ലക്ഷദ്വീപിലെ "ജിഹാത്തോണികൾ "
മനോജ് മാതിരപ്പള്ളി

കടലായതുകൊണ്ടാവണം അതിനുനടുവിലും വള്ളംകളി നടത്തുന്നവരാണ് ലക്ഷദ്വീപിന്റെ ഭാഗമായ മിനിക്കോയ് ദ്വീപിലുള്ളവര്‍. ഇവിടുത്തെ ജലോത്സവം കാണാന്‍ സ്ത്രീകളും പുരുഷന്മാരും കുട്ടികളും ഉള്‍പ്പെടെ ദ്വീപുകാരായ മുഴുവന്‍ ആളുകളും തടിച്ചുകൂടും. അത്രത്തോളം അവരുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുള്ളതാണ് വള്ളംകളി. എല്ലാ വര്‍ഷവും ഡിസംബറില്‍ നടക്കുന്ന മിനിക്കോയ് ദ്വീപ് ഫെസ്റ്റിനോട് അനുബന്ധിച്ചാണ്, തുരുത്തുകാര്‍ 'ജിഹാത്തോണികള്‍' എന്നുവിളിക്കുന്ന വള്ളങ്ങളെ അണിനിരത്തിയുള്ള ജലോത്സവം സംഘടിപ്പിക്കുന്നത്.

മിനിക്കോയ്ക്കാരുടെ ഭാഷയും സംസ്‌കാരവും വേഷവും കലാരൂപങ്ങളുമെല്ലാം ലക്ഷദ്വീപിലെ മറ്റു തുരുത്തുകളില്‍നിന്നും വ്യത്യസ്തമാണ്. ഇത്തരം കാര്യങ്ങളില്‍ മാലിദ്വീപുമായാണ് മിനിക്കോയ്ക്കാര്‍ക്ക് ഏറെ അടുപ്പം. ലക്ഷദ്വീപിലെ തൊട്ടടുത്ത തുരുത്തായ കല്‍പ്പേനിയിലേക്ക് മിനിക്കോയില്‍നിന്നും 211 കിലോമീറ്റര്‍ ദൂരമുണ്ട്. ആസ്ഥാനമായ കവരത്തിയിലേക്ക് 252 കിലോമീറ്ററും. എന്നാല്‍ മിനിക്കോയില്‍നിന്നും 80 കിലോമീറ്റര്‍ മാത്രം സഞ്ചരിച്ചാല്‍ അയല്‍രാജ്യമായ മാലിദ്വീപിലെത്തും. മിനിക്കോയ്, മാലിദ്വീപ് എന്നിവിടങ്ങളില്‍നിന്നും പുറംകടലില്‍ മത്സ്യബന്ധനത്തിന് പോകുന്നവര്‍ തമ്മില്‍ നിത്യപരിചയമുണ്ട്. മിനിക്കോയിക്കാരായ പലരുടെയും വേരുകള്‍ ഇപ്പോഴും മാലിദ്വീപിലാണ്. രണ്ടിടത്തെയും സംസാരഭാഷ മഹല്‍ തന്നെയാകാനുള്ള കാരണവും മറ്റൊന്നല്ല.
കടലിനോടും കപ്പലിനോടും വള്ളങ്ങളോടുമെല്ലാമുള്ള മിനിക്കോയ്ക്കാരുടെ ഇഷ്ടം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. ഡോക്ടറാകാനും എന്‍ജിനീയറാകാനും ആഗ്രഹിക്കുന്ന കുട്ടികള്‍ക്ക് ദേശഭേദമില്ലെങ്കിലും മിനിക്കോയിലെ ബഹുഭൂരിപക്ഷം കുട്ടികളുടെയും ആഗ്രഹം മികച്ചൊരു നാവികനാവുക എന്നതായിരിക്കും. ലോകമെമ്പാടുമുള്ള കപ്പല്‍കമ്പനികള്‍ക്കെല്ലാം മിനിക്കോയ്ക്കാരോട് പ്രത്യേക മമതയുണ്ട്. ഇവിടുത്തെ ഓരോ വീട്ടിലും ഒന്നും രണ്ടും നാവികര്‍ വീതമുണ്ടാവും. പുരുഷന്മാര്‍ പലപ്പോഴും കടല്‍സഞ്ചാരത്തില്‍ ആയതിനാല്‍ തുരുത്തിലുള്ളതിലേറെയും സ്ത്രീകളാണ്. പതിമൂന്നാം നൂറ്റാണ്ടില്‍ മിനിക്കോയിലെത്തിയ വിദേശസഞ്ചാരിയായ മാര്‍ക്കോപോളോ, 'സ്ത്രീകളുടെ ദ്വീപ്' എന്നാണ് ഈ തുരുത്തിനെ വിശേഷിപ്പിച്ചത്.

