ആനന്ദത്തിന് വകുപ്പും മന്ത്രിയും വേണം

എം എൻ കാരശ്ശേരി

ആനന്ദം ആവശ്യമുള്ളവർ മാത്രം ഈ കുറിപ്പ് വായിച്ചാൽ മതി.ആനന്ദം ആവശ്യമില്ലാത്തവർ ഉണ്ടാവുമോ? എത്രയോ പേർക്ക് സന്തോഷം എന്താണെന്ന് അറിയില്ല. എവിടെ കണ്ടെത്താം എന്നുമറിയില്ല. എന്തു കൊണ്ടാണ് അവർ പണം പ്രശസ്തി, അധികാരം തുടങ്ങിയ കാര്യങ്ങളിലാണ് ആനന്ദം ഇരിക്കുന്നതെന്ന് തെറ്റിദ്ധരിക്കുന്നത്?. അവ നേടാൻ വേണ്ടി എന്തും ചെയ്യാൻ മടി കാണിക്കാത്തതും. അവരിൽ ഏറെ പേരും എത്ര കിട്ടിയാലും മതിയാവാത്ത അമ്മാതിരി കാര്യങ്ങൾ ആലോചിച്ച് നിരാശയിലും വിഷാദത്തിലും ചെന്ന് ഒടുങ്ങുന്നു.



“ ഏത് ദേശത്തും ഏത് കാലത്തും ഏത് രാജ്യത്തും ആളുകൾ അന്വേഷിക്കുന്നത് ആനന്ദമാണ്. കേരളസർക്കാർ ആരോഗ്യം, സാമൂഹ്യനീതി, സാമൂഹ്യക്ഷേമം, വിദ്യാഭ്യാസ വകുപ്പുകൾ ഉണ്ടാക്കിയിട്ടുണ്ട്. ഇതുപോലെ, ആനന്ദത്തിന് ഒരു വകുപ്പുണ്ടാക്കണം. അതിനൊരു വകുപ്പ്മന്ത്രിയും വേണം. രാജാധിപത്യം പുലരുന്ന യു.എ.ഇയിൽ ആനന്ദത്തിനായി ഒരു വകുപ്പ് തന്നെയുണ്ട്. ”

പിന്നെ എവിടെയാണ് ആനന്ദം?അത് നമ്മുടെ മൂല്യബോധത്തിൽ സ്ഥിതി ചെയ്യുന്നു. വിനയം, സത്യം, അഹിംസ, ക്ഷമ, മര്യാദ തുടങ്ങിയ ജീവിതമൂല്യങ്ങളിൽ വിശ്വാസമില്ലാത്തവർക്ക് ഒരിക്കലും സ്വാസ്ഥ്യമുണ്ടാവില്ല. കൈക്കൂലിക്കാരന് ഒരിക്കലും സുഖമില്ല, അയാൾ കുറ്റബോധത്തിലും പിടിക്കപ്പെടുമോയെന്ന ഭീതിയിലും ആത്മനിന്ദ സൃഷ്ടിക്കുന്ന അധമബോധത്തിലും ആണ്ടുകിടപ്പാണ്. അഹങ്കാരികൾക്ക് ഒരിക്കലും സുഖമില്ല. അയാൾക്ക്‌ ചുറ്റുമുള്ളവരുടെ ഐശ്വര്യമോർത്ത് ഉള്ള് ചുടാനേ നേരമുള്ളു. കള്ളന് ഉറക്കമില്ല. മനുഷ്യരോടും മൃഗങ്ങളോടും നിർദയമായി പെരുമാറുന്നവർക്ക് ഉദാരതയുടെ സുഖം അനുഭവിക്കാൻ കഴിയില്ല. തമാശ കേട്ട് ചിരിക്കാത്തവർക്ക് ഒരു ലാഘവവും അനുഭവപ്പെടില്ല. ലാഘവം അനുഭവപ്പെടാതെ എന്ത് ആനന്ദം? ജീവിതമൂല്യങ്ങളിൽ നിന്നാണ് ആനന്ദം അനുഭവിക്കുന്നത്. ആർത്തികളിൽ നിന്നല്ല. നമ്മുടെ ഉള്ളിലാണ് സന്തോഷം ഇരിക്കുന്നത്. നാം ജീവിതത്തെ കാണുന്ന രീതിയാണത്. അനുഭവിക്കാനിടയായ ദുഖങ്ങൾ ഓർത്തോർത്ത് വിഷാദിക്കുന്നവരാണ് ഏറെയും. സന്തോഷം ആവശ്യമുള്ളവർ ജീവിക്കേണ്ടത് ഭൂതകാലത്തിലല്ല, വർത്തമാനകാലത്തിലാണ്.
ഒരിക്കൽ ,ചാർലിചാപ്ലിൻ പ്രസംഗത്തില് ഒരു തമാശ പറഞ്ഞു. ആളുകളെല്ലാം പൊട്ടിചിരിച്ചു.ഉടനെ അദ്ദേഹം അതാവർത്തിച്ചു. കുറച്ചു പേർ ചിരിച്ചു.വീണ്ടും അതേ തമാശ ആവർത്തിച്ചു. ആരും ചിരിച്ചില്ല. അപ്പോൾ ചിരിച്ചു കൊണ്ട് ചാപ്ലിൻ ചോദിച്ചു.കണ്ടോ, നല്ല തമാശയും ആവർത്തിച്ചു പറഞ്ഞാൽ നിങ്ങൾ ചിരിക്കില്ല. പിന്നെ എന്തിനാണ് നമ്മൾ കഴിഞ്ഞു പോയ ദുഖങ്ങൾ ഓർത്തും അവ ആവർത്തിച്ച് പറഞ്ഞ് വിഷാദിക്കുന്നതും

Recent Post