പഠിക്കാൻ പോന്ന പാഠങ്ങൾ

 എന്നെ പഠിപ്പിച്ച വിദ്യാർത്ഥികൾ....

പോൾ കല്ലാനോട്

  അതിലൊരു പൊരുത്തക്കേടുമില്ല. ആർക്കും ആരെയും പഠിപ്പിക്കാം. ആർക്കും ആരിൽ നിന്നും പഠിക്കാം. പൂർവ വിദ്യാർത്ഥി സംഗമം ഇപ്പോഴും ബാക്കി നിൽക്കുന്ന ഒരു സംഗതിയാണല്ലോ?
  അതിലൊന്നിൽ വെച്ച് ഒരു പൂർവ വിദ്യാർത്ഥി എന്നോട് തിരക്കി. "ശരിക്കും സാറിനെന്നെ ഓർമയുണ്ടോ?" നീ ഇപ്പോഴാരാണെന്ന് ഇവിടെ വെച്ച് ആരോടോ പറഞ്ഞതു കൊണ്ട് ഓർമയുണ്ട്. നീ വലിയവനായി കഴിഞ്ഞല്ലോ . പക്ഷെ, നിന്നിലെ വിദ്യാർത്ഥിയെ എനിക്കോർമയില്ല. " നമ്മുടെ സ്ക്കൂളിന് മുന്നിലുള്ള വലിയ പള്ളിയുടെ സൈഡിലൂടെ ഒരു വഴിയുണ്ടായിരുന്നു" ഓർമ്മയുണ്ട് ,ദേശാഭിമാനിയിലേക്കും വേണമെങ്കിൽ കോടതിയിലേക്കും പോകാവുന്ന വഴി. അതെ. "സാറന്ന് ലഞ്ച് കഴിക്കാൻ പോയി ആ ഷോർട്കട്ടിലൂടെ സ്ക്കൂളിലേക്ക് തിരിച്ചു വരികയായിരുന്നു " ശരി,ആവാം എന്നിട്ട്. "ഞങ്ങൾ മൂന്ന് കുട്ടികളും പള്ളി ചുമരിനോട് അഭിമുഖമായി നിൽക്കുകയായിരുന്നു" ശരി, നിൽക്കാമല്ലോ. "ഞങ്ങളിലൊരാളുടെ കയ്യിൽ പുസ്തകമുണ്ടായിരുന്നു" എന്നിട്ട്? "സാറാ പുസ്തകം പൊക്കി" പുസ്തകം സൗകര്യത്തിന് കിട്ടിയാൽ ഞാൻ പൊക്കാറുണ്ടായിരുന്നു. അക്കാലം , പ്രത്യേകിച്ചും.

  "അതൊരു മറ്റേ പുസ്തകമായിരുന്നു" ലൈംഗികം? കൊച്ചു പുസ്തകം? സോ കോൾഡ് മഞ്ഞ പുസ്തകം? " അതെ, സാർ" എന്നിട്ട്? "സാറത് മറിച്ചു നോക്കി ഞങ്ങളെ മാറി മാറി നോക്കി " നോക്കാലോ?ലൈംഗികമല്ലേ? വിഷയമല്ലേ? "എന്നിട്ട് എന്നോടൊരു ചോദ്യം. നീ ആത്മീയപ്രഭാഷണമൊക്കെ നടത്തി പ്രശസ്തനായ ഇന്ന മാഷുടെ മകനല്ലെയെന്ന്" ആയിരുന്നു, ഞങ്ങളുടെ മൂന്നു പേരുടെയും രക്ഷിതാക്കളെ സാറിനറിയാമായിരുന്നു" എന്നിട്ട്? എന്റെ ജിജ്ഞാസ. "എന്റെ സാറേ ഇതിൽ പരം ഒരു സങ്കടം ആ പ്രായത്തിൽ ഞങ്ങൾക്ക് ഉണ്ടാവാനുണ്ടോ" ഇപ്പോൾ ഞാനോർക്കുന്നു നിന്നെയല്ല, ആ സംഭവം. പിന്നെ നിന്നെയും ഓർക്കുന്നു. ഈ മാഷുടെ മകനല്ലേ? എനിക്കവന്റെ പേരും ഓർമ്മ വന്നു. "അതെ സാർ, അവൻ തന്നെയാണ് ഞാൻ" പിന്നെന്തുണ്ടായി? "സാറ് പറഞ്ഞു .പുസ്തകം ഞാൻ ഹെഡ് മാസ്റ്ററെ ഏൽപ്പിക്കാം. നിങ്ങളുടെ രക്ഷിതാക്കളെ തന്നെ ഏൽപ്പിക്കാൻ ഹെഡ് മാസ്റ്ററോട് പറയാം" ശരി എന്നിട്ടെന്തുണ്ടായി? "എന്റെ സാറേ രണ്ട് മൂന്ന് പകലുകളും രാത്രികളും ഞങ്ങളെങ്ങനെയാണ് കഴിച്ചു കൂട്ടിയതെന്നറിയാമോ" ക്ഷമിക്കെടോ, മാഷാവുമ്പോൾ ഇങ്ങനെ ചില പ്രശ്നങ്ങളിലൊക്കെ കുടുങ്ങിപോകും. ആ ദേഷ്യം നിങ്ങൾക്കിപ്പോഴുമുണ്ട് ഇല്ലേ? "ഇല്ല സാർ, നന്ദിയേയുള്ളു" അതെന്താ? "സാറ് ആരെയും ഏൽപ്പിച്ചില്ല. ഹെഡ് മാസ്റ്ററും രക്ഷിതാക്കളും അറിഞ്ഞില്ല. അതിന്റെ നന്ദി. സാറത് ഓർക്കുന്നുണ്ടാവും ഇല്ലേ" ബാക്കി നിങ്ങളറിയാത്തതും ഓർക്കുന്നു. "അതെന്താ മാഷേ" ഞാനാ പുസ്തകം സ്റ്റാഫ് റൂമിലിരുന്ന് മറിച്ചു നോക്കി. അതിൽ കുറെ അർദ്ധ നഗ്നകളുടെ ചിത്രങ്ങളുണ്ടായിരുന്നു. നോക്കി പോകുമല്ലോ?

