"ഭൂമീടെ കാര്യം ഞങ്ങൾക്ക് വിട്ടേക്ക്"
വായിച്ച് രസിക്കാൻ ഒരു കുഞ്ഞു വലിയ പംക്തി...
ഷിനോജ് രാജ്

അമ്മക്കടുവ കണ്ണുതുറന്നു.
എനിക്ക് മൂണില്‍ പോണം. കുട്ടിക്കടുവ ഒറ്റപ്പറച്ചില്‍.
അമ്മക്കടുവയുടെ കണ്ണ് തള്ളി, രണ്ട് മൂണായി അത് തെറിച്ചു വന്നു.
ഇപ്പം പോയി പാര്‍ക്കണം.
അമ്മക്കടുവയുടെ ഉറക്കം പോയി . അമ്മ പറഞ്ഞു. അതിന് അവിടെ പോവണമെങ്കില്‍ ഭൂമിക്ക് പുറത്ത് കടക്കണം.
അതെങ്ങനെയാ?
പ്രത്യേകറോക്കറ്റിൽ പോവണം.
എന്നാല്‍ റോക്കറ്റ് സ്റ്റാന്റിലേക്ക് വേഗം പോവാം.
അതിന് പ്രത്യേക സ്റ്റാന്റ് ഒന്നുമില്ല. പുതിയറോക്കറ്റ് നിര്‍മിച്ച് പുതിയ രീതിയില്‍ ഒരു ഉടുപ്പൊക്കെ ഉണ്ടാക്കി വേണംപോവാന്‍.
എന്നാല്‍ എന്ന് പോവും? കുട്ടിക്കടുവ അമ്മക്കടുവയുടെ പുറത്ത് കയറി.
അതൊന്നും പറയാന്‍ പറ്റൂല. ധാരാളം കാശ് വേണം. മനുഷ്യന്‍മാര്‍ സമ്മതിക്കണം.
ഈ മനുഷ്യന്മാരുടെതാണോ മൂണ്‍? കുട്ടിക്കടുവ അമ്മക്കടുവയുടെ കഴുത്തില്‍ പിടിച്ച്, താഴോട്ട് ചെരിഞ്ഞിറങ്ങി .
ഇപ്പം അങ്ങനെ വേണമെങ്കില്‍ പറയാം. ഭൂമിയും ആകാശവും കടലും കരയും ഒക്കെ അവരുടേതാ.
കുട്ടിക്കടുവയ്ക്ക് ദേഷ്യം വന്നു. എന്നിട്ടാണോ മനുഷ്യൻ ഭൂമിയെ നശിപ്പിക്കുന്നു. കാടിനെ നശിപ്പിക്കുന്നു കാലാവസ്ഥയെ നശിപ്പിക്കുന്നു എന്നൊക്കെ അവര് തന്നെ പറയുന്നത്?
അമ്മക്കടുവയ്ക്കു ചിരി വന്നു. എത്ര അടക്കിപ്പിടിച്ചിട്ടും ബുഹാ... ബുഹാ...ന്ന് ചിരിക്കാതിരിക്കാനായില്ല.
കുട്ടിക്കടുവയും അപ്പോള്‍ പൊട്ടിച്ചിരിച്ചു.
മനുഷ്യന് എന്തുമാവാം, പക്ഷേ, ഈ ഭൂമി നമ്മുടേത് കൂടിയാണ്. നമുക്കും കഴിവിന്റെ പരമാവധി ഭൂമിയെ സംരക്ഷിക്കണം .
അതെങ്ങനെ നടക്കും അമ്മേ?
അതാണ് അമ്മയും ആലോചിക്കുന്നത്.
ഈ ഭൂമിക്ക് തീരെ വയ്യാഞ്ഞിട്ടാണോ മഴക്കാലം തെറ്റിവരുന്നതും ചൂട് കൂടി വരുന്നതുമെല്ലാം ?
