കണ്ണിൽ കരിമഷിയെഴുതി മാൽഗുഡിക്കാരി

 ബുദ്ധി തെളിയാൻ അമ്മയുടെ ഒറ്റയപ്പംനേർച്ച...

 ഇ.സുരേഷിന്റെ ആത്മാന്വേഷണങ്ങൾ തുടരുന്നു
E Suresh 18-07-2022

  ഗണിതശാസ്ത്രം അധ്യാപകർ ആകാനുള്ള കടുത്ത പരിശീലനത്തിന്റെ നാളുകളിൽ വിരസത ചില ചോദ്യങ്ങളായി മനസ്സിൽ ഉയർന്നുകൊണ്ടേയിരുന്നു.ഭാവി അദ്ധ്യാപകരുടെ സഭാകമ്പം മാറ്റാൻ എല്ലാവരേയും നിത്യവും വേദിയിലേക്ക് വിളിക്കുമെന്നതിനാൽ ഉള്ളിൽ ഉയരുന്ന സംശയങ്ങൾ നിരത്താൻ അവസരങ്ങൾ ഏറെയുണ്ടായി. പക്ഷേ എന്റെ സംശയങ്ങൾ വളർന്ന് എഴുന്നേറ്റ് നടക്കാനാവാതെ ഇങ്കുബേറ്ററിലേക്ക് മാറ്റപ്പെട്ടു. ഇതിനിടയിൽ എന്നോ ഗണിതശാസ്ത്ര വകുപ്പ് മേധാവിയുടെ ഒരു ചിത്രം അദ്ദേഹത്തിന്റെ കട്ടി മീശക്കും കൂർത്ത മൂക്കിനും കറുത്ത കോട്ടിനും ഫലിത പ്രാധാന്യം നൽകി നോട്ട്ബുക്കിൽ കോറിയിട്ടു.നോട്ട് ബുക്കിലെ, ഡി കെ എം എന്ന ഡി കെ മൂർത്തി സാറിന് ഒരുപാട് "ലൈക്കുകൾ " കിട്ടിയെങ്കിലും ഡി കെ എം അതിനെ വെറും പരിഹാസമായി കണ്ടു. മുഖത്ത് കൂട്ടു പുരികത്തിന് മുകളിലും താഴെയും ഇരുട്ട് വീണു .ക്ലാസിൽ സംസാരിക്കാനുള്ള അവസരങ്ങൾ അതോടെ എനിക്ക് കുറഞ്ഞു.
  ദസറയായതോടെ ഞങ്ങളുടെ അവധിക്കാലവും വന്നു. തിളങ്ങുന്ന കണ്ണുകൾക്ക് കരിമഷി എഴുതിയ മാൽഗുഡിക്കാരി ജനാലകൾക്ക് പിന്നിൽ നിന്ന് കൈവീശി യാത്രയാക്കി. വാളയാർ ചുരം കടന്നപ്പോൾ ആദ്യം കണ്ട മലയാള ബോർഡ് മഞ്ഞുകാല പ്രഭാതം പോലെ ഉന്മേഷം തന്നു .
  വീട്ടിലെത്തിയപ്പോൾ മൈസൂരിൽ വെച്ച് മറന്ന ചന്ദനഗന്ധം വിരഹദുഃഖമായി മുഖത്തു വന്നു തട്ടി.ഗുരുവായൂരപ്പൻ കോളേജിൽ പ്രദർശനത്തിന് വെച്ചിരുന്ന ചിത്രങ്ങൾ പൊടിതട്ടി ചുവരിൽ ചാരിവെച്ച് ഓരോന്നായി നോക്കി. പുതിയ ഒരു പ്രദർശനത്തിന് ഇവയിൽ ഒന്നും തന്നെ കൊള്ളില്ല എന്ന് തോന്നി.
  കോഴിക്കോട്ടേക്ക് ബസ്സ് കയറി .നല്ല കടലാസും എണ്ണം കൂടുതലുള്ള ഓയിൽ പേസ്റ്റൽ കൂടും വാങ്ങി തിരിച്ചുവന്നു. പിന്നെ കടലാസും നിറങ്ങളും മാത്രം. അവധി കഴിഞ്ഞിട്ടും ചിത്രത്തിനു മുന്നിൽ ഇരുന്നത് അച്ഛനേയും അമ്മയേയും വേവലാതിയിലും അമർഷത്തിലും മുറുമുറുപ്പിലും എത്തിച്ചു . ഞാൻ വാതിൽ അകത്തുനിന്നും അടച്ചു ഇരിപ്പായി. ഇരുപതോളം ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഒരു പ്രദർശനത്തിന് ആവശ്യമായ ചിത്രങ്ങൾ രചിച്ച്, മൗണ്ട് ചെയ്ത് കെട്ടിവെച്ചു .ഞാൻ വാതിൽ തുറന്നു പുറത്തുവന്നു. അച്ഛനെന്നോട് മിണ്ടാതായി. അമ്മ അടുത്തുള്ള വേട്ടക്കരൻ ക്ഷേത്രത്തിൽ ഒറ്റയപ്പം നേർന്നു . എന്റെ ബുദ്ധി നേരെയാവാൻ .
