അമ്പലക്കൊടിയിൽ ആനയെ വരഞ്ഞവൻ

 ചന്ദനഗന്ധം പൊഴിയുന്ന മൈസൂർ...

 ഇ.സുരേഷിന്റെ ആത്മാന്വേഷണങ്ങൾ തുടരുന്നു
E Suresh 04-07-2022

  കുഞ്ഞുണ്ണി മാഷക്ക് കൊടുത്ത കണ്ണട കാർട്ടൂണുകൾ വെളിച്ചം കാണാതെ ഏതോ അന്ധകാരത്തിൽ കിടന്ന് വീർപ്പുമുട്ടുകയാണെന്ന വിചാരം മായ്ക്കാനായി പുസ്തക പാരായണത്തിൽ മുഴുകവേ ഒരുനാൾ അച്ഛൻ മേശക്കരികെ വന്നു. "നീ എന്താണ് തീരുമാനിച്ചത്?" "ഏതു കാര്യത്തിൽ " " നീ എന്തു ചെയ്യാനാണ് ഉദ്ദേശിക്കുന്നത്?" "എനിക്ക് പി ജി ലിറ്ററേച്ചർ മതി" "അതൊക്കെ പിന്നീട് പഠിച്ചോളു. മാത്ത്സിന് ബിഎഡ് എടുത്താൽ ഇപ്പോൾ ധാരാളം അവസരങ്ങളുണ്ട്. "
അച്ഛൻ പോയപ്പോൾ ഞാൻ വായന തുടർന്നു. വായനക്കിടയിൽ സിംഹപുരത്തെ സ്കൂൾ കടന്നു വന്നു. സ്കൂളിലെ ചുവര് തേക്കാത്ത ഓല മേഞ്ഞ ഒരു ക്ലാസ്സിൽ ഞാൻ എത്തുന്നു.വികൃതി കുട്ടികളുടെ കൂടെ തലകുത്തി മറിയുന്നു. തലകുത്തി നിന്നുകൊണ്ട് അവരെ കണക്ക് പഠിപ്പിക്കുന്നു.
കേരളത്തിലെ എല്ലാ ടീച്ചർ എഡ്യുക്കേഷൻ കോളേജുകളിലേക്കും അപേക്ഷകൾ അയച്ചു. അടുത്ത കാത്തിരിപ്പായി.പോസ്റ്റ്മേൻ തപാൽ കെട്ടുമായി എത്തി, സീല് കുത്തി പേരുകൾ വിളിക്കുന്നതു വരെ പോസ്റ്റ് ഓഫീസിനു താഴെ തയ്യൽ ഷോപ്പിൽ കൃഷ്ണേട്ടൻ്റെ ചവിട്ടു യന്ത്രത്തിനരികെ ഇരിക്കും. ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു അമ്പലക്കൊടിക്കു മുകളിൽ ആനയെ തുന്നി വെക്കാനായി എന്നെക്കൊണ്ട് ആനയുടെ ചിത്രം വരപ്പിച്ചു വാങ്ങിയ ആളാണ് കൃഷ്ണേട്ടൻ.ആനയ്ക്ക് പ്രതിഫലവും തന്നു. ഒരു കൊച്ചു ടവ്വൽ. അതിനു ശേഷം കൃഷ്ണേട്ടൻ തയ്ക്കുന്ന അമ്പല ക്കൊടികളിലെല്ലാം എൻ്റെ ആന ഉണ്ടായിരുന്നു. വലിയ തലയും അതിനേക്കാൾ വലിയ ചെവികളും ചെറിയ ഉടലുമുള്ള ആന. രണ്ട് മൂന്ന് ആഴ്ചകൾ കാത്തിരുന്നെങ്കിലും ഒരു കോളേജിൽ നിന്നും ക്ഷണക്കത്ത് വന്നില്ല. കൃഷ്ണേട്ടൻ്റെ കടയിലെ കാത്തിരിപ്പ് നിർത്തി വീട്ടിൽ അടച്ചിരിക്കൽ തുടങ്ങവേ പോസ്റ്റ്മാൻ ഗോപാലേട്ടൻ വീട്ടുമുറ്റത്ത് വന്ന് വിളിച്ചു. " ഒരു കാർഡുണ്ട്." മൈസൂരിൽ സ്വാമിമാർ നടത്തുന്ന ബി.എഡ് കോളേജിൽ നിന്നായിരുന്നു. അച്ഛൻ്റെ കൂടെ മൈസൂരിലെ കോളേജിലെത്തിയപ്പോൾ പരിചിതമല്ലാത്ത സന്തോഷം ഉയർന്നു വരുന്നതായി തോന്നി. ചുറ്റും ഭംഗിയായി ഒരുക്കിയ വർണ്ണത്തോട്ടം.ആർഭാടമില്ലാത്ത മനോഹരമായ കെട്ടിടം. ഇളംതണുപ്പുള്ള കാറ്റ്. ചുട്ടുപൊള്ളിക്കാത്ത ഇളം ചൂട് തരുന്ന സൂര്യൻ. മതി,ഇവിടെ തന്നെ പഠിച്ചാൽ മതി .
