര്‍വ്വേദ ഔഷധനിര്‍മ്മാതാക്കളും മൊത്തക്കച്ചവടക്കാരും ഇടനിലക്കാരുമെല്ലാം കാത്തുനില്‍ക്കും. ഗുണമേന്മയുള്ള ജൈവോത്പന്നം എന്ന സവിശേഷതയാണ് ഇവയുടെ ഡിമാന്‍ഡിന് കാരണം. ഇതിനകം കോടിക്കണക്കിന് രൂപയുടെ കച്ചവടം ചില്ലയിലൂടെ നടന്നുകഴിഞ്ഞു.

  മുതുവാന്മാരും മലപ്പുലയരുമാണ് മറയൂര്‍ മലകളിലെ ആദിവാസിവിഭാഗങ്ങള്‍. ചില്ല ആരംഭിക്കുന്നതിന് മുന്‍പ് ഗോത്രസങ്കേതങ്ങളിലെ ഉത്പന്നവിപണനം കഷ്ടത്തിലായിരുന്നു. ''ഇടനിലക്കാരും പ്രദേശത്തെ ചെറുകിട കച്ചവടക്കാരും മാത്രമാണ് ഇവിടുത്തെ ആദിവാസികളില്‍നിന്നും മുന്‍പ് ഉത്പന്നങ്ങള്‍ സംഭരിച്ചിരുന്നത്. നാമമാത്രമായ പണം മാത്രമേ പ്രതിഫലമായി നല്‍കുകയുള്ളൂ. കാട്ടില്‍ സീസണായാല്‍ ടണ്‍കണക്കിന് കാട്ടുനെല്ലിക്ക ആദിവാസികള്‍ വിപണിയിലെത്തിക്കും. എന്നാല്‍, കൂടുതല്‍ ഉത്പന്നം വരുന്നതോടെ കച്ചവടക്കാര്‍ വീണ്ടും വില കുത്തനെ കുറയ്ക്കും. പലപ്പോഴും, ഒരു കിലോ നെല്ലിക്കയ്ക്ക് അമ്പതു പൈസയും ഒരു രൂപയുമൊക്കയാണ് വില കിട്ടിയിരുന്നത്. അതേസമയം, ചില്ല ആരംഭിച്ചതോടെ നെല്ലിക്കയുടെ വില കിലോഗ്രാമിന് 60 രൂപ വരെയായ ദിവസമുണ്ട്'' മറയൂര്‍ സാന്‍ഡല്‍ ഡിവിഷന്‍ ഡിഎഫ്ഒ എം.ജി. വിനോദ്കുമാര്‍ പറയുന്നു.

  എല്ലാ വ്യാഴാഴ്ചയും ചില്ലയിലെത്തുന്ന ഉത്പന്നങ്ങളുടെ ഇനംതിരിച്ച് തൂക്കവും അടിസ്ഥാനവിലയും നിശ്ചയിച്ച ശേഷമാണ് ലേലം ആരംഭിക്കുന്നത്. മറ്റു നഗരവിപണികളിലെ വിലകൂടി പരിഗണിച്ചാവും ആദിവാസി ഉത്പന്നങ്ങള്‍ക്ക് അടിസ്ഥാനവില നിശ്ചയിക്കുക. ഉദാഹരണത്തിന്, മറ്റു സ്ഥലങ്ങളില്‍ നെല്ലിക്കയുടെ വില കിലോഗ്രാമിന് 40 രൂപയാണെങ്കില്‍ മറയൂരില്‍ 25 രൂപയെങ്കിലും അടിസ്ഥാനവിലയിടും. ഈ തുകയില്‍നിന്നാണ് ലേലം തുടങ്ങുന്നത്. ഉത്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കുകയാണ് ലക്ഷ്യം. ഓരോരുത്തരുടെയും ഉത്പന്നങ്ങള്‍ ലേലം ചെയ്യുന്നതനുസരിച്ച് അപ്പോള്‍ തന്നെ അവര്‍ക്ക് പണം നല്‍കും. ഇതില്‍ ആയിരം രൂപ വരെ നേരിട്ടാണ് കൈമാറുന്നത്. അതില്‍ കൂടുതലുള്ള തുക ബാങ്ക് അക്കൗണ്ടിലൂടെ നല്‍കുന്നു.