അതേ. അങ്ങനെയും പറയാം. ചൂടും തണുപ്പും ക്രമീകരിക്കാനും വര്‍ഷപാതം സാധ്യമാക്കാനും സൂര്യനിൽ നിന്ന് വരുന്ന ദോഷകാരികളായ രശ്മികളെ അകറ്റി നിര്‍ത്താനുമൊന്നും ഭൂമിയുടെ അന്തരീക്ഷത്തിന് ഇപ്പോള്‍ പഴയപോലെയാവുന്നില്ല.
പാവം ഈ തിരിയുന്നതിനിടയില്‍ ഡോക്ടറെ കാണാൻ ആവാഞ്ഞിട്ടാവുമോ?
അതല്ല. ഈ മനുഷ്യന്‍മാരെല്ലാം ഭൂമിയുടെ കാര്യം വെച്ചു നോക്കുമ്പോള്‍ ഡോക്‌ടര്‍മാരാ ഇപ്പം. ഭൂമിയുടെ ഈ വയ്യായ അവര്‍ക്ക് പരിഹരിക്കാനാവുന്നതേയുള്ളൂ.
കുട്ടിക്കടുവ ഒന്നും മിണ്ടാതെ അറ്റന്‍ഷനില്‍ നിന്നു. പിന്നെ പറഞ്ഞു. എന്നെ മനുഷ്യന്മാരുടെ ഭാഷ പഠിപ്പിച്ചു തരുമോ? ഞാന്‍ പോയി സംസാരിക്കാം .
അമ്മക്കടുവ ഒരു കോട്ടുവായിട്ടു. എന്റെ ഉറക്കമെല്ലാം പോക്കി. എന്നാലും സാരല്ല. നീ എത്ര ഭാഷ പഠിച്ചാലും കാര്യമില്ല. അവരതൊന്നും കേള്‍ക്കില്ല.
അപ്പം നമുക്ക് ചന്ദ്രനില്‍ പോയിതാമസിക്കാൻ പറ്റൂല്ലേ ?
പറ്റൂല.
അതെന്താ അമ്മ അങ്ങനെ തറപ്പിച്ച് പറഞ്ഞത്. റോക്കറ്റ് കി ട്ടാഞ്ഞിട്ടാണോ? അല്ല റോക്കറ്റിലാരും കയറ്റാത്തതുകൊണ്ടാ. നിനക്കറിയോ , ഭൂമിയിലെ പോലെയുള്ള അന്തരീക്ഷം നിന്റെ മൂണിലില്ല. താമസിക്കാനും പറ്റൂല. പോയാല്‍ വേഗം പോയിപോരണം .
ഈ ഭൂമിയുടെ അന്തരീക്ഷത്തിന് ഓട്ടവീണു എന്നൊക്കെ ഇന്നാള് എന്റെ ചങ്ക് കുറുക്കന്‍കുട്ടി പറഞ്ഞല്ലോ.
ഒക്കെ ശരിയാ. അന്തരീക്ഷത്തിനല്ല തുള. അന്തരീക്ഷത്തിലെ ഒരു പാളിയായ സ്‌ട്രാറ്റോസ്‌ഫിയറില്‍ സ്ഥിതിചെയ്യുന്ന ഓസോണ്‍പാളിക്കാണ് പശ്നം .
ആ പാളിഅഴിച്ചെടുത്ത് റിപ്പയര്‍ ചെയ്താൽ തീരുന്ന കാര്യമല്ലേയുള്ളൂ.
അമ്മക്കടുവ ഉറപ്പിച്ചു. എന്തായാലും ഇനി ഉറങ്ങാൻ പറ്റില്ല. ഇത്തരം മണ്ടന്‍ ചോദ്യ ങ്ങള്‍ക്കുത്തരം പറഞ്ഞ് പറഞ്ഞ് നേരം ഇപ്പം വെളുക്കും .
