റാഫിനയിലെ നല്ല ശമരിയക്കാരൻ

ജോൺസ് മാത്യു

  ഗ്രീസിൻ്റെ തലസ്ഥാനമായ ആതൻസിൽ നിന്നും ദ്വീപ സമൂഹങ്ങളിലേക്കു കപ്പൽ യാത്ര നടത്തുന്നതിനായുള്ള രണ്ട് പ്രധാന തുറമുഖങ്ങളാണ് പിറയൊസും റാഫിനയും.
വിവിധ ദ്വീപുകൾ വഴി സഞ്ചരിക്കുന്ന വലിയ കപ്പലുകളിൽ യാത്രക്കാർക്ക് പുറമെ ട്രക്കുകൾ, ബസ്, കാർ, ബൈക്ക്, വളർത്തു മൃഗങ്ങൾ എന്നിവയെല്ലാം ഉൾപ്പെടും. സ്പീഡ് കൂടിയവയും അല്ലാത്തതുമായി വിവിധ തരത്തിലുള്ള യാത്രാ കപ്പലുകൾ റാഫിന തുറമുഖത്ത് നിന്നും പുറപ്പെടുന്നുണ്ട്.
തുറമുഖത്ത് കാപ്പി കടകൾ, ലഘു ഭക്ഷണശാലകൾ, മത്സ്യ കടകൾ, കപ്പൽ യാത്രാ ടിക്കറ്റ് വിൽപന കടകൾ തുടങ്ങി യാത്രക്കു വേണ്ട അത്യാവശ്യ വസ്തുക്കൾ ലഭിക്കുന്ന കടകളും, യാത്രക്കാർക്ക് ഇരിക്കുവാനുള്ള സ്ഥലം, കാൽനട പാത, പൊതു ഇടങ്ങളിലെ ബഞ്ചുകൾ, ടെലഫോൺ, മാലിന്യ നിക്ഷേപ പെട്ടികൾ തുടങ്ങിയവയും ക്രമീകരിച്ചിട്ടുണ്ട്.
1998 ൽ നാട്ടിൽ നിന്നും കെയ്റൊ വഴി ആതൻസ് എയർപോർട്ടിൽ ഉച്ചക്ക് രണ്ടു മണിക്ക് ഞാൻ എത്തി. എയർപോർട്ടിൽ നിന്നും റാഫിന തുറമുഖത്തേക്ക് നേരിട്ട് ബസ് സേവനമുണ്ട്. 40 മിനിറ്റു നേരം കൊണ്ട് എയർപോർട്ടിൽ നിന്നും ബസിൽ റാഫിന തുറമുഖത്ത് എത്തിച്ചേരാം.
റാഫിന തുറമുഖം

വൈകീട്ട് 5.30 ന് ആന്ത്രോസ്, തിനോസ് ദ്വീപുകൾ വഴി മിക്കണൊസ് ദ്വീപിലേക്ക് പോകുന്ന യാത്രാ ടിക്കറ്റ് റാഫിനയിലെ ട്രാവൽ ഏജൻസിയിൽ നിന്നും നേരത്തേ തന്നെ കൈപറ്റി.
9.30 ന് തിനോസ് ദ്വീപിൽ എന്നെ സ്വീകരിക്കുവാനും താമസ സ്ഥലത്തേക്ക് കൊണ്ടു പോകുന്നതിനുമായി വരുന്ന ഗ്രീക് സുഹൃത്തിനെ എൻ്റെ വരവിനെക്കുറിച്ച് അറിയിക്കാമെന്ന് ഞാൻ സൂചിപ്പിച്ചിരുന്നു. അതിനാൽ തുറമുഖത്തുള്ള കിയോസ്ക്കിൽ നിന്നും ഫോൺ കാർഡ് വാങ്ങി. ഇവിടെ പൊതു ഇടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഫോണിലെ പ്രത്യേക ഭാഗത്ത് കാർഡ് നിക്ഷേപിച്ചാണ് കാളുകൾ ചെയ്യേണ്ടത്. റാഫിന തുറമഖത്ത് വ്യത്യസ്ഥ ഇടങ്ങളിലായി മൂന്ന് പൊതു ഫോൺ ബൂത്തുകളാണ് ആ കാലത്ത് ഉണ്ടായിരുന്നത്.
സ് ക്കെച്ച് ജോൺസ് മാത്യു