ഇൻ്റർവ്യൂവിന് ആത്മവിശ്വാസത്തോടെ ഇരുന്നു. അദ്ധ്യാപകരാണ് ചോദ്യങ്ങൾ ചോദിക്കുന്നത്. എല്ലാറ്റിനും സാക്ഷിയായി കാവി വസ്ത്രധാരിയായ ഒരു സ്വാമിയും ഇരിക്കുന്നു.

പൂർണ്ണ മൗനം ദീക്ഷിച്ചു കൊണ്ട്. " താങ്കൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ജോലി ഏതാണ് ?" " കാർട്ടൂൺ രചിക്കൽ." "അതിൽ എന്തെങ്കിലും എച്ചീവ്മെൻറ് വാങ്ങിയിട്ടുണ്ടോ.?" "ഇല്ല. എങ്കിലും അതാണ് ആഗ്രഹം." "കാർട്ടൂൺ രചന കൊണ്ട് താങ്കൾ എന്താണ് സമൂഹത്തിന് നൽകാൻ ഉദ്ദേശിക്കുന്നത്. " "സമൂഹത്തിലെ നന്മയും തിന്മയും മനസ്സിലാക്കി, നന്മക്കു വേണ്ടി പോരാടുന്നവനായിരിക്കും ഒരു നല്ല കാർട്ടൂണിസ്റ്റ് ." "വെരി ഗുഡ്. ഓൾ ദ ബെസ്റ്റ് ."
റിസൽട്ട് വൈകീട്ടേ അറിയുള്ളു എന്നതിനാൽ റൂമിൽ ചെന്ന് വിശ്രമിക്കാം എന്നു കരുതി. രാവിലെ എത്തി വിശ്രമിച്ച് വൈകീട്ട് വിട്ടുകൊടുക്കാം എന്ന ധാരണയുള്ളതുകൊണ്ട് വാടക കുറഞ്ഞ മുറിയായിരുന്നു അച്ഛൻ എടുത്തത്.പൊതുവെ പിശുക്കനായ അച്ഛനിൽ നിന്നും അതിൽ കൂടുതലൊന്നും ഞങ്ങൾ മക്കൾ പ്രതീക്ഷിച്ചിരുന്നില്ല. ഒരു ചെറിയ ഹാളിനെ ഇടക്ക് തട്ടി വെച്ച് മൂന്നു മുറികളാക്കി മാറ്റിയാണ് ലോഡ്ജിലെ സംവിധാനം. ഡെക്കാൻ ഹെറാൾഡ് പത്രം വാങ്ങി അച്ഛൻ ഏറെ താല്പര്യത്തോടെ വായിക്കാൻ തുടങ്ങി.
അടുത്ത മുറിയിൽ ഒരു സ്ത്രീയുടെ പൊട്ടിച്ചിരികേട്ടു .പുരുഷൻ്റെ പതുങ്ങിയ ശബ്ദവും. തട്ടിക്കരികെ നിന്നാൽ തട്ടി യിലെ വിടവുകളിലൂടെ അടുത്ത മുറിയുടെ അകം കാണാം. ദൈവമേ... ഒരു പെണ്ണിനെ ഒരുവൻ വിവസ്ത്രയാക്കുകയാണ്. അവൾ അത് ചിരിയോടെ ആസ്വദിക്കുന്നു .അവൻ ധൃതിയോടെയും .എൻ്റെ മനസ്സും ശരീരവും ഒന്നു വിറച്ചു.