  അതുകണ്ട് മ്യൂല്യച്യുതി വന്ന മറ്റൊരു മാഷ് ബലമായി പിടിച്ചു വാങ്ങി. "എന്നിട്ട് " ഇത്തവണ പൂർവ വിദ്യാർത്ഥികൾക്കായിരുന്നു ജിജ്ഞാസ. എടോ അന്നൊക്കെ ഞങ്ങളുടെ പ്രായവും അതൊക്കെ വായിക്കാനുള്ള ഘട്ടത്തിലായിരുന്നല്ലോ? പിടിച്ചു വാങ്ങിയ മാഷ് വീട്ടിൽ കൊണ്ടുപോയി വായിച്ചു. പിറ്റേന്ന് കോലാഹലമായി. "എന്ത് കോലാഹലം സാർ" റിപ്പോർട്ട് ചെയ്യണം. ഹെഡ് മാസ്റ്ററെ ഏൽപ്പിക്കണം, രക്ഷിതാക്കളെ എന്നൊക്കെ . പിന്താങ്ങി കൊണ്ട് കുറച്ച് അധ്യാപകരും കൂടി. അവരൊക്കെ എന്റെ തീരുമാനമറിയാൻ നോക്കി. ഞാൻ ചോദിച്ചു ഇതൊന്നും അവരുടെ സാഹിത്യമല്ലല്ലോ? അവരെഴുതിയതല്ലല്ലോ? അവർ വായിച്ചത് സാറ് കണ്ടതല്ലേയെന്നായി. അത് ശരി (അത് വായനാവാരമായിരുന്നോയെന്ന് ഞാനോർക്കുന്നില്ല) ഞാൻ വീണ്ടും അവരോട് ചോദിച്ചു. ഇതച്ചടിച്ചതും അവരല്ലല്ലോ? ഇത് മാർക്കറ്റിൽ ലഭ്യമായതല്ലേ? അവരുടെ പ്രായം. ഒമ്പതിലോ പത്തിലോ പഠിക്കുന്നവർ. വാങ്ങിയതും അവരാണെന്നിരിക്കട്ടെ. അവർ ചെയ്ത തെറ്റെന്താണ്? പ്രായസഹജമായ ജിജ്ഞാസ തോന്നിയതോ? മേൽപടി സഹ അധ്യാപകർ എന്നെ തുറിച്ചു നോക്കി. പിന്നെ എന്തെങ്കിലും നടപടിയെടുക്കേണ്ടയെന്നായി അവർ. ഒരു നടപടി വേണമെന്ന് പറഞ്ഞ് ഞാനവരുടെ മുന്നിൽ വെച്ച് തന്നെ പുസ്തകം കീറി പറിച്ച് കൊട്ടയിലിട്ടു. ചിലർക്ക് അവരുടെ മനസ്സാണ് കീറി പറിക്കപ്പെട്ടത്. ഇതിപ്പോൾ എന്നെ ഓർമിപ്പിച്ചത് എന്തിനാണ് കുട്ടാ.. മറ്റേ വായനക്കാർ ഇന്ന് വന്നിട്ടുണ്ടോ, നമ്മുടെ ഗാതറിങ്ങിന്? " അല്ല സാർ .സാറിനോടായതു കൊണ്ട് ഒന്ന് ഷെയർ ചെയ്യാമെന്ന് തോന്നി. ഒരാൾ വന്നിട്ടുണ്ട്" ഞാൻ ചിരിച്ചു .അവനെയും വിളിക്ക്. അവനും വന്നു. ഇതിനകം കാര്യം മനസ്സിലാക്കി കഴിഞ്ഞിരുന്നല്ലോ ? എന്ത് ചെയ്യുന്നു നീ? " അധ്യാപകനാണ് സാർ . ഞങ്ങൾ ആ പേടിയുടെ നാളുകൾ പറഞ്ഞ് സാറിനെ ഓർക്കാറുണ്ട്" പക്ഷെ ഞാൻ മറന്നു . നിങ്ങളെന്റെ പൂർവവിദ്യാർത്ഥികളല്ല, പൂർവ അധ്യാപകർ തന്നെയാണ്. "സാർ, അതിൽ പിന്നെ പോർണോഗ്രാഫിയെന്നൊക്കെ കേട്ടാൽ തന്നെ ഞങ്ങൾക്ക് പേടിയായിരുന്നു. വായിച്ചിട്ടേയില്ല" ഞാൻ തമാശയായി പ്രതികരിച്ചു. ഞാൻ നിങ്ങളുടെ ജിജ്ഞാസയും വായനാശീലവും ഒക്കെ നശിപ്പിച്ചു ഇല്ലേ? അവർ പൊട്ടിച്ചിരിച്ചു. ഞാനും.

***

Recent Post