കുഞ്ഞുണ്ണി മാഷും കക്കാടും പുസ്തക പ്രസാധനവും

പോൾ കല്ലാനോട്

  കുഞ്ഞുണ്ണി മാഷെ, ഞാൻ ജോലി ചെയ്തിരുന്ന സെന്റ്‌ ജോസഫ് സ്കൂളിലെ അതിഥിയായി വരുത്തി. കുട്ടികൾക്ക് അദ്ദേഹത്തിന്റെ വലിപ്പം മനസിലാക്കി കൊടുക്കാനായി വിശദമായൊരു സ്വാഗതപ്രസംഗവും നടത്തി. പരിപാടികൾ കുഞ്ഞുണ്ണിയും കുട്ടികളും ചേർന്ന് തകർത്തു; അതെ, അടിച്ചു പൊളിച്ചു.

  ചടങ്ങൊക്കെ കഴിഞ്ഞ് തിരിച്ച് കൊണ്ടുപോകുന്നതിനിടയിൽ മാഷ് എന്നോട് ചോദിച്ചു:
തന്റെ സ്വാഗതപ്രസംഗത്തിൽ എന്റെയൊരു കവിത ഉദ്ധരിച്ചില്ലേ ?
ഒന്നല്ല, ഒരു പത്തെണ്ണമെങ്കിലും, ഞാൻ പറഞ്ഞു കാണണം.
അതുവ്വ്, പക്ഷേ ഒരു ആനക്കാല് എന്നൊന്നില്ലേ? അതൊന്ന് ചൊല്ല്.
കവിത ചൊല്ലലിൽ മഹാ മോശക്കാരനായ ഞാൻ പതിഞ്ഞ ശബ്ദത്തിൽ (സ്വാഭാവികം) അതാവർത്തിച്ച് കേൾപ്പിച്ചു:
"ആനക്കാലിന്മേൽ കേറാം ആനയ്ക്കാലിന്മേൽ കേറാൻ വയ്യ കോഴിക്കാലിന്മേൽ കേറാൻ വയ്യ കോഴിയ്ക്കാലിന്മേൽ കേറാം"
സംഗതി അസ്സലായിട്ടുണ്ട്, പക്ഷേ ചൊല്ലലിനെക്കുറിച്ചല്ല പ്രശംസ എന്നെനിക്ക് മനസിലാകുമല്ലോ. (എന്റെ കവിത ചൊല്ലലിനെക്കുറിച്ച് എൻ.എൻ കക്കാട് പറഞ്ഞത് ഞാൻ പിന്നെ പറയുന്നുണ്ട്)
എന്താണ് മാഷെ ?
പക്ഷേ അത്
ഞാനെഴുതിയതല്ലല്ലോ?
പിന്നെ യാര്?
അതെനിക്കറിയില്ല, താൻ തന്നെ ഒന്ന് പരിശോധിക്ക്.
ഞാൻ ചിന്താക്കുഴപ്പത്തിലായി. എന്റെ മനസ്സിൽ അത് കഞ്ഞുണ്ണി മാഷ്ടെ പേരിൽ പണ്ടേ രേഖപ്പെടുത്തി പോയതാണ്. എങ്ങനെ? മാഷ്ടെ കവിതയിൽ മുക്കാലും എനിക്ക് ഹൃദിസ്ഥമാണ്. ഇതിപ്പോൾ, മാഷ് തന്നെ പറയുന്നു തന്റേതല്ലെന്ന്.
കണ്ടുപിടിക്കാം, ഞാൻ പറഞ്ഞു. (ഇന്നോളം എനിക്കതിന് പറ്റിയിട്ടില്ല. ഇത് വായിക്കുന്നവരാരെങ്കിലും മനസ്സിലാക്കിയാൽ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.)

