അഭയാർത്ഥി ടൂറിസം

 യുദ്ധം; അഭയാർത്ഥികൾ; അഭയാർത്ഥി ടൂറിസം

ജോൺസ് മാത്യു

  2015 ലാണ് ആതൻസിലെ വിക്ടോറിയ മെട്രൊ സ്റ്റേഷനു സമീപത്ത് താമസിക്കുന്ന സുഹൃത്ത് ലിയൊണിദാസിൻ്റെ വീട്ടിൽ കുറച്ചു നാൾ താമസിച്ചിരുന്നത്. നിയമ വിധേയമായും അല്ലാതെയും ഇവിടെ എത്തിച്ചേർന്ന പശ്ചിമേഷ്യൻ അഭയാർത്ഥികളും കിഴക്കെ യൂറോപ്യൻ മുൻകമ്മ്യൂണിസ്റ്റ് രാജ്യങ്ങളിൽ നിന്നുള്ളവരും താമസിക്കുന്ന ഇടമാണിവിടം. ടിഷ്യൂ, കുടിവെള്ളം, വാഹനത്തിൻ്റെ ഗ്ലാസ് കഴുകൽ, റോസാപ്പു, മിഠായി, കുട്ടികൾക്കുള്ള കളിക്കോപ്പുകൾ എന്നിവ വിൽപന നടത്തി ജീവിക്കുന്ന അഭയാർത്ഥികള വിക്ടോറിയ സ്റ്റേഷനു പുറത്തെ ചത്വരത്തിലും മറ്റു വീഥികളിലും പലപ്പോഴും കാണാം.
 2011 ൽ ആരംഭിച്ച സിറിയൻ ആഭ്യന്തര യുദ്ധം പിന്നീട് 2015 ൽ രൂക്ഷമാവുകയും ജീവരക്ഷക്കായി സിറിയക്കാർ പാലായനം ചെയ്യേണ്ടി വരികയും ചെയ്തത് വാർത്തകളിൽ നിറഞ്ഞിരുന്നു. എന്നാൽ അഭയാർത്ഥികളുടെ അതിജീവന വ്യഗ്രത ഞാൻ നേരിട്ട് കണ്ടത് വിക്ടോറിയ, ഒമൊണിയ ചത്വരങ്ങളിലാണ്. ആഭ്യന്തര യുദ്ധം പടർന്നു പിടിച്ച സിറിയ, ഇറാക്ക്, അഫ്ഘാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള അഭയാർത്ഥികളുടെ യൂറോപ്പിലേക്കുള്ള ആദ്യകവാടം ഗ്രീസ്, ഇറ്റലി എന്നീ മെഡിറ്ററേനിയൻ രാജ്യങ്ങളിലേക്കാണ്. വിശാലമായ കടൽക്കരകളുള്ള ഈ രണ്ട് രാജ്യങ്ങളിലേക്കും അഭയാർത്ഥികളുടെ വരവ് നിയന്ത്രണാതീതമായിരുന്നു. സ്കെച്ച്: ജോൺസ് മാത്യു

തുർക്കിയുടെ വടക്കു പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന സാമൊസ്, ലെസ്ബൊസ്, ലെറൊസ്, കോസ്, ഹിയൊസ് എന്നീ ഗ്രീക്ക് ദ്വീപുകളിലാണ് അഭയാർത്ഥികൾ കൂടുതലായും ചേക്കേറുന്നത്.
  ദ്വീപിലെ മത്തിലിനി നഗരത്തിലേക്ക് തുർക്കിയിൽ നിന്നും 2015 ൽ എത്തിച്ചേർന്നത് അൻപതിനായിരത്തിലേറെ സിറിയൻ അഭയാർത്ഥികളാണെന്നാണ് ഔദ്യോഗിക രേഖകൾ സൂചിപ്പിക്കുന്നത്.
  മനുഷ്യകടത്തലിൻ്റെ പ്രധാന കേന്ദ്രം തുർക്കിയിൽ നിന്നാന്നെന്ന് ട്രാവൽ ഏജൻസി ഉടമയായ ഗ്രീക് സുഹൃത്ത് അഡോണിസിൻ്റെ വിലയിരുത്തൽ. രണ്ടായിരത്തിലധികം ഡോളർ ട്രാവൽ ഏജൻ്റുകൾക്ക് നൽകിയാണ് അഭയാർത്ഥികൾ യൂറോപ്പിലേക്ക് നിയമപരമല്ലാതെ എത്തിച്ചേരുന്നത്. ലെസ്ബൊസ് ദ്വീപിലെ മൊറിയ യിൽ സജ്ജീകരിച്ചിരുന്ന അഭയാർത്ഥി കാംപ് അഗ്നിക്കിരയായതിനെ തുടർന്ന് കാര കെപ് എന്ന സ്ഥലത്താണ് പുതിയ കാംപ് സജ്ജീകരിച്ചിട്ടുള്ളത്. ഗ്രാഫിറ്റി

