ജനാധിപത്യത്തിന്റെ ഭാഷ; മലയാളത്തിലൊരു തിരുത്തൽ


 തെളി മലയാളം - 1

എം എൻ കാരശ്ശേരി
  നമ്മുടെ രാഷ്ട്രീയത്തിൽ പലതരം ജീർണതകളുണ്ട് .അതിൽ പ്രധാനപ്പെട്ടതാണ് പ്രതിപക്ഷ ബഹുമാനമില്ലാതിരിക്കുകയെന്നത്. അതിന്റെ ഏറ്റവും വലിയ തെളിവാണ് വൈകുന്നേരത്തെ ചാനൽ ചർച്ചകളിൽ നേതാക്കൾ പരസ്പരം ഉപയോഗിക്കുന്ന വാക്കുകൾ. അവർ വികാരം കൊണ്ട് ആക്രോശിക്കും , തെറി പറയും. ഇടയിൽ അടിക്കാനെന്നവണ്ണം എഴുന്നേൽക്കും. അതാവർത്തിച്ച് പറയാൻ എനിക്കിവിടെ ആവതില്ല.
  നമ്മുടെ ഈ സ്വഭാവങ്ങളുടെയൊക്കെ അടിസ്ഥാനം നമ്മുടെ ഭാഷയാണ്. ഞാനിപ്പോൾ അതിന്റെ ചില ഉദാഹരണങ്ങൾ പറയാം. ഒരാളെ അയാൾ ഇഷ്ടപ്പെടാത്ത വാക്ക് കൊണ്ട് വിശേഷിപ്പിക്കുക. അതെന്തൊരു മോശമാണെന്ന് ആലോചിച്ചു നോക്കു ചെറിയ ഒരു കാര്യം പറയാം. നമ്മൾ മലയാളികളെ പണ്ട് മദ്രാസികൾ എന്ന് വിളിച്ചിരുന്നു. ബ്രിട്ടീഷ് മലബാർ പ്രസിഡൻസിയുടെ ഭാഗമായിരുന്നു മദ്രാസ് . എന്നാൽ , മദ്രാസികൾ എന്ന് വിളിച്ചാൽ നമുക്ക് ഇഷ്ടമാവില്ല. നമ്മുടെ നാട്ടിൽ പണ്ട് പണിക്ക് വരുന്നവർ തമിഴരായിരുന്നു. അവരെ നമ്മൾ അണ്ണാച്ചികളെന്ന് വിളിച്ചു. ഇപ്പോൾ , ബംഗാളികളും ബീഹാറികളുമാണ്. അവർ നമുക്ക് വെള്ളം കോരുന്നു ,വിറക് വെ ട്ടുന്നു. ഭക്ഷണമുണ്ടാക്കുന്നു. അയാൾക്കൊരു പേരുണ്ട്. രാജിവെന്നോ രാമനെന്നോ ഒക്കെ .പക്ഷെ , നമ്മൾ വിളിക്കില്ല. ഞാൻ ഗൾഫ് രാജ്യങ്ങളിൽ പറഞ്ഞ് കേട്ടിട്ടുണ്ട് . നമ്മൾ അറബികളെ ഹബീബികളെന്ന് വിളിക്കണം. ചങ്ങാതിയെന്നാണ് അർത്ഥം. അവർ നമ്മളെ റഫീഖ് എന്ന് വിളിക്കും. ബഹുമാനത്തിൽ ഒരു പൊടിക്ക് കുറഞ്ഞാലും അതും ചങ്ങാതി തന്നെ. മലയാളത്തിൽ നമ്മൾ എന്താ ചങ്ങായിയെന്ന് പറയാറില്ലേ?
  ഇപ്പോൾ ,മതത്തിന്റെ കാര്യം പറയുകയാണെങ്കിൽ മുസ്ളീങ്ങളുടെ ഇടയിൽ അഹമ്മദിയ എന്നൊരു വിഭാഗമുണ്ട്. അവരങ്ങനെ സ്വയം വിളിക്കുന്നതാണ്. അവരെ മുസ്ളീങ്ങളായി മറ്റുള്ളവർ അംഗീകരിക്കുന്നില്ല. അവരെ ഖാദിയാനികൾ എന്ന് വിളിക്കും. അതവരെ നിന്ദിച്ച് വിളിക്കുന്ന പേരാണ്. മലയാളത്തിൽ അതിന് ഏപ്പപേരെന്ന് പറയും. ഏപ്പപേര്. അതു പോലെ ജമാഅത്തെ ഇസ്ളാമി അവരെ സ്വയം വിളിക്കുന്നത് അങ്ങനെയാണ്. മറ്റുള്ളവർ അവരെ മൗദൂദികൾ എന്ന് വിളിക്കും. കാരണം, അവരുടെ നേതാവ് മൗദൂദിയാണ്. അതേ പോലെ, മുജാഹിദുകൾ സലഫികളെന്ന് സ്വയം വിളിക്കും .