ഇനിയും മരിക്കാത്തവർ ഇവർ

 Commentary on death and life

സി.കെ ഹസന്‍കോയ

  ഉച്ച തിരിഞ്ഞ നേരം. ജിദ്ദയില്‍ മഹ്ജര്‍ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രി മോര്‍ച്ചറിയുടെ വാതില്‍ക്കല്‍ അര്‍ധ സുഷുപ്തിയില്‍ കാത്തിരിക്കുമ്പോള്‍ റോബര്‍ട്ട് ജോര്‍ദാനും മറിയയും ഉള്‍പ്പെടുന്ന ഹെമിംഗ്വേ കഥാപാത്രങ്ങള്‍ മനസിലേക്കു വന്നത് എന്തിനെന്നറിയില്ല. സ്പാനിഷ് അഭ്യന്തര യുദ്ധത്തിന്‍റെ കഥ പറയുന്ന മണി മുഴങ്ങുന്നതാര്‍ക്കുവേണ്ടി ഹൈസ്കൂള്‍ കാലം മുതലേ മോഹിപ്പിച്ച രചനയാണ്. താന്‍ കൂടി പൊരുതിയ യുദ്ധത്തെക്കുറിച്ച് പപ്പാ ഹെമിംഗ്വേ ഏറെ എഴുതിയിട്ടുണ്ട്. ഫെയര്‍വെല്‍ ടു ആംസിലെ നായകന് സ്വന്തം പ്രതിഛായയുണ്ടെന്ന് സമ്മതിക്കുകയും ചെയ്തു. കാളപ്പോരാളികളുടെ ദുരന്ത ജീവിതമാണല്ലോ അപരാഹനത്തിലെ മരണത്തില്‍ വരച്ചുകാട്ടുന്നത്.

 ചെങ്കടല്‍ തീര നഗരമായ ജിദ്ദയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരായ പത്ര പ്രവര്‍ത്തകര്‍ അടങ്ങിയ ഒരു ചെറു സംഘമായിരുന്നു അത്. മണിക്കൂറുകളായി ഞങ്ങളെല്ലാം അവിടെയുണ്ട്. എല്ലാവരും അവരവരുടെ മനോരാജ്യങ്ങളില്‍ മുഴുകി ഇരിക്കുന്നു. പലരും വരികയും പോവുകയും ചെയ്യുന്നു. അപമൃത്യുവിനിരയാവുന്നവരെ കൊണ്ടുവരുന്ന ഇടമായതിനാല്‍ തിരിച്ചറിയാനെത്തുന്നവരും ജഡങ്ങള്‍ സ്വീകരിക്കാന്‍ വരുന്നവരുമെല്ലാം ഉണ്ട്. പല പല ഭാഷയിലുള്ള പതം പറച്ചിലുകള്‍. നെടുവീര്‍പ്പുകള്‍. മരണത്തിന് എവിടെയും ഒരേ മുഖമാണ്. മരിച്ചവര്‍ക്കായി ഏറെ നേരം കരയാനും കണ്ണീര്‍ പൊഴിക്കാനും ആര്‍ക്കും സമയമുണ്ടാകാറില്ല. ഒരു മരണം നടക്കുമ്പോള്‍ അല്‍ഹംദു ലില്ലാ എന്നു ദൈവത്തെ സ്തുതിക്കുന്നവരാണ് അറബികള്‍. നാല്‍പതോളം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ തൊഴില്‍ ചെയ്തു ജീവിക്കുന്ന ജിദ്ദ നഗരത്തിന് ആദിമാതാവായ ഹവ്വയുടെ ഖബര്‍ സ്ഥിതിചെയ്യുന്ന ഇടം എന്ന നിലയിലാണ് മുത്തശ്ശി എന്നര്‍ത്ഥം വരുന്ന ജെദ്ദ എന്ന പേരു ലഭിച്ചതെന്നു വിശ്വസിക്കപ്പെടുന്നു.

