ലൈംഗിക താത്പര്യങ്ങളുടെ സ്വകാര്യം പറഞ്ഞ്

ജോൺസ് മാത്യു

  തിനൊസ് ദ്വീപിലെ ത്രിയന്താരോസ് ഗ്രാമത്തിൽ താമസിക്കുന്ന നാടകം, സിനിമ, ടി വി സീരിയൽ എന്നീ മാധ്യമങ്ങളിലെ അഭിനേത്രി ക്ലെഒ യും സഹോദരി ചിത്രകാരി മനോലിയും തിനൊസിലെ സുഹൃത്തുക്കളാണ്. ഒരു വേനലവധിയുടെ അവസാന നാളിൽ രാത്രി ഭക്ഷണത്തിനായി അവർ എന്നെ വീട്ടിലേക്ക് ക്ഷണിച്ചു. ആ ദിവസം മനോലിയുടെ ജമദിനമാണെന്നു മുൻകൂട്ടി അറിയാമായിരുന്നതിനാൽ മാർബിളിൽ ഒരു മെഴുകുതിരി സ്റ്റാൻ്റ് നിർമ്മിച്ചതും കൊണ്ടാണ് അവരുടെ വീട്ടിലേക്ക് പോയത്. ഇവിടെ സുഹൃത്തുക്കളുടെ ഭക്ഷണത്തിനുള്ള ക്ഷണം സ്വീകരിച്ചു പോകുമ്പോൾ ആരും തന്നെ വെറും കൈയോടെ പോകാറില്ല. വൈനോ മധുരപലഹാരമോ മറ്റെന്തെങ്കിലും വസ്തുക്കളോ ഉപഹാരമായി കൊണ്ടു പോകുക പതിവാണ്.
  ഒരു കൊച്ചു കുന്നിൻ്റെ താഴ്വാരത്തിൽ നീണ്ടു കിടക്കുന്നതാണ് ഈ ഗ്രാമം. തോളോട് തോൾ ചേർത്ത് നിർമ്മിച്ച വീടുകൾക്കിടയിലുള്ള അനേകം ചവിട്ടുപടികൾ കയറിവേണം അവരുടെ വീട്ടിൽ എത്തിച്ചേരുവാൻ.

