മാൽഗുഡിക്കാരി കാന്റീനിൽ വെച്ച് കറാ ബാത്ത് കഴിക്കവെ , സ്പൂണു കൊണ്ട് ആകാശത്ത് ചിത്രം വരച്ച് എന്നോട് ചോദിച്ചു, " നമുക്ക് ഒരുമിച്ചാലോ".....

 ഇ.സുരേഷിന്റെ ആത്മാന്വേഷണങ്ങൾ തുടരുന്നു
E Suresh 01-08-2022

  "ബന്ധന "എന്ന കന്നട സിനിമ തിയേറ്ററുകളെ പ്രണയം കൊണ്ട് ഇക്കിളിപ്പെടുത്തി മുന്നോട്ടു നീങ്ങുന്ന സമയം. മൈസൂരിൽ മഞ്ഞുകാലമായിരുന്നു. സുഹാസിനി അവതരിപ്പിച്ച സുന്ദരിയായ നായികയോട് രണ്ടു നായകന്മാർക്ക് കലശലായ പ്രണയം .ഒടുവിൽ ഒരാൾ വില്ലൻ ആകുന്നു , അടുത്തയാൾ നായകനും . യൗവനം വിട്ട രാജ്കുമാറാണ് നായകനായി വേഷം ധരിച്ചത്. പ്രണയിക്കണമെങ്കിൽ നിത്യഹരിത നായകനായ രാജകുമാർ പ്രണയിക്കുന്ന പോലെ പ്രണയിക്കണം എന്ന് പറഞ്ഞുകൊണ്ട് ആരാധകർ രാജകുമാറിന്റെ വലിയ കട്ട് ഔട്ടിനു മുകളിൽ പാലഭിഷേകം നടത്തി..പുഷ്പവൃഷ്ടി നടത്തി.

