ജീവിതത്തിലേക്ക് ഇ-റിക്ഷ ഓടിക്കുന്ന ശംഭു ലാൽ
ചന്ദ്രൻ പുതിയോട്ടിൽ

രാജ്ഗീറിന്‍റെ രാവിലെ ആകാശത്തിന് ഇളംചുവപ്പ് നിറമായിരുന്നു. കുതിരവണ്ടികളും ഇ-റിക്ഷകളും തലങ്ങും വിലങ്ങും പാഞ്ഞുകൊണ്ടിരുന്നു. സമയം രാവിലെ ആറര. രാജ്ഗീര്‍ മലനിരകളും മഗധ സാമ്രാജ്യത്തിന്‍റെ ശേഷിപ്പായ നീണ്ടു കിടക്കുന്ന സൈക്ലോപ്പിയന്‍ മതിലും ഒന്നുകൂടെ കാണണം. സാധാരണ രാജ്ഗീറില്‍ (രാജഗൃഹം) വന്നാല്‍ രാവിലത്തെ നടത്തം ചരിത്രസ്മൃതികള്‍ക്കിടയിലൂടെയായിരുന്നു.
അങ്ങിനെ ചിന്തിച്ച് നടക്കവേ ഒരു ഇ-റിക്ഷ ശബ്ദമില്ലാതെ അടുത്തുവന്നു നിര്‍ത്തി. വയസ്സിന്‍റെ അടയാളങ്ങള്‍ മുഖത്ത് പ്രകടം. ഒരു ബനിയനും കള്ളിമുണ്ടും. നരച്ചുതുടങ്ങിയ ഒരാള്‍. സാബ്.. ആജാവോ ...ഞാന്‍ രാജ്ഗീര്‍ കാണിച്ചുതരാം.
ശംഭുലാല്‍ കഴിഞ്ഞ മൂന്ന് കൊല്ലമായി ഇ-റിക്ഷയോടിക്കുന്നു. അതിനു മുന്നെ സൈക്കിള്‍ റിക്ഷ ഓടിച്ചായിരുന്നു ഉപജീവനം. ഒരു ദിവസം നൂറ്റമ്പത് മുതല്‍ ഇരുന്നൂറ് രൂപ വരെ. പേശി വലിഞ്ഞു ചവിട്ടി ഉന്തി ജീവിതം മുന്നോട്ടു കൊണ്ടുപോകണമായിരുന്നു ശംഭുലാലിന്.

ഇപ്പോള്‍ ഇ-റിക്ഷ ഓടിക്കാന്‍ ഒരു സുഖമുണ്ട്. അതോടൊപ്പം അഭിമാനവും. ഒരു ലക്ഷം രൂപ ബാങ്കില്‍ നിന്ന് ലോണ്‍ എടുത്തതാണ്. അടവ് ഇതു വരെ തെറ്റിയിട്ടില്ല. ഏകദേശം അഞ്ഞൂറ് രൂപ വരെ ഇപ്പോള്‍ ഒരു ദിവസം കിട്ടുന്നുണ്ട്. മകള്‍ മുന്നിയുടെ വിദ്യാഭ്യാസം. അതാണ് പ്രധാനം. മൂത്ത രണ്ട് കുട്ടികള്‍ക്ക് സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ പറ്റിയിട്ടില്ല. രണ്ട് പേരും പാട്നയില്‍ വര്‍ക്ക്‌ഷോപ്പിലും ഹോട്ടലിലും ജോലി ചെയ്യുന്നു. പറ്റാവുന തരത്തില്‍ അവരും ഇപ്പോള്‍ സഹായിക്കുന്നുണ്ട്. അവര്‍ക്കും മുന്നിയെ നല്ല നിലയില്‍ എത്തിക്കണമെന്നാണ് വിചാരം.
എന്‍റെ മനസ്സില്‍ നാലഞ്ച് കിലോമീറ്ററിനപ്പുറം നെവാദക്ക് പോകുന്ന വഴിയില്‍ സൈക്ലോപ്പിയന്‍ മതിലുകള്‍ വീണ്ടും കാണുക എന്നൊരു ലക്‌ഷ്യമുണ്ടായിരുന്നു. രാവിലെ തന്നെ മറ്റൊരു ഗ്രാമത്തിലേക്ക് പോകേണ്ടതുണ്ടായിരുന്നത് കൊണ്ട് നടത്തം ഒഴിവാക്കി ഇ-റിക്ഷയില്‍ കയറാമെന്ന് വിചാരിച്ചു.

