കണ്ണടയണിഞ്ഞ കണക്ക് മാഷ്; നാല് കാർട്ടൂൺ കുഞ്ഞുങ്ങളും

 ഇ.സുരേഷിന്റെ ആത്മാന്വേഷണങ്ങൾ തുടരുന്നു
E Suresh 03-06-2022
  വലിയ കൂട്ടു പുരികവും വമ്പൻ കട്ടിമീശയും കാതുകളിൽ തഴച്ചുവളർന്ന അലങ്കാര കറുപ്പും അവയുടെ താളത്തിനൊത്ത വലിയ കറുത്ത ഫ്രെയിമുളള കണ്ണടയുമായി നടക്കുന്ന പ്രധാന അദ്ധ്യാപകനായ രാമേന്ദ്രൻ മാഷെ എനിക്കു ഭയമായിരുന്നു. ഏഴാം ക്ലാസ്സിന്റെ ഒന്നാം ദിവസം അസംബ്ലി വിളിച്ചു ചേർത്ത് കുട്ടികളെ ഓരോ ഡിവിഷനിലേക്കും പറഞ്ഞു വിടുകയാണ്. 7 A യിൽ എത്തരുതേ ഞാൻ എന്നു പ്രാർത്ഥിച്ചു കണ്ണടച്ചു നിന്നു . പ്രധാന അദ്ധ്യാപകൻ സ്ഥിരമായി കണക്ക് പഠിപ്പിക്കുന്ന ക്ലാസ്സാണത്. കണ്ണടച്ച് നിന്ന ഞാൻ ഞെട്ടി. 7 A യിലേക്ക്. മറ്റെല്ലാ വിഷയങ്ങളിലും ശരാശരി വിദ്യാർത്ഥിയായ എനിക്ക് കണക്ക് എന്നും പിടികിട്ടാ പുള്ളിയായിരുന്നു. അച്ഛന്റെ സുഹൃത്തായ രാമേന്ദ്രൻ മാഷ് ഇനി എന്നെ തൂക്കിയെടുക്കും... പ്രിയപ്പെട്ട ചന്ദ്രിക ടീച്ചർ വന്ന് ഇംഗ്ളീഷ് ക്ലാസ്സ് എടുത്ത് പോയത് ഞാനറിഞ്ഞില്ല. കുഞ്ഞമ്മദ് മാഷ് സാമൂതിരിയെ കുറിച്ചു പറഞ്ഞതും കേട്ടില്ല. ക്ലാസ്സ് തീർന്നപ്പോൾ കുസൃതി കാട്ടാൻ പുറത്തുപോയി നിന്ന റസാക്ക് തലക്ക് കൈ വെച്ച് കാറ്റ് പോലെ അകത്തേക്ക് ഓടി . " ഊയ് രാമേന്ദ്രൻ മാഷ്. " അഴകുള്ള കള്ളി ഷർട്ട് ധരിച്ച മാഷ് ക്ലാസ്സിലേക്ക് കടന്നു .

  🦜 കറുത്ത ബോർഡിൽ ചോദ്യചിഹ്നങ്ങളോടെ അക്കങ്ങൾ നിരന്നു. "പത്ത് ലളിതമായ ചോദ്യങ്ങൾ . " മാഷ് എന്നെ നോക്കി പുഞ്ചിരിച്ചു. നിനക്കിത് എളുപ്പത്തിൽ ചെയ്യാൻ കഴിയും എന്ന ഭാവത്തിൽ.

ഉത്തരമെഴുതിയവർ ഓരോരുത്തരായി എഴുനേറ്റു നിന്നു. മാഷ് അവരെയെല്ലാം അടുത്തേക്ക് വിളിച്ച് അഭിനന്ദിച്ചു. ഇനി പുറത്ത് പോയി ഇഷ്ടമുള്ള കളികൾ കളിച്ചോളു എന്നു പറഞ്ഞു. പുറത്തേക്ക് പോയവരെല്ലാം അകത്തിരിക്കുന്നവരെ നോക്കി കണ്ണുകൾ കൊണ്ടു ചോദിച്ചു, നിങ്ങൾക്കിനിയും ഈ കൊച്ചു കടമ്പ കടക്കാൻ ആയില്ലേ എന്ന്.