  ടീച്ചിംഗ് പ്രാക്ടീസ് തുടങ്ങിയതോടെ ഞങ്ങളുടെ ജീവിത താളം മാറി.മുറിയിൽ പാചകം ചെയ്യാനുള്ള സമയം കിട്ടാതായി. നന്നായി ഒരുങ്ങിയേ ക്ലാസ്സിൽ പോകാൻ പറ്റുള്ളൂ എന്നായി.ഭക്ഷണം തേടി ഒരുമിച്ചുള്ള യാത്രയിൽ മൈസൂർ പാക്കിന്റെ മധുര ഗന്ധത്തിനൊപ്പം പ്രണയത്തിന്റെ സഗന്ധവും ചേരുന്നതായി ഞങ്ങൾക്ക് തോന്നി. ക്ലാസുകൾ തീർന്ന ഉടനെ പത്തു ദിവസങ്ങൾ നീണ്ടു നിന്ന പഠനവിനോദ യാത്രയായി .ബാംഗ്ലൂർ വഴി ഊട്ടിയിൽ എത്തിയപ്പോഴേക്കും പലരും "ബന്ധന " സിനിമയിലെ രാജ്കുമാറായി മാറാൻ ബന്ധനപ്പാട്ടുകൾ പാടി തുടങ്ങി.മഹാബലിപുരത്ത് എത്തിയപ്പോൾ നൂറ്റാണ്ടുകൾക്ക് മുന്നെ പ്രണയിച്ചു നടന്നവരുടെ കാൽപ്പാടുകൾ തേടിയിറങ്ങി ചിലർ.തഞ്ചാവൂരിലും കന്യാകുമാരിയിലും പ്രണയത്തിന്റെ ചിലങ്ക ശബ്ദവും വളപ്പൊട്ടുകളും ചിലർ കണ്ടെത്തി.പത്മനാഭസ്വാമി ക്ഷേത്രത്തിൽ തൊഴുത് കുറ്റാലം വെള്ളച്ചാട്ടത്തിൽ കുളിച്ച് മൈസൂരിലേക്ക് മടങ്ങിയെത്തിയപ്പോഴേക്കും പലർക്കും പ്രണയ ജ്വരത്തോടൊപ്പം ടൈഫോയിഡും ചിക്കൻപോക്സും പിടിപെട്ടിരുന്നു.
  വിനോദ പഠനയാത്രയ്ക്കിടയിൽ ട്രയിനികൾ കണ്ടുപിടിച്ച ഒരു കാര്യം 35 വയസ്സ് പ്രായമുള്ള എച്ച് എസ് എം ശാസ്ത്രി മാഷും അതേ വയസ്സുള്ള ടി വി സരസ്വതി ടീച്ചറും തമ്മിൽ ഇഷ്ടത്തിലാണെന്നായിരുന്നു. അവിവാഹിതരായ അവർ യാത്രക്കിടയിൽ കണ്ണുകൾ കൊണ്ട് കിന്നാരം പറയുന്നത് കുട്ടികൾ കണ്ടുപിടിച്ചു .അവർ ഒന്നിക്കണം എന്ന് ആഗ്രഹം കുട്ടികളിൽ ഒന്നാകെ ഉയർന്നു. ചില പെൺകുട്ടികൾ അവരുടെ കല്യാണം നടക്കാൻ വേണ്ടി ചാമുണ്ഡി ക്ഷേത്രത്തിൽ അർച്ചന നടത്തി. ചിത്രപ്രദർശനത്തിന്റെ കാര്യം സംസാരിക്കാൻ ഒന്നു രണ്ടു തവണ ചെന്നപ്പോൾ സരസ്വതി ടീച്ചർ എച്ച്എംഎസിന്റെ മുറിയിൽ ഉണ്ടായിരുന്നു. കണ്ണുകൾ അവരുടെ പ്രണയത്തിന്റെ ഒളിനോട്ടക്കാരനാവുമോ എന്നു ഭയന്ന് ചിത്രങ്ങളെ തിരഞ്ഞുള്ള സൈക്കോളജി ഡിപ്പാർട്മെന്റിലേക്കുള്ള പോക്ക് നിർത്തി.
  കോളേജിനടുത്തുള്ള കെഞ്ചപ്പാ ലോഡ്ജിൽ ആയിരുന്നു ഞങ്ങളുടെ താമസം. മൈസൂരിൽ തന്നെയുള്ള മറ്റു രണ്ട് ട്രെയിനിങ് കോളജിലെ ട്രയിനികളും കഞ്ചപ്പ ലോഡ്ജിൽ വാടകക്കാരായിരുന്നു. മുറിയിൽ രണ്ടുപേർ എന്ന രീതിയിലായിരുന്നു ഞങ്ങളുടെ പാർക്കൽ.ആ രീതി അവസാനിപ്പിച്ച് കൂടെയുള്ളവനെ ഒറ്റയാനാക്കി പ്രമോദ് കുട്ടപ്പൻ എന്ന ശാരദാ വിലാസം കോളേജിലെ അദ്ധ്യാപക ട്രയിനി , മറ്റൊരു മുറിയിലേക്ക് ഒറ്റയാനായി താമസം മാറ്റി.പുതിയ മുറിയിൽ എത്തിയ കുട്ടപ്പൻ ജനാല ഗ്ലാസ്സുകൾ കടലാസുകൊണ്ട് ഒട്ടിച്ചത് കൂട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. .ഒരുനാൾ കുട്ടപ്പൻ തന്റെ ക്ലാസിൽ പഠിക്കുന്ന കൂട്ടുകാരിയെ കെഞ്ചപ്പ ലോഡ്ജിലെ ഒറ്റയാൻ മുറിയിലേക്ക് വിളിച്ചു കൊണ്ടുവന്ന് പാർത്തു. അടുത്ത ദിവസം അവർ ഒരുമിച്ച് കോളേജിലേക്ക് പോയി.ആണുങ്ങൾക്ക് മാത്രമായുള്ള ലോഡ്ജിൽ ഒരു പെൺകുട്ടി വന്ന് താമസിച്ചപ്പോൾ ലോഡ്ജിന്റെ ഹൃദയമിടിപ്പ് കൂടി . കുട്ടപ്പൻ ഇങ്ങനെ പോയാൽ തങ്ങളുടെ ഹൃദയം പൊട്ടിപ്പോകുമോ എന്ന് ചിലർ ഭയന്നു. ഭയന്നവർ കെഞ്ചപ്പയോട് രഹസ്യമായി കുട്ടപ്പ പുരാണം പറഞ്ഞു.കെഞ്ചപ്പ കുട്ടപ്പനെ താക്കീത് ചെയ്തു

