കുരിശു മാലയണിഞ്ഞൊരു പ്രണയാനുഭവം

ജോൺസ് മാത്യു

  തെസ്സലോനിക്കിയിൽ നിന്നും ആതൻസിലെ യൂണിവേഴ്സിറ്റിയിൽ പഠിച്ച് കപ്പൽ നാവികയായി വിരമിച്ച എല്ലേനിയെ പരിചയപ്പെട്ടത് 2010ലാണ്. സംഭാഷണ പ്രിയയായ അവരുടെ പ്രണയാനുഭവം അവിശ്വസനീയവും ഉദാത്തമായ മാതൃകയുമായിരുന്നു.
  ഭംഗിയും ചുറുചുറുക്കുമുള്ള എല്ലേനിയുടെ പ്രണയത്തിനായി യൂണിവേഴ്സിറ്റിയിൽ സഹപാഠികളായ ആൺകുട്ടികൾ രഹസ്യമായി മൽസരിച്ചിരുന്നു. പ്രണയാഭ്യർത്ഥനയുമായി വീട്ടിൽ വന്ന ആൺകുട്ടികളെ കർക്കശ്ശ സ്വഭാവക്കാരനും മദ്യപനുമായിരുന്ന എല്ലേനിയുടെ പിതാവ് വിവിധ കാരണങ്ങൾ പറഞ്ഞ് നിരാശപ്പെടുത്തി തിരിച്ചയച്ചു കൊണ്ടിരുന്നു. എന്നാൽ പിതാവിൻ്റെ കയ്യിലിരുപ്പൊന്നും തന്നെ എല്ലേനി അറിഞ്ഞിരുന്നില്ല.
  ആതൻസിലെ യൂണിവേഴ്സിറ്റിയിൽ പ്രവേശനം ലഭിച്ചത് നിരുൽസാഹപ്പെടുത്തുവാൻ അയാൾ കഠിനമായി ശ്രമിച്ചെങ്കിലും എല്ലേനിയുടെ നിശ്ചയദാർഡ്യത്തിന് പിതാവിന് വഴങ്ങേണ്ടി വന്നു.
  1914 ൽ സ്മിർണ എന്ന പ്രദേശത്ത് , ഒട്ടൊമൻ ഭരണകൂട ഒത്താശയോടെ നടന്ന ആക്രമണത്തിൽ നിന്നും പാലായനം ചെയ്ത ഗ്രീക് അഭയാർത്ഥികളിലൊരാളായിരുന്നു എല്ലേനിയുടെ അമ്മൂമ്മ. അവർ ധരിച്ചിരുന്ന അമൂല്ല്യവും അപൂർവ്വ കൈവേലകളുമുള്ള സ്വണ്ണ കുരിശു മാല എല്ലേനിക്ക് അവാച്യമായ മനോധൈര്യം നൽകിയിരുന്നു.
  എല്ലേനി ആതൻസിലേക്ക് യാത്രയാകുമ്പോൾ പിതാവ് നൽകിയത് മൂന്ന് തലമുറകൾ ധരിച്ച ഈ കുരിശുമാലയായിരുന്നു.
  വേനൽക്കാലത്ത് ആതൻസിലെ കടൽതീരത്ത് കൂട്ടുകാരികളുമൊത്ത് നീന്തുവാൻ പോകുന്നത് എല്ലേനിയുടെ പതിവായിരുന്നു. കുട്ടുകാരികളോടൊപ്പം കടൽക്കരയിൽ കാമുകന്മാർ ഉണ്ടായിരുന്നെങ്കിലും എല്ലേനി എന്നും തനിച്ചായിരുന്നു.
  ഒരിക്കൽ ആതൻസിലെ ഫാലിറൊ കടൽക്കരയിൽ കൂട്ടുകാരികളുമൊത്ത് സല്ലപിച്ചിരിക്കുമ്പോൾ, അല്പം അകലെയായി ഒരു യുവാവ് എല്ലേനിയെ സൂക്ഷ്മമായി ശ്രദ്ധിച്ചു കൊണ്ടു് നിൽക്കുന്നത് കൂട്ടുകാരി ശ്രദ്ധയിൽ പെടുത്തി. അങ്ങിനെ എല്ലേനിയുടെ കാമുകൻ എത്തിച്ചേർന്നെന്ന് പറഞ്ഞു കൂട്ടുകാരികൾ കളിയാക്കി.
  കടൽക്കരയിൽ എല്ലേനിയെ സൂക്ഷ്മമായി ശ്രദ്ധിച്ച് നിശ്ചലനായി നിന്ന ചെറുപ്പക്കാരൻ കുറച്ച് നേരത്തിന് ശേഷം അവിടെ നിന്നും നടന്നു നീങ്ങി. ചെറുപ്പക്കാരനുമായി സംസാരിക്കുവാൻ കൂട്ടുകാരികൾ നിർബന്ധിച്ചെങ്കിലും എല്ലേനി കടൽക്കരയിൽ തന്നെ ഇരുന്നു. എന്നാൽ കൂട്ടുകാരികളിൽ രണ്ടു പേർ ആ ചെറുപ്പക്കാരനെ കടൽക്കരയിൽ തിരഞ്ഞു പിടിച്ചു . സൗഹൃദ സംഭാഷണം നടത്തിയ ശേഷം മൂന്നു പേരും എല്ലേനിക്ക് മുൻപിൽ വന്നു. നാണം കൊണ്ട് തുടുത്ത മുഖവുമായി എല്ലേനി ചെറുപ്പക്കാരനെ നോക്കി. കൂട്ടുകാരികളുടെ അടക്കിപിടിച്ച ചിരികൾക്കിടയിൽ എല്ലേനിയും ചെറുപ്പക്കാരനും കടൽക്കരയിൽ മുഖാമുഖം ഇരുന്നു.