ഞാന്‍ കാര്യം പറഞ്ഞു. ശംഭു ലാല്‍ 30 രൂപ കൊണ്ട് അവിടം കാണിച്ച് തിരിച്ചുകൊണ്ടാക്കാമെന്ന് പറഞ്ഞു. ഞാനന്തം വിട്ടു. മുപ്പതുരൂപ. നാല് കിലോമീറ്റര്‍ തിരിച്ചിങ്ങോട്ടും. ആ ദിവസത്തിന്‍റെ ആദ്യ ഓട്ടം എന്ന ദയയുടെ ലാഞ്ചന ഞാനാ കണ്ണുകളില്‍ കണ്ടു. മഴ മെല്ലെ പൊടിയുന്നുണ്ടായിരുന്നു. ഞാന്‍ റിക്ഷയില്‍ കയറി. ഇ-റിക്ഷ മെല്ലെ നീങ്ങി.
ഇടത് വശം അജാതശത്രു പണികഴിപ്പിച്ച ബുദ്ധശിലാ ലിഖിതങ്ങളുള്ള കൂടിചേരലിനുള്ള സ്ഥലം.
ബിംബിസാരനെ മകന്‍ അജാതശത്രു ജയിലില്‍ തടവില്‍ പാര്‍പ്പിച്ചു എന്ന് പറയപെടുന്ന സ്ഥലത്തിനടുത്തെത്തി. ബിംബിസാരന്‍റെ ആഗ്രഹം പോലെ ജയിലില്‍ കിടക്കുമ്പോള്‍ ഗിരിനിരകളെ നോക്കി ബുദ്ധനെ ദര്‍ശിക്കണമെന്ന കൊതി ആ മലനിരകള്‍ പറയുന്നുണ്ടെന്ന് തോന്നി. ഭീമനും ജരാസന്ധനും മല്ല യുദ്ധം നടന്നെന്നു ഐതിഹ്യം പറയുന്ന സ്ഥലം...
ഞങ്ങള്‍ മുന്നോട്ടു നീങ്ങി. ശംഭുലാല്‍ നിശബ്ദനായി ശബ്ദരഹിത പുകരഹിത വാഹനം ഓടിച്ചുകൊണ്ടേയിരുന്നു.

യുദ്ധകാലത്തെ പാണ്ഡു പൊഖാർ മുന്നില്‍ ഒരു ജലരേഖ പോലെ മാഞ്ഞു. പാണ്ഡു രാജാവ് രാജഗൃഹ ആക്രമിച്ചപ്പോള്‍ കുതിരകളെ കെട്ടാന്‍ ഒരു ലായം പണിതെന്നും അദ്ദേഹം തിരിച്ചുപോയപ്പോള്‍ മലനിരകളിലെ മഴവര്‍ഷങ്ങള്‍ ഈ സ്ഥലത്തെ ഒരു വലിയ തടാകമാക്കി മാറ്റിയെന്നും പിന്നീട് ഈ ചുറ്റുപാടുകളിലെ മനുഷ്യര്‍ക്ക് സ്ഥിരമായി ഉണ്ടായിരുന്ന വരള്‍ച്ചക്ക് ഒരു പരിഹാരമായി എന്നും ഐതിഹ്യം.
ഞങ്ങള്‍ സൈക്ലോപ്പിയന്‍ മതില്‍ എത്താനായി. ശംഭുലാല്‍ പതിയെ ഇ-റിക്ഷ ഓരം ചേര്‍ത്ത് നിര്‍ത്തി. ഞാന്‍ വരാമെന്ന് പറഞ്ഞിറങ്ങി.

ഇഷ്ടം പോലെ ചിത്രമെടുത്തോളൂ എന്ന് മങ്ങിയ പല്ലിന്‍റെ വെളിച്ചത്തില്‍ ശംഭുലാല്‍ പറഞ്ഞു.
ഞാന്‍ കുറച്ചു ചിത്രങ്ങള്‍ എടുത്തു. രൂപങ്ങളില്ലാത്ത പോളിഷ് ചെയ്യാത്ത കല്ലുകള്‍ അടുക്കി വെച്ച് നിര്‍മിച്ച കൂറ്റന്‍ മതിലുകള്‍. പുറത്തു നിന്നുള്ള ആക്രമണങ്ങള്‍ ചെറുക്കാന്‍ ഈ മതിലുകള്‍ക്കും മലകള്‍ക്കും കഴിഞ്ഞിരുന്നു. മഗധയുടെ പ്രതാപകാലം. ബി.സി. മൂന്നാം നൂറ്റാണ്ടില്‍ ബ്രുഹദ്രധ രാജവംശം പണികഴിപ്പിച്ച 40 കിലോമീറ്റര്‍ ചുറ്റളവില്‍ കിടക്കുന്ന ഈ മതില്‍ UNESCO World Heritage സൈറ്റില്‍ ഇടം പിടിക്കാന്‍ കാത്തിരിക്കുകയാണ്.
ഞാന്‍ ചിത്രമെടുപ്പ് നിര്‍ത്തി. തിരിച്ചുപോരുമ്പോള്‍ ശംഭുലാല്‍ ഒന്നും പറഞ്ഞില്ല. ഞാനും. മൗനം ഞങ്ങളിലെ സൗഹൃദത്തെ നനപ്പിച്ചു.
ചൂടുവെള്ളം നീരായി വരുന്ന സൂരജ് കുണ്ടിനടുത്ത് വണ്ടി നിര്‍ത്താന്‍ പറഞ്ഞു. ഞാന്‍ തിരിച്ചു നടന്നോളാം. ശംഭുവിന് ഇവിടെ നിന്ന് നിറയെ ഓട്ടം കിട്ടും. പറഞ്ഞതില്‍ കൂടുതല്‍ പൈസ കൊടുത്തപ്പോള്‍ അദ്ദേഹത്തിന്‍റെ മുഖത്തൊരു അമ്പരപ്പ്. ശംഭുലാല്‍ ഒരു നിറചിരിയോടെ ജീവിതത്തിലേക്ക് വണ്ടിയോടിച്ച് പോയി.