ഫോട്ടോ: ജോൺസ് മാത്യു


  മദ്ധ്യകാലഘട്ടത്തിലെ കപ്പൽ കൊള്ളക്കാരുടെ വിഹാരകേന്ദ്രമായിരുന്ന ദ്വീപുകളിലെ കെട്ടിട നിർമ്മിതികൾ വളരെ അസാധാരണവും സങ്കീർണ്ണവുമാണു്.
  പടികൾ കയറുന്നതിനിടെ ദൂരെ കടലിൽ ഒഴുകി നീന്തുന്ന യാത്രാകപ്പലുകളും പടുകൂറ്റൻ വിനോദ സഞ്ചാരകപ്പലുകളും കാണാം. രാത്രി ഒൻപതു മണിയോടുകൂടി ഞാൻ അവരുടെ വീട്ടിൽ എത്തി. കവിളുകളിൽ രണ്ടു ചുംബനങ്ങൾ നൽകിയാണ് ഗ്രീക്കുകാർ സുഹൃത്തുക്കളെ അഭിവാദനം ചെയ്യുന്നത്. വീടിനു പുറത്തെ വരാന്തയിൽ ഒരുക്കിയ ഭക്ഷണ മേശക്കു ചുറ്റിലുമായി ആറ് അതിഥികൾ സന്നിഹിതരായിരുന്നു. വരാന്തയിലെ മുലയിലുള്ള വലിയ മൺ ഭരണിയിൽ നിന്നും ചുമരിലേക്ക് പടർന്നു കയറിയ മുല്ലവള്ളിയിൽ നിറയെ പൂക്കൾ ഉണ്ടായിരുന്നു.
  അതിഥികളിൽ ഗ്രീക്കുകാരും സ്വിറ്റ്സർലൻഡുകാരും ഉണ്ടു്. സ്വിറ്റ്സർലൻഡുകാരുടെ അഭിവാദനം കവിളിൽ മൂന്ന് ചുംബനങ്ങൾ നൽകിയാണ്.
  പാചകത്തിന്റെ അവസാനഘട്ട പണിത്തിരക്കിൽ മുഴുകിയിരുന്ന മനോലിയ മാർബിളിൽ തീർത്ത ഉപഹാരം കണ്ടു സന്തോഷം പ്രകടിപ്പിച്ചു. ഉടനെ തന്നെ ഒരു മെഴുകുതിരിയെടുത്തു അതിൽ ഉറപ്പിച്ചു അതിഥികൾക്കു മുൻപിലായി ഒരുക്കിയ മേശ പുറത്തു വെച്ചു.അർദ്ധസുതാര്യമായ വെളുത്ത മാർബിളിലൂടെ പ്രവഹിച്ച സാന്ദ്രത കുറഞ്ഞ മഞ്ഞവെളിച്ചം മേശവിരിയിൽ പ്രതിഫലിച്ചതു കണ്ടു അതിഥികൾ അഭിനന്ദിച്ചു.
  അതിഥികൾ സ്വയം പരിചയപ്പെടുത്തി. പരിചയപ്പെടുത്തുമ്പോൾ പേര് മാത്രമേ പറയൂ. ഔദ്യോഗിക പദവിയോ താമസ സ്ഥലമോ കുടുംബ മഹിമയോ ഒന്നും ഇവിടെ പറയാറില്ല. അതെല്ലാം തരം താഴ്ന്ന ശീലമായാണ് കണക്കാക്കുന്നത്. ഭക്ഷണത്തിന് മുൻപായി ഗ്രീക്ക് വാറ്റ് മദ്യമായ രാക്കിയും വൈനും ചീസും ആൽമണ്ടും ചെറുതായി നീളത്തിൽ അരിഞ്ഞ കക്കിരിക്കയും നിരന്നു. രണ്ടു പൂച്ചകൾ വരാന്തയുടെ മൂലയിൽ പതുങ്ങി ഇരുന്നു.
  അതിഥികൾ ഗ്രീക്കിലും ഇംഗ്ളീഷിലുമാണ്‌ സംവദിച്ചിരുന്നത്. പരിചയക്കാരായ ഗ്രീക്ക് സുഹൃത്തുക്കൾ എത്തിച്ചേർന്നപ്പോൾ ഞാൻ അവരോടൊപ്പം ചേർന്നു. കല, രാഷ്ട്രീയം സിനിമ തുടങ്ങിയവയാണ് പൊതുവെയുള്ള സംഭാഷണ വിഷയങ്ങൾ.