ആദ്യമായാണ് ഒരു സ്ത്രീയെ നഗ്നയായി കാണുന്നത്. എൻ്റെ ഒളിനോട്ടം അച്ഛൻ്റെ ശ്രദ്ധയിൽ പെട്ടപ്പോൾ ഞാൻ വരാന്തയിലേക്ക് കുതിച്ചു. എന്താണ് ഞാൻ നോക്കിയതെന്ന് മനസ്സിലാക്കിയ ശേഷം അച്ഛൻ മൈസൂരിനെ മൊത്തത്തിൽ പ്രാകുന്നതു കേട്ടു. " നശിച്ച നാട് . നിനക്ക് കേരളത്തിൽ തന്നെ കിട്ടിയാൽ മതിയായിരുന്നു."
വൈകീട്ട് ലോഡ്ജിൻ്റെ അരികിലുള്ള കടയിൽ നിന്നും ബദാംമിൽക്കും കേക്കും കഴിച്ച് അച്ഛനോടൊപ്പം കോളേജിലെത്തി. റിസൽട്ട് ഓഫീസിനു പുറത്തുള്ള ബോർഡിൽ പതിച്ചിരിക്കുന്നു. ലിസ്റ്റിൽ അവരവരുടെ പേരുണ്ടോ എന്നറിയാനുള്ള തിരക്ക്.ഞാനും തിരക്കിലേക്ക് വീണു. മുന്നോട്ടും പിന്നോട്ടുമുള്ള തള്ളലിനു ശേഷം ബോർഡിൻ്റെ മുന്നിലെത്തി.മുകളിൽ നിന്ന് താഴോട്ടും താഴെ നിന്ന് മുകളിലോട്ടും പരതി. എൻ്റെ പേരില്ല. ഇൻ്റർവ്യൂവിൽ പങ്കെടുത്തവരിൽ ഏറ്റവും മാർക്കുള്ള നാലഞ്ചു പേരിൽ ഒരാൾ ഞാനായതു കൊണ്ട് സീറ്റ് കിട്ടും എന്ന് ഉറപ്പായിരുന്നു. അച്ഛൻ്റെ മുഖത്ത് വിഷാദം പെയ്തിറങ്ങുന്നത് കണ്ടപ്പോൾ ഇളംതണുപ്പിലും ദേഹം വിയർത്തു. അച്ഛൻ എന്നെയും കൂട്ടി പ്രിൻസിപ്പാളിൻ്റെ മുറിയിലേക്കു ചെന്നു. ഫയൽ പരിശോധനയ്ക്കിടെ അച്ഛൻ്റെ പരാതി കേട്ടുകൊണ്ട് അദ്ദേഹം പറഞ്ഞു. " ഡയരക്ടറെ ചെന്നു കാണു ... " ഡയരക്ടർ, ഇൻറർവ്യൂ മുറിയിൽ മിണ്ടാതെ ഇരുന്ന സ്വാമി ആയിരുന്നു. അദ്ദേഹത്തിൻ്റെ വാതിൽ തുറന്നിട്ടിരുന്നു. പുഞ്ചിരിയോടെ അദ്ദേഹം ഞങ്ങളെ സ്വീകരിച്ചു.തലയും മുഖവും ഷേവ് ചെയ്ത അദ്ദേഹത്തിൻ്റെ കണ്ണുകളിലെ സന്തോഷം കണ്ടപ്പോൾ ലിസ്റ്റിൽ പേര് വരാഞ്ഞത് തെറ്റിപ്പോയതാണെന്നും സീറ്റ് തന്നിരിക്കുന്നു എന്നും പറയുമെന്നു പ്രതീക്ഷിച്ചു. " സേർ, എന്തേ എനിക്ക് സീറ്റ് തരാതിരുന്നത്" " നീ പോരാളിയാണ്. അതിനു പറ്റിയ ജോലി തിരഞ്ഞെടുക്കു... " സ്വാമിജിയുടെ മൊട്ടത്തലയിൽ പോരാളി ഇടിക്കുന്ന ഒരു ചിത്രം വരച്ചു കൊടുത്ത് ദേഷ്യം തീർക്കേണ്ടതായിരുന്നു എന്നു തോന്നി. അച്ഛനോടൊപ്പം പടി ഇറങ്ങുമ്പോൾ ഇൻ്റർവ്യൂവിന് എന്തൊക്കെയായിരുന്നു ചോദ്യങ്ങൾ എന്ന് അച്ഛൻ തിരക്കി. " ഏറ്റവും ഇഷ്ടപ്പെട്ട ജോലി ഏതാണെന്ന് ." "നീ എന്ത് മറുപടി കൊടുത്തു." " കാർട്ടൂൺ രചനയെന്ന്.: " "അദ്ധ്യാപകവൃത്തിയെന്ന് കേൾക്കാൻ വേണ്ടിയാവും അവർ ആ ചോദ്യം ചോദിച്ചത് .സാരമില്ല."
