കുഞ്ഞുണ്ണി മാഷും ഒറ്റക്കിളി നാദവും

 ഇ.സുരേഷിന്റെ ആത്മാന്വേഷണങ്ങൾ തുടരുന്നു
E Suresh 17-06-2022

  ഗുരുവായൂരപ്പൻ കോളേജിൻ്റെ ലൈബ്രറിയിൽ മറ്റു കോളേജുകാരുടെ മാഗസിനുകൾ നിരത്തി വെക്കുന്ന ഒരു മൂലയുണ്ട്. ആനുകാലിക , വാരികകൾക്കുള്ള പ്രാധാന്യം അവയ്ക്കും കൊടുത്തിരുന്നു.ഒന്നാം വർഷ ബിരുദ പഠനത്തിൻ്റെ ആദ്യ നാളുകളിൽ എന്നെ ആകർഷിച്ചത് വിവിധ വർണ്ണങ്ങളും മേളങ്ങളുമായി നിന്ന കോളേജ് മാഗസിനുകൾ തന്നെയായിരുന്നു. മലബാർ കൃസ്ത്യൻ കോളേജ് മാഗസിൻ കയ്യിലെടുക്കുമ്പോൾ കരിമ്പനക്കാറ്റുണ്ടോ എന്നു പരതി. വർഷങ്ങൾക്കു മുന്നെ ഒ.വി.വിജയൻ അവിടെ അദ്ധ്യാപകനായി ആംഗലേയ സാഹിത്യം പഠിപ്പിച്ചിരുന്നു എന്നു കേട്ടിരുന്നു. കറച്ചു പേജുകൾ നീങ്ങിയപ്പോൾ വൃത്തിയായി വസ്ത്രമണിഞ്ഞ ഒരു കാർട്ടൂൺ പേജിൻ്റെ പകുതി ഭാഗത്തായി ഗമയിൽ ഇരിക്കുന്നു. ഷക്കീൽ, മൂന്നാം വർഷം ധനതത്വശാസ്ത്രം. ഒരു മിന്നൽ തലയിൽ വന്നു തൊട്ടു.നോട്ട് ബുക്കിൽ നിന്നും ഒരു പേജ് വലിച്ചെടുത്ത് ഷക്കീലിനെഴുതി. ഒരു കർട്ടൂൺ പ്രിൻറ് ചെയ്യാൻ പാകത്തിൽ എങ്ങനെ വരയ്ക്കണം എന്നറിയാനായി. ഒരാഴ്ചക്കുള്ളിൽ ഷക്കീലിൻ്റെ വിശദമായ മറുപടി വന്നു. സെകച്ച് പെൻ ഉപയോഗിക്കരുതെന്നും ഇന്ത്യൻ ഇങ്കിൽ സ്റ്റിൽ പെൻ മുക്കി തന്നെ വരച്ച് കൈക്കരുത്ത് നേടണം എന്നും ഷക്കീൽ എഴുതി.

  ട്യൂട്ടോറിയൽ കോളേജിൽ നിന്നും ഇറങ്ങുമ്പോൾ കണ്ണട കാർട്ടൂണുകൾ രാത്രിയോടെ വരച്ച് പൂർത്തികരിക്കണം എന്നു തീരുമാനിച്ചു.മൂന്നു കള്ളികളിലായി വരച്ച കാർട്ടൂണുൾ പേജിൻ്റെ ചുവടെ നിരത്താനുള്ള രീതിയിലാണ് വരച്ചത്.

  കുഞ്ഞുണ്ണി മാഷ് ചാരുകസേരയുടെ കൈകളിൽ എഴുത്തു പലക വെച്ച് പേന കൊണ്ട് കുറിക്കുകയാണ്. കസാര കാട്ടി എന്നോട് ഇരിക്കാൻ പറഞ്ഞിട്ടും മാഷ് പോസ്റ്റ് കാർഡുകളിൽ എഴുതുകയാണ്. എഴുത്തിനിടയിൽ മുഖമുയർത്താതെ മാഷ് പറഞ്ഞു. "എത്ര നാളായി കണ്ടിട്ട്. മാഷക്കായി വല്ലതും കൊണ്ടു വന്നിട്ടുണ്ടോ. ബാഗിൽ ഭദ്രമായി വെച്ച കാർട്ടൂൺ പൊതി എടുത്ത് അഴിച്ച് എഴുത്തു പലകയുടെ ഒരു അരികിലായി വെച്ചു. മാഷ് എഴുത്ത് തുടർന്നു കൊണ്ടേയിരുന്നു."കഥകളും കവിതകളും അയച്ചവർക്കെല്ലാം എഴുതണം .അവർ കാത്തിരിക്കും. പ്രസിദ്ധീകരിക്കാൻ യോഗ്യത ഉള്ളവയെ കുറച്ച് എഴുതാനാണ് സന്തോഷം. അത് കിട്ടുമ്പോൾ അവർക്കുണ്ടാകുന്ന ആനന്ദം ഇവിടെ ഇരുന്ന് കാണാം." എഴുത്ത് അവസാനിപ്പിച്ച് പേന അടച്ചു വെച്ച് മാഷ് കാർട്ടൂണുകൾ കയ്യിലെടുത്തു.മുഖത്ത് ഗൗരവം വരുത്തിക്കൊണ്ടാണ് അദ്ദേഹം കാർട്ടൂൺ പാരായണം നടത്തിയത്.അശേഷം ചിരിയോ സന്തോഷമോ മുഖത്തില്ല.

