കാന്തല്ലൂരിലെ മുനിയറകള്‍

മനോജ് മാതിരപ്പള്ളി
  ആയിരത്താണ്ടുകളുടെ പഴക്കമുള്ള ചരിത്രത്തിലേക്ക് തലയുയര്‍ത്തി നില്‍ക്കുകയാണ് കരിങ്കല്ലില്‍ തീര്‍ത്ത മുനിയറകള്‍. മറയൂരും കാന്തല്ലൂരും ബൈസണ്‍വാലിയും കള്ളിമാലിയുമെല്ലാം ഉള്‍പ്പെടുന്ന ഹൈറേഞ്ചിന്റെ മലയോരങ്ങളിലുള്ള ഈ കല്ലറകള്‍ രണ്ടായിരം വര്‍ഷത്തിനും അപ്പുറത്തേക്കാണ് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. മഹാശിലായുഗത്തിന്റെ പല നൂറ്റാണ്ടുകളില്‍ ഇവിടുത്തെ ജനപദങ്ങള്‍ എത്രത്തോളം സജീവമായിരുന്നുവെന്ന് ഈ മുനിയറകള്‍ പറഞ്ഞുതരും. കാഴ്ചയില്‍ നാലഞ്ച് കല്‍പ്പാളികള്‍ മാത്രമാണെങ്കിലും അതിലൊളിഞ്ഞിരിക്കുന്ന ചരിത്രത്തിന് ആഴവും പരപ്പും ഏറെയാണ്.
  പുരാവസ്തുഗവേഷകരുടെ നിഗമനത്തില്‍ എ.ഡി. മൂന്നാം നൂറ്റാണ്ടുമുതല്‍ ബി.സി. പത്താംനൂറ്റാണ്ടുവരെ നീണ്ടുകിടക്കുന്ന മഹാശിലായുഗത്തില്‍ മനുഷ്യരെ അടക്കംചെയ്യാന്‍ ഉപയോഗിച്ചിരുന്ന കല്‍ക്കൂടാരങ്ങളാണ് മുനിയറകള്‍. പരേതര്‍ക്കൊപ്പം അവരുടെ ആയുധങ്ങളും ആഭരണങ്ങളും അടക്കം ചെയ്തിരുന്നു. മറയൂരിലെ മുനിയറകളില്‍നിന്നും നിരവധി മണ്‍പാത്രങ്ങളുടെയും ആയുധങ്ങളുടെയും അവശിഷ്ടങ്ങള്‍ കണ്ടെടുക്കാന്‍ കഴിഞ്ഞതും അതുകൊണ്ടാണ്. ഒരാള്‍ക്ക് നിവര്‍ന്നുകിടക്കാന്‍ വലുപ്പമുള്ള മുനിയറകള്‍ക്ക് നാലഞ്ചടി ഉയരവുമുണ്ട്. മറയൂരിന്റെ പാറച്ചെരിവുകളിലും ചിന്നാര്‍ കാടുകളിലുമുള്ള വിവിധ തരം മുനിയറകളില്‍നിന്നും, അതില്‍ സംസ്‌ക്കരിക്കപ്പെട്ട മനുഷ്യരുടെ വലുപ്പവും നമുക്ക് തിരിച്ചറിയാം.

  മഹാശിലായുഗത്തില്‍ നിലനിന്നിരുന്ന അഞ്ചുതരം മൃതസംസ്‌ക്കാര രീതികളില്‍ ഒന്നുമാത്രമാണ് മുനിയറകള്‍. ഇവയുടെ നിര്‍മ്മാണത്തിന് ആവശ്യമായ കൂറ്റന്‍ കരിങ്കല്‍പ്പാളികള്‍ രൂപപ്പെടുത്തിയെടുക്കുന്നതിലും ശിലായുഗജനതയുടെ ബുദ്ധിവൈഭവം കാണാം. അഗ്നികുണ്ഠം ഉപയോഗിച്ച് ചുട്ടുപഴുപ്പിക്കുന്ന പാറപ്പരപ്പുകളിലേക്ക് പെട്ടെന്ന് തണുത്ത വെള്ളം ഒഴിക്കുമ്പോള്‍ അടര്‍ന്നുവരുന്ന കൂറ്റന്‍ ശിലാപാളികള്‍ ഉപയോഗിച്ചാണ് മുനിയറകളുടെ നിര്‍മ്മാണം. ഉപയോഗത്തിന് മുന്‍പ് ഇവയില്‍ ചെറിയ തോതിലുള്ള ചെത്തിമിനുക്കലുകളും നടത്തിയിരുന്നു. നാലുവശത്തായി നാട്ടിവെക്കുന്ന കല്‍പ്പാളികള്‍ക്കുമീതെ വലിയൊരു മൂടിക്കല്ലു കൂടി വെക്കുന്നതോടെ കല്ലറയുടെ നിര്‍മ്മാണം പൂര്‍ത്തിയാകും. മുന്‍വശത്തെ കല്‍പ്പാളിയില്‍ വലിയൊരു ദ്വാരമിടുന്നതും അസാധാരണമല്ല.
  ഒന്നും രണ്ടും നൂറ്റാണ്ടുമുന്‍പ് മൂന്നാറില്‍നിന്നും മറയൂര്‍ താഴ്‌വരയിലൂടെ കടന്നുപോയിരുന്ന ബ്രിട്ടീഷുകാരില്‍ പലരും ഇവിടെ ഒറ്റതിരിഞ്ഞും കൂട്ടത്തോടെയും നിലനിന്നിരുന്ന മുനിയറകളെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. 1974-ല്‍ പുരാവസ്തുഗവേഷകനായ ഡോ. എസ്. പത്മനാഭന്‍തമ്പി മുനിയറകളെപ്പറ്റി നടത്തിയ പഠനത്തിലൂടെ മറയൂരിന്റെ ചരിത്രം രണ്ടായിരത്തിലധികം വര്‍ഷം പിന്നോട്ടെത്തി. ഹൈറേഞ്ചിന് വലിയൊരു ശിലായുഗസംസ്‌കാരം അവകാശപ്പെടാനില്ലെന്ന വാദമുയര്‍ന്ന കാലത്ത് മുനിയറകളുടെ കല്‍ക്കരുത്തിലൂടെ ഈദേശം ലോകത്തിന് മുന്‍പില്‍ തലയുയര്‍ത്തിനിന്നു. പിന്നീട്, 1976-ല്‍ മറയൂരിലെ മുനിയറകളെ പുരാവസ്തുവകുപ്പ് സംരക്ഷിതസ്മാരകമായി പ്രഖ്യാപിക്കുകയും ചെയ്തു.

***

Recent Post