ടൂണ പിടിക്കാൻ ദ്വീപിൽ ഏറു ചൂണ്ടകൾ
ജപ്പാന്‍കാരെ മീന്‍ പിടിക്കാന്‍ പഠിപ്പിച്ചത് ലക്ഷദ്വീപുകാര്‍...
മനോജ് മാതിരപ്പള്ളി

പരിശീലനപരിപാടികള്‍ക്ക് മുന്‍പ് ജപ്പാനില്‍നിന്നും ലക്ഷദ്വീപില്‍നിന്നുമുള്ള മത്സ്യത്തൊഴിലാളി സംഘങ്ങളുടെ പ്രദര്‍ശനമത്സരം പുറംകടലില്‍ നടന്നു. എന്നാല്‍, മത്സരം അവസാനിക്കുമ്പോള്‍ പരമ്പരാഗതചൂണ്ട ഉപയോഗിച്ച് ലക്ഷദ്വീപുകാര്‍ പിടികൂടിയ ടൂണയുടെ പകുതിപോലും പിടിച്ചെടുക്കാന്‍ ജപ്പാന്‍കാരുടെ അത്യാധുനിക സംവിധാനങ്ങള്‍ക്ക് സാധിച്ചില്ല. പിന്നീട്, ദ്വീപുകാരായ ഒരു സംഘം മത്സ്യത്തൊഴിലാളികളെ ജപ്പാനിലേക്ക് ക്ഷണിച്ചു കൊണ്ടുപോയി ചൂണ്ടയിട്ടുള്ള ടൂണപിടുത്തം അവിടെയും പ്രചരിപ്പിച്ചുവെന്നാണ് കഥ.
ഇന്ത്യയില്‍ ആളോഹരി മത്സ്യവിഹിതം ഏറ്റവുമധികമുള്ള പ്രദേശമാണ് ലക്ഷദ്വീപ്. അറുപത്തയ്യായിരത്തോളം വരുന്ന ജനസംഖ്യയിലധികവും മത്സ്യബന്ധനത്തിലൂടെയാണ് ഉപജീവനം നടത്തുന്നത്. ഇതില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ടത് ടൂണപിടുത്തമാണ്. ദ്വീപുസമൂഹത്തിലെ ജനവാസമുള്ള പത്തു തുരുത്തുകളിലും മത്സ്യബന്ധനമുണ്ടെങ്കിലും മുന്‍പന്തിയില്‍ നില്‍ക്കുന്നത് മിനിക്കോയ്, അഗത്തി ദ്വീപുകളാണ്. 1950-കളില്‍ ലക്ഷദ്വീപിലെ മത്സ്യോത്പാദനം 500 ടണ്‍ മാത്രമായിരുന്നുവെങ്കില്‍ ഇപ്പോഴിത് 12,000 ടണ്ണായി ഉയര്‍ന്നിട്ടുണ്ട്.