സങ്കടങ്ങളുടെ ഒരു തുരുത്തിൽ കയറി ഞാൻ തനിച്ചിരിക്കാൻ തുടങ്ങിയപ്പോൾ ഒരാഴ്ചകൊണ്ടു തന്നെ അച്ഛൻ മൈസൂരുള്ള മറ്റൊരു കോളേജിൽ ക്യാപ്പിറ്റേഷൻ ഫീസ് നൽകി ഒരു സീറ്റ് ഒരുക്കി തന്നു.
വീണ്ടും വയനാട് ചുരം കയറി കുന്നും കാടും തരിശുനിലങ്ങളും പിന്നിട്ട് ഞാൻ കന്നട നാട്ടിലൂടെ യാത്ര ചെയ്തു. ആനല ഹള്ളിയിലെ മരംകിയേയും പാവത്താനേയും ഞാൻ വഴിയരികിൽ കണ്ടു. മാവിൻ തോട്ടങ്ങൾക്കിടയിലൂടെയും മുന്തിരി തോപ്പുകൾക്കിടയിലൂടെയും നീങ്ങി ചുവപ്പം മഞ്ഞയും നിറമണിഞ്ഞ ബസ്സ് ആർ.കെ ലക്ഷ്മണൻ്റെ മാൽഗുഡിയിലൂടെ മൈസൂരിലെത്തി. അമ്പത് പേർക്കുള്ള ഇംഗ്ലീഷ് മീഡിയവും അത്ര തന്നെ പേർക്കുള്ള കന്നട മീഡിയവും അടങ്ങിയതാണ് കോളേജ്. ഇംഗ്ലീഷ് മീഡിയത്തിൽ ഇരുപത് പേർ മലയാളികൾ. ഞാൻ ചേരുമ്പോഴേക്കും ക്ലാസ്സ് തുടങ്ങിപ്പോയിരുന്നു. എങ്കിലും പത്തൊൻപത് മലയാളികളും വൈകുന്നേരമായപ്പോഴേക്കും എന്നെ അവരുടെ കൂട്ടത്തിൽ ചേർത്തു. തൃശൂരിൽ നിന്നും വന്ന രാധാമണി എനിക്കു നേരെ ഒരു തമാശ പൊട്ടിച്ചു. " കന്നടക്കാരി തനുജക്ക് സുരേഷിനെ നന്നായി പിടിച്ചെന്നു തോന്നുന്നു." " ഉവ്വോ. പാർട്ടി വേണം." കന്നടക്കാരുടെ കൂട്ടത്തിൽ ആകെ ഒരാളേ എന്നെ അഭിവാദ്യം ചെയ്തിരുന്നുള്ളു. നീല പട്ടുസാരിക്കുള്ളിൽ തിളങ്ങുന്ന കണ്ണകളോടെ ചിരിച്ച ആ സുന്ദരിയുടെ പേര് തനുജ എന്നാണല്ലേ!
