നീലക്കടലിന്റെ കൂട്ടുകാരി ...

ജോൺസ് മാത്യു

  2006 ൽ ആതൻസിൽ നിന്നും ജർമ്മനിയിലെ കൊളോൺ നഗരത്തിലേക്കുള്ള വിമാനയാത്രയിലെ ജർമ്മൻ സഹയാത്രിക റോസാന്നയെ പരിചയപ്പെട്ടത് വളരെ യാദൃശ്ചികമായാണ്.
  യൂറോപ്യൻ വിമാനയാത്രയിൽ പൊതുവെ സഹയാത്രികർ പരിചയപ്പെടാറില്ല. പുസ്തക വായനയിൽ മുഴുകിയോ സംഗീതം ആസ്വദിച്ചോ ഒക്കെയാണ് ഇവർ യാത്ര ആസ്വദിക്കുന്നത്. എന്നാൽ വളരെ അപൂർവ്വം യാത്രാവേളകളിൽ വ്യത്യസ്ത ജീവിത ശൈലിയുള്ള വ്യക്തികളെ പരിചയപ്പെടുവാനും അവരുടെ അനുഭവങ്ങൾ പങ്കുവെക്കുന്നതിനും അവസരമുണ്ടായിട്ടുണ്ട്.
  സഹയാത്രിക റോസാന്ന വായിച്ചിരുന്ന ഗ്രീസിലെ ആൾ താമസം കുറവുള്ള ദ്വീപുകളെക്കുറിച്ചുള്ള പുസ്തകം എന്നിൽ ആകാംഷ നിറച്ചു. പൊതുവിൽ വ്യക്തിപരമായ വസ്തുക്കൾ കൈമാറുന്നതിന് വൈമുഖ്യമുള്ളവരാണ് യൂറോപ്യൻമാർ എങ്കിലും ആ പുസ്തകം അവരുടെ അനുവാദത്തോടു കൂടി ഞാൻ മറിച്ചു നോക്കി. 1946 മുതൽ 49 വരെയുള്ള വർഷങ്ങളിൽ ഗ്രീസിലെ ആഭ്യന്തര രാഷ്ട്രിയ കലാപത്തിൽ ഭരണകൂടം കമ്മ്യൂണിസ്റ്റുകളെ നാടുകടത്തിയിരുന്ന മനുഷ്യവാസമില്ലാത്ത യാറോസ്, ലേറോസ് എന്നീ ദ്വീപുകളെക്കുറിച്ചുള്ള വിവരണങ്ങളും ആ പുസ്തകത്തിലുണ്ടായിരുന്നു.
  ആൾ താമസം കുറവുള്ള ദ്വീപുകളെക്കുറിച്ചു അവർക്കുണ്ടായ താൽപര്യത്തിൻ്റെ കാരണമന്വേഷിച്ചു കൊണ്ടു് ഞാൻ സംഭാഷണത്തിന് തുടക്കമിട്ടു. യൂറോപ്യൻമാർ അപരിചിതരുമായി മനസ്സു തുറന്നു സംവദിക്കുവാൻ മടിയുള്ളവരാണ്. മറുപടി നൽകുന്നതിന് പകരം " ഗ്രീസിലെ ഏതെങ്കിലും ദ്വീപിൽ ജീവിച്ചിട്ടുണ്ടോ ? " എന്നായിരുന്നു റോസാന്ന എന്നോട് ചോദിച്ചത്. 1996 മുതൽ തിനോസ് ദ്വീപിലാണ് വേനൽക്കാല വാസം എന്ന മറുപടി കേട്ട് വിശ്വസിക്കാനാവാതെ അവർ എന്നെ നോക്കി. കുറേ നേരത്തേക്ക് അവർ ഒന്നും സംസാരിക്കാതെ പുസ്തക താളുകൾ അലസമായി മറിച്ചു കൊണ്ടിരുന്നു.