പിന്‍വശത്ത് പരന്ന പലകയുള്ള ചെറുബോട്ടുകളില്‍ സഞ്ചരിച്ചാണ് ലക്ഷദ്വീപുകാരുടെ ചൂണ്ടയിടല്‍. പുലര്‍ച്ചെ ചൂണ്ടക്കാരുമായി പുറംകടലിലേക്ക് പോകുന്ന ബോട്ടുകള്‍ ഉച്ചകഴിയുമ്പോഴേക്കും നിറയെ ടൂണാമത്സ്യങ്ങളുമായി മടങ്ങിയെത്തുന്നു. ഒരു ബോട്ടില്‍ എട്ടുപേര്‍ വീതമാണ് ടൂണപിടിക്കാന്‍ പോകുന്നത്. ടൂണ കൂടുതലുള്ള പ്രദേശത്ത് ജലനിരപ്പിന് മീതെ ധാരാളം കടല്‍പ്പക്ഷികള്‍ പറക്കുന്നുണ്ടാവും. ടൂണകളുടെ പാച്ചിലിനിടെ മുകളിലേക്ക് ചിതറിത്തെറിക്കുന്ന ചെറുമത്സ്യങ്ങളെ തീറ്റയാക്കാനാണ് പക്ഷിക്കൂട്ടത്തിന്റെ ശ്രമം. കടലില്‍ ടൂണയുള്ള സ്ഥലം കണ്ടെത്തിയാല്‍, അതിന് മീതെകൂടി ഇവര്‍ ബോട്ടോടിക്കും. ഒപ്പംതന്നെ ബോട്ടില്‍ സൂക്ഷിച്ചിട്ടുള്ള ചെറുമത്സ്യങ്ങളെ ഒരാള്‍ കടലിലേക്ക് വാരിയെറിഞ്ഞു കൊണ്ടിരിക്കും. ഈ സമയം ബോട്ടിന്റെ പിന്‍വശത്തുള്ള പലകയില്‍ നിരന്നുനില്‍ക്കുന്ന അഞ്ചു ചൂണ്ടക്കാരാണ് മീന്‍പിടുത്തക്കാര്‍. ഇവര്‍ ദ്രുതഗതിയില്‍ ചൂണ്ടയിടുകയും വലിച്ചെടുക്കുകയും ചെയ്യും. നീളമുള്ള കമ്പില്‍ മൂന്ന് മീറ്ററോളം ചരടും അതില്‍ കെട്ടിയ ചൂണ്ടയുമാണ് ഇതിനായി ഉപയോഗിക്കുന്നത്.

ഓരോ തവണ ചൂണ്ട ഉയര്‍ത്തുമ്പോഴും ഒന്നര മുതല്‍ നാലു കിലോഗ്രാം വരെ ഭാരമുള്ള ടൂണയെ ചൂണ്ടയില്‍ കുരുക്കാന്‍ കഴിയുന്ന അത്ഭുതകരമായ മത്സ്യബന്ധനരീതിയാണിത്. തീറ്റ കൊരുക്കാറില്ലെങ്കിലും ചെറുമീനുകളാണെന്ന് തെറ്റിദ്ധരിച്ച് വെള്ളി നിറമുള്ള ചൂണ്ടയും ടൂണ വിഴുങ്ങുന്നു. വലിച്ചെടുക്കുന്ന ചൂണ്ടയില്‍നിന്നും മത്സ്യങ്ങള്‍ സ്വാഭാവികമായി ബോട്ടിനുള്ളിലേക്ക് ഊരിവീഴും. ചൂണ്ടയ്ക്ക് കൊളുത്തില്ല എന്നതാണ് ഇതിന് കാരണം.
അതീവവൈദഗ്ധ്യമുള്ള ചൂണ്ടക്കാരനാണെങ്കില്‍ ഓരോ മിനിട്ടിലും 24 മത്സ്യങ്ങളെ വീതം പിടികൂടുന്നു. അങ്ങനെ, അഞ്ചുപേര്‍ ചേര്‍ന്ന് മിനിട്ടില്‍ നൂറ്റിയിരുപത് ടൂണകളെയാണ് ബോട്ടിനുള്ളിലാക്കുന്നത്. മഴ പെയ്യുന്നതുപോലെ മീന്‍ വന്നുവീഴുന്ന അത്ഭുതകാഴ്ച. കടലില്‍നിന്നും ചൂണ്ട പിന്നിലേക്ക് വലിച്ചെടുക്കുമ്പോള്‍ അന്തരീക്ഷത്തില്‍ വെച്ചുതന്നെ ചൂണ്ടക്കൊളുത്തില്‍ നിന്നൂരുന്ന മത്സ്യം ബോട്ടിനുള്ളില്‍ വീഴും.