  🦜 ഒടുവിൽ ഞങ്ങൾ പന്ത്രണ്ടു പേർ ബാക്കിയായി. ഒരു കണക്കു പോലും ചെയ്യാൻ കഴിയാതെ പോയവർ.മാഷ് കസേരയിൽ നിന്നും എഴുന്നേറ്റു .ഞാൻ വിയർത്തു. അദ്ദേഹം ആദ്യം നോക്കിയത് എന്റെ നോട്ട്ബുക്കിലായിരുന്നു. ഞാൻ പതിവായി കാട്ടുന്ന അക്കങ്ങളെ അവസരമറിയാതെ നിരത്തുന്ന വിദ്യ ഇപ്പോൾ എടുത്തില്ല. അതുകൊണ്ട് ബുക്കിൽ ഒരു അക്കം പോലും വീണില്ല. മാഷ് എന്റെ പുറത്തു തട്ടി. "മിടുക്കൻ. " എന്റെ കണ്ണിൽ വെള്ളം നിറഞ്ഞു . "അയ്യേ.. ഇതൊന്നും ഒരു പ്രശ്നമായ കാര്യമല്ല. നിങ്ങളെയൊക്കെ ഞാൻ ശരിയാക്കിത്തരാം." മാഷ് കസേരയിൽ ചെന്നിരുന്നു. എല്ലാരേയും അടുത്തോട്ട് വിളിച്ചിരുത്തി. പ്രതീക്ഷയറ്റ കാതുകളിലേക്ക് മാഷൊരു കഥ പറഞ്ഞു. പൊട്ടന്മാരായ കുട്ടികൾക്ക് ഒരു നിമിഷം കൊണ്ട് ബുദ്ധി വരുന്നതും , അവർ ഉയരങ്ങൾ കയറി പോകുന്നതിന്റേയും കഥ. മൈതാനത്തിനപ്പുറത്തുള്ള ചവോക്ക് മരങ്ങൾക്കിടയിൽ നിന്നും ഒരു ഇളം കാറ്റ് ക്ലാസ്സിലേക്ക് വീശി. ആ കാറ്റിന് മഴവില്ലിന്റെ നിറവും പെട്രോൾ മാക്സിന്റെ പ്രകാശവുമുണ്ടെന്ന് എനിക്ക് തോന്നി.

  🦜 അന്ന് മാഷ് ഒന്നാം ക്ലാസ്സിലെ കണക്ക് പഠിപ്പിച്ചു. പിന്നെ രണ്ടാം ക്ലാസ്സിലെ, മൂന്നാം ക്ലാസ്സിലെ ... അതിലൊക്കെ ഞങ്ങൾ മിടുക്കു കാണിച്ചു. രണ്ടാഴ്ച ഞങ്ങൾക്കു മാത്രമായിരുന്നു ക്ലാസ്സ്. മറ്റുള്ളവർക്ക് മാഷ് കൊണ്ടുവരുന്ന ബാലസാഹിത്യകൃതികൾ കൊടുക്കും. മരത്തണലിൽ പോയിരുന്നു വായിച്ച് കുറിപ്പെഴുതാൻ പറയും. രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും എനിക്ക് നല്ല ഒരു കൂട്ടുകാരനെ കിട്ടി. കണക്ക് പുസ്തകം ! മലയാളം കഴിഞ്ഞാൽ, ഇംഗ്ലീഷ് കഴിഞ്ഞാൽ അടുത്ത ബന്ധു കണക്കായി. ലഹരി തന്ന കണക്കു ക്ലാസ്സിനിടെ, ഒരു നാൾ മാഷ് ചോദിച്ചു: "നിങ്ങളിൽ ചിത്രം വരയിൽ താല്പര്യമുള്ളവർ ആരൊക്കെയുണ്ട്. " ഞാൻ ചാടി എഴുനേറ്റു . കൂടെ രണ്ടു പേരും. അന്നു വൈകീട്ട് നാല്പതോളം കൊച്ചു ചിത്രകാരന്മാർ ഒരു ക്ലാസ്സിൽ ഒത്തുകൂടി.

  🦜 ജലച്ചായത്തിന്റെ നൈർമ്മല്യം കണക്കിലെ ജാലവിദ്യ പോലെ ഞങ്ങളെ അത്ഭുതപ്പെടുത്തി. മുടി നീട്ടി വളർത്തിയ ചന്തമുള്ള ആർട്ടിസ്റ്റ് ഗോപാലൻ മാഷ് അത്ഭുത മനുഷ്യനായി. വടകര ചന്തയും പയ്യോളി റെയിൽവേ സ്റ്റേഷനും തിക്കോടി കടപ്പുറവും ഞങ്ങളുടെ കടലാസിൽ പുതിയ വർണ്ണങ്ങളണിഞ്ഞു.