ലോകത്തിന്റെ പല ഭാഗങ്ങളിലൂടെയും കപ്പലില്‍ സഞ്ചരിക്കുന്ന മിനിക്കോയിക്കാരില്‍ നല്ലൊരുപങ്കും ജലോത്സവത്തിന്റെ നാളുകളായാല്‍ ദ്വീപിലെത്തും. ആഴ്ചകള്‍ക്കുമുന്‍പേ തുഴച്ചില്‍കാര്‍ പരിശീലനം ആരംഭിക്കും. സ്ത്രീകളും കുട്ടികളും എല്ലാ സഹായവുമായി കൂടെനില്‍ക്കും. കേരളത്തില്‍ ക്ലബ്ബുകളുടെ ഉടമസ്ഥതയിലാണ് വള്ളങ്ങള്‍ മത്സരത്തിന് ഇറങ്ങുന്നതെങ്കില്‍ മിനിക്കോയില്‍ ഗ്രാമങ്ങളുടെ (അത്തിരികള്‍) പേരിലാണ്. അലൂടി, കുദഹി, പള്ളിശ്ശേരി, റമദു, സേടിവളു, ഔമുഖ്, ബാഡ, ഫന്‍ഹിലോള്‍, ബൊഡു എന്നിങ്ങനെ ദ്വീപിലാകെയുള്ള ഒന്‍പത് ഗ്രാമക്കാരും മത്സരത്തില്‍ പങ്കെടുക്കും. ആബാലവൃദ്ധം ആളുകളുടെയും സാന്നിധ്യമുള്ളതിനാല്‍ അത്തിരികള്‍ തമ്മിലുള്ള മത്സരത്തിന് വീറും വാശിയുമേറും.

ദ്വീപിനോട് ചേര്‍ന്നുള്ള ലഗൂണിലും അതിനപ്പുറത്തെ കടല്‍പ്പരപ്പിലുമാണ് ജിഹാത്തോണികള്‍ അണിനിരക്കുന്ന ജലോത്സവം സംഘടിപ്പിക്കുന്നത്. നമ്മുടെ ചുണ്ടന്‍വള്ളങ്ങളോളം തലയെടുപ്പും നീളവുമൊന്നും വരില്ലെങ്കിലും ജിഹാത്തോണികള്‍ നിരന്നുകിടക്കുന്നതും കുതിച്ചുപായുന്നതും ആകര്‍ഷകമായ കാഴ്ചതന്നെയാണ്. വീതികുറഞ്ഞ് നീളത്തില്‍ പല നിറങ്ങളിലുള്ള കടല്‍വള്ളങ്ങളാണ് ഇവയെല്ലാം. ചുമപ്പും പച്ചയും നീലയും വെള്ളയും കറുപ്പും മഞ്ഞയും നിറത്തിലുള്ള വള്ളങ്ങള്‍. ഭംഗികൂട്ടാനായി ഒരേ വള്ളങ്ങള്‍ക്കുതന്നെ ഒന്നിലധികം നിറങ്ങളും നല്‍കാറുണ്ട്. ഒരു അത്തിരിയുടെ വള്ളത്തിന്റെ നിറമാവില്ല മറ്റൊരു ഗ്രാമത്തിന്റെ തോണിക്കുള്ളത്. വള്ളത്തിന്റെ നീളമനുസരിച്ച് ഓരോന്നിലും ഇരുപത്തിനാലും മുപ്പതും മുപ്പത്താറും തുഴക്കാരുണ്ടാവും. ഓരോ വള്ളത്തിലെയും തുഴച്ചിലുകാര്‍ക്കെല്ലാം ഒരേ നിറത്തിലും രീതിയിലുമുള്ള വസ്ത്രങ്ങളായിരിക്കും. തുഴകള്‍ക്കും പ്രത്യേക നിറം.
ആരംഭിച്ചാല്‍ തുഴക്കാരെല്ലാം ഒരേ താളത്തില്‍ പരമാവധി കരുത്തോടെ പങ്കായം ചലിപ്പിക്കും. നമ്മുടെ ചുണ്ടന്‍വള്ളക്കാര്‍ ചെയ്യുന്നതുപോലെ മുന്നോട്ടിരുന്ന് തുഴയുന്നതല്ല മിനിക്കോയിക്കാരുടെ ശൈലി. പുറംതിരിഞ്ഞ് ഇരുന്നശേഷം വള്ളത്തില്‍ ഉറപ്പിച്ചിട്ടുള്ള പങ്കായങ്ങള്‍ പിന്നിലേക്ക് വലിക്കുകയാണ് ചെയ്യുന്നത്. ഒരേ താളത്തിലുള്ള ശരീരചലനത്തോടുകൂടിയ തുഴച്ചില്‍. മത്സരം എന്നതിലുപരി കാഴ്ചക്കാരെ കൂടി ആവേശത്തിലാക്കുന്നതാണ് മിനിക്കോയ് ജലോത്സവം. അതുകൊണ്ടുതന്നെ, തുഴച്ചില്‍ ആരംഭിക്കുമ്പോള്‍ കരയും കടലും ഒരുപോലെ ഉണരുന്നു. മണല്‍പ്പുറത്തിരിക്കുന്ന ഗ്രാമീണരായ സ്ത്രീകളും പുരുഷന്മാരുമെല്ലാം ചാടിയെണീറ്റ് ഉത്സാഹത്തോടെ ആര്‍പ്പുവിളിക്കും. പരമാവധി ശബ്ദത്തോടെ കൈകള്‍ കൂട്ടിയടിക്കുകയും ഇടയ്ക്കിടെ നിറമുള്ള ഷാളുകള്‍ ഉയര്‍ത്തിവീശുകയും ചെയ്യും. വള്ളങ്ങളുടെ പാച്ചിലിനൊപ്പം നിരവധി പേര്‍ കരയിലെ പൂഴിമണലിലൂടെ ഫിനിഷിംഗ് പോയിന്റിലേക്ക് ഓടും. ഇതൊന്നും ശ്രദ്ധിക്കാതെ വള്ളക്കാര്‍ അതിവേഗത്തില്‍ തുഴയെറിയും.