  എൻ്റെ ഉള്ള് പിടഞ്ഞു. വേണ്ട എന്നു പറയുമോ, അതോ മാറ്റി വയ്ക്കാൻ നിർദ്ദേശിക്കുമോ. കാർട്ടൂണുകൾ കഥക്കെട്ടുകളുടെ കൂടെ വെച്ച് മാഷ് മുഖമുയർത്തി. കട്ടി കണ്ണടകൾക്കുള്ളിലൂടെ മാഷുടെ വലിയ കണ്ണകൾ പ്രകാശിച്ചു. "നാലു കാർട്ടൂണുകളും നന്നായിട്ടുണ്ട്.നാലും കൊടുക്കാം." ഞാൻ ഇരുന്ന കസേരയിൽ നിന്നും ഉയർന്നുയർന്നു പോകുന്നത് മാഷ് കണ്ടു. ഉയർന്നു പോയ ഞാൻ മരത്തിൻ്റെ മോന്തായത്തിൽ പിടിച്ചു തൂങ്ങി .ഞാൻ താഴോട്ട് നോക്കിയപ്പോൾ മാഷ് പുറത്തേക്ക് നടന്നു പോകുന്നത് കണ്ടു. എനിക്കു ഭയമായി .താഴെ എങ്ങനെ ഇറങ്ങണമെന്നറിയാതെ ഞാൻ പരിഭ്രമിച്ചു. ദൈവമേ ഇനി കാർട്ടൂൺ വരക്കാനാവാതെ ഞാൻ താഴെ വീണു ചത്തു പോകുമോ... അല്പനേരം കൊണ്ട് മാഷ് ഒരു അലൂമിനിയം കോണിയുമായി മുറിയിലേക്കു വന്നു. കോണി ചുവരിൽ ചാരി വെച്ച് മാഷ് പറഞ്ഞു. "പിട്ടം പിടിച്ച് ചുവരിലേക്ക് വന്നോളു.പിന്നെ കോണി വഴി ഇറങ്ങിക്കോളു. "

  താഴെ ഇറങ്ങി നിന്ന എനിക്കു നേരെ മാഷ് ഇത്തിരി കൽക്കണ്ടി നീട്ടി." ഓരോന്നേ തിന്നാവു. അതും അലിയിച്ചലിയിച്ച്.പല്ലിന് പണി കൊടുക്കുകയേ അരുത്. നാവിന് കൊടുക്വ... നാവ് രസിക്കട്ടെ." മാഷ് ചിരിച്ചു. സ്നേഹത്തിൽ പൊതിഞ്ഞ മിഠായി ചിരി. ആ ചിരിക്കായി രാമകൃഷ്ണ മിഷൻ സ്കൂളും ഹോസ്റ്റലും മൊത്തം കാത്തു നിൽക്കുന്ന പോലെ തോന്നി. മാഷുടെ കൊച്ചു ചിരിക്കു ശേഷം അവരെല്ലാം കൂട്ടച്ചിരി തന്നെ.

  വിടചൊല്ലാൻ വേണ്ടി എഴുന്നേറ്റപ്പോൾ മാഷ് പറഞ്ഞു. "നിനക്കൊരു സമ്മാനം തരാം. മാഷക്ക് കാർട്ടൂണുകൾ തന്നതല്ലേ." മാഷുടെ സമ്മാനത്തിനായി ഞാൻ കാത്തു നിന്നു.ആരെല്ലാമോ വന്ന് ക്ഷണിച്ചു പോയ കല്യാണക്കുറികളുടെ പിൻഭാഗത്ത് മാഷ് ചായങ്ങൾ കൊണ്ട് വർണ്ണ മേഘങ്ങളുള്ള ആകാശങ്ങൾ സൃഷ്ടിച്ചിരിക്കുന്നു. " ഒന്നു നീ എടുത്തോളു. "വർണ്ണങ്ങളും സംഗീതവും കൂടുതൽ പ്രയോഗിക്കപ്പെട്ട ചിത്രം എടുത്ത് ബാക്കി തിരികെ കൊടുത്തു. ബാഗിൻ്റെ ഉള്ളിലുള്ള സുരക്ഷിത അറയിൽ കാർഡ് വെച്ചു. കുഞ്ഞുണ്ണി മാഷുടെ പെയിൻ്റിംഗ് .

