വിവർത്തനം സമം പ്രസവം

പി.ജെ മാത്യു

  വിവർത്തനം പ്രസവത്തിന് സമാനമായ സർഗ പ്രക്രിയ ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. പ്രസവം എന്താണെന്നറിയാത്ത ഞാൻ എന്റെ ഭാര്യയുടെ പ്രസവവേദന ഒരു പകൽ മുഴുവൻ തിരമാല പോലെ തരംഗങ്ങളായി വന്നു പോകന്നത് കണ്ട് നടുങ്ങി . അവസാനം ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തപ്പോൾ അവൾ അറിഞ്ഞ ആനന്ദവും എനിക്കുണ്ടായ ആശ്വാസവും സന്തോഷവും പരിഭാഷയുടെ കാര്യത്തിലും സമാനമാണെന്ന് തോന്നിയിട്ടുണ്ട്.
  ' ഒരെഴുത്താളിനെ അയാൾ സ്വയം അറിയുന്നതിനെക്കാൾ നന്നായി അയാളെ പരിഭാഷ ചെയ്യുന്ന ആൾക്ക് അറിയാനാകും' എന്നും ' എഴുത്തിന്റെ ഉള്ളിൽ കറങ്ങി തിരിഞ്ഞ് അറിയുന്ന പ്രവൃത്തിയാണ് പരിഭാഷ' എന്നും എഴുതിയത് അനിതാ തമ്പി.
  അവർ എഴുതിയതിൽ നേരുണ്ട്. ഒറ്റവായനയിൽ ഇഷ്ടപ്പെട്ട ഒരു കൃതി നൂറിലേറെ( മൂന്നിലൊന്ന് ) പുറങ്ങൾ ഏറെ പ്രയാസപ്പെട്ട് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ ശേഷം അതുപേക്ഷിച്ച് മന:ശാന്തി തിരിച്ചെടുത്ത അനുഭവം എനിക്കുണ്ടായിട്ടുണ്ട്. അനിതാ തമ്പി പറഞ്ഞ' അടുപ്പം' ഉണ്ടായപ്പോൾ കണ്ടെത്തിയ നൃശംസത എന്നെ വിര സപ്പെടുത്തുകയായിരുന്നു.
  “Translation is the most intimate reading” എന്ന് പറഞ്ഞത് ഓർഹൻ പാമുക് ആണെന്ന് തോന്നുന്നു.
  പരിഭാഷ എനിക്ക് പ്രസവവേദന പോലെ പ്രയാസം നിറഞ്ഞതാണ്. അനർഗളമായി ബഹിർഗമിക്കുന്ന പ്രക്രിയ അല്ല തന്നെ. ഒരു ഖണ്ഡികയുടെ മേൽ ഒരു ദിവസം മുഴുവൻ ധ്യാനിക്കേണ്ട, മാറ്റി മാറ്റി എഴുതി നേരെ ആക്കേണ്ടി വന്ന അനുഭവം ഉണ്ടായിട്ടുണ്ട്.

***

Recent Post