  ''ചില്ല തുടങ്ങിയ കാലത്ത് ആദിവാസികള്‍ക്ക് ചെറിയ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. ലേലം പിടിച്ചവര്‍ പണം അടയ്ക്കുന്നതുവരെ കാത്തുനില്‍ക്കണം എന്നതായിരുന്നു ഈ ബുദ്ധിമുട്ട്. എന്നാല്‍ ഇപ്പോള്‍ കച്ചവടക്കാര്‍ പണം അടച്ചില്ലെങ്കില്‍ പോലും ലേലം ഉറപ്പിച്ചുകഴിഞ്ഞാല്‍ ഉടന്‍ തന്നെ ഉത്പാദകന് ലഭിക്കേണ്ട പണം കൈമാറും. ഇതിനായി ഫോറസ്റ്റ് ഡെവലപ്‌മെന്റ് ഏജന്‍സിയുടെ രണ്ടുലക്ഷം രൂപ റിവോള്‍വിംഗ് ഫണ്ടായി ഉപയോഗിക്കുകയാണ്. മുഴുവന്‍ പണവും വന്നുകഴിയുമ്പോള്‍ ഈ തുക ബാങ്ക് അക്കൗണ്ടില്‍ തന്നെ സൂക്ഷിക്കും'; എം.ജി. വിനോദ്കുമാര്‍ പറയുന്നു. വനംവകുപ്പിന്റെ നിയന്ത്രണത്തില്‍ പെരിയകുടി വനസംരക്ഷണസമിതിയാണ് ചില്ലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. എത്ര ചെറിയ അളവിലുള്ള ഉത്പന്നം പോലും ചില്ലയിലൂടെ വിറ്റഴിക്കാന്‍ തടസ്സമില്ല.

  നേരത്തെ, കുടികളില്‍നിന്നുള്ള ഏതൊരു വസ്തുവും വില്‍പ്പനയ്ക്ക് കൊണ്ടുവന്നിരുന്നത് പുരുഷന്മാരാണ്. എന്നാല്‍, ചില്ല പ്രവര്‍ത്തനം ആരംഭിച്ചതോടെ സ്ത്രീകളും എത്തിതുടങ്ങി. വിപണനത്തില്‍ വിലപേശല്‍ ആവശ്യമില്ലാത്തതും ഇടപാടുകളില്‍ തര്‍ക്കമുണ്ടാകാത്തതും ഒരു സര്‍ക്കാര്‍ വകുപ്പ് തന്നെ നേതൃത്വം നല്‍കുന്നതുമെല്ലാം സ്ത്രീകളെയും ചില്ലയിലേക്കെത്താന്‍ പ്രേരിപ്പിക്കുന്നു. ആദിവാസികളുടെ ഉത്പന്നമായതിനാല്‍ അവയ്ക്ക് മിനിമം ഗ്യാരണ്ടിയുണ്ടാവുമെന്ന ചിന്താഗതി പൊതുസമൂഹത്തിനുണ്ട്. രാസവളങ്ങള്‍ ഉപയോഗിക്കാതെ പരമ്പരാഗത ഗോത്രശൈലിയിലുള്ള കൃഷിയില്‍നിന്നും വിളവെടുക്കുന്ന ഉത്പന്നമാണെന്നതും കൂടുതല്‍ ഗുണകരമാകുന്നു. ഇതെല്ലാം ഇവിടേക്ക് ധാരാളം കച്ചവടക്കാരും വിനോദസഞ്ചാരികളും ആകൃഷ്ടരാകാനുള്ള കാരണമാണ്.