  വാക്കിലും വാക്കിന്റെ വക്കാലത്തിലും നിറയുന്ന ഒരംശമുണ്ടല്ലോ കുഞ്ഞുഞ്ഞിക്കവിതയ്ക്ക്. അതിന് നല്ല വണ്ണം ഇക്കവിത ചേരുന്നുമുണ്ട്. ഒരു' യ' കാരം കൊണ്ട് അർത്ഥം മാറ്റിക്കളയുന്നുണ്ടല്ലോ? അത്ഭുതവും കുസൃതിയും മാഷെ പോലെ കുളിച്ച് കുറി തൊട്ട് മുന്നിൽ നിൽക്കുന്നു. പറഞ്ഞിട്ടെന്താ.? അദ്ദേഹം അക്കവിതയുടെ മേന്മ സമ്മതിച്ചു കൊണ്ടു തന്നെ അതിന്റെ പിതൃത്വം നിഷേധിക്കുന്നു. അതദ്ദേഹത്തിന്റെ ബൗദ്ധികമായ സത്യസന്ധത കൊണ്ടു തന്നെ സമ്മതിക്കണമല്ലോ?
വേറൊരു ദിവസം മാഷ് പറഞ്ഞു: ഞാനും ടൗണിലേക്കുണ്ട്. കല്ലായ് റോഡിലെ ആരാധനാ ടൂറിസ്റ്റ് ഹോമിനടുത്ത് ഒരു ഇന്ത്യൻ കോഫി ഹൗസുണ്ട്. അവിടെ വെച്ചൊരിക്കൽ ഊത്തപ്പമെന്ന ഉള്ളി ദോശ വാങ്ങിത്തന്നതിന്റെ ഓർമയുണ്ട്. ജീവിതത്തിലാദ്യമായിട്ടായിരുന്നു അത് കഴിച്ചത്. അതൊന്നുമല്ല ഇപ്പോൾ പ്രശ്നം. മാഷിന് ആരെയോ കാണാനുണ്ട്. എന്തൊക്കെയോ വാങ്ങണം, സഹായിക്കണം. അതിനിടയിൽ, ഒരു പുസ്തകപ്രസാധന വിൽപനക്കാരന്റെ കടയിലെത്തി. മാഷോടൊപ്പം ഞാനും കയറിചെന്ന ഉടനെ ഉടമ സീറ്റിൽ നിന്നെണീറ്റ് നിന്ന് പറഞ്ഞു.
മാഷേ, ഒന്നുമായിട്ടില്ല. പിന്നെ വാ എന്ന്. ഒരു യാചകനെയെന്ന പോലെ അകറ്റികളയാൻ നോക്കുന്നു. മാഷ് പരിഭ്രമിച്ച് കാലൻക്കുട പോലെ ഒതുങ്ങി കൂടുന്നു. എനിക്കത്ര പന്തിയല്ലെന്ന് മനസ്സിലായി. ഇടപെടണമെങ്കിൽ കാര്യമറിയണം. ഉടമയാകട്ടെ അത്ര ഭീമനുമാണ്. മടങ്ങുമ്പോൾ ഞാൻ ചോദിച്ചു:
എന്താണ് മാഷേ പ്രശ്നം ?
അതിപ്പോ ന്താ പറയാ?
അയാളെന്റെയൊരു പുസ്തകം അച്ചടിച്ച് വിൽക്കുന്നുണ്ട്. ആ വകയിൽ വല്ലതും കിട്ടുമോയെന്നറിയാൻ ഇറങ്ങിയതാ.
എന്നിട്ടയാൾ അങ്ങനെ പറഞ്ഞപ്പോൾ മാഷെന്തിനാ പരുങ്ങിയത്?
ഓ, ഞാനെന്ത് ചെയ്യാനാ, അയാൾ പുസ്തക മുതലാളിയല്ലേ?
മുമ്പെ അറിഞ്ഞിരുന്നെങ്കിൽ എന്റേതായ ഇടപെടലൊക്കെ അന്നും നടത്താമായിരുന്നു. കഴിഞ്ഞില്ല. ഏറെക്കഴിയും മുമ്പ് മാഷ്ടെ ആ പുസ്തകം പാഠപുസ്തകമായി. മേൽപടി പ്രസാധകൻ കുറെ ഏറെ പണം മുന്നിലിട്ടു കൊണ്ട് പറഞ്ഞത്രെ. മാഷ്ടെ ഒരു സമ്മതപത്രം വേണം. അത്രയും പണം മാഷ് ആദ്യം കാണുകയാണ്. സത്വരം ഒപ്പിട്ടു കൊടുത്തു. ശുഭം. അയാൾ തന്നെ ജയിച്ചു.
പിന്നീടറിഞ്ഞ ഒരു കഥയുണ്ട്. അതേ വർഷം തന്നെ പാഠപുസ്തകമാക്കിയ ഒരു കൃതി എം എൻ സത്യാർത്ഥിയുടേതായിരുന്നു. ഇതേ പോലെ കുറെ കാശുമായി വേണ്ടപ്പെട്ടവർ അദ്ദേഹത്തിന് മുന്നിലെത്തി.
'താങ്കളുടെ സ്വാതന്ത്ര്യ സമര ചരിത്രം പാഠപുസ്തകമായി തിരഞ്ഞെടുത്തിട്ടുണ്ട് '
ആവട്ടെ, അതിനെന്താണ്?
അതിന്റെ പ്രസാധനം ഞങ്ങൾക്ക് തരണം. സ്വന്തം പേരിനെ അന്വർത്ഥമാക്കും വിധം ഒരു ഭൂതകാലമുള്ള സത്യാർത്ഥി മാഷ് പറഞ്ഞു:
ഒരു കാരണവശാലും നിങ്ങൾക്കതിന് സമ്മതം തരില്ല.
അല്ല, അത് ഞങ്ങൾ ശ്രമിച്ചിട്ടു കൂടിയാണ് പാഠപുസ്തകമാകിയത്...
ഞാൻ പറഞ്ഞോ?
ഇല്ല
ആവശ്യപ്പെട്ടോ?
ഇല്ല.
അപ്പോൾ, ആ പുസ്തകത്തിന് പാം പുസ്തകമാകാൻ യോഗ്യതയുണ്ട്. അത്ര തന്നെ. ആർക്ക് കൊടുത്താലും നിങ്ങൾക് തരില്ല.
കുഞ്ഞുണ്ണി മാഷെ പോലെ യാചകന്റെ മട്ടിൽ ചെന്നപ്പോൾ ആട്ടിയിറക്കപ്പട്ടിട്ടുണ്ട് സത്യാർത്ഥിയും. പക്ഷേ സുഭാഷ് ചന്ദ്രബോസിന്റെയും ഭഗത് സിംഗിന്റെയുമൊക്കെ സഹയാത്രികന് പ്രതികരിക്കാൻ പ്രതിഭയുണ്ടുണ്ടായിരുന്നു. എന്നാൽ, കഞ്ഞുണ്ണി മാസ്റ്റാർക്ക് അങ്ങനെയാവാൻ പറ്റുമോ?