  ആ കാലത്ത് എല്ലാ ഞാറാഴ്ചയും തുടർച്ചയായി തിരഞ്ഞെടുത്ത ചില ജനപ്രിയ ബോളിവുഡ് സിനിമകൾ ഗ്രീക്ക് ഉപശീർഷകത്തോടുകൂടി ടിവിയിൽ പ്രക്ഷേപണം ചെയ്തിരുന്ന കാലമായിരുന്നതിനാൽ അതിഥികളിൽ ചിലർ സിനിമയുടെ അയഥാര്‍ത്ഥ്യതയെക്കുറിച്ചും മറ്റു ചിലർ അതിന്റെ മാസ്മരിക ചമയങ്ങളെക്കുറിച്ചും വാചാലരായി. ജീവിത യാഥാർത്ഥ്യത്തിൽ നിന്നും അടർത്തിമാറ്റിയ ചില അംശങ്ങൾ മാത്രം ഉപയോഗിച്ച് സൃഷ്ടിച്ചെടുക്കുന്ന മായാലോകം ലഹരിക്ക്‌ തുല്യമാണെന്ന് ബോബെയിൽ വർഷങ്ങളോളം വ്യാപാര കപ്പൽ ജീവനക്കാരനായി ജോലിചെയ്ത കോസ്റ്റാസ് അഭിപ്രായപ്പെട്ടത് പലരും ശരിവച്ചു. സംഭാഷണത്തിനിടയിൽ രാജ്‌കപൂർ നർഗ്ഗീസ്, സത്യജിത് റേ, മദർ ഇന്ത്യ, സലാം ബോംബെ, മൺസൂൺ വെഡിങ്, ലഗാൻ, സ്ലംഡോഗ് മില്ല്യണെർ തുടങ്ങിയ സിനിമകളും വിഷയങ്ങളായി കടന്നു വന്നു, ബോളിവുഡ് സിനിമകൾ തുടർച്ചയായി കണ്ടിരുന്ന നീന ഒരു സംശയം ചോദിച്ചോട്ടെ എന്ന മുഖവുരയോടെ എനിക്കരികിൽ വന്നിരുന്നു. ഇന്ത്യയിൽ നിർമ്മിക്കുന്ന സിനിമകൾ എല്ലാം ഇതുപോലുള്ള അയഥാര്‍ത്ഥത നിറഞ്ഞ സിനിമകളാണോ എന്നും അത് കാണുവാൻ കാണികളുണ്ടോ എന്നതുമായിരുന്നു അവരുടെ സംശയം. കോസ്റ്റാസ് സൂചിപ്പിച്ചതു പോലെ ജനപ്രിയ സിനിമകൾ ലഹരിയാണെന്നും അതുപോലെ അല്ലാത്ത സിനിമകളും നിമ്മിക്കപ്പെടുന്നുണ്ടെങ്കിലും തിയറ്റർ മുതലാളിമാർ ധനലാഭം മാത്രം ലക്ഷ്യമിട്ട് തിരഞ്ഞെടുക്കുന്നത് അയഥാർത്ഥത നിറഞ്ഞ ജനപ്രിയ സിനിമകളാണെന്ന് പറഞ്ഞപ്പോൾ അവർക്കു കാര്യം മനസ്സിലായി.
  അതിനിടയിൽ ഗ്രീക്ക് ഭക്ഷണങ്ങളുടെ ഒരു നീണ്ട നിര തന്നെ അകത്തെ മേശയിൽ നിരന്നു. വളരെ രുചികരമായി പാചകം ചെയ്ത ബീഫും പാസ്തയും സാലഡ്ഡുകളും മൂസക്കയുമെല്ലാം (മൂസക്ക ഗ്രീക് മൗലിക ഭക്ഷണമാണ്) ഉണ്ടായിരുന്നു. ഞാൻ ഭക്ഷണമെടുത്തു പുറത്തെ വരാന്തയിലെ മേശക്കരികിൽ ഇരുന്നു. പരിചയക്കാരിയായ സ്വിറ്റസർലണ്ടുകാരി ഹിൽഡ എനിക്കരികിലിൽ ഭക്ഷണവുമായി വന്നിരുന്നു സൗഹൃദ സംഭാഷണത്തിലേർപ്പെട്ടു. പ്രായം അറുപത് വയസ്സ് കഴിഞ്ഞെങ്കിലും ചെറുപ്പക്കാരിയുടെ ശരീര വടിവ് നിലനിർത്തുന്നതിലുള്ള അവരുടെ കരുതൽ ശ്രദ്ധേയമാണ്. ഭക്ഷണം മാറ്റിവെച്ചു അവർ വൈൻ രുചിച്ചുകൊണ്ട് ഇന്ത്യയിലെ ജീവിത രീതികളെക്കുറിച്ചും പ്രണയം വിവാഹം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും ജിജ്ഞാസയോടു കൂടി അന്വേഷിച്ചു.