പോയിന്റിലാണ് കൂടുതല്‍ ആവേശം. ഏതു വള്ളമാവും ആദ്യമെത്തുകയെന്ന് അറിയാനുള്ള ആകാംക്ഷയോടെ ഗ്രാമക്കാരെല്ലാം അവിടെ സംഘം ചേര്‍ന്നുനില്‍ക്കും. ഓളപ്പരപ്പില്‍ കണ്ണുനട്ട് നില്‍ക്കുന്ന ജനക്കൂട്ടം എല്ലാ പിരിമുറുക്കത്തിനുമൊടുവില്‍ പൊട്ടിത്തെറിക്കും. മുന്നിലെത്തിയ വള്ളങ്ങളുടെ ഗ്രാമക്കാര്‍ ലഗൂണിലേക്ക് എടുത്തുചാടുന്നു. ഇതോടെ തുഴച്ചില്‍കാരും വള്ളത്തില്‍ നിന്നിറങ്ങും. തുടര്‍ന്ന് ഇരുകൂട്ടരും ആര്‍പ്പുവിളിക്കുകയും കുരവയിടുകയും ലഗൂണില്‍ നീന്തിത്തുടിക്കുകയും ചെയ്യും. ഇവരുടെ ആഘോഷത്തില്‍ ഗ്രാമവ്യത്യാസമില്ലാതെ മിനിക്കോയിലെ മുഴുവന്‍ ജനങ്ങളും പങ്കുചേരുന്നു.
ജലോത്സവവും ദ്വീപ് ഫെസ്റ്റും കഴിഞ്ഞാല്‍, മത്സരത്തില്‍ അണിനിരന്ന ജിഹാത്തോണികളെല്ലാം വീണ്ടും കരയില്‍ കയറ്റും. ഓരോ ഗ്രാമകേന്ദ്രത്തിന്റെയും അരികില്‍ നീളത്തിലുണ്ടാക്കിയിട്ടുള്ള ഓലമേഞ്ഞ പുരകളിലാണ് അവ സംരക്ഷിക്കുന്നത്. വെയിലും മഴയുമേല്‍ക്കാതെ വര്‍ഷം മുഴുവനും ഇവരിത് സൂക്ഷിച്ചുവെക്കുന്നത് ഈയൊരു ദിവസത്തിനുവേണ്ടിയാണ്.

ജലോത്സവത്തിന് പുറമെ ദ്വീപില്‍ വിശിഷ്ടാതിഥികള്‍ എത്തുമ്പോഴും, ലഗൂണിലും അതിനോടുചേര്‍ന്നുള്ള കടല്‍പ്പരപ്പിലുമായി ജിഹാത്തോണികള്‍ തുഴഞ്ഞെത്താറുണ്ട്. ഇത്തരമൊരു വള്ളംകളി ഇവിടെ ആരംഭിക്കുന്നത് രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്താണെന്ന് ദ്വീപുകാര്‍ പറയുന്നു. കുട്ടനാടന്‍ ജലോത്സവം കണ്ടശേഷം മിനിക്കോയിലെത്തിയ രാജീവ്ഗാന്ധിയാണത്രെ, തന്നെ സ്വീകരിക്കാനെത്തിയ ജിഹാത്തോണികളെ ഉള്‍പ്പെടുത്തി വര്‍ഷംതോറും വള്ളംകളി നടത്താന്‍ നിര്‍ദ്ദേശിക്കുന്നത്. ഇതിന് പിന്നിലെ കഥയെന്തായാലും, ഇന്നിപ്പോള്‍ രാജ്യാന്തരതലത്തില്‍തന്നെ പ്രസിദ്ധമായ മിനിക്കോയ് ജലമേള കാണാന്‍ എല്ലാ വര്‍ഷവും ധാരാളം സഞ്ചാരികള്‍ എത്താറുണ്ട്.