മൂന്ന് ഫോൺ ബൂത്തിലും കാർഡ് ഉപയോഗിച്ച് സുഹൃത്തുമായി ബന്ധപ്പെടുവാൻ ശ്രമിച്ചെങ്കിലും ഫോണുകളെല്ലാം നിർജ്ജീവ മായിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ ഞാൻ വിഷമിച്ചു.
തിനോസ് ദ്വീപിൽ എത്തുന്ന വിവരം അറിയിക്കാതിരുന്നാലുള്ള പല തരം ബുദ്ധിമുട്ടുകളെക്കുറിച്ച് ആലോചിച്ച് ഞാൻ വിഷമിച്ചു. വിഷമം ശമിപ്പിക്കുവാനും സുഹൃത്തുമായി ബന്ധപ്പെടുവാനുള്ള മാർഗ്ഗം ആലോചിക്കുന്നതിനും തുറമുഖത്തുള്ള ഊസേറിയിൽ കയറി ഒരു ചെറിയ കുപ്പി ഊസോ ഓർഡർ ചെയ്തു. ഉസോയോടൊപ്പം ചെറിയൊരു പ്ലേറ്റിൽ കഷ്ണങ്ങളാക്കി മുറിച്ച ചീസ്, വിനാഗിരിയിലിട്ട ഒലീവ്, സലാമി. വിനാഗിരിയിലിട്ട് പാകപ്പെടുത്തിയ മൽസ്യം, തക്കാളി കഷ്ണങ്ങൾ എന്നിവ മേശപ്പുറത്ത് നിരന്നു. ഊസോ ഗ്രീസിലെ മൗലികമായ അൽപം മധുരമുള്ള നാടൻ മദ്യമാണ്.
കൊച്ചു ഗ്ലാസുകളിലാണ് ഊസോ കഴിക്കുന്നത്. വെള്ളം പോലെ തോന്നിക്കുന്ന ഊസോയിൽ സ്വൽപം വെള്ളവും ഐസ് കട്ടയും ചേർത്താണ് കഴിക്കുന്നത്. ഇവ ചേർക്കുമ്പോൾ ഗ്ലാസിലെ മിശ്രിതത്തിന് കഞ്ഞിവെള്ളത്തിൻ്റെ നിറം വരും. ഒരു ഗ്ലാസ് അകത്തെത്തിയപ്പോൾ എൻ്റെ വിഷമത്തിൻ്റെ ഭാരം അൽപം കുറഞ്ഞു.
കപ്പൽ എത്താൻ ധാരാളം സമയമുണ്ടായിരുന്നു. രണ്ടാമത്തെ ഗ്ലാസ് ഊസോ രുചിക്കുമ്പോൾ ഊസേറിയ്ക്കത്തു നിന്നും ടെലഫോൺ ശബ്ദിക്കുന്നത് കേട്ടപ്പോൾ എനിക്ക് പെട്ടെന്നൊരു ധൈര്യവും ഉണർവും വന്നു. പിന്നീടൊന്നും ആലോചിക്കാതെ ഞാൻ ടെലിഫോണിനടുത്തെത്തി. കട നടത്തുന്ന സ്ത്രീ അവിടെ സ്ഥലത്തില്ലാത്തതിനാൽ ടെലഫോൺ ഉപയോഗിക്കുവാൻ അനുവാദം നൽകാൻ വിഷമുണ്ടെന്ന് അവിടെ ജോലി ചെയ്യുന്ന സ്ത്രീ പറഞ്ഞത് എന്നെ വീണ്ടും നിസ്സഹായനാക്കി.
എന്റെ അവസ്ഥ ജോലിക്കാരിയോട് വിവരിക്കുമ്പോൾ സമീപത്തുകൂടെ കടന്നുപോയ മറ്റൊരു ചെറുപ്പക്കാരനായ ജോലിക്കാരൻ അത് കേട്ട് എനിക്കരികിൽ വന്നു. കീശയിൽ നിന്നും മൊബൈൽ എടുത്ത് എനിക്ക് നല്കിയിട്ട് എൻ്റെ സുഹൃത്തിനെ വിളിച്ച് സംസാരിക്കുവാൻ പറഞ്ഞു.
ഞാൻ അവിശ്വസനീയമായി ആ ചെറുപ്പക്കാരനെ നോക്കി. സുഹൃത്തിനെ വിളിക്കുവാൻ ആംഗ്യം കാണിച്ച് അയാൾ അടുക്കളയിലേക്ക് നടന്നു. ഗ്രീസിൽ മൊബൈൽ ഉപയോഗത്തിൽ വന്നിട്ട് കുറച്ച് കാലമേ ആയിരുന്നുള്ളൂ. മെബൈൽ ഉപയോഗത്തിന് ആ കാലത്ത് അമിതമായ വിലയാണ് ഈടാക്കിയിരുന്നത്. എങ്കിലും ഞാൻ സുഹൃത്തിനെ വിളിച്ചു ദ്വീപിൽ എത്തിച്ചേരുന്ന സമയം സൂചിപ്പിച്ചപ്പോൾ സമാധാനമായി.
വ്യക്തിപരതയിലൂന്നിയ യൂറോപ്യൻ സമൂഹത്തിൽ ഒരു വ്യക്തിയുടെ സ്വകാര്യവസ്തുക്കൾ മറ്റൊരാൾക്ക് ഉപയോഗിക്കുക്കുവാൻ നൽകുന്നത് വളരെ അപൂർവ്വമായാണ്.
ഊസേറിയിലെ ഈ അനുഭവം എന്നിൽ ആശ്ചര്യവും അതേ സമയം മറ്റൊരു മനുഷ്യൻ്റെ നിസ്സഹായാവസ്ഥ തിരിച്ചറിഞ്ഞ് സഹായിക്കുവാനുള്ള അപരിചിതനായ ചെറുപ്പക്കാരൻ്റെ മഹാമനസ്കതയുമാണ് പ്രകടമാക്കിയത്. ഊസേറിയിൽ നിന്നും ഇറങ്ങുമ്പോൾ എൻ്റെ വിഷമാവസ്ഥ തിരിച്ചറിഞ്ഞ് പ്രവർത്തിച്ച സാധാരണക്കാരനായ തൊഴിലാളിയോട് വീണ്ടും നന്ദി പറഞ്ഞു.

***

Recent Post