വെള്ളമുണ്ടും വെള്ള ഷർട്ടും അതിനു മേൽ കറുത്ത കോട്ടുമിട്ടു വരുന്ന കെഞ്ചപ്പയുടെ ലോഡ്ജിലായിരുന്നു മലയാളി ആൺകുട്ടികൾ വാടകക്ക് താമസിച്ചിരുന്നത്. രണ്ടു പേർക്ക് താമസിക്കാനുള്ള രീതിയിലായിലാണ് മുറികൾ ഒരുക്കിയിരുന്നത്.രാജശേഖരൻ എന്ന പെരിഞ്ഞനം കാരൻ്റെ മുറിയിൽ ഒരു കട്ടിൽ ഒഴിഞ്ഞുകിടന്നതിനാൽ കെഞ്ചപ്പ എന്നെ അവിടേക്ക് വിട്ടു.ചുറ്റും മഹാഗണി മരങ്ങൾ നിറഞ്ഞു നിന്ന ലോഡ്ജ് പരിസരം മനോഹരമായിരുന്നു. കോളേജിലേക്ക് നടക്കാനുള്ള ദൂരമേ ഉള്ളു. വൈകീട്ട് റൂമിലേക്ക് തിരിച്ച് വരുമ്പോൾ റോഡരികിൽ സെക്കൻഡ് ഹാൻഡ് പുസ്തകങ്ങൾ നിരത്തി വെച്ചിരിക്കും.മിക്കതും ക്ലാസിക്കുകൾ! അല്പം കൂടി മുന്നോട്ട് നീങ്ങിയാൽ മധുരമുള്ള പാൽ ബ്രഡ് ഉണ്ടാക്കുന്ന ബേക്കറി .ചൂടോടെ മുറിച്ച് സ്ലൈസ് ആക്കി കൊടുക്കും.
മൈസൂർ മെല്ലെ മെല്ലെ മനസ്സിൽ ചന്ദന ഗന്ധം പരത്ത വെ, ഒരുനാൾ ഓഫീസ് അറ്റൻഡർ ക്ലാസ്സിൽ വന്ന് എന്നെ വിളിച്ചുകൊണ്ടു പോയി. അച്ഛൻ്റെ ട്രങ്ക് കോൾ. " നിനക്ക് മാവേലിക്കര കോളേജിൽ നിന്നും കാർഡ് വന്നിട്ടുണ്ട്.അടുത്ത ആഴ്ച ജോയിൻ ചെയ്യണം" "ഉം " " കാശും സർട്ടിഫിക്കറ്റുകളും തിരികെ വാങ്ങിച്ച് ഉടൻ തന്നെ വരു." ഫോൺ വിവരം ഓഫീസ് സുപ്രണ്ടിനോട് പറഞ്ഞു. മലയാളികളെ ആരാധനയോടെ നോക്കുന്ന സുപ്രണ്ട് മാനേജ്മെന്റിന് വിവരം കൈമാറാൻ എഴുനേറ്റു പോയി പെട്ടന്നു തന്നെ തിരികെ വന്നു. "ക്യാപ്പിറ്റേഷൻ ഫീ പകുതിയേ തിരികെ കിട്ടുള്ളു. " അന്നു മുഴുവൻ ക്ലാസ്സിലും മുറിയിലും എന്തു ചെയ്യണമെന്ന ഉത്തരം തേടി ഇരുന്നു. പകുതി കാശിനു വേണ്ടി മാവേലിക്കര പോയി ചേരണമോ? കേരളം വിട്ട് ഇത്തിരിക്കാലം മൈസൂരിൽ കഴിയുന്നതല്ലേ കാശിനേക്കാൾ പ്രധാനം.
അടുത്ത ദിവസം രാവിലെ അച്ഛൻ്റെ ഫോൺ വന്നു. "നീ ഇന്ന് പുറപ്പെടുന്നുണ്ടോ?" " കാശ് ഒട്ടും തന്നെ തിരിച്ച് കിട്ടില്ല എന്നാണ് പറയുന്നത്. " "എന്നാലും നീ സർട്ടിഫിക്കറ്റുകളും വാങ്ങി വന്നോളു ." "ഞാൻ വരുന്നില്ല അച്ഛാ..." അച്ഛൻ ഫോൺ കട്ട് ചെയ്തു.

***

Recent Post