 എല്ലാ മുഖങ്ങളിലും മരണമുണര്‍ത്തുന്ന വേദനയുടെ അമൂര്‍ത്ത ചിത്രങ്ങള്‍ കോറിയിട്ടിരിക്കുന്നു. പല പല ജ്യാമിതീയ മാതൃകകള്‍ പ്രദര്‍ശിപ്പിക്കുന്ന മുഖങ്ങള്‍. ചുറ്റും നോക്കി. സുഡാനിയും സിറിയക്കാരനും യെമനിയും പാക്കിസ്താനിയും ഛാഡുകാരനുമെല്ലാമുണ്ട്. കൂട്ടത്തില്‍ മലയാളികളായ ഞങ്ങള്‍ കുറച്ചുപേര്‍. പകലുറക്കത്തിനിടെ മരണത്തിലേക്കു വഴുതി വീണ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ജാഫര്‍ഖാന്‍റെ മൃതദേഹം മോര്‍ച്ചറിയിലാണ്. സൗദി അറേബ്യയിലെ ഏറ്റവും പ്രമുഖ ഇംഗ്ളീഷ് പത്രമായ അറബ് ന്യൂസില്‍ സീനിയര്‍ എഡിറ്ററായിരുന്നു തിരുവനന്തപുരം സ്വദേശി ജാഫര്‍ഖാന്‍. എംബാമിംഗ് ജോലികള്‍ പൂര്‍ത്തിയാക്കി പുറത്തേക്കു തല നീട്ടിയ ഡോക്ടര്‍ ആദ്യം അന്വേഷിച്ചത് വാഹനം എത്തിയോ എന്നാണ്. ഈജിപ്തുകാരന്‍റെ സഹജമായ ധിക്കാരം അയാളുടെ ശരീരഭാഷയിലുണ്ട്. കാത്തിരുപ്പിന്‍റെ ദൈര്‍ഘ്യമേറിയപ്പോള്‍ ഞങ്ങള്‍ ഡ്യൂട്ടി ഡോക്ടര്‍മാരുമയി പരിചയം സ്ഥാപിച്ചിരുന്നു. ഇടക്ക് പുതിയ പുതിയ മൃതദേഹങ്ങള്‍ വരികയും ചിലവ പുറത്തേക്ക് പോവുകയും ചെയ്തുകൊണ്ടിരുന്നു. എയര്‍പോര്‍ട്ടിലേക്ക് ജഡം കൊണ്ടുപോകുന്നതിന് ആംബുലന്‍സ് വരും എന്ന പ്രതീക്ഷയിലാണ് കാത്തിരിപ്പ്. ശവപ്പെട്ടിക്കു മുകളില്‍ ഒട്ടിക്കാനുള്ള കടലാസും മറ്റും തയാറാണ്. പെട്ടെന്ന് മൂളിക്കുതിച്ചെത്തിയത് ഒരു തുറന്ന പിക്കപ്പ്. അതിന്‍റെ പാര്‍ശ്വങ്ങളില്‍ കാര്‍ഗോ കമ്പനിയുടെ പേരുണ്ട്. ഡ്രൈവറായ ബദു ചാടിയിറങ്ങി ഞങ്ങളുടെ അടുത്തേക്കു വന്ന് അന്വേഷിച്ചു- റെഡിയല്ലേ?...ഒറ്റനോട്ടത്തില്‍ മലബാറികളെ (മലയാളികള്‍) തിരിച്ചറിഞ്ഞാണ് കൂസലില്ലാത്ത ആ വരവ്.