സ്കെച്ച് : ജോൺസ് മാത്യു


  ശബ്ദമുഖരിതമായ വരാന്തയിൽ വൈനിൻറെ സ്വാധീനത്താൽ ഇഴഞ്ഞെത്തിയ അവരുടെ സംഭാഷണം വളരെ ശ്രമകരമായി ഞാൻ ഊഹിച്ചെടുത്തുകൊണ്ടിരുന്നു. കുറച്ചു നേരത്തെ സംഭാഷണത്തിനിടയിൽ അവരിൽ നിന്നും അപ്രതീക്ഷിതമായൊരു ചോദ്യം കേട്ട് ഞാൻ അമ്പരന്നു. അവരുടെ ചോദ്യം മനസ്സിയിലാകാത്തതു പോലെ അവരെ നോക്കിയപ്പോൾ അവർ ഒരു കള്ള ചിരിയോടുകൂടി ചോദ്യം വീണ്ടും ആവർത്തിച്ചു. മറുപടി പറയാതിരിക്കുന്നത് അപമര്യാദയായതിനാൽ എന്തു മറുപടി പറയണമെന്ന് തീരുമാനിക്കുവാൻ കുറച്ചു സമയമെടുത്തു.
  ഏതു പ്രായക്കാരോടാണ് എൻറെ ലൈംഗിക താൽപര്യം എന്നതായിരുന്നു അടക്കിവെക്കാനാകാത്ത അവരുടെ ജിജ്ഞാസ നിറഞ്ഞ ചോദ്യം. വ്യക്തിപരതയിലേക്കുള്ള ഹിൽഡയുടെ അതിരു കവിഞ്ഞ ജിജ്ഞാസയുടെ ഉറവിടം അവരുടെ വ്യത്യസ്ത പ്രണയ ചരിത്രമായിരിക്കാമെന്ന് ഞാൻ ഊഹിച്ചു. മറുപടിക്കായി ആകാംഷയോടുകൂടി വൈൻ രുചിച്ചുകൊണ്ടുള്ള അവരുടെ കണ്ണിലെ തിളക്കം മറ്റൊരു ഭാഷയാണ് സംവദിച്ചത്. നോക്കൂ ഹിൽഡാ, ഒരു വ്യക്തിയുടെ ലൈംഗിക താൽപര്യങ്ങൾക്കും നിയമപരമാക്കിക്കൊണ്ടു നിക്ഷേപിക്കുന്ന കൊള്ള മുതലിനും ഒരേ തരത്തിലുള്ള രഹസ്യ സ്വഭാവമാണുള്ളത്. വൈൻ ഗ്ലാസ് മേശപ്പുറത്തു വെച്ചു അതിൽ വിരലുകൾ കൊണ്ട് താളം പിടിച്ചു ഹിൽഡ ഇടതുകാൽ വലതുകാലിന് മുകളിൽ കയറ്റി വെച്ച് ആകാംഷയോടുകൂടി ഞാൻ പറയുന്നത് അവർ ശ്രദ്ധിച്ചു. ഒന്ന് കൂടി വിശദീകരിച്ചാൽ ഏതു രാജ്യങ്ങളിലുള്ളവർക്കും നിയമവിധേയമല്ലാത്ത രീതിയിൽ വൻ തോതിൽ സമാഹരിക്കുന്ന ധനം സ്വിസ്സ് ബാങ്കുകളിൽ നിക്ഷേപിക്കുവാനുള്ള അവസരമുണ്ട്. എന്നാൽ അവയുടെ വിശദാംശങ്ങൾ അതീവ രഹസ്യമാണ്. സ്വിസ് ബാങ്കുകൾ ഇങ്ങിനെയുള്ള നിക്ഷേപങ്ങൾക്ക് സൗകര്യം നൽകുന്നത് വഴി നിക്ഷേപം നടത്തിയ രാജ്യങ്ങളിലെ സാമ്പത്തിക വ്യവസ്ഥ അസന്തുലിതമാകുകുന്നുണ്ടെങ്കിലും നിക്ഷേപകരെക്കുറിച്ചുള്ള വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുകയും ചെയ്യുന്നു. എന്നാൽ ഇത്തരം നിക്ഷേപങ്ങൾ വഴി ലഭിക്കുന്ന പലിശ പണം അതേ നാട്ടിലെ ജനതയുടെ ക്ഷേമത്തിനും സാംസ്‌കാരികവും സാങ്കേതിക അഭിവൃദ്ധിക്കുമായാണ് ചെലവഴിക്കുന്നത് എന്നാണ് എൻ്റെ സ്വിസ്സ് സൗഹൃദങ്ങളിൽ നിന്നും അറിയുവാൻ കഴിഞ്ഞത്. ഇത്തരം നിക്ഷേപങ്ങളിലെ സമാനമായ രഹസ്യാത്മകതയാണ് എൻറെ ലൈംഗിക താൽപര്യത്തിനുമുള്ളതെന്നു പറഞ്ഞതും ഒറ്റ വലിക്കു ഗ്ലാസിലെ വൈൻ തീർത്തു കൊണ്ടു് ഒന്നും സംഭവിക്കാത്ത മട്ടിൽ തിരിഞ്ഞിരുന്ന് സമീപത്തിരുന്ന ഗ്രീക്ക് സുഹൃത്തുമായി ഹിൽഡ സൗഹൃദ സംഭാഷണം തുടങ്ങി.

***

Recent Post