കണക്കിന് കൊള്ളാത്തവൻ കാർട്ടൂണിസ്റ്റ്; പാരലൽ കോളജ് അധ്യാപനവും കണക്കായി

 ഇ.സുരേഷിന്റെ ആത്മാന്വേഷണങ്ങൾ തുടരുന്നു
E Suresh 23-05-2022
  പൊക്കുന്നിലെ കോളേജിൽ നിന്ന് അവസാന വർഷ പരീക്ഷ എഴുതി ,വിരഹ നൊമ്പരങ്ങൾ ബാഗിൽ ക്ലിക് 3 ക്യാമറയോടൊപ്പം തിരുകി വെച്ച് കൂട്ടുകാരോടൊത്ത് താഴെ ഇറങ്ങി. ഒരു റോളിൽ 12 ക്ലിക്കുകളേ കഴിയുള്ളു. പന്ത്രണ്ടായിരം റോളുകളുണ്ടെങ്കിലും പിന്നെയും ബാക്കി എന്നു പറഞ്ഞു നിൽക്കുകയാണ് കുന്നിന്റെ സൗന്ദര്യം.

  🦜 പിറ്റേ ദിവസം ക്ലിക്ക് 3 ഫോട്ടോ നെഗറ്റീവ്സ് വിരിയിക്കാനായി തിക്കോടിയിലെ ഈ വി സ്റ്റ്യുഡിയോവിൽ ചെന്നപ്പോൾ ഒരാൾ ചവിട്ടു സൈക്കിളിൽ വന്നിറങ്ങി എന്നെ കൈകൊട്ടി വിളിച്ചു. ഒരു താടിക്കാരൻ . അയാൾ സ്വയം പരിചയപ്പെടുത്തി. " ഞാൻ നരസിംഹം. എന്റെ പേരിലാണ് അടുത്ത ഗ്രാമം അറിയപ്പെടുന്നത്. സിംഹപുരം . അവിടെ നല്ല പിള്ളേരുള്ള ഒരു ഹൈസ്കൂളുണ്ട്. അതിനടുത്തുള്ള ഇടിഞ്ഞു പൊളിഞ്ഞ ക്ഷേത്രത്തിലാണ് എന്റെ താമസം. ക്ഷേത്രത്തിനപ്പുറത്തായി ഒരു ട്യൂട്ടോറിയൽ കോളേജുണ്ട്. നീ അവിടേക്ക് നാളെ വരണം. ഒരു കണക്കു മാഷുടെ ഒഴിവുണ്ട്. " ബസ്സിൽ യാത്ര ചെയ്യുമ്പോൾ ഒട്ടും ഭംഗിയില്ലാത്ത രീതിയിൽ എഴുതിയ ട്യൂട്ടോറിയലിന്റെ ബോർഡ് കണ്ടിട്ടുണ്ട്.

🦜 അടുത്ത ദിവസം രാവിലെ കണ്ണാടിക്ക് മുന്നിൽ അര മണിക്കൂർ ഇരുന്നു. ഒരു അദ്ധ്യാപകന്റെ മുഖം വരുത്താൻ. ഇ.കെ മോട്ടോർസിൽ സിംഹപുരത്ത് ഇറങ്ങി.ആദ്യം ക്ഷേത്രത്തിൽ കയറി. നരസിംഹൻ ഒരു പരിചയവും നടിച്ചില്ല. ഇന്നലെ കണ്ടതല്ലേ .എന്നിട്ടും. എങ്കിലും ഞാൻ ട്യൂട്ടോറിയൽ കോളേജിലേക്ക് പോയി.

  🦜 നിരത്തു വക്കത്തെ ഒരു ചായക്കടയുടെ മുകളിലാണ് വിജയം ട്യൂട്ടോറിയൽ കോളേജ് . താഴെ മൂലയിലായി പച്ചമരുന്ന് തറയ്ക്കുന്ന കടയുമുണ്ട്. ചുറ്റിനും കുറുന്തോട്ടിയുടേയും കടലക്കറിയുടേയും ഗന്ധം . ഓഫീസ് മുറിയും രണ്ടു ക്ലാസ്സുകളുമേ ചായക്കടയുടെ മുകളിലുള്ളു. രണ്ടു ക്ലാസ്സുകൾ മറ്റൊരു കടയുടെ മുകളിലാണ്. ഹൈസ്കൂളിലെ 8, 9, 10 ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള ട്യൂഷൻ ക്ലാസ്സാണ് പ്രധാനമായും നടക്കുന്നത്. 8 ൽ അഞ്ചു പേർ , 9 ൽ നാലു പേർ ,10 ൽ പന്ത്രണ്ട് പേർ . 10 ൽ തോറ്റവരുടെ ക്ലാസ്സിൽ ആകെ മൂന്നു പേർ . ഒരു ആൺകുട്ടിയും രണ്ട് പെൺകുട്ടികളും .

