മുറുകി മിനുങ്ങട്ടെ മലയാളം

എം എൻ കാരശ്ശേരി
  എന്നോട് പലരും പലപ്പോഴും ചോദിക്കാറുണ്ട്. ഈ ചാനൽ ചർച്ചകളിലും ചില പ്രസംഗത്തിലുമെല്ലാം പല നേതാക്കളും, പ്രത്യേകിച്ച് മലബാറിൽ നിന്നുള്ളവർ, കാണാൻ വേണ്ടി കഴിയും പറയാൻ വേണ്ടി കഴിയില്ല എന്നൊക്കെ പ്രയോഗിച്ച് കാണാറുണ്ട്. ശരിയാണോയെന്ന് ? കാണാൻ കഴിയും. പറയാൻ കഴിയില്ല എന്ന് പറഞ്ഞാൽ പോരെ? തെറ്റാണോയെന്ന് ചോദിച്ചാൽ തെറ്റില്ല. പക്ഷെ, അഭംഗിയുണ്ട്. രണ്ട് വാക്ക് കൊണ്ട് പറയേണ്ടതിനെ മൂന്ന് വാക്ക് കൊണ്ട് പറയുന്നു. അത് അസുന്ദരമാണ്, അഭംഗിയാണ്.
കുറഞ്ഞ വാക്കുകൾ കൊണ്ട് കൂടുതൽ കാര്യങ്ങൾ സംവേദനം ചെയ്യുമ്പോഴാണ് ഭാഷ വെടിപ്പാകുന്നത്. ഭാഷ സുന്ദരമാകുന്നത് മുറുകുമ്പോഴാണ്. മുഖ്യമന്ത്രി തിരുവനന്തപുരത്ത് വെച്ച് പറഞ്ഞു, മുൻമുഖ്യമന്ത്രി ഹൈദരാബാദിൽ വെച്ച് അന്തരിച്ചു. ഇതിലൊരു 'വെച്ച്' ഇല്ലെങ്കിലോ? ഭാഷയൊന്ന് മുറുകും. പത്രഭാഷയിലുമുണ്ട് പലപ്പോഴും ഈ മുറുക്കക്കുറവ്. കലക്ടർ അധ്യക്ഷത വഹിച്ചു. തെറ്റുണ്ടോ?തെറ്റില്ല. എന്നാൽ, ജില്ലാകലക്ടർ അധ്യക്ഷനായിരുന്നുവെന്ന് പറഞ്ഞാൽ മുറുക്കം കിട്ടും. കലക്ടർ അധ്യക്ഷനായി എന്ന് പറഞ്ഞാൽ കുറെ കൂടി മുറുകും. മേയർ ഉദ്ഘാടനം നിർവഹിച്ചു. മേയർ ഉദ്ഘാടകനായി എന്ന് പറഞ്ഞാൽ മതി . മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഭാര്യയും അമേരിക്കയിൽ പോയി. മുഖ്യമന്ത്രിയും ഭാര്യയും എന്ന് പറഞ്ഞാൽ പോരേ? വൈസ് ചാൻസലറും അദ്ദേഹത്തിന്റെ കുടുംബവുമാണ് കാറിലുണ്ടായിരുന്നത്. 'അദ്ദേഹത്തിന്റെ ' ആശയത്തിന്റെ ആവർത്തനമാണ്. അസുന്ദരമാണ് ,അഭംഗിയുമാണ്. ഇത്തരം കാര്യങ്ങളക്കുറിച്ച് കുട്ടികൃഷ്ണമാരാർ പറഞ്ഞിട്ടുണ്ട്, മലയാള ശൈലി എന്ന പുസ്തകത്തിൽ. കോഴിക്കോട്ടെ മാരാർ സാഹിത്യ പ്രകാശം ഇപ്പോഴും ഈ പുസ്തകം അച്ചടിക്കുന്നുണ്ട്. എ.ആർ രാജരാജവർമ്മ, ജി.ശങ്കരക്കുറുപ്പ്,പന്മന രാമചന്ദ്രൻ നായർ, സി.വി വാസുദേവഭട്ടതിരി. ഇവരെല്ലാം ഇക്കാര്യം പറഞ്ഞവരാണ്. എന്റെ തെളി മലയാളം എന്ന പുസ്തകവും ഈ വിഷയത്തിലൂന്നിയാണ്. പ്രസംഗത്തിൽ അതിവിസ്താരം ആവാം. ആവർത്തനവും . എഴുതുമ്പോൾ ആലോചിക്കണം. വെട്ടും തിരുത്തും വേണം. തിരുത്തലുകൾ അംഗീകരിക്കണം. മാധവിക്കുട്ടി പത്താം ക്ലാസ്സിലെത്തിയപ്പോഴേക്കും മാതൃഭൂമി ആഴ്ചപതിപ്പിൽ കഥകളെഴുതി തുടങ്ങി. മാരാരെ വായിച്ച് ഭാഷ വെടിപ്പാക്കിയെന്ന് മാധവിക്കുട്ടി ഒരിക്കൽ എന്നോട് പറഞ്ഞു.
ഭാഷ ഒന്ന് കുറുകണം,മുറുകണം. ഭാഷ ബോറടിക്കരുത്.

***

Recent Post