മറ്റുള്ളവർ എന്ത് പറയും ? വഹാബികൾ എന്ന് വിളിക്കും. അതവർക്ക് ഇഷ്ടമല്ല. ഇതു പോലെ സുന്നി കളെന്നവർ സ്വയം വിളിക്കും. മറ്റുള്ളവർ അവരെ ഖുറാഫികളെന്ന് വിളിക്കും. ഖുറാഫിയെന്ന് പറയുന്നത് ഏറ്റവും യഥാസ്ഥിതികതയെയാണ്. ഇതൊരു ചാപ്പ കുത്തലാണ്. രാഷ്ട്രീയത്താൽ ഇത് വളരെ കൂടുതലാണ്. ഇപ്പോൾ നവമാധ്യമങ്ങളിൽ, ഫെയ്സ്ബുക്ക്, യൂട്യൂബ്, വാട്ട്സ് ആപ്പ് ഇത്തരം വാക്കുകൾ വളരെ കൂടുതലാണ്.
  ഇപ്പോൾ കമ്മ്യൂണിസ്റ്റുകാർ. അവരെ കമ്യൂണിസ്റ്റുകൾ എന്ന് വിളിക്കില്ല. കമ്മികളെന്ന് വിളിക്കും. കുറച്ചു കൂടി കൂട്ടി അന്തംകമ്മികളെന്ന് വിളിക്കും. അടിമ കമ്മികളെന്ന് വിളിക്കും. അതവർക്ക് ഇഷ്ടമല്ല. അപ്പോൾ അവരെന്ത് ചെയ്യും? കോൺഗ്രസുകാരെ കൊങ്ങിയെന്ന് വിളിക്കും. ഇതുപോലെ ,സംഘ പരിവാർ അടുപ്പമുള്ള വരെ സംഘികളെന്ന് വിളിക്കും. സംഘ്പരിവാർ അവർ സ്വയം ഇഷ്ടപ്പെട്ട് വിളിക്കുന്നതാണ്. ഇപ്പോൾ പുതിയൊരു വാക്കുണ്ട്. ക്രിസംഘികൾ. സംഘ പരിവാർ ആശയങ്ങളോട് തത്ക്കാലം ചേർന്ന് നിൽക്കുന്ന ക്രിസത്യാനികൾ. അവർക്ക് ഇഷ്ടമില്ലാത്ത വിളിയാണത്. അതുപോലെ എസ് ഡി പി ഐക്കാരെ മറ്റുള്ളവർ സുഡാപികളെന്ന് വിളിക്കും. അതൊരു ഏപ്പ പേരാണ്. പരിഹാസമാണ്, നിന്ദയാണ്.
  ഇങ്ങനെ, ഇതൊന്നും ഉപയോഗിക്കുന്നത് ശരിയല്ലെന്നാണ് എന്റെ പക്ഷം. അതിന്റെ അപമാനം കേൾക്കുന്ന ആളെക്കാൾ പറയുന്ന ആൾക്കാണ്. ലീഗുകാരെ മൂരി കളെന്ന് വിളിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. അത് കമ്യൂണിസ്റ്റ്കാരോ സംഘ പരിവാർ കാരോ വിളിക്കുന്നതാവും. മൂരിയെന്ന് വിളിച്ചാൽ തിരിച്ച് കമ്മിയെന്ന് വിളിച്ചു കൂടെ? സംഘിയെന്ന് വിളിച്ച് കൂടെ? വിളിച്ചു കൂടാ. എന്താ കാര്യം? കാരണം മറ്റൊരാൾ എന്താന്നെന്നതല്ല, നമ്മളെന്താണെന്നതാണ്. എതിർപ് അറിയിക്കാൻ ചാപ്പ കുത്തുക. ഇംഗ്ലീഷിൽ ബ്രാൻഡിങ് എന്ന് . അതുകൊണ്ട് എന്താണുണ്ടാവുക? മറ്റേയാൾക്ക് ക്ഷോഭം വരും. നിങ്ങളെ തെറി വിളിക്കും. അതുകൊണ്ടൊന്നും ഒരു ഉപകാരവുമില്ല. . ഉപയോഗവുമില്ല.