അടിസ്ഥാന ജീവിത സൗകര്യങ്ങൾ പോലുമില്ലാതെ കടകൾക്കു പുറത്തും പാതയോരത്തും പൊതു ഉദ്യാനങ്ങളിലും തമ്പടിച്ച അഭയാർത്ഥികൾ തീവ്ര സാമ്പത്തിക നിയന്ത്രണങ്ങൾ അനുഭവിക്കുന്ന ലെസ്ബൊസ് നിവാസികളുടെ മാനുഷികതയെ തൊട്ടുണർത്തി.
  ദ്വീപിലെ സുഹൃത്ത് ക്രിസ്റ്റോസ് അഭയാർത്ഥികൾ തമ്പടിച്ചിരുന്ന പാർക്കിൽ ചെന്നു് കുട്ടികളുള്ള ഒരു കുടുംബത്തെ വീട്ടിലേക്ക് ക്ഷണിക്കുകയും കുളിക്കുവാനുള്ള സൗകര്യം ഒരുക്കുകയും ചെയ്തത് മാനുഷികത തുടിക്കുന്ന പ്രവൃത്തിയായിരുന്നു. എന്നാൽ അടുത്ത ദിവസം മറ്റൊരു കുടുംബം കുളിക്കുവാനും വസ്ത്രം കഴുകുവാനുമായി വീടിന് മുൻപിൻ കാത്തു നിന്നു. സഹായം അവർ കുറേ ദിവസങ്ങളോളം തുടർന്നു. ക്രിസ്റ്റോസിൻ്റെ ഭാര്യ മിറ്റ്സിയും സുഹൃത്ത് ഓൾഗയും കടൽക്കരയിൽ അഭയാർത്ഥികൾക്കായി ഭക്ഷണം പാകം ചെയ്യുന്നതിന് മുൻകൈ എടുക്കുകയും മറ്റു സുഹൃത്തുക്കൾ അവർക്ക് പാചക വിഭവങ്ങൾ നൽകി സഹാനുഭാവം പ്രകടിപ്പിക്കുകയും അതെ തുടർന്ന് മിത്തലിനിയിലെ പൊതു ജനങ്ങൾ അഭയാർത്ഥികളെ അകമഴിഞ്ഞു സഹായിക്കുകയും ചെയ്തു. അഭയാർത്ഥികൾക്കായി ഭക്ഷണം പാകം ചെയ്ത് നൽകാൻ മുന്നിട്ടിറങ്ങിയ സ്ത്രീകളുടെ കൂട്ടായ്മയിലൂടെ വികസിപ്പിച്ചെടുത്ത ഒരു റെസ്റ്റോറന്റ് മിത്തിലിനി നഗരത്തിൽ പ്രവർത്തിക്കുന്നുണ്ട്. പാഴ് വസ്തുക്കളിൽ നിന്നും അഭയാർത്ഥികൾ നിർമിച്ച മേശയും മറ്റു വസ്തുക്കളും കൊണ്ട് സജ്ജീകരിച്ച മനോഹരമായ ഉൾവശവും വിവിധ നാടുകളിൽ നിന്നുള്ള ഭക്ഷണവും സംഗീതവും കൊണ്ട് ആകർഷണീയമാക്കിയ റെസ്റ്റോറന്റിലെ ജോലിക്കാർ ഏറെയും തുർക്കി വഴി എത്തിയവരാണെന്ന് ഇവിടെ ജോലി ചെയ്യുന്ന പാക്കിസ്ഥാൻ സ്വദേശി മാലിക്ക് എന്നോട് പറഞ്ഞു. ജോൺസ് മാത്യു, മിറ്റ്സി