 ഈ വണ്ടിയിലാണോ കൊണ്ടു പോകുന്നത്? ഞങ്ങള്‍ അവിശ്വാസത്തോടെ അന്വേഷിച്ചു. ജഡങ്ങളുടെ ട്രാന്‍സ്പോര്‍ട്ടിംഗ് ചുമതലയുള്ള പ്രമുഖ കാര്‍ഗോ കമ്പനിയുടെ ജോലിക്കാരനായ അയാള്‍ പറഞ്ഞു- "വിമാനത്തില്‍ കയറ്റാനുള്ള എല്ലാ ജഡങ്ങളും ഇങ്ങിനെ തന്നെയാണ് കൊണ്ടുപോകുന്നത്. എംബാമിംഗ് കഴിഞ്ഞതുകൊണ്ട് പ്രത്യേകിച്ചൊന്നും സംഭവിക്കില്ല" . അയാള്‍ തിടുക്കം കൂട്ടി. പുറത്ത് വെയില്‍ കത്തിയാളുന്നു. ഞങ്ങള്‍ ജഡത്തിന്‍റെ പേരും സ്ഥലവും എഴുതിയ സ്റ്റിക്കര്‍ പെട്ടിയുടെ മുകളില്‍ ഒട്ടിച്ചു. പത്രത്തിന്‍റെ പേര് വലിയ അക്ഷരത്തില്‍ നാലുപാടും പതിച്ചു. സൗദിയില്‍ പത്രക്കാരനു പ്രത്യേക പരിഗണനയൊന്നുമില്ലെങ്കിലും നാട്ടില്‍ സ്ഥിതി അങ്ങിനെയല്ലല്ലോ എന്ന ചിന്തയിലാണ് ഇങ്ങിനെ ചെയ്തത്. തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് ജഡത്തെ അനുഗമിക്കാന്‍ തയാറായ സഹപ്രവര്‍ത്തകനും അവിടെ ഉണ്ടായിരുന്നു. തിരുവനന്തപുത്ത് എത്തുമ്പോള്‍ ഒട്ടും വൈകാതെ പുറത്തെത്തിച്ച് ബന്ധുക്കളെ ഏല്‍പിക്കാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തിരുന്നു. അസ്വാഭാവിക മരണമായിട്ടും ജഡം ഒരാഴ്ചക്കകം നാട്ടിലേക്ക് കൊണ്ടുപോകാന്‍ കഴിഞ്ഞത് സൗദി അറേബ്യയില്‍ അപൂര്‍വ സംഭവമായിരിക്കുമെന്ന് പലരും പറഞ്ഞു. വിദേശ യാത്രയിലായിരുന്ന ചീഫ് എഡിറ്റര്‍ ഖാലിദ് മഈന ഉന്നത തലത്തില്‍ ഇടപെട്ടതുകൊണ്ടാണിതു സാധിച്ചതെന്നും വിശദീകരിക്കപ്പെട്ടു.
 ജാഫര്‍ഖാനെ അവസാനമായി കണ്ട ആളെന്ന നിലയില്‍ ആ മരണം വല്ലാതെ ഉലച്ചു കളഞ്ഞു. അടുപ്പമുണ്ടായിരുന്ന മറ്റുള്ളവരുടേയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ജീവിതവും മരണവും തമ്മിലുള്ള അതിര്‍വരമ്പ് എത്ര നേര്‍ത്തതാണെന്ന അറിവ് മനസില്‍ ആഴത്തില്‍ തറച്ച നിമിഷങ്ങളായിരുന്നു അത്. പത്രാധിപക്കസേരയുടെ പതുപതുപ്പില്‍ നിന്ന് കാര്‍ഗോ പിക്കപ്പിന്‍റെ ഇരുമ്പു പലകയിലേക്കു മാറിയ ആ ജീവിതത്തിലെ ചില മുഹൂര്‍ത്തങ്ങള്‍ സിനിമയിലെന്നവണ്ണം അപ്പോള്‍ മനസിലൂടെ കടന്നുപോയി. റെഡ് ക്രസന്‍റ് ആംബുലന്‍സ് എത്തി ഡോക്ടര്‍ മരണം സ്ഥിരീകരിച്ച് മൃതദേഹം ആശുപത്രയിലേക്കു നീക്കിയത് ഒരാഴ്ച മുമ്പ് സന്ധ്യ കഴിഞ്ഞ നേരത്താണ്. നാട്ടിലേക്ക് കൊണ്ടുപോകാന്‍ വാങ്ങിവെച്ച സാധനങ്ങള്‍ കൂട്ടിയിട്ട മുറിയില്‍ നിന്ന് ജഡം മാത്രം