കാടിനുള്ളിലെ ആടുജീവിതം

 അഞ്ഞൂറും ആയിരവും അതിലധികവും ആടുകളെ വളർത്തുന്ന ഗോത്ര ഗ്രാമങ്ങൾ മൂന്നാർ മലകളിലുണ്ട്.

മനോജ് മാതിരപ്പള്ളി


ഹൈറേഞ്ചില്‍ മുതുവാന്മാരുടെയും മലപ്പുലയരുടേതുമായി കാട്ടിനുള്ളിലുള്ള മിക്കവാറും എല്ലാ ആദിവാസിക്കുടികള്‍ കേന്ദ്രീകരിച്ചും ആടുവളര്‍ത്തലുണ്ട്. ആടുമേയ്ക്കാന്‍ പോകുന്നവര്‍ പാടിവന്നിരുന്ന ഇടയഗാനങ്ങള്‍ എന്നൊരു ശാഖതന്നെ മലപ്പുലയര്‍ക്കിടയില്‍ പ്രചാരത്തിലുണ്ട്.
എല്ലാ സ്വഭാവങ്ങളുമുള്ള കാടന്‍ ജനുസ്സില്‍പ്പെട്ട ആടുകള്‍ക്ക് ആവശ്യക്കാരേറിയതോടെ പുതുതായി ഉണ്ടാകുന്ന ആട്ടിന്‍കുട്ടികളെയൊന്നും ഇവര്‍ മറ്റാര്‍ക്കും നല്‍കാതെയായി.
  ഈ രീതിയില്‍ ഏതാനും വര്‍ഷങ്ങള്‍ തുടര്‍ന്നപ്പോള്‍ ഒരോ ആദിവാസിക്കുടിയിലെയും ആടുകളുടെ എണ്ണം വര്‍ദ്ധിച്ചുവന്നു. ഹൈറേഞ്ച് ആടുകൾക്ക് പ്രതിരോധ ശേഷി കുടുതലാണ്.
കുഞ്ഞുങ്ങളൊന്നും അസുഖംവന്ന് ചത്തുപോകുന്ന പതിവില്ല. പാല്‍ കുറവാണെങ്കിലും അതിന് ഔഷധഗുണം അധികമുണ്ട്. ആട്ടിന്‍കുട്ടികള്‍ക്കും ഞങ്ങള്‍ക്കും ആവശ്യമായ പാല്‍ ലഭിക്കും. ആടുകളുടെ വില്‍പ്പനയാണ് പ്രധാനപ്പെട്ട വരുമാനമാര്‍ഗ്ഗം. കുറെ വര്‍ഷങ്ങളായി എല്ലാ മാസവും പത്തും ഇരുപതും ആടുകളെ വീതം വിറ്റഴിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കുന്നു'; ചിന്നാര്‍ വന്യജീവിസങ്കേതത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന തായണ്ണന്‍കുടിയിImageലെ മൂപ്പനായ ചന്ദ്രന്‍കാണി പറയുന്നു.
ഗോത്രഗ്രാമത്തിലെയും ഓരോ വീടുകളിലും ഇരുപതും മുപ്പതും വീതം ആടുകളുണ്ടാവും. ഇവയെ മുഴുവന്‍, ദിവസവും രാവിലെ പരിസരത്തെ കാടുകളിലേക്ക് മേയ്ക്കാന്‍ കൊണ്ടുപോകുകയാണ് ചെയ്യുന്നത്. എന്നാല്‍ ആട്ടിന്‍പറ്റത്തിനൊപ്പം എല്ലാ വീട്ടില്‍നിന്നും ആരെങ്കിലും പോകുന്ന പതിവില്ല. അതിനുപകരം ഒരു കുടിയിലെ രണ്ടോ മൂന്നോ വീട്ടില്‍നിന്നും ഒരാള്‍വീതം ഓരോ ദിവസവും മാറിമാറി പോകുന്നു. ഇന്നുപോകുന്ന മൂന്നുപേരായിരിക്കില്ല നാളത്തെ ഇടയന്മാര്‍. ഈ രീതിയില്‍ ഓരോ വീട്ടുകാര്‍ക്കും മാസത്തില്‍ രണ്ടുമൂന്ന് ദിവസം മാത്രമെ ആടുകളെ മേയ്ക്കാന്‍ പോകേണ്ടതുള്ളൂ.