  മൈസൂരിൽ ബസ്സ് ഇറങ്ങി ചിത്രക്കെട്ട് ഓട്ടോറിക്ഷയിലേക്ക് കയറ്റി വെക്കുമ്പോൾ നേരിയ ഭയം ഉള്ളിൽ വളരുന്നതായി തോന്നി. സ്വതവേ അനഭിമിതനായ എന്നോട് വകുപ്പ് മേധാവി അവധിക്കാര്യം പറഞ്ഞു നടപടിയെടുക്കുമോ?കോളേജ് മുറ്റത്ത് ഓട്ടോ നിർത്തിയപ്പോൾ പ്രവേശനമുറിയിലെ ഒഴിഞ്ഞ കസേരകൾ ഒന്നിൽ എച്ച് എസ് എം എസ്സ് ഇരിക്കുന്നു. സൈക്കോളജിയുടെ അധ്യാപകനായ എച്ച് എസ് മാധവ ശാസ്ത്രി . മുഖത്തും ശരീരത്തിൽ മുഴുവനും കടലാസിലേക്ക് ഒപ്പിയെടുക്കാൻ ആഗ്രഹിച്ചുപോകും വിധം പ്രത്യേകതകളുള്ള എച്ച് എസ് എം എസ്സിന്റെ കാരിക്കേച്ചർ ക്ലാസിലിരുന്ന് വരച്ചപ്പോൾ നോട്ട്ബുക്ക് വാങ്ങി ചിത്രം ശ്രദ്ധയോടെ കീറിയെടുത്ത് നോട്ട്ബുക്ക് തിരികെ തന്ന് അദ്ദേഹം പറഞ്ഞു, "ഞാനിത് വീട്ടിൽ ഫ്രെയിം ചെയ്തു വെക്കും " അടുത്തേക്ക് ചെന്നപ്പോൾ അദ്ദേഹം പത്രത്തിൽ നിന്നും മുഖമുയർത്തി. " എന്തേ ഇത്ര നാളും കാണാതിരുന്നത് " മുറിയുടെ അരികിൽ വെച്ചിരുന്ന ചിത്രക്കെട്ട് ചൂണ്ടി ഞാൻ പറഞ്ഞു. " നാല്പത് ചിത്രങ്ങളുണ്ട്.അവ രചിക്കാൻ വേണ്ടിയായിരുന്നു. " "ഗ്രേറ്റ് " ഞാൻ അദ്ദേഹത്തിെന്റെ കൂടെ സൈക്കോളജി ഡിപ്പാർട്ട്മെന്റിലേക്ക് ചെന്നു .കെട്ടഴിച്ച് ചിത്രങ്ങൾ ഓരോന്നായി അദ്ദേഹത്തെ കാട്ടി. അദ്ദേഹത്തിെന്റെ കണ്ണുകളിൽ സന്തോഷം നിറയുന്നത് കണ്ടപ്പോൾ എന്റെ ശരീരം കോരിത്തരിച്ചു. "സുരേഷ് ഇവയെ പെയിൻറിങ് എന്ന് ഞാൻ വിളിക്കില്ല. പെയിന്റിങ്ങിൽ ഒരു പ്രത്യേക വിഷയം കൊണ്ടുവരുന്നത് പ്രൊഫഷണൽ രീതിയല്ലെന്ന് ഞാൻ കരുതുന്നു. " "സേർ , ഇവ കാർട്ടൂണുകൾ തന്നെയാണ്.കാർട്ടൂണിനെ പെയിൻറിംഗ് രീതിയിൽ അവതരിപ്പിച്ചു എന്ന് മാത്രം." "ഡിഫറെൻറ് അപ്പ്രോച്ചാണ് . കൊള്ളാം. ഇവ ഇവിടേക്ക് കൊണ്ടുവന്നതിന്റെ ഉദ്ദേശം എന്താണ് ? " "എക്സിബിഷൻ " എച്ച് എസ് എം എസ്സ് എന്റെ കൈപിടിച്ചു കുലുക്കി. ബലിഷ്ടമായ കൈകൾ തന്ന സത്യസന്ധമായ അനുമോദനം .
  എച്ച് എസ് എം എസ്സിന്റെ കൂടെ മൈസൂരിലെ ഗ്യാലറികളിൽ ഞാൻ ചെന്നു.