പുറത്തേക്കെടുക്കുമ്പോള്‍ കരയാന്‍ ഭാര്യയോ മക്കളോ ഉണ്ടായിരുന്നില്ല. അവധിക്കെത്തുന്ന കുടുംബ നാഥനെ കാത്തിരിക്കുകയായിരുന്നു നാട്ടില്‍ അവരെല്ലാം. അടൂര്‍ ഗോപാലകൃഷ്ണന്‍റെ അയല്‍ വീട് അപ്രതീക്ഷിതമായ വാര്‍ത്തയുടെ നടുക്കത്തിലാണെന്ന് ആരോ അടക്കം പറഞ്ഞു. അഛനുമായി വളരെ അടുപ്പമുണ്ടായിരുന്ന ഇളയ മകന്‍റെ മാനസിക നില വളരെ മോശമായതായി മുസഫര്‍ പറഞ്ഞു. ജാഫര്‍ഖാനുമായി അടുപ്പം പുലര്‍ത്തിയിരുന്ന ആളായിരുന്നു അദ്ദേഹത്തിന്‍റെ തൊട്ടടുത്ത മുറിയില്‍ താമസിച്ചിരുന്ന എഴുത്തുകാരനും മലയാളം ന്യൂസില്‍ സഹപ്രവര്‍ത്തകനുമായ വി. മുസഫര്‍ അഹമ്മദ്.

 യാത്ര ചെയ്യാന്‍ തീരുമാനിച്ച തിങ്കളാഴ്ച തന്നെ അതേ വിമാനത്തില്‍ കാര്‍ഗോ ആയി നാട്ടിലേക്കു മടങ്ങുക എന്ന അസാധാരണ നിയോഗമായിരുന്നു ജാഫര്‍ഖാന്‍റത്. മുറിയിലുണ്ടായിരുന്ന ടിക്കറ്റിലെ തിയതി നോക്കിയവര്‍ പ്രവാസ ജീവിതത്തിന്‍റെ അനിശ്ചിതത്വത്തെക്കുറിച്ച് പലതും പറഞ്ഞുകൊണ്ടിരുന്നു. ഉറുമ്പിനെപ്പോലും നോവിക്കാതെ ഓഫീസിലേക്കു അദ്ദേഹം നടന്നു പോകുമ്പോള്‍ വഴിയില്‍ കണ്ടുമുട്ടാറുണ്ട്. കുശലം അന്വേഷിക്കാറുണ്ട്. സിഗരറ്റ് ഉപേക്ഷിച്ചതു കാരണം ഉന്മേഷം കുറഞ്ഞതായി ഒരിക്കല്‍ പറഞ്ഞു. ഭക്ഷണം കഴിക്കാന്‍ എത്തുമ്പോള്‍ ദീര്‍ഘമായി സംസാരിക്കാറുമുണ്ട്. സൗദിയിലെ ഇംഗ്ളീഷ് പത്രപ്രവര്‍ത്തനത്തിന്‍റെ തുടക്കക്കാരിലൊരാളായിരുന്നെങ്കിലും യാതൊരു ജാഡയുമില്ലാത്ത പെരുമാറ്റം. ഭാര്യവീട് സ്ഥിതി ചെയ്യുന്ന വാടാനപ്പള്ളി ബീച്ചില്‍ ഇപ്പോഴും കുറഞ്ഞ വിലയ്ക്ക് സ്ഥലം കിട്ടാനുണ്ടെന്ന് അവസാനം കണ്ടപ്പോള്‍ പറഞ്ഞു. തിരുവനന്തപുരത്തുകാരന്‍ കല്യാണം കഴിക്കാന്‍ എങ്ങിനെ തൃശൂരെത്തി എന്ന ചോദ്യത്തിന് ചിരിച്ചുകൊണ്ട് അദ്ദേഹം മറുപടിയും പറഞ്ഞു. ഹജ് മന്ത്രിയായിരുന്ന ഇയാദ് മദനി സൗദി ഗസറ്റിന്‍റെ ചീഫ് എഡിറ്ററായിരുന്ന കാലത്തെക്കുറിച്ച് ഓര്‍മ്മകള്‍ പങ്കുവെച്ചു. പുതിയവര്‍ക്ക് പലതും മനസിലാക്കിത്തരാന്‍ കെല്‍പ്പുണ്ടായിരുന്ന അനുഭവ സമ്പന്നനായ ആ പത്രപ്രവര്‍ത്തകനെ പക്ഷേ ആരും വേണ്ടതുപോലെ മനസിലാക്കിയില്ല എന്നു തോന്നിയിട്ടുണ്ട്. ജീവിത സായാഹ്നത്തില്‍ മനുഷ്യന്‍ അനുഭവിക്കുന്ന ഒറ്റപ്പെടല്‍ ലോകത്തെവിടെയും ഒരു പോലെയാണ്. അതുകൊണ്ടാണല്ലോ വാര്‍ധക്യം മരണത്തേക്കാള്‍ ക്രൂരമാണെന്ന് ഹെമിംഗ്വേ എഴുതി വെച്ചത്....