അതോടനുബന്ധിച്ച് മാതാപിതാക്കൾ ഇല്ലാതെ ലെസ്ബൊസിൽ അഭയാർത്ഥികളായി എത്തിയ കുട്ടികളെ സംരക്ഷിക്കുന്നതിനായി സ്ത്രീകളുടെ ഒരു കൂട്ടായ്മ രൂപീകരിച്ചു. അഭയാർത്ഥികളെ സഹായിക്കുന്നത് പ്രത്യേക യോഗ്യതാ രേഖയായി വിദ്യാഭ്യാസ മേഖലകളിൽ ഉൾപ്പെടുത്തിയതിനാൽ വിവിധ രാജ്യങ്ങളിൽ നിന്നും വിദ്യാർത്ഥികൾ സന്നദ്ധ സേവനത്തിനായി മിത്തിലിനിയിൽ എത്തിച്ചേർന്നു.
  സിറിയക്കാർക്കൊപ്പം ഇറാഖ്, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ആഫ്രിക്കൻ നാടുകളിലെ അഭയാർത്ഥികളും മിത്തിലി നഗരത്തിലേക്ക് പ്രവഹിച്ചു.
  മൊറിയ എന്ന ഗ്രാമത്തിലാണ് ആദ്യത്തെ അഭയാർത്ഥി കാംപ് സജ്ജമായത്. കാംപിന് സമീപത്തുള്ള വീടുകളിൽ നിന്നും പറമ്പിലെ ഫല വൃക്ഷങ്ങളിൽ നിന്നും അഭയാർത്ഥികൾ മോഷണം നടത്തിയത് അതിജീവനത്തിന് മറ്റു മാർഗ്ഗങ്ങൾ ഇല്ലാതിരുന്നതിനാലാണ് എന്ന് കാംപിനരികിൽ താമസിക്കുന്ന സുഹൃത്ത് യോർഗോസ് പറഞ്ഞപ്പോൾ ചുകപ്പൻ ദ്വീപുനിവാസികളുടെ സഹാനുഭ്രൂതിയുടെ നീരുറവയാണ് പ്രകടമായത്.
  മാസം ചെറിയൊരു സഹായധനം നൽകുന്നതിനും കാംപുകളുടെ നടത്തിപ്പിനും മറ്റു ചെലവുകൾക്കായും യൂറോപ്യൻ യൂണിയൻ ഭീമമായ തുക ഗ്രീക് സർക്കാറിന് നൽകുന്നുണ്ട്. നിർബാധം നടക്കുന്ന മനുഷ്യ കടത്തിനെക്കുറിച്ചും അഭയാർത്ഥികളുടെ ജീവിത സാഹചര്യങ്ങളെക്കുറിച്ച് പഠിക്കുന്നതിനും മറ്റു നിരവധി പഠനങ്ങൾക്കുമായി വിവിധ രാജ്യങ്ങളിൽ നിന്നും അനവധി എൻ ജി ഒ സംഘടനകൾ മിത്തിലിനിയിലേക്ക് പറന്നെത്തിക്കൊണ്ടിരുന്നു. "പൊതുവെ രണ്ടു് രാജ്യങ്ങൾ തമ്മിൽ യുദ്ധം ആരംഭിക്കുന്നത് രാഷ്ട്രീയ നേതൃത്വങ്ങളുടെ അമിത അധികാര ,അഹങ്കാര മോഹങ്ങൾക്ക് ക്ഷതമേൽക്കുപ്പോഴാണ്. ആ നാട്ടിലെ പൊതു ജനങ്ങൾക്ക് യുദ്ധ തീരുമാനങ്ങളിൽ യാതൊരു വിധത്തിലുള്ള പങ്കും ഇല്ലെങ്കിലും കൊല്ലപ്പെടുന്നവരും ഇരകളാക്കപ്പെടുന്നതും പലായനം ചെയ്യുന്നതും സാധാരണ ജനങ്ങളാണ് " എന്ന് പറഞ്ഞത് ആതൻസിൽ വെച്ച് സംസാരിച്ച മദ്ധ്യവയസ്കനായ സിറിയൻ അഭയാർത്ഥിയാണ്. ഗ്രാഫിറ്റി

അദ്ദേഹത്തോടൊപ്പം ഒരു ഫോട്ടോ എടുക്കുവാൻ ഞാൻ കാമറ എടുത്തെങ്കിലും അയാൾ സ്നേഹപൂർവ്വം അതിന് വിസമ്മതിച്ചു.
"യുദ്ധം ഒരു രാജ്യത്തെ ജനതയെ അഭയാർത്ഥികളാക്കുമ്പോൾ മറ്റു രാജ്യത്തിലെ പൗരന്മാർക്ക് പഠന വസ്തുവാകുന്നത് യുക്തിക്ക് നിരക്കാത്തതാണ്. അഭയാർത്ഥികളുടെ ജീവിതത്തെക്കുറിച്ച് പഠിക്കുവാൻ ലെസ്ബൊസ് ദ്വീപിൽ പറന്നെത്തുന്ന എണ്ണമറ്റ എൻ ജി ഒ സംഘടനാ പ്രവർത്തകരാണ് ഇപ്പോഴത്തെ പുതിയ ടൂറിസ്റ്റുകൾ" എന്ന് സുഹൃത്ത് യോർഗോസ് നീരസത്തോടെയാണ് പറഞ്ഞത്.

***

Recent Post