  ഒരിക്കലൊരിടത്ത് കുഞ്ഞുണ്ണി മാഷോടും സാക്ഷാൽ കക്കാടിനോടുമൊപ്പം ഒരു പരിപാടിക്ക് പോകുമ്പോൾ മാഷ് പറഞ്ഞു:
ആളുകളെ കൊണ്ട് ശല്യം തന്നെ. എപ്പോഴും പരിപാടികൾക്കായി വരും. എനിക്കൊട്ട് വയ്യേ. ആരോഗ്യം വളരെ മോശം. ആർക്കൊന്നും പറഞ്ഞിട്ട് മനസിലാവുന്നുമില്ല.
മാഷ്ടെ ആരോഗ്യത്തെ അവഗണിക്കുന്നവരുടെ പരിപാടിയിൽ മാഷെന്തിനാ തത്പര്യമെടുക്കുന്നത് ?- കക്കാട് ചോദിച്ചു.
പറഞ്ഞിട്ട് മനസ്സിലാവേണ്ടേ?
അത് മാഷ് പറയണ്ട പോലെ പറയാഞ്ഞിട്ടാ.
അതും ശരിയാ -കുഞ്ഞുണ്ണി മാഷ് ഒതുങ്ങി.
ഞാനിടപെട്ടു: " കക്കാട് മാഷ് പറഞ്ഞ പോലെയൊന്നുമാവാൻ കുഞ്ഞുണ്ണി മാഷ്ക്കാവില്ല. അതുകൊണ്ട് ഞാനൊരു കാര്യം പറയാം."
അതെന്താ?
മാഷൊരു കാര്യം ചെയ് ഇന്ന് തന്നെ ഡയറിയിലെ എല്ലാ പേജിലും വയനാട് മലപ്പുറം വടകര കാസർകോട് എന്നൊക്കെ എഴുതി വെച്ചക്കുക. ആര് വന്നാലും എവിടെ നിന്നാണെന്ന് ചോദിച്ച് ഡയറി മറിക്കുക, അയ്യോ അന്ന് ഞാൻ തലശേരിയിലാണല്ലോ.
അപ്പോൾ, തലശേരിയിൽ നിന്നാണവർ വരുന്നതെങ്കിലോ?
തിരൂർ, പരപ്പനങ്ങാടി താനൂർ അങ്ങനെ എത്ര സ്ഥലങ്ങൾ കിടക്കുന്നു.
കക്കാട് പോലെ എന്നെ നോക്കി.
ദുഷ്ടാ
ഞാൻ പറഞ്ഞു" നിങ്ങളെന്നെ ദുഷ്ടനാക്കി "
കക്കാട് സാത്വികമായ ആ ചിരി ചിരിച്ചു.

***

Recent Post