 അന്ന് പതിവുപോലെ ഉച്ചതിരിഞ്ഞ് മൂന്നര മണിക്ക് ഊണുകഴിക്കാന്‍ ചെന്നപ്പോള്‍ അദ്ദേഹത്തിന്‍റെ മുറിയില്‍ വെളിച്ചമുണ്ടായിരുന്നു. ചെരിഞ്ഞു കിടന്നുറങ്ങുന്ന പതിവു ദൃശ്യം പാതി ചാരിയ വാതിലിലൂടെ കണ്ടു. ഇന്ന് ഓഫ് ദിവസമല്ലല്ലോ, ഓഫീസില്‍ പോകുന്നില്ലേ എന്ന് സംശയിച്ചു. ഉറക്കം തടസപ്പെടുത്തേണ്ട എന്നു കരുതി. നാട്ടില്‍ പോകുന്നതല്ലേ, ഷോപ്പിംഗിനായി ചിലപ്പോള്‍ ഓഫ് ദിനം മാറ്റിക്കാണും എന്നും ആശ്വസിച്ചു. നാട്ടില്‍ പോകാനുള്ള ഉത്സാഹം കുറച്ചു ദിവസമായി ചലനങ്ങളില്‍ പ്രകടമായിരുന്നു. യുവാവായാലും വൃദ്ധനായാലും എല്ലാവരേയും നാട് ഒരുപോലെ മോഹിപ്പിക്കുന്നു. വൈകിട്ട് അദ്ദേഹം ജോലി ചെയ്തിരുന്ന അറബ് ന്യൂസ് പത്രത്തിന്‍റെ ന്യൂസ് എഡിറ്റര്‍ രാം നാരായണ്‍ വിളിച്ചു. മാനേജിംഗ് എഡിറ്റര്‍ ജമാല്‍ ഖഷോഗി അദ്ദേഹത്തെ അന്വേഷിച്ചതായി പറഞ്ഞു. (വര്‍ഷങ്ങള്‍ക്കു ശേഷം തുര്‍ക്കിയിലെ സൗദി എംബസിയില്‍ വിവാഹ രേഖകള്‍ ശരിയാക്കാനെത്തിയ ഖഷോഗിക്കു സംഭവിച്ചത് ഒരു ദുസ്വപനം പോലെ സൗദിയിലെ മാധ്യമ സമൂഹത്തെ എക്കാലവും വേട്ടയാടും. അധികാര കേന്ദ്രങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുമ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ രണ്ടു വട്ടം ചിന്തിക്കണം എന്ന പാഠമാണ് പ്രായോഗികമായി കാണിച്ചു തന്നത്. ) " ഹസന്‍, ജാഫര്‍ ഖാന്‍ ഇതുവരേ ഡ്യൂട്ടിക്കെത്തിയില്ല. ഫോണ്‍ എടുക്കുന്നുമില്ല. നമുക്കൊന്നു പോയി നോക്കാം." രാം നാരായണന്‍ പറഞ്ഞു. വാക്കുകളില്‍ പരിഭ്രമം. മനസിലൂടെ ഒരു കൊള്ളിയാന്‍ മിന്നി. നാല് അറബ് പത്രങ്ങള്‍ ഉള്‍പ്പടെ ഏഴു പത്രങ്ങലും സെയ്ദത്തി, ഹിയ തുടങ്ങിയ മുന്‍നിര വനിതാ മാസികകളും പ്രസിദ്ധീകരിക്കുന്ന സൗദി റിസര്‍ച്ച് ആന്‍റ് പബ്ളിഷിംഗ് കമ്പനിയുടെ എല്ലാ പത്രങ്ങളും അക്കാലത്ത് ഒരേ കെട്ടിടത്തിലെ രണ്ടു നിലകളിലായിരുന്നു. ഭക്ഷണം ജാഫര്‍ഖാന്‍റെ ഫ്ളാറ്റില്‍ ആയിരുന്നതുകൊണ്ട് കൈയില്‍ താക്കോലുണ്ടെന്ന് അദ്ദേഹത്തിനറിയാം. ഞങ്ങള്‍ പുറത്തിറങ്ങി. അറബ് ന്യൂസിലെ വേറെയും രണ്ടു പേര്‍ ഒപ്പമുണ്ടായിരുന്നു. ഏതാനും മീറ്റര്‍ മാത്രം അകലെയാണ് അദ്ദേഹം താമസിച്ചിരുന്ന ഫ്ളാറ്റ്. ഉംറ വിസയിലെത്തി പൊതുമാപ്പ് കാത്ത് അനധികൃതമായി കഴിയുന്ന മലയാളിയായ കുശിനിക്കാരന്‍ പാചകത്തിന് ഉണ്ടായിരുന്നതുകൊണ്ടാണ് പുറത്തു താമസിക്കുന്ന ആളായിട്ടും അക്കാലം അവിടെ ഭക്ഷണം കിട്ടിയത്. പലേടങ്ങളില്‍ പാചക ജോലിയുള്ള അയാള്‍ രാവിലെ മുതല്‍ ഊഴമിട്ടാണ് മലയാളികള്‍ താമസിക്കുന്ന വിവിധ ഫ്ളറ്റുകളില്‍ ഭക്ഷണമുണ്ടാക്കുക. . ഞങ്ങളെത്തിയപ്പോള്‍ മുറിയിലെ വെളിച്ചം അതുപോലെയുണ്ടായിരുന്നു. ജാഫര്‍ഖാന്‍ നിത്യ നിദ്രയിലേക്കു പ്രവേശിച്ചു കഴിഞ്ഞു. ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു അത്. മുഖത്ത് വേദനയുടെ യാതൊരടയാളവുമില്ല. ഹൃദയാഘാതമുണ്ടാകുമ്പോള്‍ അദ്ദേഹം ഉറക്കത്തിലായിരുന്നുവെന്നും മരണം നടന്നിട്ട് മൂന്നുമണിക്കൂറിലേറെയായെന്നും വൈകാതെ എത്തിയ റെഡ് ക്രസന്‍റ് ആംബുലന്‍സിലെ ഡോക്ടര്‍ സ്ഥിരീകരിച്ചു.