  അവരുടെ മറുപടികൾ എന്നെ കുഴക്കി. "ചിത്രങ്ങൾ കൊള്ളാം മൗണ്ടിംഗ് ഏറെ നന്നാക്കണം. " "ഇപ്പോൾ ബുക്ക് ചെയ്താൽ ആറേഴു മാസങ്ങൾ കഴിഞ്ഞേ പ്രദർശനം നടത്താൻ പറ്റുള്ളൂ . " ഇതിനെല്ലാമുപരി വാടക താങ്ങാനാവുന്നതുമായിരുന്നില്ല.നിരാശയോടെ പ്രിയപ്പെട്ട അധ്യാപകന്റെ സ്കൂട്ടറിന്റെ പിറകിലിരുന്നു.യാത്രക്കിടയിൽ ഹെൽമറ്റ് അണിഞ്ഞ തല തിരിച്ച് അദ്ദേഹം പറഞ്ഞു. "നമുക്ക് കോളേജിൽ ഒരു പ്രദർശനം നടത്താം. ഓഡിറ്റോറിയത്തിൽ..."
  എച്ച്എംഎസ് ഇംഗ്ലീഷ് മീഡിയം ക്ലാസ്സിലും കന്നട മീഡിയം ക്ലാസ്സിലും എന്റെ വരാനിരിക്കുന്ന ചിത്രപ്രദർശനത്തെക്കുറിച്ച് സംസാരിച്ചു. അവ അദ്ദേഹത്തിന്റെ മുറിയിൽ സൂക്ഷിച്ചു വെച്ചിട്ടുണ്ടെന്നും ! [മാൽഗുഡിക്കാരി കരിമഷിക്കണ്ണിൽ അത്ഭുതം നിറച്ച് കൂട്ടുകാരികളുമൊത്ത് സൈക്കോളജി ഡിപ്പാർട്ട്മെന്റിലെത്തി ചിത്രങ്ങൾ കെട്ടഴിച്ച്, ഓരോന്നായി കയ്യിൽ എടുത്ത് ഉയർത്തി കണ്ടു. പിന്നെ മറ്റുള്ളവരും .

  ഒരാഴ്ചകൊണ്ട് എന്റെ ചിത്രങ്ങൾ കൂട്ടുകാർ കയ്യിലെടുത്ത് തിരിച്ചും മറിച്ചും നോക്കി ഓമനിച്ചു. ഒടുവിൽ എനിക്ക് തോന്നി ... ഇനിയെന്തിന് എക്സിബിഷൻ !

***

Recent Post