  പാളയം ബസ്സ് സ്റ്റാൻഡിലെ നിറം മങ്ങിയ തൂണുകൾക്കു ചുവടെ പളളിക്കരക്കുള്ള ബസ്സ് കാത്ത് നിൽക്കവേ, പുറത്ത് പ്രധാന റോഡിൽ കാണാനിഷ്ടപ്പെടുന്ന ഒരു മുഖം. കൂടെ കൂട്ടുകാരികളും, മലയാള തനിമയുള്ള വേഷത്തിൽ.

  ന്യൂസ് പേപ്പർ സ്റ്റാൻഡിൻ്റെ അരികിലെത്തി അവരിലൊരാളുടെ പേര് വിളിച്ചു. എല്ലാവരും ഒരുമിച്ച് നിന്നു. ഒരുമിച്ച് തിരിഞ്ഞ് നോക്കി. പൈങ്കിളി പുഞ്ചിരിച്ചു.പിന്നെ മറ്റുള്ളവരും ."എങ്ങോട്ട് പോകുന്നു യൂനിഫോമിൽ." "തളിക്ഷേത്രത്തിലേക്ക്. ഫൈനൽ ഇയറല്ലേ. കറേ നിവേദനങ്ങളുമായിട്ട് പോകുകയാണ്." പൈങ്കിളിയുടെ മുഖത്തെ കിളിത്തം ഒന്നുകൂടി കൂടിയിട്ടുണ്ട്. ധാവണി കൂട്ടം നടന്ന് പോകുമ്പോൾ കൂട്ടുകാരികൾ കിളിയെ ചുണ്ടുവിരൽ കൊണ്ട് തോണ്ടി രസിച്ചു. കിളി തല ചരിച്ച് മന്ദഹാസത്തോടെ എന്നെ നോക്കി. ഞാൻ മന്ദഹാസത്തിൽ ഗൗരവം പുരട്ടി നിന്നു. നാളെ കാർട്ടൂണിസ്റ്റാവാൻ പോകുന്ന ആളാണ്.!

  മിഠായിതെരുവിലേക്ക് ഇറങ്ങി മൈസൂർ പാക്ക് വാങ്ങിയിയ ശേഷമാണ് നാട്ടിലേക്കുള്ള ബസ്സ് പിടിച്ചത്. കുഞ്ഞുണ്ണി മാഷക്ക് കൊടുത്ത കാർട്ടൂണുകൾ പ്രസിദ്ധീകരിച്ചു വന്നാൽ, പിന്നെ എന്തൊക്കെ വരയ്ക്കണം എന്ന ചിന്തയായിരുന്നു നാട്ടിലെത്തും വരെ.

  അമ്മ അടുക്കളയിലായിരുന്നു. മൈ സൂർപാക്ക് ഒന്നെടുത്ത് പൊട്ടിച്ച് അമ്മയുടെ വായിൽ വെച്ചു കൊടുത്തിട്ട് പറഞ്ഞു. " ഞാൻ കാർട്ടൂണിസ്റ്റ് ആകാൻ പോകുന്നു." മൈസൂർ പാക് അലിയിച്ച ശേഷം അമ്മ ചോദിച്ചു. " അപ്പോൾ നീ ബി എഡിന് പോകുന്നില്ലേ..?" അമ്മ എൻ്റെ ഉത്തരത്തിനു കാത്തു നിൽക്കാതെ മൺചട്ടിയിൽ മത്സ്യങ്ങളുമായി പുറത്തേക്ക് പോയി.

  അടുത്ത ആഴ്ചത്തെ വാരിക എത്തിയപ്പോൾ എടുക്കാനായി ആദ്യം പടിക്കലേക്ക് ഓടിയത് അനുജത്തി ആയിരുന്നു. അവളുടെ കയ്യിൽ നിന്നും വാരിക തട്ടിപ്പറിച്ച് ഞാൻ പേജുകൾ മറിച്ചു. കാർട്ടൂൺ പ്രിൻറ് ചെയ്ത് വന്നിട്ടുണ്ടോ എന്നറിയാൻ.ഇല്ല. ഈ ലക്കം വന്നിട്ടില്ല. അടുത്ത മാസത്തെ വാരിക നോക്കിയപ്പോഴും അതിനടുത്ത മാസത്തേത് നോക്കിയപ്പോഴും കണ്ടില്ല.

***

Recent Post