  ജനാധിപത്യമെന്നത് എന്താണ്? അത് നിങ്ങളോട് എതിർപ്പുള്ള ഒരാൾ നിങ്ങളെ പോലെ മനുഷ്യനാണെന്ന് കരുതുന്നതാണ്. നാളെ അയാളുടെ അഭിപ്രായം മാറിയേക്കാം. നിങ്ങളുടെയും. ഇവിടെ ഇപ്പോൾ രാഷ്ട്രീയത്തിലാണെങ്കിൽ ധാരാളം. കൂറുമാറ്റവും കാലുമാറ്റവും ധാരാളം. ഞാനിപ്പോൾ ഓർക്കുന്നത് എൽ ഡി എഫുകാർ കെ എം മാണിയെ കോഴ മാണിയെന്ന് വിളിച്ചതാണ്. ഒരു വീട്ടുപേര് പോലെ പ്രചരിപ്പിച്ചത്. ഇപ്പോൾ എന്തായി? ഒരു ഘട്ടം കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മകൻ ജോസ് കെ മാണിയും സംഘവും എൽ ഡി എഫിൽ ചേർന്നു. ഇപ്പോൾ ആ വാക്ക് എവിടെ പോയി? അങ്ങനെ സി പി എമ്മിൽ മാത്രമല്ല, കോൺഗ്രസിലും ലീഗിലുമെല്ലാമുണ്ട്. എനിക്ക് നല്ല ഓർമയുണ്ട്. എന്റെ കുട്ടിക്കാലത്ത് വിമോചന സമരത്തിൽ എന്തൊക്കെയാണ് ലീഗുകാർ കമ്മ്യൂണിസ്റ്റുകാരെക്കുറിച്ച് പറഞ്ഞത്. പിന്നെ, 67 ൽ ഇ എം എസിന്റെ രണ്ടാം മന്ത്രിസഭയിൽ അവർ കമ്യൂണിസ്റ്റ് കാർക്കൊപ്പം ചേർന്നു. അതൊക്കെ എവിടെ പോയി?അവർ കാഫിറാണ് . പെണ്ണ് കെട്ടിച്ചു കൊടുത്താൽ നരകത്തിൽ പോകും. എന്റെ നാട്ടിലൊക്കെ അത്തരം നിർഭാഗ്യകരമായ സംഭവങ്ങൾ നടന്നിട്ടുണ്ട്. അപ്പോൾ ആലോചിച്ച് നോക്കു. രാഷ്ട്രീയത്തിലും എതിരഭിപ്രായങ്ങൾ ഉണ്ടെങ്കിൽ അത് പറയാമല്ലോ?
  ആരാണ് തെറി പറയുന്നത്.? തെറി തോറ്റവന്റെ ആയുധമാണ്. ശകാരിക്കേണ്ട കാര്യമില്ല. ഏപ്പ പേര് വിളിക്കേണ്ടതില്ല. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനാണെങ്കിലും ഏപ്പ പേര് കണ്ടെത്തിയിട്ടുണ്ട്. അത് ശരിയല്ല.

തെറിക്ക് മറുപടിയെന്താണ്? തെറിക്ക് മറുപടി മുറി പത്തലാണെന്നാണ് പറയുക. മുറി പത്തലെന്താണ്? വടിയാണ്, അടിയാണത്. തെറി, വാക്ക് കൊണ്ടുള്ള ഹിംസയാണ്. അത് വാളു കൊണ്ടുള്ള ഹിംസയെക്കാൾ ഭീകരമാണ്. വാളു കൊണ്ടുള്ള ഹിംസ ഉണങ്ങും. വാക്കു കൊണ്ടുള്ളത് ഉണങ്ങുകയില്ലെന്ന് പറയും. അപ്പോൾ ജനാധിപത്യ ബോധം ശക്തമാകാൻ നല്ലത്, ഏപ്പ പേര് ഉപയോഗിക്കില്ലെന്ന തീരുമാനമെടുക്കുകയാണ് .

***

Recent Post