സ്കെച്ച് ജോൺസ് മാത്യു


  അല്പനേരത്തിന് ശേഷം "എന്തിനാണ് എന്നെ സൂക്ഷിച്ചു നോക്കിയത് " എന്ന് എല്ലേനി ചെറുപ്പക്കാരനോട് ചോദിച്ചു. " നിങ്ങളുടെ കഴുത്തിൽ അണിഞ്ഞ കുരിശിൻ്റെ അസാമാന്യമായ ഭംഗി കണ്ടാണ് ഞാൻ സൂക്ഷിച്ചു നോക്കിയത് " എന്ന് ക്ഷമാപണത്തോടുകൂടി ചെറുപ്പക്കാരൻ പറഞ്ഞത് കേട്ട് എല്ലേനിക്ക് സമ്മിശ്ര വികാരങ്ങൾ അനുഭവപ്പെട്ടു.
  തൻ്റെ കാമുകിക്ക് ഇതുപോലൊരു മനോഹരമായ സ്വർണ്ണ കുരിശ് ചെറുപ്പക്കാരൻ വാഗ്ദാനം ചെയ്തിരുന്നു. പ്രണയ വിചാരങ്ങളിൽ നിന്നും മുക്തയായ എല്ലേനിക്ക് ചെറുപ്പക്കാരനുമായുണ്ടായ കുറച്ചു നേരത്തെ സംഭാഷണങ്ങളിൽ നിന്നും മനസ്സിലായത് ഇതായിരുന്നു.

സ്കെച്ച് ജോൺസ് മാത്യു


  മറ്റൊന്നും ആലോചിക്കാതെ, മൂന്ന് തലമുറകൾ കഴുത്തിലണിഞ്ഞ സ്വർണ്ണ കുരിശ് അഴിച്ചു എല്ലേനി ചെറുപ്പക്കാരന് നിർബന്ധപൂർവ്വം നൽകി. ചെറുപ്പക്കാരൻ്റെയും എല്ലേനിയുടെയും കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി.
  ഇതെല്ലാം ശ്രദ്ധിച്ചു കൊണ്ട് കൂട്ടുകാരികൾ സ്തബ്ധരായി കുറച്ചകലെ നിന്നു
  ഗ്രീസിൽ പ്രായപൂർത്തിയായ യുവതീ യുവാക്കൾ പ്രണയബദ്ധരാകുന്നത് വ്യക്തിസ്വാതന്ത്ര്യത്തിൻ്റെ പ്രതിഫലനമാണ്. പരമ്പരാഗത രീതിയിലുള്ള വിവാഹ ആലോചനകൾ പൊതുവെ വിരളവും കാലഹരണപ്പെട്ടതുമാണ്. മാതാപിതാക്കളുടെ സാമ്പത്തിക സഹായത്തോടു കൂടി യൂണിവേഴ്സിറ്റി വിദ്യാഭ്യാസം തുടരുമ്പോഴും ഭൂരിപക്ഷം വരുന്ന ആൺകുട്ടികളും പെൺകുട്ടികളും അവർക്കിഷ്ടമുള്ളവരുമായാണ് പ്രണയബദ്ധരാകുന്നത്.

***

Recent Post