🦜 " മാഷുടെ ആദ്യത്തെ ക്ലാസ്സ് 8 ൽ ആവട്ടെ . " താഴെ നിന്നും പടി കയറി വന്ന ചായ എന്റെ നേരെ നീട്ടി മാനേജർ പറഞ്ഞു. ചോക്കുപെട്ടിയിലെ പെടിഞ്ഞു വീണ ചോക്കുകളിൽ വിരലുകൾക്കിടയിൽ ഒതുങ്ങുന്നത് പരതി എടുത്തു. നിന്നു തിരിയാൻ പ്രയാസമാകുന്ന തരത്തിൽ ക്ലാസ്സിൽ നിറയെ ബെഞ്ചും ഡസ്കുമിട്ടിരിക്കുന്നു. അതിൽ അഞ്ചു കുട്ടികൾ മാത്രം. രണ്ട് പെണ്ണും മൂന്ന് ആണും. ആദ്യത്തെ ക്ലാസ്സ് .എന്തു പറയണമെന്ന് യാതൊരു ധാരണയുമില്ല. അവർ പഠിച്ച ഒരു അദ്ധ്യായത്തിലെ ലഘുവായ ഒരു കണക്ക് ചോദ്യം ബോർഡിൽ എഴുതി. " ഇത് ചെയ്യു. നമുക്ക് ഇവിടുന്ന് തുടങ്ങാം. " നിശബ്ദരായി കുട്ടികൾ നോട്ട്ബുക്കിൽ തല കുത്തി വീണു. ഒരു പെൺകുട്ടി എഴുനേറ്റ് അഭിമാനത്തോടെ പുസ്തകം നീട്ടി. നല്ല ചിട്ടയുള്ള ഭംഗിയുള്ള പുസ്തകം. പെൻസിൽ കൊണ്ട് ശരി വരച്ച് അവൾക്ക് കൊടുത്തു മറ്റു കുട്ടികളെ കാത്തിരുന്നു. നേരം കടന്നു. പതിനഞ്ചു മിനിട്ട്, ഇരുപത് മിനിട്ട് ... നോട്ടുകൾ പരിശോധിച്ചു. കണക്ക് ഒന്നുമില്ല. കുറേ അക്കങ്ങൾ മാത്രം.

  🦜 ഏഴാം ക്ലാസ്സ് വരെ എന്റെ ഗണിതം പുസ്തകവും ഇതുപോലെ തന്നെ ആയിരുന്നു. നോട്ടിൽ വെറുതെ ചില അക്കങ്ങൾ വാരി വെക്കും. ജീവിതം തീർന്നു എന്നൊക്കെ തോന്നിയ ദിവസങ്ങളായിരുന്നു അവ. ക്ലാസ്സിൽ ഏറെ മുഷിയുമ്പോൾ നോട്ട് തിരിച്ചു വെച്ച് മറുഭാഗത്ത് ചിത്രം വരക്കാൻ തുടങ്ങും. കണക്ക് മാഷുടെ . അല്പം ദേഷ്യത്തോടെയുള്ള വരയാകുമ്പോൾ ആളുടെ രൂപം ഏതാണ്ട് കൃത്യമായി വരും. അത് നോക്കി ഞാൻ ചിരിക്കും. ആ ചിരി മറ്റാരും കാണാതിരിക്കാൻ പാടുപെടും. അങ്ങനെ ഓരോ ക്ലാസ്സിലും കണക്ക് ബുക്കിന്റെ പിൻഭാഗത്ത് എത്രമാത്രം ചിത്രങ്ങൾ .

  🦜 ജനലിലൂടെ കണ്ണെത്താവുന്ന ദൂരേക്ക് നോക്കി. ഒടുവിൽ കാണുന്ന ഓടിട്ട വീടിനുമപ്പുറത്താണ് രാമചന്ദൻ തിക്കോടിയുടെ വീട്. തിക്കോടിയന്റെ മരുമകൻ. എന്റെ പ്രിയപ്പെട്ട രാമേന്ദ്രൻ മാഷ്. ഒന്നാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സ് വരെ കണക്ക് ക്ലാസ്സിൽ ഒരു കണക്ക് പോലും ചെയ്യാതെ നോട്ട്ബുക്കിൽ ചിത്രം വരച്ചിട്ടവരെ കണ്ടെത്തിയ ആളായിരുന്നു രാമേന്ദ്രൻ മാഷ്. (തുടരും)

Recent Post