ബാര്‍ബില്ലാതെ പ്രത്യേക രീതിയില്‍ നിര്‍മ്മിക്കുന്ന ചൂണ്ടക്കൊളുത്തായതു കൊണ്ടാണ് മത്സ്യങ്ങള്‍ തനിയെ ഊരിവീഴുന്നത്. ബോട്ടിനുള്ളില്‍ മത്സ്യങ്ങള്‍ നിറഞ്ഞുവരുന്നതനുസരിച്ച് പലതും കടലിലേക്കുതന്നെ തെറിച്ചുവീഴുന്നതും കാണാം.
നിറയെ മത്സ്യങ്ങളുമായി ബോട്ടുകള്‍ തിരിച്ചെത്തിയാലുടന്‍ മാസ് ഉണ്ടാക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കും. തലയും മുള്ളും കളഞ്ഞ് ശുചിയാക്കിയെടുക്കുന്ന മത്സ്യം ശുദ്ധജലവും ഉപ്പുവെള്ളവും ചേര്‍ത്ത് വേവിച്ചെടുക്കുകയാണ് ആദ്യഘട്ടം.

പിന്നീടിത് ആറുമണിക്കൂര്‍ നന്നായി പുക കൊള്ളിച്ച ശേഷം ഒരാഴ്ചയോളം വെയിലത്തുവച്ച് ഉണക്കിയെടുക്കുന്നതാണ് മാസ്. പുറംകടലില്‍ പോയുള്ള മീന്‍പിടുത്തം പുരുഷന്മാരുടെ കുത്തകയാണെങ്കില്‍, പല ദ്വീപുകളിലും മാസ് നിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്നത് സ്ത്രീകളാണ്. വര്‍ഷങ്ങളോളം കേടുകൂടാതെയിരിക്കുന്ന മാസ് മംഗലാപുരത്തും ചെന്നൈയിലും തൂത്തുക്കുടിയിലുമെല്ലാം എത്തിച്ച് വിദേശത്തേക്ക് കയറ്റി അയയ്ക്കും. ഒരു കിലോ മാസിന് ശരാശരി 350 രൂപ മത്സ്യത്തൊഴിലാളികള്‍ക്ക് കിട്ടുന്നു.
സെപ്തംബര്‍ മുതല്‍ മെയ് വരെയാണ് ലക്ഷദ്വീപില്‍ ഏറ്റവുമധികം ടൂണാമത്സ്യബന്ധനം നടക്കുന്നത്. ജൂണ്‍ മാസത്തില്‍ മണ്‍സൂണ്‍ ആരംഭിച്ചുകഴിഞ്ഞാല്‍ പിന്നെ ബോട്ടുകളെല്ലാം കരയ്ക്കുകയറ്റും. വര്‍ഷകാലത്ത് ഇവര്‍ നിത്യവൃത്തിക്കുള്ള വരുമാനം കണ്ടെത്തുന്നത് മാസിന്റെ വിപണനത്തിലൂടെയാണ്. പരമ്പരാഗതരീതിയില്‍ സംസ്‌ക്കരിച്ചെടുക്കുന്നത് ആയതിനാല്‍ ദീര്‍ഘകാലം കേടുകൂടാതെ സൂക്ഷിക്കാം. പച്ചമീന്‍ ലഭ്യമല്ലാത്തപ്പോള്‍ ദ്വീപുജനത സ്വന്തം ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കുന്നതും മാസ് തന്നെയാണ്. ടൂണകളെ പിടിക്കാന്‍ മാത്രമായി അറുനൂറോളം ബോട്ടുകള്‍ ലക്ഷദ്വീപിലുണ്ട്. മത്സ്യബന്ധനത്തിന്റെയും സംസ്‌കരണത്തിന്റെയും ഏതെങ്കിലുമൊരു ഘട്ടത്തില്‍ നേരിട്ടു പങ്കെടുക്കാത്ത ആരുംതന്നെ ഇവിടെയില്ലെന്നു പറയാം.