 സൗദി അറേബ്യയില്‍ പ്രവാസത്തിന്‍റെ മൂന്നാമൂഴത്തിനെത്തുമ്പോള്‍ ജാഫര്‍ഖാന് വാര്‍ധക്യത്തിന്‍റെ ക്ളേശങ്ങള്‍ ഉണ്ടായിരുന്നു. പ്രമേഹവും മറ്റസുഖങ്ങളും ശല്യപ്പെടുത്തിയിരുന്നു. ലണ്ടനില്‍ ജോലി ചെയ്യുന്ന ഡോക്ടറായ സഹോദരി ടെലിഫോണിലൂടെ കുറിക്കുന്ന മരുന്നുകളാണ് കഴിച്ചിരുന്നത്. നാട്ടില്‍ പല ബിസിനസ് സംരംഭങ്ങളും നല്ല നിലയില്‍ തുടങ്ങിയ ആളാണ്. ആപ്ടെക് കംപ്യൂട്ടര്‍ എജ്യുക്കേഷന്‍റെ തുടക്കക്കാരന്‍. എങ്കിലും കാലക്രമേണ സംരംഭങ്ങളോരോന്നും നഷ്ടത്തില്‍ കലാശിച്ചതോടെ പാപ്പരാവുകയായിരുന്നു. ഒരിക്കല്‍ ഉപേക്ഷിച്ച കുടിയേറ്റ ജീവിതം ഒടുവില്‍ വീണ്ടും തെരഞ്ഞെടുക്കേണ്ടി വന്നു. ബോംബെ ഫ്രീ പ്രസില്‍ നിന്ന് സൗദിയിലേക്ക് ആദ്യം വരുമ്പോള്‍ അവിടെ ഇംഗ്ളീഷ് പത്രപ്രവര്‍ത്തനം പിച്ചവെക്കുന്നതേ ഉണ്ടായിരുന്നുള്ളു. സൗദി ഗസറ്റ് പത്രത്തിനുവേണ്ടി ഇന്ത്യയില്‍ നിന്നുള്‍പ്പടെ റിക്രൂട്ട്മെന്‍റ് ചുമതലയുള്ള എക്സിക്യൂട്ടീവ് എഡിറ്ററായിരുന്നു അന്നദ്ദേഹം. കേരളത്തില്‍ ഇന്ത്യന്‍ എക്സ്പ്രസില്‍ പ്രവര്‍ത്തിച്ചിരുന്ന എം. യൂസഫ്കുട്ടിയെപ്പോലുള്ള പ്രമുഖരെ സൗദിയിലെത്തിച്ചത് ജാഫര്‍ഖാനായിരുന്നു. രണ്ടാമൂഴത്തില്‍ ആദ്യം പോയത് യു.എ.ഇയിലേക്കാണ്. അവിടെ നിന്ന് പഴയ താവളമായ സൗദിയിലേക്കു പോന്നു. നിരവധി പത്രപ്രവര്‍ത്തകര്‍ക്കു വഴികാട്ടിയായിരുന്നു സ്നേഹ നിര്‍ഭരമായ ആ മനസ്. താന്‍ തന്നെ കൊണ്ടുവന്ന അടുത്ത ബന്ധു താന്‍ തുടക്കമിട്ട പത്രം കയ്യടക്കിയതിനെക്കുറിച്ച് ഒരിക്കല്‍ സംസാരിച്ചപ്പോള്‍ വാക്കുകള്‍ മുറിഞ്ഞു. അവസാന ഊഴത്തിന് നാട്ടില്‍ നിന്നെത്തിയ ബന്ധുവിനെ ഒരിക്കല്‍ പോലും അന്വേഷിച്ചു വരാതിരുന്ന അയാള്‍ മരണ വിവരമറിഞ്ഞു വന്ന് വിവരങ്ങള്‍ അന്വേഷിച്ചു. പുകയില ചവച്ചുകൊണ്ട് തിടുക്കപ്പെട്ട് ഓടി നടന്നു. സ്പോട്സ് എഡിറ്റര്‍ കെ.ഒ പോള്‍സണ്‍ ഉള്‍പ്പടെ സൗദി ഗസറ്റിലെ മറ്റു സുഹൃത്തുക്കളും ഉണ്ടായിരുന്നു. ഓരോരുത്തരായി പിരിഞ്ഞു പോയി. ജാഫര്‍ഖാന്‍ നാട്ടിലേക്കു കൊണ്ടുപോകാന്‍ വാങ്ങി സൂക്ഷിച്ചിരുന്ന സാധനങ്ങള്‍ എന്തു ചെയ്യണമെന്നന്വേഷിക്കാനാണ് ശത്രുവായിത്തീര്‍ന്ന ആ ബന്ധുവിനെ അവസാനമായി വിളിച്ചത്. മനുഷ്യന്‍ എത്ര സുന്ദരമായ പദം.....

Recent Post