  അതിനിടയിൽ ,യാത്രികർക്ക് ഭക്ഷണവുമായി എയർഹോസ്റ്റസ് വന്നു. പത്തു വർഷമായി തിനോസ് ദ്വീപിലെ ദിയൊഹൊറിയ ഗ്രാമത്തിലാണ് താമസം എന്ന് റോസാന്ന പറഞ്ഞതു കേട്ട് ഞാൻ സ്തബ്ധനായി. ഒരേ ദ്വീപിൽ വളരെ ദൂരെയല്ലാത്ത ഗ്രാമങ്ങളിൽ താമസിക്കുന്നവർ ആകാശയാത്രയിൽ വെച്ച് പരിചയപ്പെടുന്നതിലെ അവിശ്വസനീയത ഞങ്ങൾ പങ്കുവെച്ചു. കൊളോൺ എയർ പോർട്ടിൽ വെച്ച് കാപ്പി കുടിച്ച് പിരിയുമ്പോൾ തിനോസ് ദ്വീപിൽ വെച്ച് വീണ്ടും കാണാം എന്ന് വാക്കു നൽകി പിരിഞ്ഞു. ആറ് അടിയോളം ഉയരമുള്ള റോസാന്ന മുട്ടിന് താഴെ ഇറക്കമുള്ള ഇളം റോസ് നിറത്തിൽ പൂക്കളുള്ള പാവാടയും വെള്ള ബ്ലൗസും ധരിച്ച് ഉറച്ച കാൽവെപ്പുകളോടെ നടന്നു നീങ്ങി.
  പിന്നീട് രണ്ടു തവണ റോസാന്നയെ തിനോസ് ദ്വീപിൽ വെച്ചു കണ്ടിരുന്നെങ്കിലും രണ്ടു പേർക്കും ധൃതിയുണ്ടായിരുന്നതിനാൽ സംസാരിക്കുവാൻ കഴിഞ്ഞില്ല. അഞ്ചു വർഷങ്ങൾക്കു ശേഷമാണ് ആകസ്മികമായി റോസാന്നയെ തിനോസ് ദ്വീപിലെ പിർഗോസ് ചത്വരത്തിൽ വെച്ച് കണ്ടത്. ചത്വരത്തിലെ കൂറ്റൻ പ്ലാറ്റനോസ് മരത്തണലിൽ ഇരുന്നു അരികിലുള്ള കഫേനിയോയിൽ നിന്നും ഗ്രീക് മൗലിക മധുരപലഹാരമായ ഗലക്ത്ത്തൊ ബുറിക്കൊയും ഗ്രീക് കാപ്പിയും കഴിക്കുന്നതിനിടയിൽ മുൻപ് വിമാന യാത്രയിൽ വെച്ച് ചോദിച്ച അതേ ചോദ്യം ഞാൻ ആവർത്തിച്ചു.
  വ്യക്തിബന്ധങ്ങളിൽ നിന്നും വേണ്ടുവോളം നിരാശാജനകമായ വേലിയേറ്റങ്ങൾ തുടർച്ചയായി അനുഭവിച്ചതുകൊണ്ടാണ് മനുഷ്യവാസം കുറവുള്ള ദ്വീപുകൾ തന്നെ ആകർഷിച്ചതെന്ന് ഒരു ചെറു ചിരിയോടു കൂടിയാണ് റോസാന്ന പറഞ്ഞത്. കാപ്പി കുടി കഴിഞ്ഞ് റോസാന്ന ഒരു സിഗരറ്റ് കത്തിച്ചു വലിച്ചു. ഞാൻ എൻ്റെ റോളിംഗ് ടൊബാക്കൊ കൊണ്ടൊരു സിഗരറ്റ് നിർമ്മിച്ചു. ഒരു ദീർഘനിശ്വാസത്തിന് ശേഷം സിഗരറ്റ് പുകയോടൊപ്പം റോസാന്ന സംഭാഷണം തുടർന്നു.