ഗ്രാമാതിര്‍ത്തി കടന്നാല്‍പിന്നെ ആടുകള്‍ക്ക് യാതൊരു നിയന്ത്രണവുമില്ല. അവയ്ക്ക് യഥേഷ്ടം തിന്നുകയും കുടിക്കുകയും കളിക്കുകയും കൊമ്പുകോര്‍ക്കുകയും ചെയ്യാം. കുഞ്ഞുങ്ങള്‍ക്കാണെങ്കില്‍ മതിയാവോളം പാല്‍ കുടിക്കാം. നദിക്കരയും മലയോരവും പാറച്ചെരിവുകളും കടന്നുള്ള ആട്ടിന്‍പറ്റത്തിന്റെ യാത്രയ്‌ക്കൊപ്പം ഇടയന്മാരും സാവധാനം സഞ്ചരിച്ചുകൊണ്ടിരിക്കും.
  ഇടയ്ക്കിടെ കാട്ടുപാട്ടുകള്‍ പാടും. ഇതിനിടെ, കുസൃതികാണിച്ച് വഴിതെറ്റി പോകുന്ന വിരുതന്മാരെ വീണ്ടും കൂട്ടത്തിലേക്ക് തെളിക്കും. പുതുമഴയ്ക്കുമുന്‍പ് പറ്റുപുല്ലുകള്‍ കുറവുള്ള സമയത്താണെങ്കില്‍ ആടുകള്‍ക്ക് പ്രിയങ്കരമായ മരച്ചില്ലകള്‍ തിന്നാനായി ചായ്ച്ചുകൊടുക്കും. കാട്ടിലെവിടെയും പതിയിരുന്നേക്കാവുന്ന കടുവയുടെയും പുലിയുടെയും ചെന്നായ്ക്കൂട്ടത്തിന്റെയും ദംഷ്ട്രകളില്‍നിന്നും ആടുകളെ സംരക്ഷിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്വവും ഇടയന്മാര്‍ക്കുണ്ട്.
അപൂര്‍വ്വമായേ കാട്ടുമൃഗങ്ങളില്‍നിന്നും ആട്ടിന്‍പറ്റത്തിനുനേരെ ആക്രമണം ഉണ്ടാവുകയുള്ളൂ. കുടിയില്‍ വളര്‍ത്തുന്ന ആടുകളാണ് ഇങ്ങനെ കൂട്ടത്തോടെ സഞ്ചരിക്കുന്നതെന്ന് കടുവയ്ക്കും പുലിക്കും അറിയാം.
  വളര്‍ത്താടുകള്‍ ആയതിനാല്‍ അവയ്‌ക്കൊപ്പം ആളുകളുണ്ടാകുമെന്ന് തിരിച്ചറിയാനുള്ള ബുദ്ധിയും വന്യജീവികള്‍ക്കുണ്ട്. പരമാവധി മനുഷ്യസാന്നിധ്യമുള്ള സ്ഥലങ്ങളിലേക്ക് കാട്ടുമൃഗങ്ങളൊന്നും അടുക്കാറില്ല'; ഇടയന്മാരിലൊരാളായ മഹേന്ദ്രന്‍ പറയുന്നു.
സന്ധ്യക്ക് മുന്‍പുതന്നെ ആട്ടിന്‍പറ്റവുമായി ഇടയന്മാര്‍ മടങ്ങിവരും. കുടിയിലെത്തിയാല്‍ ഓരോ വീട്ടിലേക്കുമുള്ള ഇരുപതും മുപ്പതും ആടുകള്‍ കൂട്ടത്തോടെ വഴിതിരിഞ്ഞുപോകുന്നത് കൗതുകകരമായ കാഴ്ചയാണ്. ഇടയന്മാര്‍ വഴിതെളിക്കാതെ തന്നെ ആടുകള്‍ക്കറിയാം തങ്ങളുടെ ഇടം ഏതാണെന്ന്. സ്വീകരിക്കാന്‍ മുറ്റത്ത് വീട്ടുടമസ്ഥനും നില്‍ക്കേണ്ടതില്ല.
  രാവിലെ കൂടുതുറന്നാല്‍ അവയെല്ലാം കൂട്ടത്തോടെ ഗ്രാമപാതയിലേക്ക് ഇറങ്ങുകയും വൈകുന്നേരം തിരിച്ചെത്തിയാല്‍ തനിയെ കൂട്ടിനുള്ളില്‍ കയറുകയും ചെയ്യും. കുടിയിലെ അവസാനവീടിന്റെ പുറത്തെത്തുമ്പോള്‍ അവിടേക്കുള്ള ആടുകള്‍ മാത്രമെ ബാക്കിയുണ്ടാവുകയുള്ളു.

***

Recent Post