  കാട്ടുനെല്ലിക്കയുടെ വില കിലോഗ്രാമിന് അമ്പതു പൈസയില്‍നിന്നും 60 രൂപയിലേക്കും, കാട്ടുപടവലത്തിന്റെ വില കിലോയ്ക്ക് 50 രൂപയില്‍നിന്ന് 250 രൂപയിലേക്കും ഉയര്‍ന്നപ്പോള്‍ അഞ്ചുനാട്ടിലെ ആദിവാസികള്‍ക്കുണ്ടായ ആവേശം ചെറുതല്ല. ഇതുമൂലം പരമാവധി വനവിഭവങ്ങള്‍ ശേഖരിക്കാനും അവര്‍ തയ്യാറായി. ഇത്തരത്തില്‍ കാട്ടില്‍നിന്നും ശേഖരിക്കുന്ന ഉത്പന്നങ്ങളാണ് ആദ്യമെല്ലാം കൂടുതലായി ചില്ലയില്‍ എത്തിയത്. വൈകാതെ കുടികളിലെ വളക്കൂറുള്ള മണ്ണില്‍ പരമ്പരാഗത വിളകളുടെയും ശീതകാല പച്ചക്കറികളുടെയും കൃഷി വ്യാപകമായി. അങ്ങനെ കാര്‍ഷികോത്പന്നങ്ങളും വന്‍തോതില്‍ എത്തിത്തുടങ്ങി. ഇന്നിപ്പോള്‍, കൃഷിചെയ്യാനും സംരക്ഷിക്കാനും വിളവെടുക്കാനും മാത്രമല്ല, അവ ശാസ്ത്രീയമായി വിപണനം ചെയ്യാനും മുതുവാന്മാരും മലപ്പുലയരും പഠിച്ചുകഴിഞ്ഞു.

  ഫലപ്രദമായ ഇടപെടലും കൃത്യമായ സമീപനവുമുണ്ടെങ്കില്‍ വനവിഭവങ്ങള്‍ ശേഖരിച്ചും കാര്‍ഷികോത്പന്നങ്ങള്‍ വിപണനം ചെയ്തും ആദിവാസികള്‍ക്ക് ജീവിക്കാന്‍ കഴിയുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ചില്ല. കേരളത്തില്‍ മറ്റൊരിടത്തും ഇത്തരമൊരു വിജയകരമായ മാതൃകയില്ല. ചില്ലയിലേക്ക് എത്താത്ത ഉത്പന്നങ്ങളുടെ വിപണനത്തിലും വനംവകുപ്പ് ഫലപ്രദമായ ഇടപെടല്‍ നടത്തുന്നുണ്ട്. ധാരാളം ഔഷധമൂല്യങ്ങളുള്ള കാട്ടുപടവലത്തിന്റെ വില്‍പ്പന ഇതിന് ഉദാഹരണമാണ്. പ്രാദേശികചന്തകളില്‍ അധികം വിറ്റുപോകാന്‍ സാധ്യതയില്ലാത്തതിനാല്‍ വിലകൂടിയ കാട്ടുപടവലം ചില്ലയിലേക്ക് എത്തുന്നില്ല. ഇതിനുപകരം, മുന്‍നിര ആയുര്‍വ്വേദ മരുന്നുകമ്പനികള്‍ ആദിവാസികളില്‍നിന്നും ഇവ നേരിട്ട് വാങ്ങുകയാണ് ചെയ്യുന്നത്. ഇതിന്റെ വിപണനത്തിനും വനംവകുപ്പ് തന്നെ നേതൃത്വം നല്‍കുന്നു. ഒരുദിവസം എട്ടും പത്തും ലക്ഷം രൂപയുടെ കാട്ടുപടവലമാണ് ഇത്തരത്തില്‍ കച്ചവടം ചെയ്യപ്പെടുന്നത്.

Recent Post