  പതിനെട്ട് വർഷം മുൻപ് ആറും എട്ടും വയസ്സുള്ള ആൺകുട്ടികളെയുമായി ഭർത്താവുമായുണ്ടായ സ്വരചേർച്ചയില്ലായ്മയെ തുടർന്ന് ഭർത്താവിനോട് യാത്ര പറയാതെയാണ് മ്യൂണിക്കിൽ നിന്നും ഗ്രീസിലെ സാമൊസ് ദ്വീപിലെ സുഹൃത്തിൻ്റെ വീട്ടിൽ റോസാന്ന എത്തിയത്. ദ്വീപിൽ രണ്ടു വർഷത്തെ താമസത്തിനിടയിൽ ഒരു യുവജർമ്മൻ വ്യാപാരിയുമായി അടുക്കുകയും പിന്നീട് രണ്ടു പേരും മക്കളോടൊപ്പം തിനോസ് ദ്വീപിലേക്ക് താമസം മാറുകയും ചെയ്തു. ജീവിത പങ്കാളിയായ യുവ വ്യാപാരി ഗ്രീസിലെ വിവിധ ദ്വീപുകളിൽ നിന്നും വ്യത്യസ്ത ഉൽപന്നങ്ങൾ ശേഖരിച്ചു അവ കപ്പൽമാർഗ്ഗം ജർമ്മനിയിലേക്ക് കയറ്റുമതി ചെയ്യുന്നതിനായി യാത്രകൾ നടത്തും. ഒരിക്കൽ ഒരു നീണ്ട കാലത്തെ യാത്ര കഴിഞ്ഞ് അയാൾ മടങ്ങി വന്നില്ല. പകരം റോസാന്നയുമായുള്ള ബന്ധം വേർപെടുത്തിയതിനെ ദൃഡീകരിക്കുന്ന ഒരു കത്താണ് റോസാന്നക്ക് ലഭിച്ചത്. അങ്ങിനെ അഞ്ചു വർഷം നീണ്ടു നിന്ന യുവ ജർമ്മൻ വ്യവസായിയുമായുണ്ടായിരുന്ന പങ്കാളിത്ത ബന്ധം അതോടു കൂടി അവസാനിച്ചു.
  കുറച്ചു നേരത്തെ ഇടവേളക്ക് ശേഷം റോസാന്ന മറ്റൊരു സിഗരറ്റ് കത്തിച്ചു. റോസാന്നയുടെ സ്വകാര്യ ജീവിതത്തിലെ ദുരന്താനുഭവങ്ങളെക്കുറിച്ച് കൂടുതൽ അറിയുവാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നില്ല എങ്കിലും അവർ സംഭാഷണം വീണ്ടും തുടർന്നു.
  മക്കളെ വിദ്യാഭ്യാസത്തിനായി മ്യൂണിക്കിൽ താമസിക്കുന്ന അമ്മയോടൊപ്പമാക്കിയ ശേഷം ലണ്ടനിൽ വസ്ത്രവ്യാപാരം ചെയ്യുന്ന ഏക സഹോദരൻ്റെ കുടുംബത്തോടൊപ്പം കുറച്ചു കാലം ചെലവഴിക്കുന്നതിനിടയിൽ ആകസ്മികമായാണ് യൂണിവേഴ്സിറ്റി കാലത്തെ സഹപാഠിയായിരുന്ന ഡേവിഡിനെ റോസാന്ന കണ്ടത്. സഹപാഠികൾ വർഷങ്ങൾക്കു ശേഷം അന്യദേശത്ത് വെച്ച് കണ്ടതിലുള്ള സന്തോഷം സമീപത്തുള്ള ബാറിൽ വെച്ച് പങ്കുവെച്ചു. പഠനകാലത്ത് പ്രണയാഭ്യർത്ഥനയുമായി നിരന്തരം റോസാന്നയുടെ പുറകെ നടന്നിരുന്ന ഡേവിഡ്, റോസാന്നയുടെ ജീവിതാനുഭവം കേട്ട് സഹതപിച്ചു. ജീവിത പങ്കാളിയുടെ അപ്രതീക്ഷിതമായ മരണത്തിന് ശേഷം ഒറ്റയായ ഡേവിഡ് ബാറിൽ നിന്നു പിരിയുമ്പോൾ അയാളുടെ പ്രണയാഭ്യർത്ഥന വീണ്ടും പരിഗണിക്കണമെന്ന് ചെറു പുഞ്ചിരിയോടെ സൂസാന്നയെ ഓർമ്മമെടുത്തി.