പറയമ്മേ …
അന്തരീക്ഷം എന്നാല്‍ ഭൂമിയോട് അടുത്ത് നില്‍ക്കുന്ന അഞ്ച് വായു പാളികളാണ്. ഏകദേശം നമുക്ക് മുകളില്‍ 100 കി.മീറ്ററിനുള്ളില്‍ ആയാണിത് സ്ഥിതിചെയ്യുന്നത്.
ഓ അപ്പോള്‍ അഴിച്ചെടുക്കാൻ പറ്റില്ല.
ങ് ഹാ ,അഴിച്ചെടുക്കാന്‍ പറ്റില്ല. നീ ഇത് കേള്‍ക്ക്, കാറ്റ്, മഴ, മഞ്ഞ്, മേഘം , ഇടി , മിന്നല്‍ തുടങ്ങി യവയൊക്കെ ഉണ്ടാവുന്ന ആദ്യ പാളിയാണ് ട്രോപ്പോ സ്‌ഫിയര്‍.
ഓ… വല്ലാത്ത ഒരു പേരുതന്നെ. വിമാനത്തില്‍ കയറി എന്നെങ്കിലും ഞാന്‍ പോവുമ്പോള്‍ ഈ പേര് കാണാപാഠം പഠിച്ച് ഉറക്കെ വിളിച്ച് പറയും .
അതിന് വിമാനം ഈ പാളിയിലൂടെ പോവില്ല.
ഏ… അങ്ങനെയുമുണ്ടോ?
ഉണ്ട്. സ്ട്രാറ്റോ സ്ഫിയര്‍ എന്ന ട്രോപ്പോസ്‌ഫിയറിന് മോളിലുള്ള പാളിയിലൂടെയാണ് വിമാനം പോവുക.

ഈ പാളിയില്‍ നീരാവി ഉണ്ടാവില്ല. ലംബചലനങ്ങളും ഉണ്ടാവില്ല. സുഖായി വിമാനത്തിന് പോവാം .
ഇങ്ങനത്തെ പേരുകളാണോ എല്ലാപാളിക്കും ?
അതെ മൂന്നാമത്തേത് മിസോസ്‌ഫിയര്‍. നാലാമത്തേത് തെര്‍മോസ്‌ഫിയര്‍ അഞ്ചാമത്തെത് എക്‌സോസ്‌ഫിയര്‍.
അമ്മേ എനിക്ക് ഉറക്കം വരുന്നു.
അമ്മക്കടുവയ്ക്ക് സന്തോഷമായി. നോക്ക് നിന്റെ മൂണ്‍ ചിരിക്കുന്നത്.
കുട്ടിക്കടുവ മുകളിലേക്ക് നോക്കി. പേടിക്കേണ്ട ഈ ഭൂമിയെ ഞങ്ങള്‍ നല്ലോണം നോക്കും മൂണേ. ആര് ഭൂമിയെ നശിപ്പിക്കാന്‍ വന്നാലും ഹുര്‍ഹുറാ...ന്ന് അലറി ഞാനും അമ്മയും വിരട്ടി വിടും
.മൂണേ എപ്പോഴും മേഘത്തിനൊപ്പം പോയി കളിക്കാതെ രാ ത്രിയിലെന്നും നിലാവ് കൊണ്ടുത്തരണേ . കള്ളന്മാരെ അപ്പഴേ ശരിക്കും കാണൂ. എന്നാല്‍ ഗുഡ്‌നൈറ്റ്.
അമ്മക്കടുവ കുട്ടിക്കടുവയെ കെട്ടിപ്പിടിച്ചു. ഒരു മേഘം മോളിലൂടെ മൂണിനെ മൂടി. ഇരുട്ട് ഒരു പുതപ്പായി. കൂമന്‍ മൂന്നു തവണ മുഹൂ മുഹൂ മുഹൂന്ന് മൂളി . ആരു കേള്‍ക്കാന്‍ അമ്മയും കുട്ടിയും നല്ല ഉറക്കത്തിലായിരുന്നു.