  "ഇനി ഇത് ആവർത്തിക്കരുത് ". കെഞ്ചപ്പയുടെ താക്കീതിന് വില കൊടുക്കാതെ കുട്ടപ്പൻ ലോഡ്ജ് വിട്ടു. "ഇനി നാലുമാസം കൂടിയേ കോഴ്സ് തീരാനുള്ളു . പ്രിയതമയ്ക്ക് പാർക്കാൻ പറ്റാത്ത ഇടം തനിക്കും വേണ്ട " പടികളിറങ്ങുമ്പോൾ കുട്ടപ്പൻ കെഞ്ചപ്പയുടെ നേരെ മുഷ്ടിചുരുട്ടി പറഞ്ഞു.
  സരസ്വതി ടീച്ചറുടെ കഴുത്തിൽ എച്ച്എസ്എംഎസ് താലികെട്ടിയശേഷം ഞാൻ അദ്ദേഹത്തിൻറെ മുറിയിൽ സങ്കോചമില്ലാതെ കയറിച്ചെന്നു തുടങ്ങി. സരസ്വതി ടീച്ചർ ഇപ്പോൾ ആ മുറിയിൽ അധികം ഉണ്ടാകാറില്ല. ചിത്രപ്രദർശനം ഉടൻ നടത്തുമെന്നും, ഡെക്കാൻ ഹെറാൾഡിലെ കാർട്ടൂണിസ്റ്റ് രാംമൂർത്തിയെ മുഖ്യാതിഥിയായി വിളിക്കാം എന്നും എച്ച്എംഎസ് പറഞ്ഞു. രാംമൂർത്തി എന്ന പേര് കേട്ടപ്പോൾ 'പ്രദർശനത്തിനോട് എനിക്ക് നഷ്ടപ്പെട്ട താൽപര്യം തിരിച്ചുകിട്ടി.[കോഴ്സ് തീരാറായപ്പോഴേക്കും ആൺ പെൺ കൂട്ടുകെട്ടിന് ശക്തി കൂടി .പലതും തീവ്ര പ്രണയബന്ധങ്ങൾ ആയി മാറി.ഒരുനാൾ മാൽഗുഡിക്കാരി കാന്റീനിൽ വെച്ച് കറാ ബാത്ത് കഴിക്കവെ , സ്പൂണു കൊണ്ട് ആകാശത്ത് ചിത്രം വരച്ച് എന്നോട് ചോദിച്ചു, " നമുക്ക് ഒരുമിച്ചാലോ ". ഞാൻ പറഞ്ഞു . "നീ ആർ കെ നാരായണന്റെ പുത്രിയല്ലേ.. കന്നട ബ്രാഹ്മണി ! ഞാൻ തനി വള്ളുവനാടൻ, കടത്തനാടൻ പയ്യനും . നമ്മൾ തമ്മിൽ ഒത്തുപോകുമോ ..." അവൾ എന്റെ കണ്ണുകളിൽ നോക്കി നിന്നു . എനിക്ക് എത്ര ആരാധകരുണ്ടെന്നറിയുമോ എന്ന ഭാവത്തിൽ .അവളുടെ വിടർന്ന കണ്ണുകളിൽ നോക്കി ഞാൻ പറഞ്ഞു. "എനിക്ക് പ്രണയം തങ്കമണിയോടാണ്. എം ടി യുടെ കാലത്തിലൂടെ, തങ്കമണിയുടെ കൈപിടിച്ച് നടക്കാനാണ് എനിക്ക് മോഹം . "

***

Recent Post