  പഠനകാലത്തെ പ്രണയാഭ്യർത്ഥന വളരെ വർഷങ്ങൾക്കു ശേഷവും ഡേവിഡ് ആവർത്തിച്ചത് റോസാന്നയിൽ ആഗ്രഹങ്ങളുടെ ഓളങ്ങൾ സൃഷ്ടിച്ചു. സഹോദരനുമായി ഡേവിഡിൻ്റെ പ്രണയാഭ്യർത്ഥനയെക്കുറിച്ച് ഗഹനമായി സംസാരിച്ചതിന് ശേഷം റോസാന്ന ഡേവിഡിനോടൊപ്പം ജീവിക്കുവാൻ തീരുമാനിച്ചത് രണ്ടു മക്കളെയും അറിയിച്ചു.
  തുടക്കത്തിൽ ഡേവിഡുമായുള്ള ബർലിനിലെ ജീവിതം ആനന്ദകരമായിരുന്നെങ്കിലും അത് അധികകാലം നീണ്ടു നിന്നില്ല. "ഞാൻ പ്രതീക്ഷിച്ച സ്വഭാവ ഗുണങ്ങൾ നിന്നിൽ ഇല്ല. അതു കൊണ്ട് നമുക്ക് ഒരുമിച്ച് ജീവിക്കാനാവില്ല" എന്ന ഡേവിസിൻ്റെ അപ്രതീക്ഷിതമായ വാക്കുകൾ കേട്ട് സൂസാന്ന തകർന്നു.
  വൈകാരികമായി തകർന്ന അവസരങ്ങളിലെല്ലാം താങ്ങായി നിന്നിരുന്ന ലണ്ടനിലെ സഹോദരനോടൊത്ത് കുറച്ചു കാലം ചെലവിടുന്നതിനുള്ള ആഗ്രഹം പ്രകടിപ്പിച്ചു റോസാന്ന കത്തെഴുതി. മറ്റാരേക്കാൾ കൂടുതൽ അടുപ്പവും വിശ്വാസവും ഉണ്ടായിരുന്ന സഹോദരൻ മറുപടി അയക്കാത്തത് റോസാന്നയെ വളരെയേറെ നിരാശപ്പെടുത്തി. കുറേയേറെ നാളുകൾക്കു ശേഷം എത്തിയ സഹോദരൻ്റെ മറുപടി റോസാന്നയെ വീണ്ടും കഠിനമായി തളർത്തി. "സ്വന്തം കുറ്റവും കുറവും തിരിച്ചറിയുകയും അത് പരിഹരിക്കുകയുമാണ് നല്ല സൗഹൃദങ്ങൾ വളർത്തുന്നതിനു് വേണ്ടത്" എന്ന സഹോദരൻ്റെ കത്തിലെ വാചകം റോസാന്നക്ക് തിരിച്ചറിയുവാൻ കഴിഞ്ഞില്ല. രണ്ടു വ്യക്തികൾക്കിടയിൽ സംഭവിച്ച ദുരന്താനുഭവങ്ങൾ ഒരു വ്യക്തിയിൽ നിന്നു മാത്രം കേട്ടപ്പോൾ എന്തു പറയണമെന്നറിയാതെ ഞാൻ നിശബ്ദനായി.
  റോസാന്ന മറ്റൊരു സിഗരറ്റ് കത്തിച്ചു ദീർഘശ്വാസം പുറത്തുവിട്ടതിലെ പുകപടലത്തിൽ അവരുടെ മുഖം കുറച്ചു നേരത്തേക്ക് മറഞ്ഞു.

സ്കെച്ച് : ജോൺസ് മാത്യു


  കുറേ മാസങ്ങൾക്ക് ശേഷം റോസാന്ന ഒരു ഫോട്ടോയോടൊപ്പം എനിക്കൊരു വാട്സ് ആപ് സന്ദേശം അയച്ചത് ഗ്രീസിലെ ജനവാസം കുറവുള്ള ഒരു ദ്വീപിൽ നിന്നായിരുന്നു. ഒരു നായയോടൊപ്പം റോസാന്ന നീലനിറമുള്ള കടലിലേക്ക് നോക്കിയിരിക്കുന്നതായിരുന്നു ആ ഫോട്ടൊ.

***

Recent Post