കൻഹയ്യയെ കാത്ത് ബീഹാർ

ചന്ദ്രൻ പുതിയോട്ടിൽ

  പട്നയില്‍ ഇറങ്ങിയപ്പോള്‍ വരണ്ട ചൂടായിരുന്നു. മഴ എത്തേണ്ട സമയം. മണ്ണെല്ലാം വരണ്ടു വിണ്ടുകീറി കിടക്കുന്നു. പട്നയില്‍ നിന്നും നളന്ദയിലേക്ക് പോകുന്ന വഴി വണ്ടി ഓടിക്കുന്ന ഡ്രൈവര്‍ രവികുമാര്‍ പറഞ്ഞു,"ഇതുവരെ ഒരു മഴ പോലും ഈ വഴിക്ക് വന്നില്ല. ഒരു മഴ മാത്രം ഗയയില്‍ പെയ്തു എന്നറിഞ്ഞു. മഴ വരേണ്ട പാതകള്‍ ഞങ്ങള്‍ക്കായി അടഞ്ഞിരിക്കുന്നു. കര്‍ഷകര്‍ നിലം തയ്യാറാക്കാന്‍ വിത്തിടാന്‍ മഴയ്ക്കായി കാത്തിരിക്കുന്നു. രവികുമാര്‍ പറഞ്ഞു നിര്‍ത്തി.
  വേനല്‍ കഴിഞ്ഞ് മഴയെ കാത്തു കിടക്കുന്ന ബീഹാര്‍ സമതലങ്ങള്‍. പൊതുവേ മണ്‍സൂണ്‍ ഇന്ത്യയില്‍ അവസാനമായി എത്തുന്നയിടം. അതിനുശേഷമുണ്ടാകുന്ന പ്രളയം. മാറിമറിയുന്ന ജീവിതങ്ങള്‍. "കഴിഞ്ഞ രണ്ട് വര്‍ഷമായി ഞങ്ങള്‍ക്ക് നല്ല മഴ കിട്ടിയിരുന്നു. വെള്ളം കയറിയിരുന്നു.

  കൃഷി നന്നായിരുന്നു. പക്ഷെ ഇത്തവണ മഴ ഞങ്ങളെ ചതിച്ചു. മണ്ണെല്ലാം വിണ്ടുകീറിത്തുടങ്ങി. മഴമേഘങ്ങള്‍ ഇന്ന് പെയ്യും നാളെ പെയ്യുമെന്ന് ആകാശത്തെ പേടിപ്പിച്ചുകൊണ്ടിരുന്നു. പക്ഷെ മഴ മാത്രം വന്നില്ല." കൂടെ യാത്രചെയ്ത രുദ്രേഷ് പറഞ്ഞു.
  ബീഹാര്‍ ഇന്ന് മാറ്റത്തിന്‍റെ ഒരു ജങ്ക്ഷനിലാണ്. രാഷ്ട്രീയ വൃദ്ധനേതൃത്വങ്ങള്‍. യുവാക്കളുടെ പ്രതീക്ഷ പുതിയ യുവ നേതൃത്വങ്ങളിലായിരുന്നു. എന്നാല്‍ അവര്‍ പലരും ഞങ്ങള്‍ പ്രതീക്ഷിച്ച പോലെ ഉയരുന്നില്ലെന്നു സുഹൃത്ത് ഗൌതം കുമാര്‍. ഏറെ പ്രതീക്ഷയുണ്ടായിരുന്ന കന്‍ഹയ്യ കുമാര്‍ തലസ്ഥാനത്തേക്ക് പോയത് ബീഹാറിന്‍റെ പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടിയായെന്ന് വിജയകുമാര്‍ പറഞ്ഞു. തേജസ്വിയും തേജ് പ്രതാപും തമ്മിലുള്ള വൈരവും ലാലുവിന്‍റെ അസുഖവും ആര്‍ജെഡിയെ തളര്‍ത്തി. തേജസ്വി പ്രതീക്ഷിച്ച പോലെ ഉയര്‍ന്നില്ല. മിക്കപ്പോഴും ഡല്‍ഹിയിലും യാത്രയിലും. താഴേക്കിറങ്ങിവരുന്നില്ല. ഗൌതം പറഞ്ഞു. യുവാക്കളുടെ രാഷ്ട്രീയ നേതൃത്വത്തില്‍ ഒട്ടേറെ സ്പേസ് ഉണ്ടായ ബീഹാറില്‍ കന്‍ഹയ്യയില്‍ പലര്‍ക്കും ഒട്ടേറെ പ്രതീക്ഷയുണ്ടായിരുന്നു.

  ഇന്നും കന്‍ഹയ്യ വന്നാല്‍ ഭാവിയിലേക്ക് ഒട്ടേറെ സാദ്ധ്യതകള്‍. ഒന്നും ശരിക്കും വര്‍ക്കൌട്ടാകുന്നില്ല. ചിറാഗ് ആണെങ്കില്‍ ഉള്‍പ്പാര്‍ട്ടിപ്പോരും ഡല്‍ഹി രാഷ്ട്രീയ താല്പര്യ വൈരുദ്ധ്യങ്ങളിലും കുരുങ്ങിക്കിടക്കുന്നു. ഇതിനെല്ലാം ഇടയിലൂടെ ബീഹാര്‍ മെല്ലെ മെല്ലെ നീങ്ങിക്കൊണ്ടേയിരിക്കുന്നു.
  ബീഹാര്‍ ഒരു മാസ്മരിക സ്ഥലമാണ്‌. ഓരോ അനുഭവവും അറിവാക്കി മാറ്റാന്‍ പറ്റുന്നയിടം.

  ഇവിടേക്കുള്ള ഓരോ യാത്രയും കാഴ്ചയും ജീവിതസമരത്തിന്‍റെയും മാറ്റിനിര്‍ത്തപ്പെട്ട ജീവിത സഹനങ്ങളുടെയും ഉള്ളിലൂടെയാണ്. അതിനിടയ്ക്കുള്ള ചില ചെറിയ സന്തോഷങ്ങള്‍ ചെറുവിജയങ്ങള്‍ മാറ്റങ്ങള്‍.

  പതിയെ പതിയെ ബീഹാറില്‍ മാറ്റങ്ങള്‍ കണ്ടുവരുമ്പോഴും അവിടെയൊക്കെ പ്രത്യേകിച്ചും വളര്‍ന്നുവരുന്ന പട്ടണങ്ങളില്‍ പോലും ഗ്രാമീണ ജീവിതാവാസവ്യവസ്ഥ കെട്ടുപിണഞ്ഞിറങ്ങിയ പൌരാണികതയുടെ അടയാളങ്ങള്‍ ഉള്‍ച്ചേര്‍ന്നല്ലാതെയൊരു ജീവിതമില്ല.

***

Recent Post