  🦜 വിജയം ട്യൂട്ടോറിയലിൽ കണക്ക് പഠിക്കാനെത്തിയ കുട്ടികൾക്ക് ഞാൻ പ്രിയപ്പെട്ടവനായി. രാമേന്ദ്രൻ മാഷുടെ സ്റ്റൈലായിരുന്നു എന്റെയും സ്റ്റൈൽ. അത് ഞാൻ സ്റ്റാഫ് റൂമിലും പറഞ്ഞു. തിക്കാടിയന്റെ മരുമകനെ കവിയായി കാണാനായിരുന്നു അവർക്കിഷ്ടം. രാമേന്ദ്രൻ മാഷ് നല്ല പ്രധാന അധ്യാപകനല്ലായിരുന്നില്ലെങ്കിൽ പി.ടി. ഉഷ, ഓട്ടക്കാരിയായി വളരില്ലായിരുന്നു എന്നു ഞാൻ പറഞ്ഞു. അത് എല്ലാരും ചിരിച്ചു തള്ളി. വിദേശ ട്രാക്കുകളിൽ ഉഷക്ക് കിട്ടിയ കയ്യടികൾ ബ്ലാക്ക് ആന്റ് വൈററ് ടി.വി യിൽ കണ്ട തിക്കോടിയിലെ കുട്ടികൾ അത് അവർക്കുള്ള കയ്യടികളാണെന്ന് മനസ്സിൽ കരുതി.

  🦜 രാമേന്ദ്രൻ മാഷെ കാണാനായി ഇറങ്ങിയപ്പോൾ ഊർജതന്ത്രം പഠിപ്പിക്കുന്ന വിനോദിനേയും കൂട്ടിയിരുന്നു. മുറ്റത്തു നിന്നും പൂട്ടിയിട്ട വാതിൽ കണ്ടു. ഒരു നിമിഷത്തിനുള്ളിൽ മാഷ് ഗേറ്റിന്നരികിൽ എത്തേണമേ എന്ന് മനസ്സ് പ്രാർത്ഥിച്ചു. ചെറിയ നിരാശയോടെ നടക്കവേ, ഊർജതന്ത്രം മാഷ് പറഞ്ഞു. " നീ പറഞ്ഞത് ശരിയാ. പി.ടി.ഉഷക്ക് ഓടി പഠിക്കാൻ ഊർജം കൊടുത്ത ബാലേഷ്ണൻ മാഷക്ക് , അവരെ ഓടിക്കാനുള്ള ഊർജം കൊടുത്തത് രാമേന്ദ്രൻ മാഷ് തന്നെയാവും! ഏഡ് മാഷ് ശരിയല്ലെങ്കിൽ പിന്നെ എന്ത് മാഷമ്മാർ . " ഞാൻ ചെറു ചിരിയോടെ, വലിയ സന്തോഷത്തോടെ അത് കേട്ടു.

  🦜 അന്ന് വീട്ടിലെത്തി പഠന മേശക്കരികെ ഇരുന്നപ്പോൾ രാമേന്ദ്രൻ മാഷ് മേശപ്പുറത്ത് വല്ലാതെയങ്ങ് വളർന്നു. അതിൽ കൂടുതൽ അദ്ദേഹത്തിന്റെ ഉൾക്കാഴ്ച്ചയുടെ കണ്ണടയും.

സ്കെച്ചു പുസ്തകത്തിൽ ഒരു ഉഗ്രൻ കണ്ണടയണിഞ്ഞ മാഷെ വരക്കാൻ തുടങ്ങി. മാഷുടെ രൂപം കടലാസിൽ പതിയാൻ വിഷമിച്ചു നിന്നു . ഒടുവിൽ കണ്ണട മാത്രമായി. പൊടുന്നനെ നാല് കണ്ണട കാർട്ടൂൺ കടലാസിൽ പിറന്നുവീണു. കണ്ണു തുറക്കാത്ത കാർട്ടൂൺ കുഞ്ഞുങ്ങളുടെ കണ്ണുകൾക്കു മുകളിലൂടെ എറാസർ ഓടിയപ്പോൾ നനഞ്ഞ കണ്ണുകൾ തുറന്നു. നാല് കണ്ണട കാർട്ടൂണുകൾ വെള്ളക്കടലാസിൽ കിടന്ന് കൈകാലുകൾ ഇട്ട് അടിച്ചു.

Recent Post